റോമിലുള്ളവർക്ക് എഴുതിയ കത്ത്
11 അങ്ങനെയെങ്കിൽ, ദൈവം തന്റെ ജനത്തെ പാടേ തള്ളിക്കളഞ്ഞെന്നാണോ?+ ഒരിക്കലുമല്ല. കാരണം, ഞാനും ഒരു ഇസ്രായേല്യനാണ്. അബ്രാഹാമിന്റെ സന്തതിയും* ബന്യാമീൻ ഗോത്രത്തിൽനിന്നുള്ളവനും. 2 താൻ ആദ്യം അംഗീകാരം കൊടുത്ത ആ ജനത്തെ ദൈവം തള്ളിക്കളഞ്ഞില്ല.+ ഏലിയ ഇസ്രായേലിന് എതിരെ ദൈവത്തോട് അപേക്ഷിച്ചതിനെപ്പറ്റി തിരുവെഴുത്തിൽ പറയുന്നതു നിങ്ങൾക്ക് അറിയില്ലേ? 3 “യഹോവേ,* അവർ അങ്ങയുടെ പ്രവാചകന്മാരെ കൊന്നു, അങ്ങയുടെ യാഗപീഠങ്ങൾ ഇടിച്ചുകളഞ്ഞു. ഞാൻ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോൾ ഇതാ, അവർ എന്റെയും ജീവനെടുക്കാൻ നോക്കുന്നു”+ എന്ന് ഏലിയ പറഞ്ഞപ്പോൾ 4 ദൈവം എന്തു മറുപടിയാണു കൊടുത്തത്? “ബാലിനു മുമ്പാകെ മുട്ടുകുത്താതെ എന്റെ പക്ഷത്ത് നിൽക്കുന്ന 7,000 പേർ ഇനിയും ബാക്കിയുണ്ട്”+ എന്നല്ലേ? 5 അതുപോലെതന്നെ ഇക്കാലത്തും അനർഹദയയാൽ തിരഞ്ഞെടുത്ത ഒരു ശേഷിപ്പുണ്ട്.+ 6 തിരഞ്ഞെടുത്തത് അനർഹദയയാലാണെങ്കിൽ+ അതിന്റെ അർഥം തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം മേലാൽ പ്രവൃത്തികളല്ലെന്നാണ്.+ പ്രവൃത്തികളാണ് അടിസ്ഥാനമെങ്കിൽ അനർഹദയ പിന്നെ അനർഹദയയല്ല.
7 പിന്നെ എന്തുണ്ടായി? ഇസ്രായേൽ താത്പര്യത്തോടെ തേടുന്നത് അവർക്കു കിട്ടാതെപോയി. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് അതു കിട്ടിയത്.+ ബാക്കിയുള്ളവരോ തിരുവെഴുത്തുകൾ പറയുന്നതുപോലെ മനസ്സു തഴമ്പിച്ചവരായി.+ 8 “ദൈവം അവർക്ക് ഇന്നോളം ഗാഢനിദ്രയും+ കാണാത്ത കണ്ണുകളും കേൾക്കാത്ത ചെവികളും നൽകിയിരിക്കുന്നു”+ എന്ന് എഴുതിയിരിക്കുന്നതുപോലെയായി അവരുടെ അവസ്ഥ. 9 കൂടാതെ, ദാവീദും ഇങ്ങനെ പറഞ്ഞു: “അവരുടെ മേശ അവർക്ക് ഒരു കുടുക്കും കെണിയും ഇടറിവീഴാൻ ഇടയാക്കുന്ന ഒരു തടസ്സവും ശിക്ഷയും ആകട്ടെ. 10 കാണാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ. അവരുടെ മുതുക് എപ്പോഴും കുനിഞ്ഞിരിക്കട്ടെ.”+
11 എന്നാൽ ഞാൻ ചോദിക്കുന്നു: ഇടറിപ്പോയ അവർ നിലംപറ്റെ വീണുപോയോ? ഒരിക്കലുമില്ല! അവരുടെ തെറ്റായ കാൽവെപ്പു കാരണം ജനതകൾക്കു രക്ഷ ലഭിച്ചു. അത് അവരിൽ അസൂയ ഉണർത്തി.+ 12 അവരുടെ തെറ്റായ കാൽവെപ്പു ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങളും അവരുടെ കുറവ് ജനതകൾക്കു സമൃദ്ധമായ അനുഗ്രഹങ്ങളും നൽകുമെങ്കിൽ,+ അവരുടെ എണ്ണം തികയുമ്പോൾ ആ അനുഗ്രഹങ്ങൾ എത്രയധികമായിരിക്കും!
13 ഇനി, ജനതകളിൽപ്പെട്ട നിങ്ങളോടാണു ഞാൻ സംസാരിക്കാൻപോകുന്നത്. ജനതകളുടെ അപ്പോസ്തലൻ+ എന്ന നിലയിൽ ഞാൻ എന്റെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തുന്നു.+ 14 അതിലൂടെ, എന്റെ സ്വന്തം ജനത്തിൽപ്പെട്ടവരിൽ എങ്ങനെയെങ്കിലും അസൂയ ഉണ്ടാക്കി അവരിൽ ചിലരെയെങ്കിലും രക്ഷിക്കാനാണു ഞാൻ നോക്കുന്നത്. 15 ദൈവം അവരെ തള്ളിക്കളഞ്ഞപ്പോൾ+ ലോകത്തിനു ദൈവവുമായി അനുരഞ്ജനപ്പെടാൻ അവസരം കിട്ടിയെങ്കിൽ ദൈവം അവരെ സ്വീകരിക്കുമ്പോഴോ? മരിച്ചവരായ അവർക്ക് അപ്പോൾ ഉറപ്പായും ജീവൻ കിട്ടും. 16 കുഴച്ച മാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കുന്ന അൽപ്പം മാവ് വിശുദ്ധമാണെങ്കിൽ ആ മാവ് മുഴുവനും വിശുദ്ധമായിരിക്കും. വേരു വിശുദ്ധമെങ്കിൽ കൊമ്പുകളും വിശുദ്ധമാണ്.
17 എന്നാൽ കൊമ്പുകളിൽ ചിലതു മുറിച്ചുമാറ്റി. എന്നിട്ട് നീ കാട്ടൊലിവായിരുന്നിട്ടും നിന്നെ ആ സ്ഥാനത്ത് ഒട്ടിച്ചുചേർത്തു. അങ്ങനെ നിനക്കും മറ്റു കൊമ്പുകളോടൊപ്പം ഒലിവിന്റെ വേരിൽനിന്ന് പോഷണം കിട്ടി. 18 എന്നുവെച്ച് മറ്റു കൊമ്പുകളോടു നീ ഗർവം കാണിക്കരുത്.*+ ഗർവം കാണിക്കുന്നെങ്കിൽ ഒരു കാര്യം ഓർക്കുക: നീ വേരിനെയല്ല, വേരു നിന്നെയാണു താങ്ങുന്നത്. 19 “എന്നെ ഒട്ടിച്ചുചേർക്കാൻവേണ്ടി കൊമ്പുകൾ മുറിച്ചുകളഞ്ഞു”+ എന്നു നീ പറഞ്ഞേക്കാം. 20 ശരിയാണ്, കൊമ്പുകൾ മുറിച്ചുകളഞ്ഞു.+ പക്ഷേ അത് അവരുടെ വിശ്വാസമില്ലായ്മകൊണ്ടാണ്. എന്നാൽ നീ നിൽക്കുന്നതു നിന്റെ വിശ്വാസംകൊണ്ടാണ്.+ അഹങ്കരിക്കാതെ ഭയമുള്ളവനായിരിക്കുക. 21 സ്വതവേയുള്ള കൊമ്പുകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല. പിന്നെ നിന്നോടു കാണിക്കുമോ? 22 അതുകൊണ്ട് ദൈവം ദയയുള്ളവനും+ അതേസമയം കർക്കശക്കാരനും ആണെന്ന് ഓർത്തുകൊള്ളുക. വീണുപോയവരോടു ദൈവം കർക്കശമായി ഇടപെടും.+ എന്നാൽ നീ ദൈവത്തിന്റെ ദയയിൽ നിലനിൽക്കുന്നെങ്കിൽ നിന്നോടു ദൈവം ദയ കാണിക്കും. അല്ലാത്തപക്ഷം നിന്നെയും മുറിച്ചുമാറ്റും. 23 അവരുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. അവർ വിശ്വാസമില്ലായ്മയിൽ തുടരാതെ വിശ്വാസം കാണിക്കുന്നെങ്കിൽ അവരെയും ഒട്ടിച്ചുചേർക്കും.+ അവരെ തിരികെ ഒട്ടിച്ചുചേർക്കാൻ ദൈവത്തിനു കഴിയുമല്ലോ. 24 കാട്ടൊലിവിൽനിന്ന് മുറിച്ചെടുത്ത നിന്നെ പ്രകൃതിസഹജമല്ലാത്ത രീതിയിൽ നാട്ടൊലിവിൽ ഒട്ടിച്ചുചേർക്കാമെങ്കിൽ സ്വതവേയുള്ള കൊമ്പുകളെ അവ ഉണ്ടായിവന്ന തായ്മരത്തിൽ ഒട്ടിച്ചുചേർക്കുന്നത് എത്ര എളുപ്പമാണ്!
25 സഹോദരങ്ങളേ, ഈ പാവനരഹസ്യം+ നിങ്ങൾ അറിയാതെപോകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. കാരണം അത് അറിഞ്ഞില്ലെങ്കിൽ നിങ്ങൾ ബുദ്ധിമാന്മാരാണെന്നു നിങ്ങൾക്കുതന്നെ തോന്നും. ഇതാണ് ആ പാവനരഹസ്യം: ജനതകളിൽപ്പെട്ടവരുടെ എണ്ണം തികയുന്നതുവരെ ഇസ്രായേലിൽ കുറെപ്പേരുടെ മനസ്സ് ഒരു പരിധിവരെ തഴമ്പിച്ചുപോയിരിക്കുന്നു. 26 അങ്ങനെ, ഇസ്രായേൽ മുഴുവനും+ രക്ഷ നേടും. ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ: “വിമോചകൻ* സീയോനിൽനിന്ന് വരും.+ അവൻ യാക്കോബിൽനിന്ന് ഭക്തികെട്ട പ്രവൃത്തികൾ നീക്കിക്കളയും. 27 ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ+ ഇതായിരിക്കും അവരുമായുള്ള എന്റെ ഉടമ്പടി.”+ 28 ശരിയാണ്, സന്തോഷവാർത്ത തള്ളിക്കളഞ്ഞതുകൊണ്ട് അവർ ദൈവത്തിന്റെ ശത്രുക്കളായി. അതു നിങ്ങൾക്ക് ഉപകാരപ്പെട്ടു. എന്നാൽ അവരുടെ പൂർവികർക്കു നൽകിയ വാക്കു നിമിത്തം ദൈവം അവരിൽ ചിലരെ സ്നേഹിതരായി തിരഞ്ഞെടുത്തു.+ 29 താൻ നൽകുന്ന സമ്മാനങ്ങളെക്കുറിച്ചോ താൻ വിളിച്ചവരെക്കുറിച്ചോ ഓർത്ത് ദൈവത്തിനു പിന്നീടു ഖേദം തോന്നില്ല. 30 ഒരു കാലത്ത് ദൈവത്തെ അനുസരിക്കാതിരുന്ന നിങ്ങളോട്,+ അക്കൂട്ടരുടെ അനുസരണക്കേടു കാരണം+ ഇപ്പോൾ കരുണ കാണിച്ചിരിക്കുന്നു.+ 31 അവരുടെ അനുസരണക്കേടു കാരണം നിങ്ങളോടു കരുണ കാണിച്ച സ്ഥിതിക്ക് ഇപ്പോൾ അവർക്കും കരുണ ലഭിക്കും. 32 അങ്ങനെ എല്ലാവരോടും കരുണ കാണിക്കാൻ+ കഴിയേണ്ടതിനു ദൈവം എല്ലാവരെയും അനുസരണക്കേടിന്റെ തടവറയിലാക്കി.+
33 ഹോ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അപാരം! ദൈവത്തിന്റെ വിധികൾ പരിശോധിച്ചറിയുക തികച്ചും അസാധ്യം! ദൈവത്തിന്റെ വഴികൾ ഒരിക്കലും അന്വേഷിച്ച് കണ്ടുപിടിക്കാൻ പറ്റാത്തവ! 34 അല്ല, “യഹോവയുടെ* മനസ്സ് അറിഞ്ഞ ആരെങ്കിലുമുണ്ടോ? ദൈവത്തിന്റെ ഉപദേഷ്ടാവാകാൻ ആർക്കെങ്കിലും കഴിയുമോ?”+ 35 അല്ലെങ്കിൽ “തിരിച്ചുതരണമെന്ന് ആവശ്യപ്പെടാൻ, ദൈവത്തിന് അങ്ങോട്ട് വല്ലതും കൊടുത്ത ആരെങ്കിലുമുണ്ടോ?”+ 36 കാരണം എല്ലാം ദൈവത്തിൽനിന്നുള്ളതും ദൈവത്താലുള്ളതും ദൈവത്തിനുവേണ്ടിയുള്ളതും ആണ്. ദൈവത്തിന് എന്നും മഹത്ത്വം. ആമേൻ.