പുറപ്പാട്
40 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഒന്നാം മാസം ഒന്നാം ദിവസം നീ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരം സ്ഥാപിക്കണം.+ 3 സാക്ഷ്യപ്പെട്ടകം+ അതിനുള്ളിൽ വെച്ച് അതു തിരശ്ശീലകൊണ്ട്+ മറച്ച് വേർതിരിക്കുക. 4 മേശ+ ഉള്ളിൽ കൊണ്ടുവന്ന് അതിന്റെ സാധനങ്ങൾ അതിൽ ക്രമീകരിക്കണം. തണ്ടുവിളക്കും+ കൊണ്ടുവന്ന് അതിന്റെ ദീപങ്ങൾ+ കത്തിക്കണം. 5 തുടർന്ന്, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള സ്വർണയാഗപീഠം+ സാക്ഷ്യപ്പെട്ടകത്തിനു മുന്നിൽ വെക്കുക. വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാനത്ത് തൂക്കുകയും വേണം.
6 “സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിനു മുന്നിൽ ദഹനയാഗത്തിനുള്ള യാഗപീഠം+ വെക്കണം. 7 യാഗപീഠത്തിനും സാന്നിധ്യകൂടാരത്തിനും ഇടയിൽ, വെള്ളം വെക്കാനുള്ള പാത്രം വെച്ചിട്ട് അതിൽ വെള്ളം ഒഴിക്കുക.+ 8 പിന്നെ, ചുറ്റും മുറ്റം+ വേർതിരിച്ച് മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ അതിന്റെ യവനിക*+ തൂക്കണം. 9 അടുത്തതായി, അഭിഷേകതൈലം+ എടുത്ത് വിശുദ്ധകൂടാരവും അതിലുള്ള എല്ലാ വസ്തുക്കളും അഭിഷേകം ചെയ്ത്+ അതും അതിന്റെ എല്ലാ ഉപകരണങ്ങളും വിശുദ്ധീകരിക്കുക. അങ്ങനെ, അതു വിശുദ്ധമായിത്തീരും. 10 ദഹനയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്ത് യാഗപീഠം വിശുദ്ധീകരിക്കണം. അങ്ങനെ, അത് ഏറ്റവും വിശുദ്ധമായ ഒരു യാഗപീഠമാകും.+ 11 കൂടാതെ, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്ത് വിശുദ്ധീകരിക്കണം.
12 “പിന്നെ അഹരോനെയും പുത്രന്മാരെയും സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിന് അടുത്തേക്കു കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ട് കഴുകുക.+ 13 നീ അഹരോനെ വിശുദ്ധവസ്ത്രങ്ങൾ+ ധരിപ്പിച്ച് അഭിഷേകം ചെയ്ത്+ വിശുദ്ധീകരിക്കണം. അവൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. 14 അതിനു ശേഷം അവന്റെ പുത്രന്മാരെ കൊണ്ടുവന്ന് അവരെ നീളൻ കുപ്പായം ധരിപ്പിക്കുക.+ 15 അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെതന്നെ നീ അവരെയും അഭിഷേകം ചെയ്യണം.+ അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. അവരുടെ വരുംതലമുറകളിൽ അവരുടെ പൗരോഹിത്യം+ നിലനിന്നുപോകാനും ഈ അഭിഷേകം ഉതകും.”
16 യഹോവ കല്പിച്ചതുപോലെയെല്ലാം മോശ ചെയ്തു.+ അങ്ങനെതന്നെ ചെയ്തു.
17 അങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം ദിവസംതന്നെ വിശുദ്ധകൂടാരം സ്ഥാപിച്ചു.+ 18 അതിനുവേണ്ടി മോശ, അതിന്റെ ചുവടുകൾ+ നിലത്ത് വെച്ച് ചട്ടങ്ങൾ+ പിടിപ്പിച്ച് കഴകൾ+ ഇട്ടു. അതിന്റെ തൂണുകളും ഉറപ്പിച്ചു. 19 വിശുദ്ധകൂടാരത്തിനു മുകളിൽ അതിന്റെ ആവരണം+ വിരിച്ചു. ഈ ആവരണത്തിനു മീതെ അടുത്ത ആവരണവും+ വിരിച്ചു. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
20 അതിനു ശേഷം, ‘സാക്ഷ്യം’+ എടുത്ത് പെട്ടകത്തിനുള്ളിൽ+ വെച്ചിട്ട് പെട്ടകത്തിനു തണ്ടുകൾ+ ഇട്ടു. എന്നിട്ട്, മൂടി+ പെട്ടകത്തിന്റെ മുകളിൽ വെച്ചു.+ 21 പെട്ടകം വിശുദ്ധകൂടാരത്തിനുള്ളിൽ കൊണ്ടുവന്നു. മറയ്ക്കാനുള്ള തിരശ്ശീല+ യഥാസ്ഥാനത്ത് തൂക്കി സാക്ഷ്യപ്പെട്ടകം മറച്ച് വേർതിരിച്ചു,+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
22 അടുത്തതായി മേശ,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, വടക്കുഭാഗത്ത് തിരശ്ശീലയുടെ വെളിയിൽ വെച്ചു. 23 എന്നിട്ട് അതിൽ യഹോവയുടെ മുമ്പാകെ അപ്പം+ നിരയായി അടുക്കിവെച്ചു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
24 തണ്ടുവിളക്ക്,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, തെക്കുവശത്ത് മേശയുടെ മുന്നിൽ വെച്ചു. 25 യഹോവയുടെ മുമ്പാകെ മോശ ദീപങ്ങൾ+ കത്തിച്ചു, യഹോവ കല്പിച്ചതുപോലെതന്നെ.
26 അടുത്തതായി സ്വർണയാഗപീഠം+ സാന്നിധ്യകൂടാരത്തിൽ തിരശ്ശീലയുടെ മുന്നിൽ വെച്ചു. 27 സുഗന്ധദ്രവ്യം+ പുകയ്ക്കേണ്ടിയിരുന്നത്+ അതിലായിരുന്നു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
28 പിന്നെ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാനത്ത് തൂക്കി.
29 ദഹനയാഗവും+ ധാന്യയാഗവും അർപ്പിക്കാനുള്ള ദഹനയാഗത്തിന്റെ യാഗപീഠം+ മോശ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ വാതിൽക്കൽ വെച്ചു, യഹോവ കല്പിച്ചതുപോലെതന്നെ.
30 പിന്നെ കഴുകാനുള്ള വെള്ളം വെക്കുന്ന പാത്രം സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയിൽ വെച്ചിട്ട് അതിൽ വെള്ളം ഒഴിച്ചു.+ 31 മോശയും അഹരോനും അഹരോന്റെ പുത്രന്മാരും അവിടെ ചെന്ന് കൈകാലുകൾ കഴുകി. 32 അവർ സാന്നിധ്യകൂടാരത്തിൽ കടക്കുകയോ യാഗപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോഴെല്ലാം ഇങ്ങനെ കഴുകുമായിരുന്നു,+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
33 ഒടുവിൽ, വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമായി മുറ്റം+ വേർതിരിച്ചു. മുറ്റത്തിന്റെ പ്രവേശനകവാടത്തിലിടാനുള്ള യവനികയും* തൂക്കി.+
അങ്ങനെ, മോശ പണി പൂർത്തിയാക്കി. 34 അപ്പോൾ, മേഘം സാന്നിധ്യകൂടാരത്തെ മൂടാൻതുടങ്ങി, യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞു.+ 35 മേഘം സാന്നിധ്യകൂടാരത്തിന്മേൽത്തന്നെ നിന്നിരുന്നതുകൊണ്ട് മോശയ്ക്ക് അതിനുള്ളിൽ കടക്കാൻ കഴിഞ്ഞില്ല. യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞിരുന്നു.+
36 മേഘം വിശുദ്ധകൂടാരത്തിൽനിന്ന് ഉയരുമ്പോൾ ഇസ്രായേല്യർ കൂടാരം അഴിച്ച് യാത്ര പുറപ്പെടും. യാത്രയുടെ എല്ലാ ഘട്ടങ്ങളിലും അവർ ഇങ്ങനെ ചെയ്തിരുന്നു.+ 37 എന്നാൽ, മേഘം ഉയർന്നില്ലെങ്കിൽ, അത് ഉയരുന്ന ദിവസംവരെ അവർ യാത്ര പുറപ്പെടില്ലായിരുന്നു.+ 38 കാരണം, യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഇസ്രായേൽഗൃഹത്തിനു കാണാവുന്ന വിധത്തിൽ, വിശുദ്ധകൂടാരത്തിന്മേൽ പകൽസമയത്ത് യഹോവയുടെ മേഘവും രാത്രിയിൽ അഗ്നിയും നിന്നിരുന്നു.+