പുറപ്പാട്
12 യഹോവ ഈജിപ്ത് ദേശത്തുവെച്ച് മോശയോടും അഹരോനോടും പറഞ്ഞു: 2 “ഈ മാസം നിങ്ങൾക്കു മാസങ്ങളിൽ ആദ്യത്തേതായി വർഷത്തിലെ ഒന്നാം മാസമായിരിക്കും.+ 3 ഇസ്രായേൽസമൂഹത്തോടു മുഴുവൻ ഇങ്ങനെ പറയുക: ‘ഈ മാസം പത്താം ദിവസം, ഒരു ഭവനത്തിന് ഒരു ആട്+ എന്ന കണക്കിൽ ഓരോരുത്തരും സ്വന്തം പിതൃഭവനത്തിനുവേണ്ടി ഓരോ ആടിനെ എടുക്കണം. 4 എന്നാൽ ആ ആടിനെ തിന്നുതീർക്കാൻ വേണ്ടത്ര ആളുകൾ വീട്ടിലില്ലെങ്കിൽ, അവർ* ഏറ്റവും അടുത്തുള്ള അയൽക്കാരെ വീട്ടിലേക്കു വിളിച്ച് ആളുകളുടെ എണ്ണമനുസരിച്ച് അതിനെ വീതിക്കണം. ഓരോരുത്തരും എത്രത്തോളം കഴിക്കുമെന്നു കണക്കാക്കി വേണം അതു നിർണയിക്കാൻ. 5 നീ എടുക്കുന്ന ആടു ന്യൂനതയില്ലാത്ത,+ ഒരു വയസ്സുള്ള ആണായിരിക്കണം. അതു ചെമ്മരിയാടോ കോലാടോ ആകാം. 6 ഈ മാസം 14-ാം ദിവസംവരെ+ അതിനെ പരിപാലിക്കണം. അന്നു സന്ധ്യക്ക്*+ ഇസ്രായേൽസഭ മുഴുവനും ആടിനെ അറുക്കണം. 7 അതിന്റെ രക്തം കുറച്ച് എടുത്ത് അവർ ആടിനെ ഭക്ഷിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലിലും വാതിലിന്റെ മേൽപ്പടിയിലും തളിക്കണം.+
8 “‘അന്നു രാത്രി അവർ അതിന്റെ ഇറച്ചി കഴിക്കണം.+ അവർ അതു തീയിൽ ചുട്ടെടുത്ത് പുളിപ്പില്ലാത്ത* അപ്പത്തിന്റെയും+ കയ്പുചീരയുടെയും കൂടെ കഴിക്കണം.+ 9 അതിൽ ഒട്ടും പച്ചയ്ക്കോ പുഴുങ്ങിയോ തിന്നരുത്. തലയും കണങ്കാലുകളും ആന്തരാവയവങ്ങളും സഹിതം അതു തീയിൽ ചുട്ടെടുക്കണം. 10 അതിൽ ഒട്ടും രാവിലെവരെ സൂക്ഷിച്ചുവെക്കരുത്. അഥവാ കുറച്ചെങ്കിലും രാവിലെവരെ ശേഷിച്ചിട്ടുണ്ടെങ്കിൽ അതു കത്തിച്ചുകളയണം.+ 11 നിങ്ങൾ അതു കഴിക്കേണ്ടത് ഇങ്ങനെയാണ്: അരപ്പട്ട കെട്ടിയും* കാലിൽ ചെരിപ്പിട്ടും വടി കൈയിൽ പിടിച്ചും കൊണ്ട് ധൃതിയിൽ നിങ്ങൾ അതു കഴിക്കണം. ഇത് യഹോവയുടെ പെസഹയാണ്. 12 അന്നു രാത്രി ഞാൻ ഈജിപ്ത് ദേശത്തുകൂടി കടന്നുപോയി ഈജിപ്തിലെ എല്ലാ ആദ്യസന്താനത്തെയും—മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ—പ്രഹരിക്കും.+ ഈജിപ്തിലെ എല്ലാ ദൈവങ്ങളുടെയും മേൽ ഞാൻ ന്യായവിധി നടപ്പാക്കും.+ ഞാൻ യഹോവയാണ്. 13 നിങ്ങളുടെ വീടുകളിന്മേലുള്ള രക്തം നിങ്ങളെ തിരിച്ചറിയിക്കുന്ന അടയാളമായി ഉതകും. ഞാൻ ആ രക്തം കണ്ട് നിങ്ങളെ ഒഴിവാക്കി കടന്നുപോകും. ഞാൻ ഈജിപ്ത് ദേശത്തെ പ്രഹരിക്കുമ്പോൾ നിങ്ങളുടെ മേൽ ബാധ വരുകയോ ബാധ നിങ്ങളെ കൊല്ലുകയോ ഇല്ല.+
14 “‘ആ ദിവസം നിങ്ങൾക്ക് ഒരു സ്മാരകമായിരിക്കും. തലമുറകളിലുടനീളം യഹോവയ്ക്ക് ഒരു ഉത്സവമായി നിങ്ങൾ അത് ആഘോഷിക്കണം. ദീർഘകാലത്തേക്കുള്ള ഒരു നിയമമായി* കണ്ട് നിങ്ങൾ അത് ആഘോഷിക്കുക. 15 ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കേണ്ടതാണ്.+ ഒന്നാം ദിവസംതന്നെ നിങ്ങൾ വീടുകളിൽനിന്ന് പുളിച്ച മാവ് നീക്കം ചെയ്യണം. കാരണം ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പിച്ചതു തിന്നാൽ അയാളെ ഇസ്രായേല്യരുടെ ഇടയിൽ വെച്ചേക്കരുത്. 16 ഒന്നാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം. ഏഴാം ദിവസം മറ്റൊരു വിശുദ്ധസമ്മേളനവും നടത്തണം. ഈ ദിവസങ്ങളിൽ ഒരു പണിയും ചെയ്യരുത്.+ ഓരോരുത്തർക്കും കഴിക്കാൻവേണ്ട ആഹാരം മാത്രം നിങ്ങൾക്കു പാകം ചെയ്യാം.
17 “‘നിങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആഘോഷിക്കണം.+ കാരണം ആ ദിവസമാണു ഞാൻ ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളുടെ വലിയ ജനസമൂഹത്തെ* വിടുവിക്കാൻപോകുന്നത്. ദീർഘകാലത്തേക്കുള്ള ഒരു നിയമമായി കണ്ട് തലമുറകളിലുടനീളം നിങ്ങൾ ആ ദിവസം ആചരിക്കണം. 18 ഒന്നാം മാസം 14-ാം ദിവസം വൈകുന്നേരം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കണം. ആ മാസം 21-ാം ദിവസം വൈകുന്നേരംവരെ ഇങ്ങനെ ചെയ്യണം.+ 19 ഏഴു ദിവസത്തേക്കു നിങ്ങളുടെ വീടുകളിൽ പുളിച്ച മാവ് കാണരുത്. കാരണം ആരെങ്കിലും പുളിപ്പിച്ചതു തിന്നാൽ, അവൻ വിദേശിയോ സ്വദേശിയോ ആകട്ടെ,+ അയാളെ ഇസ്രായേൽസമൂഹത്തിന്റെ ഇടയിൽ വെച്ചേക്കരുത്.+ 20 പുളിപ്പിച്ചത് ഒന്നും നിങ്ങൾ തിന്നരുത്. നിങ്ങളുടെയെല്ലാം വീടുകളിൽ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം.’”
21 മോശ വേഗം എല്ലാ ഇസ്രായേൽമൂപ്പന്മാരെയും വിളിച്ചുവരുത്തി+ അവരോടു പറഞ്ഞു: “പോയി നിങ്ങളുടെ ഓരോ കുടുംബത്തിനുംവേണ്ടി ഇളംപ്രായത്തിലുള്ള മൃഗത്തെ* തിരഞ്ഞെടുത്ത് പെസഹാബലിയായി അറുക്കുക. 22 പിന്നെ നിങ്ങൾ ഒരു ചെറിയ കെട്ട് ഈസോപ്പുചെടി എടുത്ത് പാത്രത്തിലുള്ള രക്തത്തിൽ മുക്കി വാതിലിന്റെ മേൽപ്പടിയിലും രണ്ടു കട്ടിളക്കാലിലും അടിക്കണം. രാവിലെവരെ നിങ്ങളിൽ ആരും വീടിനു പുറത്ത് ഇറങ്ങുകയുമരുത്. 23 ഈജിപ്തുകാരെ ദണ്ഡിപ്പിക്കാൻ യഹോവ കടന്നുപോകുമ്പോൾ വാതിലിന്റെ മേൽപ്പടിയിലും രണ്ടു കട്ടിളക്കാലിലും രക്തം കണ്ട് ദൈവം നിങ്ങളുടെ വാതിൽ ഒഴിവാക്കി കടന്നുപോകും. മരണബാധ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കാൻ യഹോവ അനുവദിക്കില്ല.+
24 “നിങ്ങൾക്കും നിങ്ങളുടെ പുത്രന്മാർക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായി കണക്കാക്കി ഇതു നിങ്ങൾ ആചരിക്കണം.+ 25 നിങ്ങൾക്കു തരുമെന്ന് യഹോവ വാഗ്ദാനം ചെയ്ത ദേശത്ത് എത്തിയശേഷം നിങ്ങൾ ഈ ആചരണം മുടങ്ങാതെ നടത്തണം.+ 26 ‘ഈ ആചരണത്തിന്റെ അർഥം എന്താണ്’ എന്നു മക്കൾ+ ചോദിക്കുമ്പോൾ 27 നിങ്ങൾ പറയണം: ‘ഈജിപ്തുകാരുടെ മേൽ ബാധ വരുത്തിയപ്പോൾ ഈജിപ്തിലുള്ള ഇസ്രായേല്യരുടെ വീടുകൾ ഒഴിവാക്കി കടന്നുപോയ യഹോവയ്ക്കുള്ള പെസഹാബലിയാണ് ഇത്. നമ്മുടെ വീടുകൾ ദൈവം അന്നു ബാധയിൽനിന്ന് ഒഴിവാക്കി.’”
അപ്പോൾ ജനം താണുവണങ്ങി സാഷ്ടാംഗം നമസ്കരിച്ചു. 28 പിന്നെ ഇസ്രായേല്യർ പോയി യഹോവ മോശയോടും അഹരോനോടും കല്പിച്ചതുപോലെതന്നെ ചെയ്തു.+ അവർ അങ്ങനെതന്നെ ചെയ്തു.
29 അർധരാത്രിയായപ്പോൾ, സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ മൂത്ത മകൻമുതൽ തടവറയിൽ* കിടക്കുന്നവന്റെ മൂത്ത മകൻവരെ ഈജിപ്ത് ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം യഹോവ സംഹരിച്ചു.+ മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും ഒന്നൊഴിയാതെ ദൈവം കൊന്നു.+ 30 ആ രാത്രി, ഫറവോനും എല്ലാ ദാസരും മറ്റെല്ലാ ഈജിപ്തുകാരും ഉണർന്നെഴുന്നേറ്റു. ഈജിപ്തുകാരുടെ ഇടയിൽ വലിയൊരു നിലവിളിയുണ്ടായി. കാരണം മരണം നടക്കാത്ത ഒറ്റ വീടുപോലുമുണ്ടായിരുന്നില്ല.+ 31 ഉടനെ, രാത്രിയിൽത്തന്നെ, ഫറവോൻ മോശയെയും അഹരോനെയും വിളിച്ചുവരുത്തി+ ഇങ്ങനെ പറഞ്ഞു: “പോകൂ! എത്രയും വേഗം നിങ്ങളും നിങ്ങളുടെ ഇസ്രായേൽ ജനവും എഴുന്നേറ്റ് എന്റെ ജനത്തിന്റെ ഇടയിൽനിന്ന് പോകൂ. നിങ്ങൾ പറഞ്ഞതുപോലെതന്നെ, പോയി യഹോവയെ സേവിച്ചുകൊള്ളൂ.+ 32 നിങ്ങൾ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകൂ.+ എന്നാൽ എന്നെ അനുഗ്രഹിച്ചിട്ട് വേണം പോകാൻ.”
33 എത്രയും പെട്ടെന്നു+ ദേശം വിട്ട് പോകാൻ ഈജിപ്തുകാർ ജനത്തെ നിർബന്ധിച്ചു. “കാരണം,” അവർ പറഞ്ഞു: “ഞങ്ങൾ എല്ലാവരും ചത്തതുപോലെയായി!”+ 34 അതുകൊണ്ട് ജനം, മാവ് പുളിക്കാൻ വെക്കാതെ, കുഴയ്ക്കുന്ന പാത്രങ്ങൾ സഹിതം അതു തുണിയിൽ* പൊതിഞ്ഞ് തോളിലെടുത്തു. 35 മോശ പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു, അവർ സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ഉരുപ്പടികളും വസ്ത്രങ്ങളും ഈജിപ്തുകാരോടു ചോദിച്ചുവാങ്ങി.+ 36 ഈജിപ്തുകാർക്ക് ഇസ്രായേൽ ജനത്തോടു പ്രീതി തോന്നാൻ യഹോവ ഇടയാക്കിയതുകൊണ്ട് അവർ ചോദിച്ചതെല്ലാം ഈജിപ്തുകാർ കൊടുത്തു. അങ്ങനെ അവർ ഈജിപ്തുകാരെ കൊള്ളയടിച്ചു.+
37 ഇസ്രായേല്യർ രമെസേസിൽനിന്ന്+ സുക്കോത്തിലേക്കു+ യാത്ര പുറപ്പെട്ടു. കാൽനടക്കാരായി ഏതാണ്ട് 6,00,000 പുരുഷന്മാരുണ്ടായിരുന്നു; കുട്ടികൾ വേറെയും.+ 38 ഒരു വലിയ സമ്മിശ്രപുരുഷാരവും*+ അവരുടെകൂടെ പോയി. കൂടാതെ, ആടുമാടുകൾ ഉൾപ്പെടെ വലിയൊരു കൂട്ടം മൃഗങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. 39 അവർ ഈജിപ്തിൽനിന്ന് കൊണ്ടുവന്ന കുഴച്ച മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പം വട്ടത്തിൽ ചുട്ടെടുത്തു. ഈജിപ്തിൽനിന്ന് പെട്ടെന്ന് ഓടിച്ചുവിട്ടതുകൊണ്ട് അവർ മാവ് പുളിപ്പിച്ചില്ലായിരുന്നു; മറ്റു ഭക്ഷണസാധനങ്ങൾ ഒന്നും കൈയിൽ കരുതാനും അവർക്കു സമയം കിട്ടിയില്ല.+
40 ഈജിപ്ത് വിട്ടുപോന്നപ്പോഴേക്കും+ ഇസ്രായേല്യർ 430 വർഷം+ പരദേശികളായി താമസിച്ചിരുന്നു. 41 ഈ 430 വർഷം പൂർത്തിയായ അന്നുതന്നെ യഹോവയുടെ ജനം* മുഴുവനും ഈജിപ്ത് വിട്ടു. 42 ഈജിപ്ത് ദേശത്തുനിന്ന് യഹോവ അവരെ വിടുവിച്ച് കൊണ്ടുവന്നത് ആഘോഷിക്കേണ്ട രാത്രിയാണ് ഇത്. ഇസ്രായേല്യരെല്ലാം തലമുറകളോളം ഈ രാത്രി യഹോവയ്ക്ക് ആചരിക്കണം.+
43 യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “പെസഹയുടെ നിയമം ഇതാണ്: വിദേശികൾ ആരും അതിൽനിന്ന് കഴിക്കരുത്.+ 44 പണം കൊടുത്ത് വാങ്ങിയ അടിമ ആർക്കെങ്കിലുമുണ്ടെങ്കിൽ നീ അയാളുടെ അഗ്രചർമം പരിച്ഛേദന* ചെയ്യണം.+ അങ്ങനെ ചെയ്താൽ മാത്രമേ അയാൾ അതിൽനിന്ന് കഴിക്കാവൂ. 45 കുടിയേറ്റക്കാരനും കൂലിപ്പണിക്കു വന്നവനും അതിൽനിന്ന് കഴിക്കരുത്. 46 അതിനെ ഒറ്റ വീട്ടിൽവെച്ചുതന്നെ ഭക്ഷിക്കണം. അതിന്റെ ഇറച്ചി ഒട്ടും നീ വീടിന്റെ വെളിയിലേക്കു കൊണ്ടുപോകരുത്. അതിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്.+ 47 ഇസ്രായേൽസമൂഹം മുഴുവനും ഇത് ആഘോഷിക്കണം. 48 നിന്റെകൂടെ താമസിക്കുന്ന ഏതെങ്കിലും വിദേശി യഹോവയ്ക്കു പെസഹ ആഘോഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾക്കുള്ള ആണിന്റെയെല്ലാം അഗ്രചർമം പരിച്ഛേദന ചെയ്യണം. അപ്പോൾ മാത്രമേ അയാൾക്ക് അത് ആഘോഷിക്കാനാകൂ; അയാൾ ഒരു സ്വദേശിയെപ്പോലെയാകും. എന്നാൽ അഗ്രചർമം പരിച്ഛേദന ചെയ്യാത്ത ഒരാളും അതിൽനിന്ന് കഴിക്കരുത്.+ 49 സ്വദേശിക്കും നിങ്ങളുടെ ഇടയിൽ താമസിക്കുന്ന വിദേശിക്കും ഒരേ നിയമമായിരിക്കും+ ബാധകമാകുക.”
50 അങ്ങനെ യഹോവ മോശയോടും അഹരോനോടും കല്പിച്ചതുപോലെതന്നെ എല്ലാ ഇസ്രായേല്യരും ചെയ്തു. അവർ അങ്ങനെതന്നെ ചെയ്തു. 51 ഇതേ ദിവസംതന്നെ യഹോവ ഇസ്രായേല്യരെയും അവരുടെ വലിയ ജനസമൂഹത്തെയും* ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നു.