മക്കൾ കൈവിട്ടു പോകുന്നതിന്റെ വേദന
“ആദ്യത്തെ കുഞ്ഞുണ്ടായ ദിവസം ഭർത്താവ് എനിക്കു മുന്നറിയിപ്പു നൽകി—‘കുട്ടികൾ വളരുന്നതനുസരിച്ച് നമുക്ക് അവരുടെ മേലുള്ള പിടി നഷ്ടമാകും പ്രിയേ.”—നാമും നമ്മുടെ കുട്ടികളും—മാതാപിതാക്കൾക്കുവേണ്ടി മാതാപിതാക്കളെഴുതിയ ഒരു പുസ്തകം (ഇംഗ്ലീഷ്).
ആദ്യത്തെ കൺമണിയുടെ ആഗമനം മിക്ക മാതാപിതാക്കളെയും സന്തോഷിപ്പിക്കുന്നു, ആനന്ദത്താൽ അവർ മതിമറന്നേക്കാം. കുട്ടികളെ വളർത്തുന്നത് അസൗകര്യങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും നൊമ്പരങ്ങൾക്കും നിരാശകൾക്കും ഉത്കണ്ഠകൾക്കും ഒക്കെ ഇടയാക്കുന്നുവെങ്കിലും കുട്ടികൾ വലിയ ആഹ്ലാദത്തിന്റെ ഒരു ഉറവായിരിക്കാൻ കഴിയും. ഏതാണ്ട് മൂവായിരം വർഷം മുമ്പ് ബൈബിൾ ഇങ്ങനെ പ്രസ്താവിച്ചു: “മക്കൾ കർത്താവിൽനിന്നുള്ള ഒരു ദാനമാണ്; അവർ ഒരു യഥാർഥ അനുഗ്രഹമാണ്.”—സങ്കീർത്തനം 127:3, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
എന്നാൽ, അതോടൊപ്പം ബൈബിൾ യാഥാർഥ്യബോധത്തോടുകൂടിയ ഈ മുന്നറിയിപ്പു നൽകുന്നു: ‘പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിയും.’ (ഉല്പത്തി 2:24) സാധാരണഗതിയിൽ, വിവിധ കാരണങ്ങളാൽ മുതിർന്ന കുട്ടികൾക്കു വീട്ടിൽനിന്നു പോകേണ്ടിവരുന്നു—ചിലപ്പോൾ വിദ്യാഭ്യാസത്തിനോ തൊഴിലിനോ വേണ്ടിയായിരിക്കും, അല്ലെങ്കിൽ ക്രിസ്തീയ ശുശ്രൂഷ വ്യാപിപ്പിക്കുന്നതിനായിരിക്കും, അതുമല്ലെങ്കിൽ വിവാഹം കഴിക്കുന്നതുകൊണ്ടായിരിക്കും. എന്നാൽ ചില മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഈ യാഥാർഥ്യം വളരെ വേദനാജനകമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മക്കളുടെ സ്വാഭാവിക ശ്രമങ്ങൾ കാണുമ്പോൾ, തങ്ങൾ “അവഹേളിക്കപ്പെടുകയാണെന്നോ അവഗണിക്കപ്പെടുകയാണെന്നോ തോന്നാനോ ദേഷ്യമോ ലജ്ജയോ ഭയമോ തോന്നാനോ” അവർ സ്വയം അനുവദിക്കുന്നു എന്ന് ഒരു എഴുത്തുകാരി അഭിപ്രായപ്പെട്ടു. ഇത് പലപ്പോഴും അന്തമില്ലാത്ത കുടുംബ കലഹത്തിലേക്കും പിരിമുറുക്കത്തിലേക്കും നയിക്കുന്നു. കുട്ടികൾ വേർപിരിഞ്ഞുപോകുന്ന ദിവസത്തെ നേരിടാൻ ആഗ്രഹിക്കാത്ത ചില മാതാപിതാക്കൾ അവരെ പ്രായപൂർത്തിയിലെത്തി ജീവിക്കുന്നതിന് സജ്ജരാക്കുന്നില്ല. അത്തരം അവഗണനയുടെ ഫലം ഭയാനകമായിരുന്നേക്കാം: വീട്ടുകാര്യങ്ങൾ നോക്കിനടത്താനോ കുടുംബത്തിനു വേണ്ടി കരുതാനോ ഉദ്യോഗം വഹിക്കാനോപോലും കഴിവില്ലാത്ത വ്യക്തികളായിത്തീരും അവർ.
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ വിരഹവേദന പ്രത്യേകിച്ചും തീവ്രമായിരുന്നേക്കാം. കാരൻ എന്നു പേരുള്ള ഏകാകിനിയായ ഒരു മാതാവ് പറയുന്നു: “ഞാനും എന്റെ മോളും ഉറ്റ ചങ്ങാതിമാരാണ്; ഞങ്ങൾ ഒരു യഥാർഥ സൗഹൃദബന്ധം വളർത്തിയെടുത്തു. ഞാൻ എവിടെ പോയാലും അവളെയും കൊണ്ടുപോകുമായിരുന്നു.” മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ മാതാവിന് അല്ലെങ്കിൽ പിതാവിന് സാധാരണഗതിയിൽ കുട്ടിയുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കും, തിരിച്ച് കുട്ടിക്കും അങ്ങനെതന്നെയായിരിക്കും. അപ്പോൾ, ആ അടുപ്പം നഷ്ടമാകുന്നുവെന്ന ചിന്തപോലും അവരെ തളർത്തിയേക്കാവുന്നത് എന്തുകൊണ്ടെന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ.
എന്നാൽ, ഒരു ആരോഗ്യാവഹമായ കുടുംബത്തിന്റെ സവിശേഷതകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം മാതാപിതാക്കളെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “കുടുംബജീവിതം എന്നാൽ ഇതാണ്: നിസ്സഹായനായ ഒരു ശിശുവിനെ സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള ഒരു മുതിർന്നയാളായി വളർത്തിക്കൊണ്ടുവരൽ.” എന്നിട്ടത് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകാൻ മാതാപിതാക്കൾ പരാജയപ്പെടുന്നതു മൂലമാണ് കുടുംബങ്ങളിൽ പല പ്രശ്നങ്ങളും തലപൊക്കുന്നത്.”
നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾ ഒരു മാതാവോ പിതാവോ ആണോ? ആണെങ്കിൽ നിങ്ങളുടെ കുട്ടികളെ പിരിയേണ്ടിവരുന്ന ദിവസത്തിനായി നിങ്ങൾ തയ്യാറെടുത്തിട്ടുണ്ടോ? നിങ്ങളുടെ കുട്ടികളെ സംബന്ധിച്ചെന്ത്? സ്വന്തം കാലിൽ നിൽക്കാൻ നിങ്ങൾ അവരെ സജ്ജരാക്കുന്നുണ്ടോ?