ദിനവൃത്താന്തം ഒന്നാം ഭാഗം
27 ഇവയാണു രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന, ഇസ്രായേല്യരുടെ വിഭാഗങ്ങൾ. അവയിൽ പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും+ വിഭാഗങ്ങളുടെ കാര്യങ്ങൾ നോക്കിനടത്തി രാജാവിനു ശുശ്രൂഷ ചെയ്യുന്ന അധികാരികളും+ ഉണ്ടായിരുന്നു. ഓരോ വിഭാഗവും ഊഴമനുസരിച്ച് വർഷത്തിലെ ഓരോ മാസം സേവിച്ചു. 24,000 പേരാണ് ഓരോ വിഭാഗത്തിലുമുണ്ടായിരുന്നത്.
2 ഒന്നാം മാസം സേവിക്കേണ്ട ഒന്നാം വിഭാഗത്തിന്റെ ചുമതല സബ്ദീയേലിന്റെ മകനായ യാശോബെയാമിനായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 3 പേരെസിന്റെ ആൺമക്കളിൽ,+ ഒന്നാം മാസം സേവിക്കാൻ നിയമനം ലഭിച്ച ഉപവിഭാഗങ്ങളുടെ തലവന്മാരെല്ലാം യാശോബെയാമിന്റെ കീഴിലായിരുന്നു. 4 രണ്ടാം മാസത്തിലെ വിഭാഗത്തിന്റെ ചുമതല അഹോഹ്യനായ ദോദായിക്കായിരുന്നു.+ മിക്ലോത്തായിരുന്നു അതിന്റെ നായകൻ. ആ വിഭാഗത്തിൽ 24,000 പേർ. 5 മൂന്നാം മാസം സേവിക്കാൻ നിയമനം ലഭിച്ച മൂന്നാം വിഭാഗത്തിന്റെ തലവൻ മുഖ്യപുരോഹിതനായ യഹോയാദയുടെ+ മകൻ ബനയയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 6 ബനയ മുപ്പതു പേരിൽവെച്ച് വീരയോദ്ധാവും ആ മുപ്പതു പേർക്ക് അധിപനും ആയിരുന്നു. ബനയയുടെ മകൻ അമ്മീസാബാദാണു ബനയയുടെ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്. 7 നാലാം മാസത്തിലെ നാലാം വിഭാഗത്തിന്റെ ചുമതല യോവാബിന്റെ സഹോദരനായ അസാഹേലിനായിരുന്നു.+ അസാഹേലിനു ശേഷം മകൻ സെബദ്യ ആ സ്ഥാനം വഹിച്ചു. ആ വിഭാഗത്തിൽ 24,000 പേർ. 8 അഞ്ചാം മാസത്തിലെ അഞ്ചാം വിഭാഗത്തിന്റെ തലവൻ യിസ്രഹ്യനായ ശംഹൂത്തായിരുന്നു. ആ വിഭാഗത്തിൽ 24,000 പേർ. 9 ആറാം മാസത്തിലെ ആറാം വിഭാഗത്തിന്റെ തലവൻ തെക്കോവ്യനായ+ ഇക്കേശിന്റെ മകൻ ഈരയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 10 ഏഴാം മാസത്തിലെ ഏഴാം വിഭാഗത്തിന്റെ തലവൻ എഫ്രയീമ്യരിൽപ്പെട്ട പെലോന്യനായ ഹേലെസായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 11 എട്ടാം മാസത്തിലെ എട്ടാം വിഭാഗത്തിന്റെ തലവൻ സേരഹ്യരിൽപ്പെട്ട+ ഹൂശത്യനായ സിബ്ബെഖായിയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 12 ഒൻപതാം മാസത്തിലെ ഒൻപതാം വിഭാഗത്തിന്റെ തലവൻ ബന്യാമീന്യരിൽപ്പെട്ട അനാഥോത്യനായ അബിയേസരായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 13 പത്താം മാസത്തിലെ പത്താം വിഭാഗത്തിന്റെ തലവൻ സേരഹ്യരിൽപ്പെട്ട നെതോഫത്യനായ മഹരായിയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 14 11-ാം മാസത്തിലെ 11-ാം വിഭാഗത്തിന്റെ തലവൻ എഫ്രയീമിന്റെ വംശജരിൽപ്പെട്ട പിരാഥോന്യനായ ബനയയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 15 12-ാം മാസത്തിലെ 12-ാം വിഭാഗത്തിന്റെ തലവൻ ഒത്നീയേലിന്റെ കുടുംബത്തിൽപ്പെട്ട നെതോഫത്യനായ ഹെൽദായിയായിരുന്നു. ആ വിഭാഗത്തിൽ 24,000 പേർ.
16 ഇസ്രായേൽഗോത്രങ്ങളുടെ നായകന്മാർ ഇവരായിരുന്നു: രൂബേന്യർക്കു നായകൻ സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മാഖയുടെ മകൻ ശെഫത്യ; 17 ലേവിക്കു കെമൂവേലിന്റെ മകൻ ഹശബ്യ; അഹരോനു സാദോക്ക്; 18 യഹൂദയ്ക്കു ദാവീദിന്റെ ഒരു സഹോദരനായ എലീഹു;+ യിസ്സാഖാരിനു മീഖായേലിന്റെ മകൻ ഒമ്രി; 19 സെബുലൂന് ഓബദ്യയുടെ മകൻ യിശ്മയ്യ; നഫ്താലിക്ക് അസ്രിയേലിന്റെ മകൻ യരീമോത്ത്; 20 എഫ്രയീമ്യർക്ക് ആസസ്യയുടെ മകൻ ഹോശയ; മനശ്ശെയുടെ പാതി ഗോത്രത്തിനു പെദായയുടെ മകൻ യോവേൽ; 21 ഗിലെയാദിലുള്ള, മനശ്ശെയുടെ പാതി ഗോത്രത്തിനു സെഖര്യയുടെ മകൻ ഇദ്ദൊ; ബന്യാമീന് അബ്നേരിന്റെ+ മകൻ യാസിയേൽ; 22 ദാന് യരോഹാമിന്റെ മകൻ അസരേൽ. ഇവരായിരുന്നു ഇസ്രായേൽഗോത്രങ്ങളുടെ പ്രഭുക്കന്മാർ.
23 ദാവീദ് 20-ഉം അതിനു താഴോട്ടും പ്രായമുള്ളവരെ എണ്ണിയില്ല; ഇസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.+ 24 സെരൂയയുടെ മകനായ യോവാബ് എണ്ണമെടുക്കാൻ ആരംഭിച്ചെങ്കിലും അതു പൂർത്തിയാക്കിയില്ല. ദാവീദ് ഇസ്രായേലിന്റെ എണ്ണമെടുത്തതുകൊണ്ട് ദൈവം അവരോടു കോപിച്ചു.*+ അതുകൊണ്ട് ദാവീദ് രാജാവിന്റെ കാലത്തെ ചരിത്രപുസ്തകത്തിൽ ആ കണക്കുകൾ രേഖപ്പെടുത്തിയില്ല.
25 അദീയേലിന്റെ മകനായ അസ്മാവെത്തിനായിരുന്നു രാജാവിന്റെ ഖജനാവുകളുടെ+ ചുമതല. ഉസ്സീയയുടെ മകനായ യോനാഥാനാണു കൃഷിയിടങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഗോപുരങ്ങളിലും ഉള്ള സംഭരണശാലകളുടെ* ചുമതല വഹിച്ചത്. 26 വയലിലെ കൃഷിപ്പണിക്കാരുടെ ചുമതല കെലൂബിന്റെ മകനായ എസ്രിക്കായിരുന്നു. 27 രാമത്യനായ ശിമെയിയെയാണു മുന്തിരിത്തോട്ടങ്ങളുടെ ചുമതല ഏൽപ്പിച്ചിരുന്നത്. വീഞ്ഞുസംഭരണശാലകളുടെ ചുമതല സിഫ്മോത്യനായ സബ്ദിക്കായിരുന്നു. 28 ഷെഫേലയിലുള്ള+ ഒലിവുതോട്ടങ്ങളുടെയും അത്തി മരങ്ങളുടെയും+ പരിപാലനച്ചുമതല ഗേദെര്യനായ ബാൽഹാനാനായിരുന്നു. എണ്ണസംഭരണശാലകളുടെ മേൽനോട്ടം യോവാശിനായിരുന്നു. 29 ശാരോന്യനായ+ ശിത്രായിക്കായിരുന്നു ശാരോനിൽ മേഞ്ഞിരുന്ന കാലിക്കൂട്ടങ്ങളുടെ ചുമതല. താഴ്വരകളിലെ കാലിക്കൂട്ടങ്ങളുടെ ചുമതല അദായിയുടെ മകനായ ശാഫാത്തിനായിരുന്നു. 30 യിശ്മായേല്യനായ ഓബീലിനായിരുന്നു ഒട്ടകങ്ങളുടെ ചുമതല. കഴുതകളെ* നോക്കിയിരുന്നതു മെരോനോഥ്യനായ യഹ്ദെയയായിരുന്നു. 31 ഹഗ്രീയനായ യാസീസിനായിരുന്നു ആട്ടിൻപറ്റങ്ങളുടെ ചുമതല. ഇവരെല്ലാമാണു ദാവീദ് രാജാവിന്റെ വസ്തുവകകളുടെ മേൽനോട്ടം വഹിച്ചിരുന്നത്.
32 ദാവീദിന്റെ സഹോദരപുത്രനായ യോനാഥാൻ+ വകതിരിവുള്ള ഒരാളായിരുന്നു. യോനാഥാൻ ഒരു ഉപദേഷ്ടാവും സെക്രട്ടറിയും ആയി സേവിച്ചു. ഹഖ്മോനിയുടെ മകനായ യഹീയേലാണു രാജകുമാരന്മാരുടെ+ കാര്യങ്ങൾ നോക്കിയിരുന്നത്. 33 അഹിഥോഫെലായിരുന്നു+ രാജാവിന്റെ ഉപദേഷ്ടാവ്. അർഖ്യനായ ഹൂശായി+ രാജാവിന്റെ സുഹൃത്തായിരുന്നു.* 34 അഹിഥോഫെലിനു ശേഷം ബനയയുടെ+ മകൻ യഹോയാദയും അബ്യാഥാരും+ ഉപദേഷ്ടാക്കന്മാരായി സേവിച്ചു. യോവാബായിരുന്നു+ രാജാവിന്റെ സൈന്യാധിപൻ.