ലേവ്യ
24 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻ അവയ്ക്കു വേണ്ട ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുത്ത് കൊണ്ടുവരാൻ ഇസ്രായേല്യരോടു കല്പിക്കുക.+ 3 സാന്നിധ്യകൂടാരത്തിലുള്ള ‘സാക്ഷ്യ’ത്തിന്റെ തിരശ്ശീലയ്ക്കു വെളിയിൽ, യഹോവയുടെ സന്നിധിയിൽ വൈകുന്നേരംമുതൽ രാവിലെവരെ ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻവേണ്ട ക്രമീകരണങ്ങൾ അഹരോൻ ചെയ്യണം. ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കുംവേണ്ടിയുള്ള സ്ഥിരമായ നിയമമാണ്. 4 യഹോവയുടെ സന്നിധിയിൽ തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്കിൽ+ അവൻ നിത്യവും ദീപങ്ങൾ ഒരുക്കിവെക്കണം.
5 “നീ നേർത്ത ധാന്യപ്പൊടി എടുത്ത് വളയാകൃതിയിലുള്ള 12 അപ്പം ചുടണം. ഓരോ അപ്പവും ഒരു ഏഫായുടെ പത്തിൽ രണ്ട്* അളവ് ധാന്യപ്പൊടികൊണ്ടുള്ളതായിരിക്കണം. 6 അവ യഹോവയുടെ മുമ്പാകെ തനിത്തങ്കംകൊണ്ടുള്ള മേശയിൽ+ ആറു വീതം രണ്ട് അടുക്കായി വെച്ച്+ 7 ഓരോ അടുക്കിന്റെയും മുകളിൽ ശുദ്ധമായ കുന്തിരിക്കം വെക്കണം. മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കാൻവേണ്ടിയുള്ള അപ്പമായിരിക്കും ഇത്.+ 8 ഓരോ ശബത്തുദിവസവും അവൻ പതിവായി യഹോവയുടെ മുമ്പാകെ അത് അടുക്കിവെക്കണം.+ ഇത് ഇസ്രായേല്യരുമായി ചെയ്തിരിക്കുന്ന ദീർഘകാലത്തേക്കുള്ള ഉടമ്പടിയാണ്. 9 അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+ അവർ അത് ഒരു വിശുദ്ധസ്ഥലത്തുവെച്ച് കഴിക്കും.+ കാരണം അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്ന് പുരോഹിതനു കിട്ടുന്ന ഏറ്റവും വിശുദ്ധമായ ഓഹരിയാണ് അത്. ഇതു ദീർഘകാലത്തേക്കുള്ള ഒരു ചട്ടമാണ്.”
10 ഇസ്രായേല്യരുടെ ഇടയിൽ, അമ്മ ഇസ്രായേൽക്കാരിയും അപ്പൻ ഈജിപ്തുകാരനും+ ആയ ഒരാളുണ്ടായിരുന്നു. അവനും ഒരു ഇസ്രായേല്യപുരുഷനും തമ്മിൽ പാളയത്തിൽവെച്ച് അടി ഉണ്ടായി. 11 അപ്പോൾ ഇസ്രായേൽക്കാരിയുടെ മകൻ ദൈവനാമത്തെ അധിക്ഷേപിക്കാനും ശപിക്കാനും തുടങ്ങി.+ അതുകൊണ്ട് അവർ അവനെ മോശയുടെ അടുത്ത് കൊണ്ടുവന്നു.+ അവന്റെ അമ്മ ദാൻഗോത്രത്തിലെ ദിബ്രിയുടെ മകൾ ശെലോമീത്ത് ആയിരുന്നു. 12 യഹോവയുടെ തീരുമാനം എന്താണെന്നു വ്യക്തമായി അറിയുന്നതുവരെ അവർ അവനെ തടവിൽ വെച്ചു.+
13 തുടർന്ന് യഹോവ മോശയോടു പറഞ്ഞു: 14 “ശപിച്ചവനെ പാളയത്തിനു വെളിയിൽ കൊണ്ടുവരുക. അവൻ പറഞ്ഞതു കേട്ടവരെല്ലാം അവരുടെ കൈകൾ അവന്റെ തലയിൽ വെക്കണം. എന്നിട്ട് സമൂഹം ഒന്നടങ്കം അവനെ കല്ലെറിഞ്ഞ് കൊല്ലണം.+ 15 നീ ഇസ്രായേല്യരോട് ഇങ്ങനെ പറയുകയും വേണം: ‘ആരെങ്കിലും ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപത്തിന് ഉത്തരം പറയേണ്ടിവരും. 16 യഹോവയുടെ നാമത്തെ അധിക്ഷേപിക്കുന്നവനെ ഒരു കാരണവശാലും കൊല്ലാതെ വിടരുത്.+ സമൂഹം ഒന്നടങ്കം അവനെ കല്ലെറിഞ്ഞ് കൊല്ലണം. ദൈവനാമത്തെ അധിക്ഷേപിക്കുന്നത് ആരായാലും, അത് ഒരു സ്വദേശിയായാലും ദേശത്ത് വന്നുതാമസമാക്കിയ ഒരു വിദേശിയായാലും, അവനെ കൊന്നുകളയണം.
17 “‘ആരെങ്കിലും ഒരു മനുഷ്യനെ കൊന്നാൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ 18 ആരെങ്കിലും മറ്റൊരാളുടെ വളർത്തുമൃഗത്തെ കൊന്നാൽ മൃഗത്തിനു പകരം മൃഗത്തെ നഷ്ടപരിഹാരമായി കൊടുക്കണം. 19 ആരെങ്കിലും തന്റെ സഹമനുഷ്യനു പരിക്ക് ഏൽപ്പിച്ചാൽ അവൻ ചെയ്തതുതന്നെ തിരിച്ച് അവനോടും ചെയ്യണം.+ 20 ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. അവൻ ഏതുതരത്തിലുള്ള പരിക്ക് ഏൽപ്പിച്ചോ അതേ തരത്തിലുള്ള പരിക്ക് അവനും ഏൽപ്പിക്കണം.+ 21 ആരെങ്കിലും ഒരു മൃഗത്തെ അടിച്ചിട്ട് അതു ചത്തുപോയാൽ അവൻ അതിനു നഷ്ടപരിഹാരം കൊടുക്കണം.+ എന്നാൽ ഒരു മനുഷ്യനെയാണു കൊല്ലുന്നതെങ്കിൽ അവനെ കൊന്നുകളയണം.+
22 “‘സ്വദേശിയായാലും ദേശത്ത് വന്നുതാമസമാക്കിയ വിദേശിയായാലും എല്ലാവർക്കുമുള്ള നിയമം ഒന്നുതന്നെ.+ കാരണം, ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”
23 പിന്നെ മോശ ഇസ്രായേല്യരോടു സംസാരിച്ചു. തുടർന്ന് ശാപം ഉച്ചരിച്ചവനെ അവർ പാളയത്തിനു വെളിയിൽ കൊണ്ടുവന്ന് കല്ലെറിഞ്ഞ് കൊന്നു.+ അങ്ങനെ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്യർ ചെയ്തു.