മടിക്കാതെ വേണ്ടതു ചെയ്യുക!
നേരത്തേ പരാമർശിച്ച റാമിന് മറ്റു പലരെയുംപോലെതന്നെ ആഹാരശീലങ്ങളും ജീവിതചര്യയും ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. “ഉണരുക!-യിൽ പ്രസിദ്ധീകരിച്ചുവന്ന, ‘പോഷകഗുണമുള്ള ആഹാരം നിങ്ങളുടെ എത്തുപാടിൽ’ (2002 ജൂൺ 8) എന്ന ലേഖനം ആഹാരശീലങ്ങൾക്കു ശ്രദ്ധകൊടുക്കേണ്ടതിന്റെ പ്രാധാന്യം എനിക്കു മനസ്സിലാക്കിത്തന്നു.” അദ്ദേഹം പറയുന്നു.
റാം തുടരുന്നു: “ലേഖനത്തിൽനിന്നു മനസ്സിലാക്കിയ വിവരങ്ങൾ പ്രാവർത്തികമാക്കാൻ ഞാനും കുടുംബവും ശ്രമിച്ചു. കുറച്ചുനാളുകൾകൊണ്ടുതന്നെ ഞങ്ങളുടെ പ്രതിരോധശേഷി വർധിച്ചു. പോഷകമൂല്യമുള്ള ആഹാരം കഴിക്കാൻ മുമ്പൊന്നും ഞങ്ങൾ അത്ര ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് ജലദോഷം പിടിപെടുമായിരുന്നു. ഇപ്പോൾ പക്ഷേ വല്ലപ്പോഴും ഒരു ജലദോഷം വന്നാലായി. ശുദ്ധമായ കുടിവെള്ളം കുറഞ്ഞ ചെലവിൽ, എളുപ്പത്തിൽ ശേഖരിക്കേണ്ടത് എങ്ങനെയെന്നും ഞങ്ങൾ പഠിച്ചു. ‘ആറു വഴികൾ—ആരോഗ്യ സംരക്ഷണത്തിന്’ എന്ന, ഉണരുക!-യിലെ ലേഖനമാണ് ഞങ്ങളെ അതിനു സഹായിച്ചത്.—2003 ഒക്ടോബർ 8.
“2003 ഡിസംബർ 8 ലക്കം ഉണരുക!-യിലെ ‘സോപ്പ്—“സ്വയമായി ഒരു വാക്സിനേഷൻ!”’ എന്ന ലേഖനവും ഞങ്ങളുടെ കുടുംബത്തെ സഹായിച്ചു. വായിച്ച ഉടനെ അതിലെ നിർദേശങ്ങൾ ഞങ്ങൾ പ്രാവർത്തികമാക്കി. ഇപ്പോൾ ഞങ്ങൾക്ക് മുമ്പത്തെപ്പോലെ കൂടെക്കൂടെ നേത്രരോഗങ്ങൾ വരാറില്ല.
“ഞങ്ങളുടെ പരിസരത്ത് ഈച്ചയും കൊതുകും ധാരാളമുണ്ട്. ആളുകൾ അതൊന്നും ഗൗനിക്കാറില്ല. പക്ഷേ, ബൈബിൾ—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രഭാവംa എന്ന വീഡിയോ കണ്ടശേഷം ഈ പ്രശ്നം സംബന്ധിച്ച് മുൻകരുതൽ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കി. ഇതും ഞങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തി.
ശ്രമം ഉപേക്ഷിക്കരുത്! അൽപ്പാൽപ്പമായി ശ്രമിച്ചുതുടങ്ങാം. കൈവരിക്കാനാവാത്ത ലക്ഷ്യങ്ങൾ വെക്കുകയുമരുത്. അങ്ങനെയാകുമ്പോൾ ഏതു പൊരുത്തപ്പെടുത്തൽ വരുത്താനും നിങ്ങൾക്കു സാധിക്കും. ഉദാഹരണത്തിന്, പോഷകമൂല്യം കുറഞ്ഞ ആഹാരപദാർഥങ്ങൾ ഒറ്റയടിക്ക് ഉപേക്ഷിക്കാതെ, കഴിക്കുന്ന അളവ് കുറച്ചുകൊണ്ടുവരുക. അൽപ്പംകൂടെ നേരത്തേ ഉറങ്ങാൻ പോകുക. വ്യായാമത്തിനായി കുറച്ചുനേരംകൂടെ നീക്കിവെക്കുക. ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാൾ നല്ലതല്ലേ എന്തെങ്കിലുമൊക്കെ ചെയ്യുന്നത്? പുതിയൊരു ശീലം പഠിച്ചെടുത്ത് ജീവിതചര്യയുടെ ഭാഗമാക്കാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും. ചെയ്യുന്ന ശ്രമങ്ങൾക്ക് പെട്ടെന്നു ഫലം കിട്ടിയില്ലെന്നു കരുതി നിരാശപ്പെടേണ്ട. ശ്രമം തുടരുന്നപക്ഷം ആരോഗ്യം മെച്ചപ്പെട്ടുവരുന്നത് നിങ്ങൾ കാണും.
ഒരു കാര്യം മനസ്സിൽപ്പിടിക്കുക: ഈ ലോകത്ത് പൂർണമായ ആരോഗ്യം ഉണ്ടായിരിക്കുക സാധ്യമല്ല. രോഗം വരുന്നത് അവശ്യം നമ്മുടെ അശ്രദ്ധകൊണ്ട് ആയിരിക്കണമെന്നില്ല. നമുക്ക് കൈമാറിക്കിട്ടിയ അപൂർണതയാണ് മിക്കപ്പോഴും അതിനു കാരണം. അതുകൊണ്ട് അസുഖങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ അമിതമായി ഉത്കണ്ഠപ്പെടരുത്. “ഉത്കണ്ഠപ്പെടുന്നതിനാൽ ആയുസ്സിനോട് ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?” എന്ന് യേശു ചോദിക്കുകയുണ്ടായി. (ലൂക്കോസ് 12:25) എന്നിരുന്നാലും ആയുസ്സിനും ആരോഗ്യത്തിനും ഹാനികരമായ ശീലങ്ങൾ ഒഴിവാക്കുകതന്നെവേണം. അപ്പോൾ ദൈവത്തിന്റെ പുതിയ ലോകം ആഗതമാകുന്നതുവരെ ആരോഗ്യപ്രശ്നങ്ങൾ ഒരുപരിധിവരെ ഒഴിവാക്കി മുന്നോട്ടു പോകാൻ നമുക്കാകും. ദൈവത്തിന്റെ ആ പുതിയ ലോകത്തിൽ, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല!”—യെശയ്യാവു 33:24. (g11-E 03)
a യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയത്.