ചികിത്സാരംഗത്തെ മുന്നണിപ്രവർത്തകർ
ഊപേയ എന്ന കൊച്ചു പട്ടണത്തിൽ താമസിക്കുന്ന 61 വയസ്സുള്ള ഷോസേ എന്ന ബെൽജിയംകാരനോട് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വരുമെന്നു ഡോക്ടർ പറഞ്ഞു. “ഞാൻ ഞെട്ടിത്തരിച്ചുപോയി,” അദ്ദേഹം പറയുന്നു. നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ച് ആർക്കും ചിന്തിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. 1970-കളിൽ പോലും അത്തരം ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരുടെ അതിജീവന നിരക്ക് ഏതാണ്ട് 30 ശതമാനമായിരുന്നു. എന്നാൽ ഇന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സർവസാധാരണം ആയിത്തീർന്നിരിക്കുന്നു, വിജയനിരക്കും വളരെ വർധിച്ചിരിക്കുന്നു.
എന്നിരുന്നാലും വലിയ ഒരു പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയോടനുബന്ധിച്ചു മിക്കപ്പോഴും അമിതമായ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് സാധാരണഗതിയിൽ ഡോക്ടർമാർ രക്തപ്പകർച്ച നടത്താറുണ്ട്. എന്നാൽ തന്റെ മതപരമായ ബോധ്യങ്ങൾ നിമിത്തം രക്തം സ്വീകരിക്കാൻ ഷോസേ വിസമ്മതിച്ചു. അതേസമയം അദ്ദേഹത്തിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഒഴിവാക്കാനും ആകുമായിരുന്നില്ല. രക്തപ്പകർച്ച കൂടാതെ അത്തരമൊരു ശസ്ത്രക്രിയ നടത്തുക സാധ്യമാണോ? സാധ്യമല്ലെന്നു ചിലർ കരുതിയേക്കാം. എന്നാൽ രക്തം കൂടാതെതന്നെ ആ ശസ്ത്രക്രിയ വിജയകരമായി നടത്താൻ തനിക്കും സഹപ്രവർത്തകർക്കും സാധിക്കുമെന്ന് പ്രധാന ശസ്ത്രക്രിയാവിദഗ്ധനു തോന്നി. അതേ, അവർക്ക് അതു സാധിച്ചു! ശസ്ത്രക്രിയയ്ക്കു വിധേയനായി വെറും 25 ദിവസത്തിനു ശേഷം ഷോസേ വീട്ടിൽ, ഭാര്യയുടെയും മകളുടെയും അടുക്കൽ തിരിച്ചെത്തി.a
“ചികിത്സാരംഗത്തെ അതികായന്മാർ” എന്ന് ടൈം മാസിക വിശേഷിപ്പിക്കുന്നവരുടെ നൈപുണ്യത്തിന്റെ ഫലമായി രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും ഇപ്പോൾ മുമ്പെന്നത്തെക്കാളും സാധാരണം ആയിത്തീർന്നിരിക്കുന്നു. എന്നാൽ അത്തരം ശസ്ത്രക്രിയകളോടുള്ള ആഭിമുഖ്യം ഇത്രത്തോളം വർധിച്ചിരിക്കുന്നതിന്റെ കാരണം എന്താണ്? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി നമുക്ക് രക്തപ്പകർച്ചയുടെ വിവാദങ്ങൾ നിറഞ്ഞ ചരിത്രം ഒന്നു പരിശോധിക്കാം.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം, അവയവം മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരാകണമോ വേണ്ടയോ എന്നുള്ളത് ഓരോ വ്യക്തിയും സ്വന്തം മനസ്സാക്ഷിക്ക് അനുസൃതമായി തീരുമാനിക്കേണ്ടതാണ്.
[3-ാം പേജിലെ ചിത്രം]
രക്തപ്പകർച്ച കൂടാതെതന്നെ യഹോവയുടെ സാക്ഷികളെ ചികിത്സിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് ലോകമെമ്പാടുമുള്ള 90,000-ത്തിലേറെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്