4 ആരോഗ്യശീലങ്ങൾ പിൻപറ്റുക
“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 22:3) ആരോഗ്യം പരിരക്ഷിക്കാൻ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ പല ദുരിതങ്ങളും ഒഴിവാക്കാൻ കഴിയും. ഒപ്പം പണവും സമയവും ലാഭിക്കാം.
വ്യക്തിശുചിത്വം പാലിക്കുക. “രോഗസംക്രമണം തടയാനും സ്വന്തം ആരോഗ്യം പരിരക്ഷിക്കാനും ചെയ്യേണ്ട ഏറ്റവും പ്രധാന സംഗതിയാണ് കൈ കഴുകുക എന്നുള്ളത്.” യു.എസ്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ റിപ്പോർട്ടു ചെയ്യുന്നു. 80 ശതമാനം അണുബാധയ്ക്കും കാരണം കൈകളുടെ വൃത്തിയില്ലായ്മയാണ്. അതുകൊണ്ട് ദിവസം പലപ്രാവശ്യം കൈ കഴുകുക. വിശേഷിച്ചും ഭക്ഷണം തയ്യാറാക്കുകയോ കഴിക്കുകയോ ചെയ്യുന്നതിനു മുമ്പും മുറിവുകളിൽ സ്പർശിക്കുകയോ മുറിവുകൾ ഡ്രസ്സ് ചെയ്യുകയോ ചെയ്യുന്നതിനുമുമ്പും കൈകൾ കഴുകിയിരിക്കണം. അതുപോലെ, മൃഗങ്ങളെ തൊടുകയോ ടോയ്ലറ്റ് ഉപയോഗിക്കുകയോ കുഞ്ഞിന്റെ ഡയപ്പർ മാറ്റുകയോ ചെയ്തതിനുശേഷവും കൈ കഴുകാൻ മറക്കരുത്.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതാണ് ഹാൻഡ്-സാനിറ്റൈസർ ഉപയോഗിക്കുന്നതിനെക്കാൾ ഫലപ്രദം. കൈ കഴുകാൻ കുട്ടികളെ പരിശീലിപ്പിക്കുക; വായിൽ കൈയിടുന്നതും കണ്ണിൽ സ്പർശിക്കുന്നതുംപോലുള്ള ദുശ്ശീലങ്ങൾ ഒഴിവാക്കാൻ അവരെ പഠിപ്പിക്കുക. അങ്ങനെയാകുമ്പോൾ കുട്ടികൾ ആരോഗ്യമുള്ളവരായി വളരും. ദിവസവും കുളിക്കുന്നതും വസ്ത്രങ്ങളും കിടക്കവിരികളും മറ്റും വൃത്തിയായി സൂക്ഷിക്കുന്നതും ആരോഗ്യപരിരക്ഷയ്ക്ക് അനിവാര്യമാണ്.
സാംക്രമിക രോഗങ്ങൾ പിടിപെടാതെ നോക്കുക. ജലദോഷമോ പനിയോ ഉള്ളവരുമായി അടുത്ത സമ്പർക്കം പുലർത്തരുത്. ഉമിനീരിലൂടെയും മൂക്കിലെ ശ്ലേഷ്മത്തിലൂടെയും രോഗം പകരുമെന്നതിനാൽ രോഗി ഉപയോഗിക്കുന്ന പ്ലേറ്റും സ്പൂണും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി/എയ്ഡ്സ് എന്നിവ പ്രധാനമായും ലൈംഗികബന്ധത്തിലൂടെയും കുത്തിവെപ്പിലൂടെയും രക്തപ്പകർച്ചയിലൂടെയുമാണ് പകരുന്നത്. ചില സാംക്രമിക രോഗങ്ങൾക്കെതിരെ വാക്സിനുകളുണ്ടെങ്കിലും രോഗിയുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുണ്ടെങ്കിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതാണു ബുദ്ധി. കൊതുകുകളിൽനിന്നും രോഗകാരികളായ മറ്റു ഷഡ്പദങ്ങളിൽനിന്നും സംരക്ഷണം നേടുന്നതും പ്രധാനമാണ്. കുട്ടികളെ കൊതുകുവലയ്ക്കുള്ളിൽത്തന്നെ ഉറക്കാൻ ശ്രദ്ധിക്കുക. കൊതുകു നിവാരണ ഉപാധികളും ഉപയോഗിക്കാവുന്നതാണ്.a
വീട് വൃത്തിയായി സൂക്ഷിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്; കാരണം ഇങ്ങനെയുള്ള സ്ഥലങ്ങൾ കൊതുകിന്റെ ഈറ്റില്ലമാണ്. ചപ്പുചവറുകളും മാലിന്യങ്ങളും ഭക്ഷണപദാർഥങ്ങളും, ഈച്ചകളെയും പ്രാണികളെയും ആകർഷിക്കും. ഈ രോഗാണുവാഹികളെ അകറ്റിനിറുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. വെളിമ്പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താതെ കക്കൂസുകൾതന്നെ ഉപയോഗിക്കുക. കുഴിക്കക്കൂസുകളാണെങ്കിൽ ഈച്ചകളെ അകറ്റാൻ അവ മൂടിയിടുക. നേത്രരോഗങ്ങളും മറ്റു രോഗങ്ങളും പരത്തുന്നത് പ്രധാനമായും ഈച്ചകളാണ്.
അപകടങ്ങൾ പറ്റാതെ നോക്കുക. ജോലി ചെയ്യുമ്പോഴും വാഹനങ്ങൾ ഓടിക്കുമ്പോഴും സുരക്ഷാനിയമങ്ങൾ അനുസരിക്കണം. വാഹനം നല്ല കണ്ടീഷനിലാണെന്ന് ഉറപ്പാക്കുക. സുരക്ഷയ്ക്കായുള്ള സേഫ്റ്റി ഗ്ലാസ്സുകൾ, ഹെൽമെറ്റ്, പാദരക്ഷകൾ, സീറ്റ് ബെൽറ്റ് തുടങ്ങിയവ ഒഴിവാക്കരുത്. കൂടുതൽ സമയം വെയിലത്ത് ചെലവഴിക്കുന്നത് കാൻസറിനെ ക്ഷണിച്ചുവരുത്തിയേക്കാം. തൊലി ചുക്കിച്ചുളിയാനും അതു കാരണമാകും. പുകവലിശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക, ഇന്നുതന്നെ! അതുവഴി ഹൃദയാഘാതം, ശ്വാസകോശ അർബുദം, പക്ഷാഘാതം എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാം.b (g11-E 03)
a 2003 ജൂലൈ 8 ലക്കം ഉണരുക!-യിലെ “പ്രാണികളും രോഗങ്ങളും” എന്ന ലേഖന പരമ്പര കാണുക.