‘നന്ദിയുള്ളവർ ആയിരിപ്പിൻ’
◼ നന്ദിയുള്ളവരായിരിക്കാൻ ബൈബിൾ ദൈവാരാധകരെ കൂടെക്കൂടെ പ്രോത്സാഹിപ്പിക്കുന്നു. “യഹോവയ്ക്കു കൃതജ്ഞതയർപ്പിക്കുന്നത് നല്ലത്” എന്നു സങ്കീർത്തനം 92:1, (NW) പറയുന്നു. സമാനമായി, അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നന്ദിയുള്ളവരായും ഇരിപ്പിൻ.”—കൊലൊസ്സ്യർ 3:15.
നന്ദിയുള്ളവരായിരിക്കാൻ നമുക്കു തക്കതായ കാരണമുണ്ട്. ഡേവിസ് നഗരത്തിലുള്ള കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ റോബർട്ട് എമെൻസ് പറയുന്നത് ഇങ്ങനെയാണ്: “കൃതജ്ഞതയെക്കുറിച്ചുള്ള ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്, കൃതജ്ഞതാനിർഭരമായ ഒരു മനോഭാവമുണ്ടായിരിക്കുന്നത് വിശേഷിച്ചും സമ്മർദംപോലുള്ള അനുദിന ജീവിതപ്രശ്നങ്ങളെ തരണംചെയ്യാനും ആത്മാഭിമാനം നേടിയെടുക്കാനും ആളുകളെ ഏറെ സഹായിക്കുന്നു എന്നാണ്.”
മറ്റുചില പ്രയോജനങ്ങളെക്കുറിച്ച് ടൈം മാസിക പറയുന്നതു ശ്രദ്ധിക്കുക: “കൃതജ്ഞതാപൂർണരായ ആളുകൾ . . . ഊർജസ്വലതയും ശുഭാപ്തിവിശ്വാസവും കൂടുതലുള്ള പ്രകൃതക്കാരാണ്. അവർക്കു സമ്മർദവും വിഷാദരോഗം കൂടെക്കൂടെ ഉണ്ടാകാനുള്ള സാധ്യതയും താരതമ്യേന കുറവാണ്.”
പക്ഷേ സങ്കടകരമെന്നു പറയട്ടെ, “അന്ത്യകാലത്ത്” അനേകരും “സ്വസ്നേഹികളും” “നന്ദികെട്ടവരും” ആയിരിക്കും എന്നു ബൈബിൾ മുൻകൂട്ടി പറയുകയുണ്ടായി. (2 തിമൊഥെയൊസ് 3:1-5) ഇത്തരം മനോഭാവങ്ങൾക്കു വശംവദരാകാതിരിക്കാൻ സത്യക്രിസ്ത്യാനികൾക്ക് എന്തു ചെയ്യാനാകും? ഒരു ബൈബിളെഴുത്തുകാരൻ പറയുന്നത് ഇങ്ങനെയാണ്: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” (യെശയ്യാവു 48:17) ദൈവിക നിയമങ്ങൾ അനുസരിക്കുകവഴി സ്വാർഥ ലക്ഷ്യങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുന്നവർ അനുഭവിക്കുന്ന പല യാതനകളും നമുക്ക് ഒഴിവാക്കാനാകുന്നു. കൂടാതെ, യഹോവ നമ്മുടെ ശ്രമങ്ങൾ കാണുന്നുവെന്നും അതിനനുസരിച്ച് അവൻ നമ്മെ അനുഗ്രഹിക്കുമെന്നുമുള്ള ഉറപ്പും നമുക്കുണ്ട്. (എബ്രായർ 6:10) ഇത്തരം പ്രയോജനങ്ങൾ “യഹോവയ്ക്കു നന്ദികരേറ്റാൻ” നമ്മെ പ്രചോദിപ്പിക്കുന്നു.—സങ്കീർത്തനം 107:8, NW.