ബൈബിൾ സത്യം അവരെ സ്വതന്ത്രരാക്കി!
“നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന് യേശുക്രിസ്തു ഒരിക്കൽ ശ്രോതാക്കളോടു പറഞ്ഞു. (യോഹന്നാൻ 8:32) ഗൂഢവിദ്യയുടെയും മന്ത്രവാദത്തിന്റെയുമൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന, ഭോഷ്കും വഞ്ചനയും ആയുധമാക്കിയ ഭൂതാത്മാക്കളിൽനിന്നുള്ള സ്വാതന്ത്ര്യം അതിൽ ഉൾപ്പെടുന്നു.—യോഹന്നാൻ 8:44.
ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന ഓരോ അനുഭവവും, ആത്മീയ അന്ധകാരത്തിൽനിന്നും ഭൂതസ്വാധീനത്തിൽനിന്നും ആളുകളെ മോചിപ്പിക്കാൻ ബൈബിളിനു കഴിയും എന്നതിന്റെ ശക്തമായ തെളിവുകളാണ്. വാസ്തവത്തിൽ, ദൈവത്തിന്റെ വചനമായ ബൈബിളിനുമാത്രമേ അതിനു കഴിയൂ. അതുകൊണ്ട്, ബൈബിൾ വ്യക്തിപരമായി പരിശോധിച്ചുനോക്കുക. തീർച്ചയായും നിങ്ങൾക്ക് നിരാശപ്പെടേണ്ടിവരില്ല! (g11-E 02)
[16-ാം പേജിലെ ചതുരം/ചിത്രം]
രംഗങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നു
● ബ്രസീലിലുള്ള ഒരു ക്ഷേത്രത്തിൽ പുരോഹിതയായിരുന്നു സൂസന്ന. തന്റെ അതീന്ദ്രിയ കഴിവ് മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടി ഉപയോഗിക്കാൻ അവർ ആഗ്രഹിച്ചു. “മരിച്ചുപോയ അമ്മയുമായി സംസാരിക്കുന്ന” പതിവും അവർക്ക് ഉണ്ടായിരുന്നു. പക്ഷേ കുറെ കഴിഞ്ഞപ്പോൾ, ആത്മഹത്യ ചെയ്ത് തന്റെ ലോകത്തിലേക്കു വരാൻ “അമ്മ” അവരെ നിർബന്ധിക്കാൻ തുടങ്ങി. ഇത് സൂസന്നയെ ഭയപ്പെടുത്തി. ദുസ്സ്വപ്നങ്ങൾ അവരുടെ ഉറക്കം കെടുത്തി. അങ്ങനെയിരിക്കുമ്പോഴാണ് സൂസന്നയും ഭർത്താവും യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങിയത്. ‘പിശാചിനോട് എതിർത്തുനിൽക്കാൻ’ നന്നേ പണിപ്പെടേണ്ടിവന്നെങ്കിലും ഒടുവിൽ അവർ വിജയിച്ചു; പിശാച് അവരെ ‘വിട്ട് ഓടിപ്പോയി.’ (യാക്കോബ് 4:7) ഇപ്പോൾ മനസ്സമാധാനത്തോടെ ജീവിക്കാൻ സൂസന്നയ്ക്കും ഭർത്താവിനും കഴിയുന്നുണ്ട്. സൂസന്ന പഴയതുപോലെ ദുസ്സ്വപ്നങ്ങൾ കാണാറില്ല. “യഹോവയോട് നന്ദിപറയാൻ കാരണങ്ങൾ ഒരുപാടുണ്ട്. എങ്കിലും ആത്മീയ അന്ധകാരത്തിൽനിന്ന് രക്ഷിച്ചതിന് ഞാൻ വിശേഷാൽ യഹോവയോടു നന്ദി പറയുന്നു.” സൂസന്നയുടെ വാക്കുകൾ.
[16-ാം പേജിലെ ചതുരം/ചിത്രം]
● പശ്ചിമാഫ്രിക്കയിൽ താമസിക്കുന്ന തിമൊത്തി മൂകനും ബധിരനുമാണ്.a തന്റെ വൈകല്യത്തിനു പരിഹാരം കാണാൻ അദ്ദേഹം ഡോക്ടർമാരുടെ സഹായം തേടി. അവർ കൈയൊഴിഞ്ഞപ്പോൾ രോഗശാന്തിക്കാരെ സമീപിച്ചു. പക്ഷേ അതുകൊണ്ടും ഫലമുണ്ടായില്ല. “അവിടെ കണ്ട ചതിവും വഞ്ചനയും എന്നെ നിരാശനാക്കി.” അദ്ദേഹം എഴുതി. തിമൊത്തി യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. സകല രോഗങ്ങളും വൈകല്യങ്ങളും ദൈവം ഉടനെ നീക്കം ചെയ്യുമെന്ന കാര്യം അവർ ബൈബിളിൽനിന്ന് അദ്ദേഹത്തിനു കാണിച്ചുകൊടുത്തു. “ദൈവത്തിന്റെ പുതിയ ലോകത്തിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ്! ‘അന്നു ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയില്ല. . . . ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും’ എന്ന ബൈബിളിന്റെ വാഗ്ദാനം നിവൃത്തിയേറുന്ന കാലത്തിനായി!” (യെശയ്യാവു 35:1-6) ഇപ്പോൾ അദ്ദേഹം ഒരു ഡിവിഡി പ്ലേയർ ഉപയോഗിച്ച്, ബധിരരായവരെ ബൈബിൾ സത്യങ്ങൾ അറിയിക്കുന്നു; അങ്ങനെ യഥാർഥ സ്വാതന്ത്ര്യം കണ്ടെത്താൻ അവരെയും സഹായിക്കുന്നു.
[അടിക്കുറിപ്പ്]
a * ചില പേരുകൾ മാറ്റിയിട്ടുണ്ട്.
[17-ാം പേജിലെ ചതുരം/ചിത്രം]
● എസ്തോണിയക്കാരിയായ എവ്ലീൻ ഗൂഢവിദ്യയിൽ ഉൾപ്പെട്ടിരുന്നു. യേശുവിനെപ്പോലെ രോഗികളെ സുഖപ്പെടുത്താൻ അവരും ആഗ്രഹിച്ചു, വിശേഷിച്ചും തന്റെ രോഗിണിയായ അമ്മയെ. ഗുരുതരമായ രോഗങ്ങൾ കണ്ടുപിടിച്ച് ഭേദമാക്കാൻ അവർ ‘പെൻഡുലങ്ങൾ’ ഉപയോഗിച്ചിരുന്നു. അങ്ങനെയിരിക്കെ അവർ ബൈബിൾ പഠിക്കാൻ തുടങ്ങി. “ഇത്രയും കാലം ഞാൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.” എവ്ലീൻ പറയുന്നു. “ഭൂതവിദ്യയോടു ബന്ധപ്പെട്ട പുസ്തകങ്ങളും പെൻഡുലങ്ങളുമെല്ലാം ഞാൻ കത്തിച്ചുകളഞ്ഞു.” തന്നെ സ്വതന്ത്രയാക്കിയ ആ ബൈബിൾ സത്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുകയാണ് അവർ ഇന്ന്.
[17-ാം പേജിലെ ചതുരം/ചിത്രം]
● പാപ്പുവ ന്യൂ ഗിനിയിലെ ഒരു ദ്വീപിലാണ് മേരി വളർന്നുവന്നത്. മരിച്ചവരെ അവിടത്തുകാർക്ക് വലിയ ഭയമാണ്. ഗ്രാമത്തിലുള്ള ആരെങ്കിലും മരിച്ചാൽ, മേരി വീട്ടിൽ മറ്റാരുടെയെങ്കിലും കട്ടിലിനടിയിലാണ് ഉറങ്ങിയിരുന്നത്. ഒറ്റയ്ക്കു കിടന്നാൽ പ്രേതാത്മാവ് ഉപദ്രവിക്കുമെന്ന പേടിയായിരുന്നു അവൾക്ക്. ബൈബിൾ പഠിച്ചപ്പോഴാണ് മരിച്ചവർ ശവക്കുഴിയിൽ ഉറങ്ങുകയാണെന്നും പറുദീസാഭൂമിയിലേക്ക് ഉയിർത്തെഴുന്നേൽക്കുന്നതുവരെ അവർ അവിടെത്തന്നെ ആയിരിക്കുമെന്നും മേരിക്ക് മനസ്സിലായത്. (ലൂക്കോസ് 23:43; യോഹന്നാൻ 11:11-14) ഇപ്പോൾ മേരിക്ക് മരിച്ചവരെ ഒട്ടും ഭയമില്ല!
[17-ാം പേജിലെ ചതുരം/ചിത്രം]
● ഐക്യനാടുകളിലെ ഒരു ക്രിസ്തീയ കുടുംബത്തിലാണ് അലിസ്യ വളർന്നത്. പക്ഷേ, ഭൂതവിദ്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കാനും സിനിമകൾ കാണാനും അവൾക്കു വലിയ ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെ താൻ ബൈബിളിൽനിന്നു മനസ്സിലാക്കിയിരുന്ന കാര്യങ്ങളെക്കുറിച്ച് അവൾ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. താൻ ‘ഒരേസമയം യഹോവയുടെ മേശയിലും ഭൂതങ്ങളുടെ മേശയിലും’ പങ്കുപറ്റാൻ ശ്രമിക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു. തെറ്റുമനസ്സിലാക്കി അവൾ അതു തിരുത്തി. ഇപ്പോൾ അവൾക്ക് ദൈവമുമ്പാകെ ഒരു ശുദ്ധമനസ്സാക്ഷിയുണ്ട്.—1 കൊരിന്ത്യർ 10:21.