യിരെമ്യ
38 മത്ഥാന്റെ മകൻ ശെഫത്യയും പശ്ഹൂരിന്റെ മകൻ ഗദല്യയും ശേലെമ്യയുടെ മകൻ യൂഖലും+ മൽക്കീയയുടെ മകൻ പശ്ഹൂരും,+ യിരെമ്യ ജനത്തോടു മുഴുവൻ പറഞ്ഞ ഈ സന്ദേശങ്ങൾ കേട്ടു: 2 “യഹോവ പറയുന്നത് ഇതാണ്: ‘ഈ നഗരത്തിൽത്തന്നെ തുടരാൻ തീരുമാനിക്കുന്നവർ വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും മരിക്കും.+ പക്ഷേ കൽദയർക്കു കീഴടങ്ങുന്നവർക്കു* ജീവൻ നഷ്ടപ്പെടില്ല. അവർക്ക് അവരുടെ ജീവൻ കൊള്ളമുതൽപോലെ കിട്ടും;* അവർ ജീവനോടിരിക്കും.’+ 3 യഹോവ പറയുന്നത് ഇതാണ്: ‘ഈ നഗരത്തെ നിശ്ചയമായും ബാബിലോൺരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ അതു പിടിച്ചടക്കും.’”+
4 പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ദയവുചെയ്ത് ഇയാളെ കൊന്നുകളയാമോ?+ ഇങ്ങനെയൊക്കെ പറഞ്ഞ് ഈ മനുഷ്യൻ നഗരത്തിൽ ബാക്കിയുള്ള പടയാളികളുടെയും മറ്റെല്ലാവരുടെയും മനോധൈര്യം കെടുത്തിക്കളയുകയാണ്.* ജനത്തിനു സമാധാനമല്ല, നാശം വന്നുകാണാനാണ് ഇയാൾ ആഗ്രഹിക്കുന്നത്.” 5 അപ്പോൾ സിദെക്കിയ രാജാവ് പറഞ്ഞു: “ഇതാ, അയാൾ നിങ്ങളുടെ കൈയിലാണ്. നിങ്ങളെ തടയാൻ രാജാവിനു പറ്റുമോ?”
6 അപ്പോൾ അവർ യിരെമ്യയെ പിടിച്ച് രാജകുമാരനായ മൽക്കീയയുടെ കിണറ്റിൽ* ഇട്ടു. കാവൽക്കാരുടെ മുറ്റത്തായിരുന്നു അത്.+ അവർ യിരെമ്യയെ കയറിൽ കെട്ടിയാണ് അതിൽ ഇറക്കിയത്. പക്ഷേ അതിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു. യിരെമ്യ ചെളിയിലേക്കു താണുതുടങ്ങി.
7 യിരെമ്യയെ കിണറ്റിൽ ഇട്ട വിവരം രാജകൊട്ടാരത്തിലെ ഷണ്ഡനായ* ഏബെദ്-മേലെക്ക്+ എന്ന എത്യോപ്യക്കാരൻ അറിഞ്ഞു. രാജാവ് അപ്പോൾ ബന്യാമീൻ-കവാടത്തിൽ ഇരിക്കുകയായിരുന്നു.+ 8 അതുകൊണ്ട് ഏബെദ്-മേലെക്ക് രാജകൊട്ടാരത്തിൽനിന്ന് പുറത്ത് വന്ന് രാജാവിനോടു പറഞ്ഞു: 9 “എന്റെ യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യ പ്രവാചകനോട് എന്തൊരു ദ്രോഹമാണു ചെയ്തിരിക്കുന്നത്! അവർ പ്രവാചകനെ കിണറ്റിൽ ഇട്ടിരിക്കുന്നു. പട്ടിണി കാരണം പ്രവാചകൻ അവിടെ കിടന്ന് ചാകും. നഗരത്തിൽ അപ്പമൊന്നും ബാക്കിയില്ലല്ലോ.”+
10 അപ്പോൾ രാജാവ് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോടു കല്പിച്ചു: “ഇവിടെനിന്ന് 30 പേരെയും കൂട്ടിക്കൊണ്ട് ചെന്ന് യിരെമ്യ പ്രവാചകൻ മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ കിണറ്റിൽനിന്ന് വലിച്ചുകയറ്റ്.” 11 അങ്ങനെ ഏബെദ്-മേലെക്ക് ആ പുരുഷന്മാരെയും കൂട്ടി രാജകൊട്ടാരത്തിൽ, ഖജനാവിന്റെ കീഴെയുള്ള ഒരു സ്ഥലത്ത് ചെന്ന്+ കീറിയ കുറച്ച് തുണിക്കഷണങ്ങളും പഴന്തുണികളും എടുത്തു. എന്നിട്ട് അവ കയറിൽ കെട്ടി കിണറ്റിൽ കിടക്കുന്ന യിരെമ്യക്ക് ഇറക്കിക്കൊടുത്തു. 12 പിന്നെ, എത്യോപ്യക്കാരനായ ഏബെദ്-മേലെക്ക് യിരെമ്യയോടു പറഞ്ഞു: “പഴന്തുണിയും തുണിക്കഷണവും കക്ഷങ്ങളിൽ വെച്ചിട്ട് അതിന്റെ പുറത്തുകൂടെ കയർ ഇടുക.” യിരെമ്യ അങ്ങനെ ചെയ്തു. 13 അവർ യിരെമ്യയെ കിണറ്റിൽനിന്ന് വലിച്ചുകയറ്റി. അതിനു ശേഷം യിരെമ്യ കാവൽക്കാരുടെ മുറ്റത്ത് കഴിഞ്ഞുപോന്നു.+
14 സിദെക്കിയ രാജാവ് ആളയച്ച് യിരെമ്യ പ്രവാചകനെ യഹോവയുടെ ഭവനത്തിലെ മൂന്നാം പ്രവേശനമാർഗത്തിലേക്കു വരുത്തിച്ചു. രാജാവ് യിരെമ്യയോടു പറഞ്ഞു: “എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. എന്നിൽനിന്ന് ഒന്നും ഒളിക്കരുത്.” 15 യിരെമ്യ അപ്പോൾ സിദെക്കിയയോടു പറഞ്ഞു: “ഉള്ളതു പറഞ്ഞാൽ അങ്ങ് എന്നെ നിശ്ചയമായും കൊന്നുകളയും. ഞാൻ ഉപദേശം തന്നാൽ അങ്ങ് ശ്രദ്ധിക്കാനും പോകുന്നില്ല.” 16 അതുകൊണ്ട് സിദെക്കിയ രാജാവ് രഹസ്യത്തിൽ യിരെമ്യയോടു സത്യം ചെയ്ത് പറഞ്ഞു: “നമുക്കു ജീവൻ തന്ന യഹോവയാണെ, ഞാൻ നിന്നെ കൊല്ലില്ല. നിന്റെ ജീവനെടുക്കാൻ നോക്കുന്ന ഈ മനുഷ്യർക്കു നിന്നെ വിട്ടുകൊടുക്കുകയുമില്ല.”
17 അപ്പോൾ യിരെമ്യ സിദെക്കിയയോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്ക് അങ്ങ് കീഴടങ്ങിയാൽ* അങ്ങയുടെ ജീവൻ നഷ്ടപ്പെടില്ല. ഈ നഗരം തീക്കിരയാകുകയുമില്ല. അങ്ങും അങ്ങയുടെ വീട്ടുകാരും രക്ഷപ്പെടും.+ 18 പക്ഷേ അങ്ങ് ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്കു കീഴടങ്ങുന്നില്ലെങ്കിൽ, ഈ നഗരത്തെ കൽദയരുടെ കൈയിൽ ഏൽപ്പിക്കും. അവർ അതു ചുട്ടുചാമ്പലാക്കും.+ അങ്ങ് അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല.’”+
19 അപ്പോൾ സിദെക്കിയ രാജാവ് യിരെമ്യയോടു പറഞ്ഞു: “കൽദയരുടെ പക്ഷം ചേർന്ന ജൂതന്മാരെ എനിക്കു പേടിയാണ്. എന്നെ അവരുടെ കൈയിൽ കിട്ടിയാൽ അവർ എന്നോട് ഒട്ടും കരുണ കാണിക്കുമെന്നു തോന്നുന്നില്ല.” 20 പക്ഷേ യിരെമ്യ പറഞ്ഞു: “അങ്ങ് അവരുടെ കൈയിൽ അകപ്പെടില്ല. ഞാൻ അങ്ങയോടു പറയുന്ന യഹോവയുടെ വാക്കുകൾ ദയവുചെയ്ത് അനുസരിച്ചാലും. അപ്പോൾ അങ്ങയ്ക്കു നല്ലതു വരും; അങ്ങ് ജീവനോടിരിക്കും. 21 എന്നാൽ അങ്ങ് കീഴടങ്ങാൻ* കൂട്ടാക്കുന്നില്ലെങ്കിൽ, യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ഇതാണ്: 22 യഹൂദാരാജാവിന്റെ ഭവനത്തിൽ* ബാക്കിയുള്ള എല്ലാ സ്ത്രീകളെയും ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരുടെ അടുത്തേക്കു കൊണ്ടുപോകും.+ അവർ ഇങ്ങനെ പറയും:
‘നീ ആശ്രയം വെച്ച പുരുഷന്മാരെല്ലാം* നിന്നെ വഞ്ചിച്ചിരിക്കുന്നു; അവർ നിന്നെ തോൽപ്പിച്ചുകളഞ്ഞു.+
നിന്റെ കാലുകൾ ചെളിയിൽ പൂണ്ടുപോകാൻ അവർ ഇടയാക്കിയിരിക്കുന്നു.
ഇപ്പോൾ അവർ നിന്നെ വിട്ട് പിൻവാങ്ങിയിരിക്കുകയാണ്.’
23 അങ്ങയുടെ എല്ലാ ഭാര്യമാരെയും മക്കളെയും അവർ കൽദയരുടെ അടുത്തേക്കു കൊണ്ടുപോകും. അവരുടെ കൈയിൽനിന്ന് അങ്ങ് രക്ഷപ്പെടില്ല. ബാബിലോൺരാജാവ് അങ്ങയെ പിടിക്കും.+ അങ്ങ് കാരണം ഈ നഗരത്തെ ചുട്ടുചാമ്പലാക്കും.”+
24 സിദെക്കിയ അപ്പോൾ യിരെമ്യയോടു പറഞ്ഞു: “ഇക്കാര്യങ്ങൾ മറ്റാരും അറിയരുത്; അറിഞ്ഞാൽ നിന്റെ ജീവൻ അപകടത്തിലാകും. 25 ഞാൻ നിന്നോടു സംസാരിച്ചെന്ന് അറിഞ്ഞ് പ്രഭുക്കന്മാർ നിന്റെ അടുത്ത് വന്ന് ഇങ്ങനെ പറയുന്നെന്നിരിക്കട്ടെ: ‘നീ രാജാവിനോടു പറഞ്ഞത് എന്താണെന്നു ദയവുചെയ്ത് ഞങ്ങളെ അറിയിക്കൂ. ഞങ്ങളിൽനിന്ന് ഒന്നും ഒളിക്കരുത്. ഞങ്ങൾ നിന്നെ കൊല്ലില്ല.+ പറയൂ, എന്താണു രാജാവ് പറഞ്ഞത്?’ 26 അപ്പോൾ നീ അവരോടു പറയണം: ‘ഞാൻ യഹോനാഥാന്റെ ഭവനത്തിൽ കിടന്ന് മരിക്കാതിരിക്കാൻ, എന്നെ അങ്ങോട്ടു തിരിച്ചയയ്ക്കരുതെന്നു ഞാൻ രാജാവിനോട് അപേക്ഷിക്കുകയായിരുന്നു.’”+
27 കുറച്ച് കഴിഞ്ഞപ്പോൾ പ്രഭുക്കന്മാർ എല്ലാവരുംകൂടെ യിരെമ്യയുടെ അടുത്ത് വന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തു. രാജാവ് കല്പിച്ചതുപോലെയെല്ലാം അദ്ദേഹം അവരോടു പറഞ്ഞു. അതുകൊണ്ട് അവർ അവനോടു കൂടുതലൊന്നും പറഞ്ഞില്ല. കാരണം, ആരും അവരുടെ സംഭാഷണം കേട്ടിട്ടില്ലായിരുന്നു. 28 യരുശലേമിനെ പിടിച്ചടക്കിയ ദിവസംവരെ യിരെമ്യ കാവൽക്കാരുടെ മുറ്റത്തുതന്നെ കഴിഞ്ഞു.+ യരുശലേമിനെ പിടിച്ചടക്കുന്ന സമയത്തും യിരെമ്യ അവിടെത്തന്നെയായിരുന്നു.+