ഞങ്ങളുടെ വായനക്കാരിൽനിന്ന്
അന്തരീക്ഷസ്ഥിതിക്കു നാം മാറ്റം വരുത്തുകയാണോ? എനിക്കു 17 വയസ്സുണ്ട്, ഡിപ്ലോമ പരീക്ഷയ്ക്കു തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ഭൂമിശാസ്ത്രത്തിനും പരീക്ഷയുള്ളതിനാൽ “അന്തരീക്ഷസ്ഥിതിക്കു നാം മാറ്റം വരുത്തുകയാണോ?” (1998 മേയ് 22) എന്ന ലേഖനപരമ്പര പരീക്ഷയ്ക്കു തയ്യാറാകുന്നതിൽ ഒരു വലിയ സഹായമായിരുന്നു. പരീക്ഷയ്ക്കു ശേഷം സഹപാഠികൾ, എവിടെ നിന്നാണ് അന്തരീക്ഷസ്ഥിതി സംബന്ധിച്ച് എനിക്ക് ഇത്രയേറെ വിവരങ്ങൾ ലഭിച്ചത് എന്നു ചോദിച്ചു. അവരിൽ പകുതിയോളം പേർ എന്നോട് ആ മാസികയുടെ കോപ്പികളും ആവശ്യപ്പെട്ടു.
എ. ജി., സ്വിറ്റ്സർലൻഡ്
ഉണരുക!യുടെ ആ ലക്കത്തിൽ വന്ന ഹരിതഗൃഹ പ്രഭാവത്തെ കുറിച്ചുള്ള വിശകലനം എന്നെ അത്ഭുതപരതന്ത്രനാക്കി. കടുത്ത പരിസ്ഥിതിവാദിയായ ഞാൻ ഒരു ക്രിസ്ത്യാനിയാണ്. യഹോവയുടെ സാക്ഷികളെ സാധാരണമായി മാധ്യമങ്ങൾ വിമർശിക്കാറാണു പതിവ്. പക്ഷേ നിങ്ങളുടെ മാസികയുടെ ഉള്ളടക്കം തീർച്ചയായും പരിചിന്തനം അർഹിക്കുന്നു. പരിസ്ഥിതിബോധവും മത വിശ്വാസവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഒടുവിലിതാ ദൈവത്തിന്റെ സൃഷ്ടിയിൽ താത്പര്യവും മതബോധവും ഉള്ള ആളുകൾ!
എം. സി., ഫ്രാൻസ്
എനിക്കു 14 വയസ്സുണ്ട്. പ്രസ്തുത ലേഖനങ്ങൾക്കു നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതുവരെ കാലാവസ്ഥയെക്കുറിച്ച് ഏറെയൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ ആദ്യമായി നമ്മുടെ ഗ്രഹത്തിനു നാം എന്തെല്ലാം ഭവിഷ്യത്തുകൾ വരുത്തിക്കൂട്ടിയേക്കാം എന്ന് ആ ലേഖനങ്ങൾ എന്നെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നു. ഈ ലേഖനങ്ങൾ നിശ്ചയമായും അനേകരെ കുലുക്കി ഉണർത്തേണ്ടതാണ്, കാരണം നമ്മുടെ പരിസ്ഥിതി നശിച്ചു കാണാൻ ആർക്കാണു താത്പര്യം? ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനത്തെ നാം ഒരിക്കലും വലിച്ചെറിയരുത്.
എസ്. ക്യൂ., ജർമനി
മതപരമെന്ന് ആളുകൾ കണക്കാക്കുന്ന ഒരു മാസികയിൽ അന്തരീക്ഷസ്ഥിതിയെ പറ്റി എന്തെങ്കിലും വായിക്കുക എന്നതു തികച്ചും നവോന്മേഷപ്രദം ആയിരുന്നു. ഉണരുക!യ്ക്ക് ആളുകളെ സംബന്ധിച്ച് എത്രമാത്രം കരുതലുണ്ടെന്നാണ് അതു കാണിച്ചത്—മതപരമായി മാത്രമല്ല ആരോഗ്യപരമായും. നാം അന്തരീക്ഷസ്ഥിതിയെ അത്ര പ്രധാനമായി കാണുന്നില്ലെങ്കിലും തീർച്ചയായും അതു നമ്മുടെ ജീവിതത്തെ വളരെയേറെ ബാധിക്കുന്നു.
എം. എഫ്. എം., ജർമനി
കൈനഖ പരിചരണം 52 വർഷമായി എനിക്കു കൈനഖം കടിക്കുന്ന ശീലം ഉണ്ടായിരുന്നു എന്നത്—ഇടയ്ക്കു രണ്ടുതവണ നിർത്തിയിരുന്നു എങ്കിലും— അവിശ്വസനീയമാണ്. എന്നാൽ, 1998 മേയ് 22 ലക്കം ഉണരുക!യിലെ “കൈനഖങ്ങൾ—നിങ്ങൾ അവയെ പരിചരിക്കുന്നുണ്ടോ?” എന്ന ലേഖനം വായിച്ചതോടെ ഞാൻ അതു നിർത്തി. എന്തുകൊണ്ട്? കാരണം യഹോവയാം ദൈവമാണ് അതിന്റെ രൂപസംവിധായകൻ, മറ്റെന്തിന്റെയും കാര്യത്തിൽ എന്നപോലെ അവയെയും നന്നായി പരിചരിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ സ്നേഹമസൃണമായ ഓർമിപ്പിക്കലുകൾക്കു നന്ദി.
ഡി. എച്ച്., ഇംഗ്ലണ്ട്
വീട്ടിലെയും പറമ്പിലെയും കാര്യങ്ങൾ നോക്കി നടത്തുകയും വികലാംഗയായ എന്റെ ഭർതൃമാതാവിനെ ശുശ്രൂഷിക്കുകയുമൊക്കെ ചെയ്യേണ്ടതുള്ളതിനാൽ, കൈകളുടെ പരിപാലനത്തിൽ ശ്രദ്ധിക്കാൻ എനിക്കു വേണ്ടത്ര സമയം കിട്ടാറില്ല എന്നതാണു സത്യം. കുറച്ചു നാളായി എന്റെ കൈനഖങ്ങൾ എന്നെ അലട്ടി തുടങ്ങിയിട്ട്. അവ ഒടിഞ്ഞതും പൊട്ടലുള്ളതും ആണ്. കൃത്യ സമയത്തുതന്നെയാണ് ലേഖനം എത്തിയത്.
ഡബ്ലിയു. ബി., ജർമനി
ചെറുപ്പം മുതലേ എനിക്കു നഖം കടിക്കുന്ന ശീലം ഉണ്ടായിരുന്നു. അവയുടെ വൃത്തിയില്ലാത്ത ആകൃതി നിമിത്തം എനിക്കു നാണക്കേടും തോന്നിയിരുന്നു. ലേഖനം വായിക്കവേ, നഖങ്ങൾ നമ്മുടെ ശരീരത്തിലെ അത്ഭുതകരമായ ഒരു ഭാഗമാണെന്ന വസ്തുതയോടുള്ള എന്റെ വിലമതിപ്പു വർധിച്ചു. എന്റെ ദുശ്ശീലം നിർത്തുന്നതിന് ഒരു ശ്രമം ചെയ്യാൻ അത് എന്നെ പ്രേരിപ്പിച്ചു.
കെ. വൈ., ജപ്പാൻ
മാതൃകാപാത്രം 1998 മേയ് 22 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ആരായിരിക്കണം എന്റെ മാതൃകാപാത്രം?” എന്ന ലേഖനം വായിച്ചു. അതെന്നെ, ഇത്തരം ലേഖനങ്ങൾ എന്റെ ജീവിതത്തിൽ ഉളവാക്കിയ സദ്ഫലങ്ങളെ കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചു. എന്റെ കുടുംബം ശിഥിലമായ ശേഷം, എനിക്കു സ്വാഭാവികമായും സമപ്രായക്കാരായ സുഹൃത്തുക്കളോടു കൂട്ടുകൂടാനായിരുന്നു ചായ്വ്. എന്നാൽ അപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും ഗുണകരമായ സ്വാധീനം ഉണ്ടായിരുന്നവരെ കുറിച്ച്—പ്രായമേറിയ ക്രിസ്തീയ സഹോദരിമാരെ കുറിച്ച്—ഞാൻ ചിന്തിച്ചു. പൗലൊസും തിമൊഥെയൊസും തമ്മിലും രൂത്തും നവോമിയും തമ്മിലും ഉണ്ടായിരുന്ന തരത്തിലുള്ള ബന്ധങ്ങൾക്കു വേണ്ടിയാണ് ഞാൻ ഇപ്പോൾ അന്വേഷിക്കുന്നത്. എന്റെ ഏറ്റവും വലിയ കൂട്ടുകാരി ഏകദേശം 50 വയസ്സുള്ള ഒരു സഹോദരിയാണ്. അവർ എന്നെ സന്തോഷം, സ്നേഹം, അനുകമ്പ, ദയ, ഔദാര്യം എന്നിവയെ കുറിച്ചു പഠിപ്പിച്ചു. ഞങ്ങൾ എല്ലായ്പോഴും ഒരുമിച്ചാണ്—താമസം ഒരേ മുറിയിൽ, ഇപ്പോൾ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടുന്നതും ഒരുമിച്ച്. നിങ്ങളുടെ നല്ല മാർഗദർശനത്തിനും ബുദ്ധ്യുപദേശത്തിനും നന്ദി.
സി. എഫ്., ഐക്യനാടുകൾ