പുരോഗതിക്ക് നാം ഒടുക്കേണ്ടിവരുന്ന വില
“ഇപ്പോൾത്തന്നെ മനുഷ്യവർഗ്ഗത്തിന് ലഭ്യമായിരിക്കുന്ന ഭീകരമായ ആയുധങ്ങൾ നിമിത്തം ഈ ലോകം അതിലെ ധാർമ്മികപക്വതയില്ലാത്തവരാൽ കുരുക്കിലാക്കപ്പെടാനുള്ള അപകടത്തിലാണ്. ശാസ്ത്രീയമായ നമ്മുടെ അറിവ് ശാസ്ത്രത്തെ നിയന്ത്രിക്കാനുള്ള നമ്മുടെ പ്രാപ്തിയെ ഇപ്പോൾത്തന്നെ കവച്ചുവച്ചിരിക്കുന്നു. നമുക്ക് ധാരാളം ശാസ്ത്രജ്ഞൻമാർ ഉണ്ട്, എന്നാൽ ദൈവികമനുഷ്യർ വളരെ കുറച്ചേയുള്ളു” എന്ന് 1948-ൽ ജനറൽ ഓമർ എൻ. ബ്രാഡ്ലി പ്രസ്താവിച്ചു. അദ്ദേഹം ഇങ്ങനെ തുടർന്നു: “ജീവന്റെയും മരണത്തിന്റെയും അപായകരമായ നിഗൂഢതകളുമായി മേളാങ്കിച്ചുകൊണ്ട് മനുഷ്യൻ ഒരു ആത്മീയ അന്ധകാരത്തിലൂടെ അന്ധമായി തട്ടിയും മുട്ടിയും മുമ്പോട്ടുനീങ്ങുകയാണ്. ലോകം ജ്ഞാനം കൂടാതെയുള്ള ബുദ്ധിവൈഭവവും മനസ്സാക്ഷികൂടാതെയുള്ള ശക്തിയും ആർജ്ജിച്ചിരിക്കുന്നു.”
ഇന്ന് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ വാക്കുകൾക്ക് അന്നത്തേതിലും കൂടുതൽ അർത്ഥമുണ്ട്. ഇതു പരിഗണിക്കുക: ഇരുപതാം നൂറ്റാണ്ടിന്റെ പുരോഗതി ആയുധങ്ങൾക്കുവേണ്ടി ചെലവഴിക്കപ്പെട്ട ഡോളറുകളുടെ അടിസ്ഥാനത്തിൽ അളക്കാമെങ്കിൽ 1986 ഒരു റിക്കാർഡിട്ട വർഷമായിരിക്കും. കണക്കുകളനുസരിച്ച് ലോകരാഷ്ട്രങ്ങൾ സൈനികായുധങ്ങൾക്കുവേണ്ടി 90,000 കോടി ഡോളർ ചെലവഴിച്ചു. അത് “ഒരു മിനിറ്റിന് 17 ലക്ഷം ഡോളർ എന്ന സർവ്വകാല അത്യുച്ചമാണ് . . . അത് ലോകത്തിന്റെ ആകെ ഉൽപ്പാദനത്തിന്റെ 6 ശതമാനമാണെന്ന്” രൂത്ത് ലെജർ സീവാർഡ് നടത്തിയ ഒരു സ്വതന്ത്രപഠനത്തെപ്പറ്റി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ആയുധങ്ങൾക്കുവേണ്ടിയുള്ള ധനവിനിയോഗത്തിൽ “ലോകവ്യാപാരം തോക്കിനെ അപ്പത്തിന് മുമ്പായി പ്രതിഷ്ഠിച്ചിരിക്കുന്നു” എന്ന് ദി വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു. ആയുധ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്ന 5,00,000 ശാസ്ത്രജ്ഞൻമാർ “പുതിയ ഊർജ്ജ സങ്കേതങ്ങൾ വികസിപ്പിക്കുന്നതിനും മാനുഷ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും മലിനീകരണം തടയുന്നതിനുമായി മൊത്തം ഉപയോഗിക്കപ്പെടുന്നവരേക്കാൾ” എണ്ണത്തിൽ അധികമാണ് എന്നുംകൂടി അതു കൂട്ടിച്ചേർത്തു. രസാവഹമായി, വൻശക്തികളാലുള്ള സൈനിക ധനവിനിയോഗം അവയിലെ ജനങ്ങളെ ഒരുപക്ഷേ പത്തുപ്രാവശ്യം കൊല്ലാൻ ആവശ്യമായത്ര ആയുധങ്ങൾ ഉൽപ്പാദിപ്പിച്ചിരിക്കുന്നു.
വ്യക്തമായും ആയുധങ്ങളുടെ ഈ കൂനകൂട്ടൽ മനുഷ്യവർഗ്ഗത്തെ ബാധിച്ചിരിക്കുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല, അതു മനുഷ്യനെ സമാധാനത്തോട് കൂടുതൽ അടുത്തെത്തിച്ചിട്ടുമില്ല. മറിച്ച് വർഷങ്ങൾക്കു മുൻപ് ജനറൽ ബ്രാഡ്ലി വിശദീകരിച്ചപ്രകാരം: “സമാധാനത്തെപ്പറ്റി അറിയാവുന്നതിലേറെ യുദ്ധത്തെപ്പറ്റിയും ജീവിക്കുന്നതിനെപ്പറ്റി അറിയാവുന്നതിലേറെ കൊല്ലുന്നതിനെപ്പറ്റിയും നമുക്ക് അറിയാം. ശ്രേഷ്ഠത സംബന്ധിച്ചും പുരോഗതി സംബന്ധിച്ചുമുള്ള നമ്മുടെ ഇരുപതാം നൂറ്റാണ്ടിന്റെ അവകാശവാദം ഇതാണ്.” (g87 7/22)