യശയ്യ
20 അസീറിയൻ രാജാവായ സർഗോൻ, തർഥാനെ* അസ്തോദിലേക്ക് അയച്ച വർഷംതന്നെ+ തർഥാൻ അസ്തോദിന് എതിരെ യുദ്ധം ചെയ്ത് അതു പിടിച്ചെടുത്തു.+ 2 അപ്പോൾ യഹോവ ആമൊസിന്റെ മകനായ യശയ്യയിലൂടെ+ ഇങ്ങനെ പറഞ്ഞു: “നീ ചെന്ന് നിന്റെ അരയിൽനിന്ന് വിലാപവസ്ത്രം അഴിച്ചുകളയുക; കാലിൽനിന്ന് ചെരിപ്പ് ഊരിമാറ്റുക.” യശയ്യ അത് അനുസരിച്ചു; വസ്ത്രം ധരിക്കാതെയും* ചെരിപ്പിടാതെയും നടന്നു.
3 പിന്നെ യഹോവ പറഞ്ഞു: “എന്റെ ദാസനായ യശയ്യ ഈജിപ്തിനും+ എത്യോപ്യക്കും+ എതിരെ ഒരു അടയാളവും ലക്ഷണവും+ എന്ന നിലയിൽ മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നു. 4 അതുപോലെ, അസീറിയൻ രാജാവ് ഈജിപ്തിലും + എത്യോപ്യയിലും ഉള്ള ആബാലവൃദ്ധം ജനങ്ങളെയും ബന്ദികളായി പിടിച്ച് നഗ്നരാക്കി, ചെരിപ്പിടുവിക്കാതെയും ആസനം മറയ്ക്കാതെയും കൊണ്ടുപോകും. അങ്ങനെ ഈജിപ്ത് നഗ്നമാകും.* 5 തങ്ങളുടെ പ്രതീക്ഷയായിരുന്ന എത്യോപ്യയെയും അഭിമാനമായിരുന്ന* ഈജിപ്തിനെയും ഓർത്ത് അവർ ഭയന്നുവിറയ്ക്കുകയും ലജ്ജിക്കുകയും ചെയ്യും. 6 ഈ തീരപ്രദേശത്ത് താമസിക്കുന്നവർ അന്ന് ഇങ്ങനെ പറയും: ‘നമ്മൾ പ്രതീക്ഷ വെച്ചിരുന്നവന്, സഹായത്തിനും അസീറിയൻ രാജാവിൽനിന്നുള്ള സംരക്ഷണത്തിനും വേണ്ടി നമ്മൾ ഓടിച്ചെന്നിരുന്ന ദേശത്തിന്, സംഭവിച്ചതു കണ്ടില്ലേ? ഇനി നമ്മൾ എങ്ങനെ രക്ഷപ്പെടും?’”