ദിനവൃത്താന്തം ഒന്നാം ഭാഗം
15 ദാവീദ് രാജാവ് ദാവീദിന്റെ നഗരത്തിൽ തനിക്കുവേണ്ടി പിന്നെയും ഭവനങ്ങൾ പണിതു. കൂടാതെ സത്യദൈവത്തിന്റെ പെട്ടകത്തിനുവേണ്ടി ഒരു സ്ഥലം ഒരുക്കുകയും ഒരു കൂടാരം നിർമിക്കുകയും ചെയ്തു.+ 2 അക്കാലത്താണ് ദാവീദ് ഇങ്ങനെ പറഞ്ഞത്: “ലേവ്യരല്ലാതെ മറ്റാരും സത്യദൈവത്തിന്റെ പെട്ടകം ചുമക്കരുത്. യഹോവയുടെ പെട്ടകം ചുമക്കാനും എല്ലാ കാലത്തും തനിക്കു ശുശ്രൂഷ ചെയ്യാനും വേണ്ടി യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് അവരെയാണ്.”+ 3 താൻ ഒരുക്കിയ സ്ഥലത്തേക്ക് യഹോവയുടെ പെട്ടകം കൊണ്ടുവരാൻവേണ്ടി ഇസ്രായേലിനെ മുഴുവൻ ദാവീദ് യരുശലേമിൽ വിളിച്ചുകൂട്ടി.+
4 ദാവീദ് അഹരോന്റെ വംശജരിൽനിന്നും+ ലേവ്യരിൽനിന്നും+ കൂട്ടിവരുത്തിയവർ ഇവരാണ്: 5 കൊഹാത്യരിൽനിന്ന് അവരുടെ തലവനായ ഊരിയേലും 120 സഹോദരന്മാരും; 6 മെരാര്യരിൽനിന്ന് അവരുടെ തലവനായ അസായയും+ 220 സഹോദരന്മാരും; 7 ഗർശോമ്യരിൽനിന്ന് അവരുടെ തലവനായ യോവേലും+ 130 സഹോദരന്മാരും; 8 എലീസാഫാന്റെ+ വംശജരിൽനിന്ന് അവരുടെ തലവനായ ശെമയ്യയും 200 സഹോദരന്മാരും; 9 ഹെബ്രോന്റെ വംശജരിൽനിന്ന് അവരുടെ തലവനായ എലീയേലും 80 സഹോദരന്മാരും; 10 ഉസ്സീയേലിന്റെ+ വംശജരിൽനിന്ന് അവരുടെ തലവനായ അമ്മീനാദാബും 112 സഹോദരന്മാരും. 11 കൂടാതെ ദാവീദ് പുരോഹിതന്മാരായ സാദോക്ക്,+ അബ്യാഥാർ+ എന്നിവരെയും ലേവ്യരായ ഊരിയേൽ, അസായ, യോവേൽ, ശെമയ്യ, എലീയേൽ, അമ്മീനാദാബ് എന്നിവരെയും വിളിച്ചുകൂട്ടി. 12 ദാവീദ് അവരോടു പറഞ്ഞു: “നിങ്ങൾ ലേവ്യരുടെ പിതൃഭവനത്തലവന്മാരാണല്ലോ. നിങ്ങളെയും നിങ്ങളുടെ സഹോദരന്മാരെയും വിശുദ്ധീകരിച്ചിട്ട് ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിനുവേണ്ടി ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുക. 13 അന്നു നിങ്ങൾ അതു ചുമന്ന് കൊണ്ടുവരാഞ്ഞതുകൊണ്ടാണു+ നമ്മുടെ ദൈവമായ യഹോവയുടെ കോപം നമ്മുടെ നേരെ ജ്വലിച്ചത്.+ അതു കൊണ്ടുവരേണ്ട ശരിയായ വിധം+ എന്താണെന്നു നമ്മൾ അന്വേഷിച്ചറിഞ്ഞുമില്ല.” 14 അങ്ങനെ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരാൻവേണ്ടി പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.
15 യഹോവ മോശയിലൂടെ കല്പിച്ചതനുസരിച്ച്, ലേവ്യർ സത്യദൈവത്തിന്റെ പെട്ടകം അതിന്റെ തണ്ടുകൾ തോളിൽ വെച്ച് ചുമന്നു.+ 16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സന്തോഷത്തോടെ പാട്ടു പാടാൻവേണ്ടി, ഗായകരായ അവരുടെ സഹോദരന്മാരെ നിയമിക്കാൻ ദാവീദ് ലേവ്യരുടെ തലവന്മാരോട് ആവശ്യപ്പെട്ടു.
17 അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും+ ഹേമാന്റെ സഹോദരന്മാരിൽ, ബേരെഖ്യയുടെ മകനായ ആസാഫിനെയും+ അവരുടെ സഹോദരന്മാരായ മെരാര്യരിൽനിന്ന് കൂശായയുടെ മകൻ ഏഥാനെയും+ നിയമിച്ചു. 18 അവരോടൊപ്പം രണ്ടാം വിഭാഗത്തിലെ+ അവരുടെ സഹോദരന്മാരായ സെഖര്യ, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യഹീയേൽ, ഉന്നി, എലിയാബ്, ബനയ, മയസേയ, മത്ഥിഥ്യ, എലീഫെലേഹു, മിക്നേയ, കാവൽക്കാരായ ഓബേദ്-ഏദോം, യയീയേൽ എന്നിവരെയും നിയമിച്ചു. 19 ഗായകരായ ഹേമാൻ,+ ആസാഫ്,+ ഏഥാൻ എന്നിവരായിരുന്നു ചെമ്പുകൊണ്ടുള്ള ഇലത്താളം+ വായിക്കേണ്ടത്. 20 സെഖര്യ, അസിയേൽ, ശെമീരാമോത്ത്, യഹീയേൽ, ഉന്നി, എലിയാബ്, മയസേയ, ബനയ എന്നിവർ അലാമോത്ത്*+ രാഗത്തിൽ തന്ത്രിവാദ്യങ്ങൾ വായിച്ചു. 21 മത്ഥിഥ്യ,+ എലീഫെലേഹു, മിക്നേയ, ഓബേദ്-ഏദോം, യയീയേൽ, ആസസ്യ എന്നിവർ ശെമിനീത്ത്*+ രാഗത്തിൽ കിന്നരം വായിച്ചു; അവരായിരുന്നു സംഗീതസംഘനായകന്മാർ. 22 ലേവ്യരുടെ തലവനായ കെനന്യയായിരുന്നു+ പെട്ടകം കൊണ്ടുവരുന്നതിനു നേതൃത്വം വഹിച്ചത്; കെനന്യ സമർഥനായിരുന്നു. 23 ബേരെഖ്യയും എൽക്കാനയും പെട്ടകത്തിന്റെ കാവൽക്കാരായിരുന്നു. 24 പുരോഹിതന്മാരായ ശെബന്യ, യോശാഫാത്ത്, നെഥനയേൽ, അമസായി, സെഖര്യ, ബനയ, എലീയേസെർ എന്നിവർ സത്യദൈവത്തിന്റെ പെട്ടകത്തിനു മുമ്പാകെ വലിയ ശബ്ദത്തിൽ കാഹളം മുഴക്കി.+ ഓബേദ്-ഏദോം, യഹീയ എന്നിവരും പെട്ടകത്തിന്റെ കാവൽക്കാരായിരുന്നു.
25 അങ്ങനെ ദാവീദും ഇസ്രായേലിലെ മൂപ്പന്മാരും സഹസ്രാധിപന്മാരും ഓബേദ്-ഏദോമിന്റെ വീട്ടിൽനിന്ന്+ സന്തോഷത്തോടെ+ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തോടൊപ്പം നടന്നു. 26 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കാൻ സത്യദൈവം ലേവ്യരെ സഹായിച്ചതുകൊണ്ട് അവർ ഏഴു കാളക്കുട്ടികളെയും ഏഴ് ആൺചെമ്മരിയാടുകളെയും ബലി അർപ്പിച്ചു.+ 27 ദാവീദും പെട്ടകം ചുമന്നിരുന്ന എല്ലാ ലേവ്യരും ഗായകരും, ഗായകരുടെയും പെട്ടകം ചുമന്നവരുടെയും തലവനായ കെനന്യയും മേത്തരം തുണികൊണ്ടുള്ള, കൈയില്ലാത്ത മേലങ്കി ധരിച്ചിരുന്നു. ദാവീദ് ഒരു ലിനൻ ഏഫോദും ധരിച്ചിരുന്നു.+ 28 ആർപ്പുവിളിച്ചും+ കൊമ്പും കാഹളവും+ മുഴക്കിയും ഇലത്താളം കൊട്ടിയും തന്ത്രിവാദ്യങ്ങൾ, കിന്നരം+ എന്നിവ ഉച്ചത്തിൽ വായിച്ചും കൊണ്ട് എല്ലാ ഇസ്രായേല്യരുംകൂടി യഹോവയുടെ ഉടമ്പടിപ്പെട്ടകം കൊണ്ടുവന്നു.
29 യഹോവയുടെ ഉടമ്പടിപ്പെട്ടകം ദാവീദിന്റെ നഗരത്തിൽ+ എത്തിയപ്പോൾ ശൗലിന്റെ മകളായ മീഖൾ+ ജനലിലൂടെ താഴേക്കു നോക്കി. ദാവീദ് രാജാവ് തുള്ളിച്ചാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ മീഖളിനു ഹൃദയത്തിൽ ദാവീദിനോടു പുച്ഛം തോന്നി.+