സസ്യവർഗങ്ങൾ അപ്രത്യക്ഷമാകുന്നു—എന്തുകൊണ്ട്?
ചൈനയിൽ, 1949-ൽ ഏകദേശം 10,000 ഇനങ്ങളിൽപ്പെട്ട ഗോതമ്പ് കൃഷിചെയ്യുകയുണ്ടായി. എന്നാൽ 1970-കളായപ്പോഴേക്കും അവയിൽ 1,000 ഇനം മാത്രമേ ഉപയോഗത്തിലുണ്ടായിരുന്നുള്ളൂ. റിപ്പോർട്ടനുസരിച്ച്, ഐക്യനാടുകളിൽ 1804-നും 1904-നും മധ്യേ കൃഷിചെയ്ത 7,098 ഇനം ആപ്പിളുകളിൽ ഏകദേശം 86 ശതമാനവും ഇല്ലാതായിരിക്കുന്നു. കൂടാതെ, റിപ്പോർട്ട് ഓൺ ദ സ്റ്റേറ്റ് ഓഫ് ദ വേൾഡ്സ് പ്ലാൻറ് ജെനറ്റിക് റിസോഴ്സസ് ഫോർ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ പറയുന്നതനുസരിച്ച്, “മുട്ടക്കൂസിന്റെ 95 ശതമാനവും ചോളത്തിന്റെ 91 ശതമാനവും പയറിന്റെ 94 ശതമാനവും തക്കാളിയുടെ 81 ശതമാനവും ഇനങ്ങൾ മേലാൽ സ്ഥിതിചെയ്യുന്നില്ല.” ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽനിന്നു സമാനമായ സ്ഥിതിവിവരക്കണക്കുകൾ റിപ്പോർട്ടുചെയ്യപ്പെടുന്നു. എന്നാൽ പെട്ടെന്നുള്ള ഈ കുറവിന് കാരണമെന്താണ്? ആധുനികകാലത്തെ വാണിജ്യപരമായ കൃഷിയുടെ വ്യാപനവും തത്ഫലമായി കുടുംബ കൃഷിയിടങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവുമാണ് മുഖ്യ കാരണമെന്നു ചിലർ പറയുന്നു. ഇത്, പരമ്പരാഗതമായി കൃഷിചെയ്യുന്ന വൈവിധ്യമാർന്ന വിളകളുടെ നാശത്തിൽ കലാശിച്ചിരിക്കുന്നു.
സസ്യവർഗങ്ങൾ ഇല്ലാതാകുന്നതുമൂലം വിളകൾ കൂടുതൽ എളുപ്പത്തിൽ നശിച്ചേക്കാം. ഉദാഹരണത്തിന്, 1845-49 വർഷങ്ങളിൽ അയർലൻഡിലുണ്ടായ കടുത്ത ഉരുളക്കിഴങ്ങ് ക്ഷാമത്തെക്കുറിച്ചു പരിചിന്തിക്കുക. ഒരു സസ്യരോഗത്താൽ ഉരുളക്കിഴങ്ങ് വിളയുടെ അധികപങ്കും നശിച്ചപ്പോൾ ഏതാണ്ട് 7,50,000 ആളുകൾ പട്ടിണിനിമിത്തം മരണമടഞ്ഞു. ഈ ദുരന്തത്തിനുള്ള ജീവശാസ്ത്രപരമായ കാരണമോ? “ജനിതക സമാനത,” ഐക്യരാഷ്ട്രങ്ങളുടെ ഒരു റിപ്പോർട്ടു പറയുന്നു.
സസ്യജനിതക വിഭവങ്ങൾ ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി 1970-കളിലും 1980-കളിലുമായി ലോകത്ത് ആകമാനം 1,000-ത്തിലധികം ജീൻബാങ്കുകൾ തുറന്നു. എന്നാൽ ആ ജീൻബാങ്കുകളിലധികവും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. ചിലതാകട്ടെ ഇതിനോടകംതന്നെ പൂട്ടിപ്പോയിരിക്കുന്നു. റിപ്പോർട്ടനുസരിച്ച്, ഇപ്പോൾ ഏകദേശം 30 രാജ്യങ്ങൾക്കു മാത്രമേ സസ്യവിത്തുകൾ കേടുകൂടാതെ ദീർഘകാലത്തേക്കു സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളുള്ളൂ.
ക്രിസ്തുവിന്റെ രാജ്യഭരണത്തിൽ, യഹോവയാം ദൈവം “സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞു കൊണ്ടും ഉള്ള വിരുന്നു തന്നേ,” എന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 25:6) “സകലജഡത്തിന്നും ആഹാരം കൊടുക്കുന്ന”വനും ജനിതക വൈവിധ്യത്തിന്റെ രൂപകൽപ്പിതാവുമായ യഹോവയാം ദൈവം ഭക്ഷണത്തിനുവേണ്ടിയുള്ള മനുഷ്യന്റെ സകല ആവശ്യങ്ങളും തൃപ്തിപ്പെടുത്തുമെന്നതിൽ നമുക്ക് എത്ര കൃതജ്ഞതയുള്ളവരായിരിക്കാം!—സങ്കീർത്തനം 136:25; ഉല്പത്തി 1:29.