മത്തായി
പഠനക്കുറിപ്പുകൾ—അധ്യായം 14
ഹെരോദ്: അതായത് ഹെരോദ് അന്തിപ്പാസ്, മഹാനായ ഹെരോദിന്റെ മകൻ.—പദാവലി കാണുക.
ജില്ലാഭരണാധികാരി: സംസ്ഥാനത്തിന്റെ നാലിൽ ഒന്നിന്റെ ഭരണാധികാരി (tetrarch) എന്ന് അർഥം വരുന്ന ഒരു പദമാണു മൂലഭാഷയിൽ കാണുന്നത്. റോമൻ അധികാരികളുടെ കീഴിൽ, അവരുടെ അംഗീകാരത്തോടെ മാത്രം ഭരണം നടത്തിയിരുന്ന ഒരു ജില്ലാഭരണാധികാരിയെയോ ഒരു പ്രദേശത്തിന്റെ പ്രഭുവിനെയോ ആണ് ഈ പദം കുറിച്ചിരുന്നത്. ഗലീലയും പെരിയയും ആയിരുന്നു ഹെരോദ് അന്തിപ്പാസിന്റെ ഭരണപ്രദേശം.—മർ 6:14-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
സ്നാപകയോഹന്നാൻ: മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
ഹെരോദ്: അതായത്, ഹെരോദ് അന്തിപ്പാസ്.—പദാവലി കാണുക.
യോഹന്നാനെ പിടിച്ച് . . . ജയിലിലാക്കി: ഈ സംഭവം നടന്നത് എവിടെവെച്ചാണെന്നു ബൈബിൾ പറയുന്നില്ല. ചാവുകടലിനു കിഴക്കുള്ള മഷേരൂസ് കോട്ടയിലാണു യോഹന്നാനെ തടവിലാക്കിയിരുന്നതെന്നും അവിടെവെച്ചാണ് അദ്ദേഹത്തെ വധിച്ചതെന്നും ജോസീഫസ് പറയുന്നു. [യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), പുസ്തകം 18, അധ്യാ. 5, ഖ. 2 (ലോയബ് 18.119)] യോഹന്നാൻ കുറച്ച് കാലം ആ ജയിലിലായിരുന്നിരിക്കാൻ സാധ്യതയുണ്ടെന്നതു ശരിയാണ്. (മത്ത 4:12) എന്നാൽ മരണസമയത്ത് യോഹന്നാനെ തടവിലാക്കിയിരുന്നതു ഗലീലക്കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള തിബെര്യാസ് നഗരത്തിലായിരുന്നിരിക്കാനാണു സാധ്യത. ഇങ്ങനെയൊരു നിഗമനത്തിലെത്താനുള്ള കാരണങ്ങൾ ഇവയാണ്: (1) ഗലീലയിൽ യേശു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നതിന് അടുത്താണ് യോഹന്നാനെ തടവിലാക്കിയിരുന്നതെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. കാരണം ജയിലിലായിരുന്ന യോഹന്നാൻ യേശു ചെയ്ത അത്ഭുതങ്ങളെക്കുറിച്ച് കേട്ടിട്ട് യേശുവിനോടു സംസാരിക്കാൻ തന്റെ ശിഷ്യന്മാരെ അയച്ചതായി വിവരണം പറയുന്നു. (മത്ത 11:1-3) (2) ഹെരോദിന്റെ ജന്മദിനാഘോഷത്തിൽ ‘ഗലീലയിലെ പ്രമുഖരും’ പങ്കെടുത്തെന്നു മർക്കോസ് പറയുന്നു. ആ ആഘോഷം നടന്നതു ഹെരോദിന്റെ തിബെര്യാസിലുള്ള ഭവനത്തിൽവെച്ചായിരിക്കാം എന്നാണ് അതു സൂചിപ്പിക്കുന്നത്. തെളിവനുസരിച്ച് യോഹന്നാനെ തടവിലാക്കിയിരുന്നത് ഈ ആഘോഷം നടന്നതിന് അടുത്താണ്.—മർ 6:21-29; മത്ത 14:6-11.
സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ: തന്റെ അർധസഹോദരനായ ഹെരോദ് ഫിലിപ്പോസിന്റെ ഭാര്യയായ ഹെരോദ്യയിൽ ആകൃഷ്ടനായതിനെ തുടർന്ന് ഹെരോദ് അന്തിപ്പാസ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്തു. ഹെരോദ്യ ഫിലിപ്പോസിനെയും ഉപേക്ഷിച്ചു. തുടർന്ന് ഹെരോദ്യയെ ഹെരോദ് അന്തിപ്പാസ് വിവാഹം കഴിച്ചു. ജൂതനിയമത്തിനു വിരുദ്ധമായ ഈ വിവാഹം അധാർമികമാണെന്നു വിമർശിച്ചതിന്റെ പേരിലാണു സ്നാപകയോഹന്നാനെ അറസ്റ്റു ചെയ്തത്.
ജന്മദിനാഘോഷസമയത്ത്: സാധ്യതയനുസരിച്ച് ഹെരോദ് അന്തിപ്പാസിന്റെ തിബെര്യാസിലുള്ള ഭവനത്തിൽവെച്ചാണ് ഈ ആഘോഷം നടന്നത്. (മത്ത 14:3; മർ 6:21എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) രണ്ടു ജന്മദിനാഘോഷങ്ങളെക്കുറിച്ച് മാത്രമേ ബൈബിൾ പറയുന്നുള്ളൂ. അതിലൊന്നാണ് ഇത്. ഈ ആഘോഷത്തിനിടെ യോഹന്നാനെ ശിരച്ഛേദം ചെയ്തു. മറ്റേത് ഒരു ഫറവോന്റേതാണ്. ആ ഈജിപ്ഷ്യൻ ചക്രവർത്തിയുടെ ജന്മദിനാഘോഷവേളയിൽ അപ്പക്കാരുടെ പ്രമാണിയെ വധിച്ചു. (ഉൽ 40:18-22) ഈ രണ്ട് ആഘോഷങ്ങൾക്കും ചില സമാനതകളുണ്ടായിരുന്നു: രണ്ടു സാഹചര്യങ്ങളിലും വലിയ വിരുന്നു നടന്നതായും ചിലരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തതായും നമ്മൾ വായിക്കുന്നു. ആ രണ്ടു സംഭവങ്ങളും ആളുകൾ ഓർത്തിരിക്കുന്നത് അന്നു നടന്ന കൊലപാതകങ്ങളുടെ പേരിലുമാണ്.
രാജാവ്: മത്ത 14:1-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ ഹെരോദ് അന്തിപ്പാസിന്റെ ഔദ്യോഗികമായ റോമൻ പദവിനാമം, സംസ്ഥാനത്തിന്റെ നാലിൽ ഒന്നിന്റെ ഭരണാധികാരി (tetrarch) എന്ന് അർഥം വരുന്ന ഒരു പദമായിരുന്നു. എന്നാൽ അദ്ദേഹത്തെ “രാജാവ്” എന്നാണു പൊതുവേ വിളിച്ചിരുന്നത്.
തന്റെ ആണ: മൂലഭാഷയിൽ “ആണകൾ” എന്നു ബഹുവചനരൂപത്തിലാണു (എന്നാൽ മത്ത 14:7-ൽ ഏകവചനരൂപമാണു കാണുന്നത്.) കൊടുത്തിരിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത്, താൻ വാഗ്ദാനം ചെയ്ത കാര്യത്തിന് ഒരു മാറ്റവുമില്ലെന്ന് ഉറപ്പുകൊടുക്കാൻ ഹെരോദ് ആവർത്തിച്ച് ആണയിട്ടിരിക്കാം എന്നാണ്.
അലിവ് തോന്നിയിട്ട്: അഥവാ “അനുകമ്പ തോന്നിയിട്ട്.”—മത്ത 9:36-ന്റെ പഠനക്കുറിപ്പു കാണുക.
നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്: യേശുവിന്റെ അത്ഭുതങ്ങളിൽ ഇതു മാത്രമാണു നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്.—മത്ത 14:15-21; മർ 6:35-44; ലൂക്ക 9:10-17; യോഹ 6:1-13.
മീൻ: മീൻ ചുട്ടെടുക്കുന്നതോ ഉപ്പു തേച്ച് ഉണക്കിയെടുക്കുന്നതോ ആയിരുന്നു ബൈബിൾക്കാലങ്ങളിലെ സാധാരണരീതി. എന്നിട്ട് അത് അപ്പത്തിന്റെകൂടെ കഴിക്കും. സാധ്യതയനുസരിച്ച് യേശു ഉപയോഗിച്ചത് ഉപ്പിട്ട് ഉണക്കിയ മീനുകളാണ്.
അപ്പം നുറുക്കി: പരന്ന അപ്പമാണു മിക്കപ്പോഴും ഉണ്ടാക്കിയിരുന്നത്. അതു നല്ല കട്ടിയാകുന്നതുവരെ ചുടും. അതുകൊണ്ട് കഴിക്കുന്നതിനു മുമ്പ് അപ്പം നുറുക്കുന്നത് അന്നത്തെ ഒരു രീതിയായിരുന്നു.—മത്ത 15:36; 26:26; മർ 6:41; 8:6; ലൂക്ക 9:16.
കൊട്ട: നെയ്തുണ്ടാക്കിയ ചെറിയ കൊട്ടകളായിരിക്കാം ഇവ. യാത്രപോകുമ്പോൾ കൊണ്ടുപോകാൻ പാകത്തിൽ ഇതിനു വള്ളികൊണ്ടുള്ള പിടിയും ഉണ്ടായിരുന്നു. ഏതാണ്ട് 7.5 ലിറ്റർ കൊള്ളുന്ന കൊട്ടകളായിരുന്നു ഇവ.—മത്ത 16:9, 10 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സ്ത്രീകളും കുട്ടികളും വേറെയും: ഈ അത്ഭുതത്തെക്കുറിച്ചുള്ള വിവരണത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു മത്തായി മാത്രമാണ്. അത്ഭുതകരമായി പോഷിപ്പിക്കപ്പെട്ടവരുടെ മൊത്തം സംഖ്യ 15,000-ത്തിലധികം വരാൻ സാധ്യതയുണ്ട്.
ഏറെ അകലെ: അക്ഷ. “അനേകം സ്റ്റേഡിയം.” ഒരു സ്റ്റേഡിയം (ഗ്രീക്കിൽ സ്റ്റേഡിയോൻ) = 185 മീ. (606.95 അടി). ഒരു റോമൻ മൈലിന്റെ എട്ടിലൊന്നു വരും ഇത്.
നാലാം യാമം: അതായത്, അതിരാവിലെ ഏകദേശം 3 മണിമുതൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കുന്നതുവരെയുള്ള സമയം. രാത്രിയെ നാലു യാമങ്ങളായി തിരിച്ചിരുന്ന ഗ്രീക്ക്, റോമൻ സമ്പ്രദായമാണ് ഇതിന് ആധാരം. എന്നാൽ മുമ്പ് എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ ഈ സമയമായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു.
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനോട് ആദരവ് കാണിച്ചു.” യേശുവിനെ ദൈവത്തിന്റെ ഒരു പ്രതിനിധിയായി മാത്രമാണ് അവർ കണ്ടത്. യേശു ഒരു ദൈവമോ ദേവനോ ആണെന്ന ചിന്തയോടെയല്ല മറിച്ച് ‘ദൈവപുത്രൻ’ ആണെന്നു കരുതിത്തന്നെയാണ് അവർ വണങ്ങിയത്.—മത്ത 2:2; 8:2; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഗന്നേസരെത്ത്: ഗലീലക്കടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തോടു ചേർന്നുകിടക്കുന്ന ഒരു ചെറിയ സമതലം. (ഏകദേശം 5 കി.മീ. നീളവും 2.5 കി.മീ. വീതിയും ഉള്ള പ്രദേശം.) ലൂക്ക 5:1-ൽ ഗലീലക്കടലിനെ ‘ഗന്നേസരെത്ത് തടാകം’ എന്നാണു വിളിച്ചിരിക്കുന്നത്.