ലൂക്കോസ്—ആമുഖം
എഴുതിയത്: ലൂക്കോസ്
എഴുതിയ സ്ഥലം: കൈസര്യ
എഴുത്ത് പൂർത്തിയായത്: ഏ. എ.ഡി. 56-58
ഉൾപ്പെട്ടിരിക്കുന്ന കാലഘട്ടം: ബി.സി. 3–എ.ഡി. 33
പ്രധാനപ്പെട്ട വസ്തുതകൾ:
ലൂക്കോസ് ഈ സുവിശേഷം എഴുതിയതു സാധ്യതയനുസരിച്ച് മത്തായി തന്റെ വിവരണം എഴുതിയതിനു ശേഷവും, എന്നാൽ മർക്കോസ് സുവിശേഷം എഴുതുന്നതിനു മുമ്പും ആയിരിക്കാം. പൗലോസിന്റെ മൂന്നാമത്തെ മിഷനറി പര്യടനത്തെത്തുടർന്ന് അദ്ദേഹത്തോടൊപ്പം ഫിലിപ്പിയിൽനിന്ന് മടങ്ങിവന്നശേഷമായിരിക്കണം ലൂക്കോസ് ഇത് എഴുതിയത്. പൗലോസിനെ റോമിൽ സീസറിന്റെ മുന്നിൽ ഉപരിവിചാരണയ്ക്കു കൊണ്ടുപോകുന്നതിനു മുമ്പ്, അദ്ദേഹം കൈസര്യയിൽ രണ്ടു വർഷം തടവിൽ കിടന്ന സമയത്തായിരിക്കാം ലൂക്കോസ് ഈ വിവരണം തയ്യാറാക്കിയത്.
സാധ്യതയനുസരിച്ച് മത്തായി തന്റെ സുവിശേഷം എഴുതിയതു ജൂതന്മാരെ മനസ്സിൽക്കണ്ടാണെങ്കിൽ മർക്കോസിന്റെ സുവിശേഷം പ്രധാനമായും ജൂതന്മാരല്ലാത്തവരെ, പ്രത്യേകിച്ച് റോമാക്കാരെ, ഉദ്ദേശിച്ചായിരുന്നെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. എന്നാൽ ലൂക്കോസിന്റെ സുവിശേഷം എല്ലാവർക്കുംവേണ്ടിയുള്ളതാണ്. ഈ സുവിശേഷത്തിലെ ഏതാണ്ട് 60 ശതമാനം വിവരങ്ങളും മറ്റു സുവിശേഷങ്ങളിൽ കാണുന്നില്ല. മത്തായി, മർക്കോസ്, യോഹന്നാൻ എന്നിവർ രേഖപ്പെടുത്തിയിട്ടില്ലാത്ത ആറ് അത്ഭുതങ്ങളെങ്കിലും ലൂക്കോസ് വിവരിക്കുന്നുണ്ട്. (ലൂക്ക 5:1-6; 7:11-15; 13:11-13; 14:1-4; 17:12-14; 22:50, 51) മറ്റു സുവിശേഷവിവരണങ്ങളിൽ കാണാത്ത നിരവധി ദൃഷ്ടാന്തങ്ങൾ അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. ലൂക്ക 10:30-35; 15:11-32; 16:19-31 എന്നീ തിരുവെഴുത്തുഭാഗങ്ങൾ അതിനു ചില ഉദാഹരണങ്ങൾ മാത്രം.
ലൂക്കോസ് ഒരു വൈദ്യനായിരുന്നതുകൊണ്ട്, ചില രോഗികളുടെ ശാരീരികാവസ്ഥയെക്കുറിച്ച് കൂടുതലായ ചില വിശദാംശങ്ങൾ നൽകുന്നുണ്ട്. (ലൂക്ക 4:38; 5:12; കൊലോ 4:14) ഇനി, അദ്ദേഹം വിദ്യാസമ്പന്നനായിരുന്നു എന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വിപുലമായ പദസമ്പത്ത്. മറ്റു മൂന്നു സുവിശേഷയെഴുത്തുകാരുടെ പദസമ്പത്തിന്റെ ആകത്തുകയെടുത്താൽപ്പോലും അതു ലൂക്കോസിന്റെ അത്രയും വരില്ല.
വിവരണത്തിൽ എവിടെയും ലൂക്കോസിന്റെ പേര് കാണുന്നില്ലെങ്കിലും ഇതു ലൂക്കോസിന്റെതന്നെ സുവിശേഷമാണെന്നു മുറേറ്റോറിയൻ ശകലം സൂചിപ്പിക്കുന്നു. (ഏ. എ.ഡി. 170) കൂടാതെ, രണ്ടാം നൂറ്റാണ്ടിലെ എഴുത്തുകാരായ അലക്സാൻഡ്രിയയിലെ ക്ലെമന്റും ഐറേനിയാസും ഈ സുവിശേഷത്തിന്റെ എഴുത്തുകാരൻ ലൂക്കോസുതന്നെയാണെന്ന് അംഗീകരിക്കുന്നു.
ലൂക്കോസ് 12 അപ്പോസ്തലന്മാരിൽ ഒരാളല്ലായിരുന്നു, മാത്രമല്ല അദ്ദേഹം വിശ്വാസിയായിത്തീർന്നതുപോലും സാധ്യതയനുസരിച്ച് യേശുവിന്റെ മരണശേഷമാണ്. അതുകൊണ്ടുതന്നെ, അദ്ദേഹം തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ സംഭവങ്ങളും നേരിട്ട് കണ്ടിട്ടില്ല. എന്നാൽ പൗലോസ് അപ്പോസ്തലൻ മൂന്നാം മിഷനറി പര്യടനം കഴിഞ്ഞ് യരുശലേമിലേക്കു പോയപ്പോൾ അദ്ദേഹത്തിന്റെകൂടെ ലൂക്കോസുമുണ്ടായിരുന്നു. (പ്രവൃ 21:15-17) അതുകൊണ്ട്, ദൈവപുത്രനായ യേശുക്രിസ്തുവിന്റെ പ്രവർത്തനങ്ങൾക്കു സാക്ഷ്യംവഹിച്ച അതേ മണ്ണിൽനിന്നുതന്നെ യേശുവിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ ലൂക്കോസിന് അവസരം കിട്ടിയിരിക്കാം. ഉദാഹരണത്തിന്, യേശുവിന്റെ ജീവിതത്തിലെ പല സംഭവങ്ങളും നേരിട്ട് കണ്ടവരുമായി അഭിമുഖം നടത്താൻ ലൂക്കോസിനു കഴിഞ്ഞിട്ടുണ്ടാകും. അപ്പോഴും ജീവനോടെയുണ്ടായിരുന്ന യേശുവിന്റെ ശിഷ്യന്മാരിൽനിന്നും ഒരുപക്ഷേ യേശുവിന്റെ അമ്മയായ മറിയയിൽനിന്നും ഒക്കെ ലൂക്കോസ് അത്തരത്തിൽ വിവരങ്ങൾ ശേഖരിച്ചിരിക്കാം. അതു കൂടാതെ, മത്തായിയുടെ സുവിശേഷവും ലൂക്കോസ് പരിശോധിച്ചിരിക്കാൻ സാധ്യതയുണ്ട്.