ധൂമകേതു സ്ഫോടനം!
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിനാല് ജൂലൈയിൽ വ്യാഴത്തിൽ നടന്ന, ഷൂമേക്കർ-ലെവി 9 എന്ന ധൂമകേതുവിന്റെ 20-ഓളം കഷണങ്ങളുടെ സംഘട്ടനം ഭൂവ്യാപകമായി ഒരാഴ്ചയോളം നക്ഷത്ര നിരീക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഒരു ജ്യോതിശ്ശാസ്ത്രജ്ഞൻ പ്രസ്താവിച്ചതുപോലെ, പ്രസ്തുത ദൃശ്യം, “ഈ നൂറ്റാണ്ടിലെ വിണ്ണിലെ നാടകം” ആയിത്തീർന്നതുകൊണ്ട് ധൂമകേതു നിരീക്ഷകർ ആശ്ചര്യഭരിതരായി. ഈ സംഭവം പ്രതീക്ഷകൾക്കു വളരെയപ്പുറം പോയതെന്തുകൊണ്ട്?
ഒന്നാമതായി, മണിക്കൂറിൽ ഏകദേശം 2,00,000 കിലോമീറ്റർ വേഗതയുള്ള ധൂമകേതു കഷണങ്ങൾ അതിശക്തമായ സ്ഫോടനങ്ങൾ ഉളവാക്കി, ഏറ്റവും അതിരുകവിഞ്ഞ പ്രവചനങ്ങൾ മാത്രമേ ഇതു സംഭവിക്കുമെന്നു സൂചിപ്പിച്ചിരുന്നുള്ളൂ. വ്യാഴത്തിന്റെ അന്തരീക്ഷമണ്ഡലത്തിലേക്കുള്ള അവയുടെ പ്രവേശനം ഏതാനും സെക്കൻറുകൾ മാത്രം നീണ്ടുനിന്ന ഒളിമിന്നലുകൾക്കിടയാക്കി. അപ്പോൾ അതിതപ്ത വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് ഉത്സർജിക്കപ്പെട്ടു. അത് ഏറ്റവും വലിയ സ്ഫോടനത്തിൽ ഹ്രസ്വനേരത്തേക്കു സൂര്യന്റെ ഉപരിതല ഊഷ്മാവിനെ കവിഞ്ഞുപോയ അതിബൃഹത്തായ അഗ്നിഗോളങ്ങൾക്കു രൂപംനൽകി! തുടർന്നുവന്ന 10 മുതൽ 20 വരെ മിനിറ്റു നേരത്തേക്ക് 3,200 കിലോമീറ്റർ ഉയരത്തിൽ ഒരു വലിയ പുകച്ചുരുൾ ഉയർന്നു.
കൂടുതലായി, അനുകൂലമായിരിക്കില്ലെന്ന് ആരംഭത്തിൽ കരുതിയ നിരീക്ഷണ ചുറ്റുപാടുകൾ മിക്കവാറും അനുയോജ്യമായിത്തീർന്നു. സംഘട്ടനം ഉണ്ടായതു വ്യാഴത്തിന്റെ ഇരുണ്ട വശത്തായിരുന്നതിനാൽ പ്രഭാപൂർണമായ ഒളിമിന്നലുകളെയും പുകച്ചുരുളുകളെയും വളരെ എളുപ്പം കണ്ടെത്തി. ചില കേസുകളിൽ പുകച്ചുരുളുകളുടെ മേൽഭാഗം വ്യാഴത്തിന്റെ ചക്രവാളത്തിനു മീതെ ഉയരുന്നതു കണ്ടു. സംഘട്ടനം തുടങ്ങി പത്തു മിനിറ്റിനുള്ളിൽതന്നെ, വ്യാഴത്തിന്റെ ഭ്രമണം സംഘട്ടന സ്ഥലങ്ങളെ ഭൂമിയിൽനിന്നു നേരിട്ടു കാണാവുന്ന നിലയിലാക്കി. അടുത്ത പത്തു മിനിറ്റിനുള്ളിൽ സംഘട്ടന സ്ഥലങ്ങൾ സൂര്യപ്രകാശത്തിലായി. അപ്പോഴേക്കും, പുകച്ചുരുൾ മാഞ്ഞുപോയിട്ട് തൽസ്ഥാനത്തു വലിയ ഇരുണ്ട പാടുകൾ ദൃശ്യമായി. ഈ പാടുകൾ—ഏറ്റവും വലുതിനു ഭൂമിയുടെ രണ്ട് ഇരട്ടി വലുപ്പമുണ്ടായിരുന്നു—ജ്യോതിശ്ശാസ്ത്രജ്ഞൻമാർ പ്രവചിച്ചതായിരുന്നില്ല. എന്നാൽ അവ, ദൃഷ്ടിഗോചരമായ ഏറ്റവും വ്യതിരിക്ത സവിശേഷതകളായിത്തീർന്നു.
ഗലീലിയോ ബഹിരാകാശ പേടകം സംഘട്ടനങ്ങളുടെ നേരിട്ടുള്ള ദൃശ്യങ്ങൾ നൽകി. ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ഹബിൾ ബഹിരാകാശ ദൂരദർശിനി ആ സംഘട്ടനങ്ങളെ ദൃശ്യപ്രകാശത്തിന്റെയും അൾട്രാവയലറ്റ് പ്രകാശത്തിന്റെയും തരംഗദൈർഘ്യങ്ങളിൽ വീക്ഷിച്ചു. മൂല്യവത്തായ വിവരങ്ങൾ ലഭിക്കാനായി പ്രത്യേകം തിരഞ്ഞെടുത്ത വ്യത്യസ്ത തരംഗദൈർഘ്യങ്ങളിൽ മറ്റു നിരീക്ഷണകേന്ദ്രങ്ങൾ ധൂമകേതു സ്ഫോടനങ്ങളുടെ പ്രതികരണം അളന്നു. ദക്ഷിണ ധ്രുവത്തിൽ സൂര്യൻ ഉദിച്ചില്ല. അത് ദക്ഷിണ ധ്രുവ ഇൻഫ്രാറെഡ് എക്സ്പ്ളോറെർ ദൂരദർശിനിയിലൂടെ മുഴുസമയ വീക്ഷണം അനുഭവവേദ്യമാക്കി.
വാനനിരീക്ഷകർ ഒരു അപൂർവ ദൃശ്യം ആസ്വദിച്ചു. അടുത്ത ധൂമകേതു കൗതുകദൃശ്യം എപ്പോൾ അരങ്ങേറും? നഗ്നനേത്രങ്ങൾക്ക് ഇപ്പോൾത്തന്നെ ദൃശ്യമായ ഹാൽ-ബോപ്പ് ധൂമകേതുവായിരിക്കാം ഈ നൂറ്റാണ്ടിൽ നാം കാണുന്ന ഏറ്റവും പ്രഭാപൂരിതമായ ധൂമകേതു. നമ്മുടെ ഗ്രഹത്തിൽനിന്ന് 19.8 കോടി കിലോമീറ്ററിനുള്ളിലൂടെ അത് ചരിക്കും. 1997 ഏപ്രിൽ മാസത്തിൽ ഹാൽ-ബോപ്പിനെ വീക്ഷിക്കാൻ ഉത്തര ധ്രുവത്തിലെ ധൂമകേതു നിരീക്ഷകർ ആഗ്രഹിക്കും. “സ്വർഗീയ വെളിച്ചങ്ങളുടെ പിതാവായ” യഹോവ സൃഷ്ടിച്ച ചലനോജ്ജ്വലമായ, പരിവർത്തനാത്മകമായ പ്രപഞ്ചത്തിലാണു നാം ജീവിക്കുന്നതെന്ന് ഇതെല്ലാം നമ്മെ അനുസ്മരിപ്പിക്കുന്നു.—യാക്കോബ് 1:17, NW; സങ്കീർത്തനം 115:16.
[21-ാം പേജിലെ ചിത്രം]
ധൂമകേതു കഷണങ്ങൾ വ്യാഴത്തിൽ ഏൽപ്പിച്ച പരിക്കുകളുടെ ഇരുണ്ട പാടുള്ള ഭാഗങ്ങൾ
[കടപ്പാട്]
Hubble Space Telescope Comet Team and NASA