യോശുവ
5 ഇസ്രായേല്യർക്ക് അക്കര കടക്കാൻ യഹോവ അവരുടെ മുന്നിൽനിന്ന് യോർദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ച് യോർദാന്റെ പടിഞ്ഞാറുള്ള* എല്ലാ അമോര്യരാജാക്കന്മാരും+ കടലിന് അടുത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും+ കേട്ടതോടെ അവരുടെ ഹൃദയത്തിൽ ഭയം നിറഞ്ഞു;*+ ഇസ്രായേല്യർ കാരണം അവരുടെ ധൈര്യം മുഴുവൻ ചോർന്നുപോയി.*+
2 ആ സമയത്ത് യഹോവ യോശുവയോടു പറഞ്ഞു: “നീ കൽക്കത്തികൾ ഉണ്ടാക്കി വീണ്ടും, രണ്ടാംതവണ, ഇസ്രായേല്യർക്കു പരിച്ഛേദന*+ ചെയ്യണം, ഇസ്രായേൽപുരുഷന്മാരുടെ അഗ്രചർമം പരിച്ഛേദന ചെയ്യണം.” 3 അതുകൊണ്ട്, യോശുവ കൽക്കത്തികൾ ഉണ്ടാക്കി ഗിബെയാത്ത്-ഹാരലോത്തിൽവെച്ച്* ഇസ്രായേൽപുരുഷന്മാരുടെ അഗ്രചർമം പരിച്ഛേദന ചെയ്തു.+ 4 യോശുവ അവരുടെ അഗ്രചർമം പരിച്ഛേദിച്ചതിന്റെ കാരണം ഇതായിരുന്നു: ഈജിപ്ത് വിട്ട് പോന്ന ജനത്തിലെ ആണുങ്ങളെല്ലാം, യുദ്ധവീരന്മാരായ* എല്ലാവരും, യാത്രയ്ക്കിടയിൽ വിജനഭൂമിയിൽവെച്ച് മരിച്ചുപോയിരുന്നു.+ 5 ഈജിപ്ത് വിട്ട് പോന്ന എല്ലാവരുടെയും അഗ്രചർമം പരിച്ഛേദന ചെയ്തിരുന്നെങ്കിലും ഈജിപ്തിൽനിന്നുള്ള യാത്രയ്ക്കിടയിൽ വിജനഭൂമിയിൽവെച്ച് ജനിച്ച ആരുടെയും അഗ്രചർമം പരിച്ഛേദന ചെയ്തിരുന്നില്ല. 6 ഈജിപ്ത് വിട്ട് പോന്ന ജനത മുഴുവനും, അതായത് യഹോവയുടെ സ്വരം കേട്ടനുസരിക്കാതിരുന്ന യുദ്ധവീരന്മാരെല്ലാം, മരിച്ചുതീരുന്നതുവരെ ഇസ്രായേല്യർ 40 വർഷം വിജനഭൂമിയിലൂടെ നടന്നു.+ നമുക്കു തരുമെന്ന് അവരുടെ പൂർവികരോടു യഹോവ സത്യം ചെയ്ത ദേശം,+ പാലും തേനും ഒഴുകുന്ന ഒരു ദേശം,+ കാണാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്ന്+ യഹോവ അവരോടു സത്യം ചെയ്തിരുന്നു.+ 7 അതുകൊണ്ട്, ദൈവം അവർക്കു പകരം അവരുടെ പുത്രന്മാരെ എഴുന്നേൽപ്പിച്ചു.+ ഇവരുടെ അഗ്രചർമമാണു യോശുവ പരിച്ഛേദന ചെയ്തത്. യാത്രയ്ക്കിടയിൽ അവർ അവരുടെ അഗ്രചർമം പരിച്ഛേദന ചെയ്യാതിരുന്നതുകൊണ്ടാണ് അവർ അഗ്രചർമികളായിരുന്നത്.
8 ജനത്തിന്റെ മുഴുവൻ അഗ്രചർമം പരിച്ഛേദന ചെയ്തശേഷം, സുഖം പ്രാപിക്കുന്നതുവരെ അവരെല്ലാം പാളയത്തിൽ അവരവരുടെ സ്ഥലത്തുതന്നെ കഴിഞ്ഞു.
9 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: “ഇന്നു ഞാൻ ഈജിപ്തിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിനീക്കിയിരിക്കുന്നു.” അതുകൊണ്ട്, ആ സ്ഥലത്തെ ഇന്നോളം ഗിൽഗാൽ*+ എന്നു വിളിച്ചുവരുന്നു.
10 ഇസ്രായേല്യർ ഗിൽഗാലിൽത്തന്നെയായിരിക്കെ മാസത്തിന്റെ 14-ാം ദിവസം വൈകുന്നേരം യരീഹൊയിലെ മരുപ്രദേശത്തുവെച്ച് പെസഹ ആചരിച്ചു.+ 11 പെസഹ കഴിഞ്ഞ് പിറ്റെ ദിവസം അവർ ദേശത്തെ വിളവ് കഴിച്ചുതുടങ്ങി. അന്നുതന്നെ അവർ പുളിപ്പില്ലാത്ത* അപ്പവും+ മലരും കഴിച്ചു. 12 പിറ്റെ ദിവസം, അതായത് ദേശത്തെ വിളവിൽനിന്ന് അവർ കഴിച്ച ദിവസം, മന്ന നിന്നുപോയി.+ ഇസ്രായേല്യർക്കു പിന്നെ മന്ന കിട്ടിയില്ല. അങ്ങനെ, അവർ ആ വർഷംമുതൽ കനാൻ ദേശത്തെ വിളവ് കഴിച്ചുതുടങ്ങി.+
13 യോശുവ ഇപ്പോൾ യരീഹൊയുടെ സമീപത്തായിരുന്നു. യോശുവ തല ഉയർത്തി നോക്കിയപ്പോൾ വാളും ഊരിപ്പിടിച്ച്+ ഒരു മനുഷ്യൻ+ മുന്നിൽ നിൽക്കുന്നതു കണ്ടു. യോശുവ ആ മനുഷ്യന്റെ അടുത്തേക്കു ചെന്ന്, “നീ ഞങ്ങളുടെ പക്ഷക്കാരനോ അതോ ശത്രുപക്ഷക്കാരനോ” എന്നു ചോദിച്ചു. 14 അപ്പോൾ അയാൾ, “അല്ല, ഞാൻ വന്നിരിക്കുന്നത് യഹോവയുടെ സൈന്യത്തിന്റെ പ്രഭുവായിട്ടാണ്”*+ എന്നു പറഞ്ഞു. അപ്പോൾ യോശുവ കമിഴ്ന്നുവീണ് നമസ്കരിച്ച്, “എന്റെ യജമാനന് ഈ ദാസനോട് എന്താണു പറയാനുള്ളത്” എന്നു ചോദിച്ചു. 15 യഹോവയുടെ സൈന്യത്തിന്റെ പ്രഭു യോശുവയോടു പറഞ്ഞു: “നിന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുമാറ്റുക. കാരണം നീ നിൽക്കുന്ന സ്ഥലം വിശുദ്ധനിലമാണ്.”+ ഉടൻതന്നെ യോശുവ അങ്ങനെ ചെയ്തു.