ആരോഗ്യമുള്ള ഹൃദയത്തിന്!
“ശാന്തഹൃദയം ശരീരത്തിനു ജീവൻ നല്കുന്നു.”—സദൃശവാക്യങ്ങൾ 14:30, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
“സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു.”—സദൃശവാക്യങ്ങൾ 17:22.
● ലളിതവും അതേസമയം അർഥസമ്പുഷ്ടവുമായ ഈ മൊഴികൾ ഇസ്രായേൽ രാജാവായിരുന്ന ശലോമോന്റേതാണ്.a മൂവായിരത്തോളം വർഷംമുമ്പ് അദ്ദേഹം പ്രസ്താവിച്ച ആ വാക്കുകളിൽ സത്യമുണ്ടോ? ആധുനിക വൈദ്യശാസ്ത്രം അതിനോട് യോജിക്കുന്നുണ്ടോ?
ശാന്തശീലരെയും മുൻകോപികളെയും താരതമ്യം ചെയ്തുകൊണ്ട് ജേർണൽ ഓഫ് ദി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ഇപ്രകാരം പറയുകയുണ്ടായി: “സിഎച്ച്ഡി-ക്ക് (കൊറോണറി ഹാർട്ട് ഡിസീസ്) കോപശീലവും ശത്രുതാമനോഭാവവും ആയി ബന്ധമുണ്ട് എന്നതിന് പല തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.” ജേർണൽ തുടരുന്നു: “സിഎച്ച്ഡി തടയാനും ചികിത്സിച്ചുഭേദമാക്കാനും വൈദ്യചികിത്സയും മരുന്നുകളും മാത്രം പോരാ. . . . കോപശീലവും ശത്രുതാമനോഭാവവും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലുള്ള മനശ്ശാസ്ത്രപരമായ ഒരു സമീപനംകൂടെ ആവശ്യമാണ്.” ചുരുക്കത്തിൽ, ബൈബിൾ പറയുന്നതുപോലെ ശാന്തഹൃദയം നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ഇനി, ഹൃദയം സന്തോഷമുള്ളതായിരിക്കുന്നതും സമാനമായ പ്രയോജനങ്ങൾ കൈവരുത്തും. ആരോഗ്യരംഗത്തെ പ്രവർത്തകനായ സ്കോട്ട്ലൻഡിലുള്ള ഡോ. ഡെറെക് കോക്സ് ഒരു ബിബിസി ന്യൂസ് റിപ്പോർട്ടിൽ ഇപ്രകാരം പ്രസ്താവിച്ചു: “നിങ്ങൾ സന്തുഷ്ടനായ ഒരു വ്യക്തിയാണോ? ആണെങ്കിൽ അസന്തുഷ്ടരായവരെ അപേക്ഷിച്ച് നിങ്ങൾക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണ്.” ഇതേ റിപ്പോർട്ട് തുടർന്ന് ഇങ്ങനെ പറഞ്ഞു: “സന്തോഷം, ഹൃദ്രോഗത്തിനും മസ്തിഷ്കാഘാതത്തിനും ഉള്ള നല്ലൊരു മറുമരുന്നാണ്.”
ബൈബിളിന്റെ രചയിതാക്കളായ മറ്റു വ്യക്തികളുടേതുപോലെതന്നെ ശലോമോന്റെ ജ്ഞാനവും കാലാതീതമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഉത്തരം ലളിതം. “ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും . . . കൊടുത്തു” എന്ന് ബൈബിൾ പറയുന്നു. (1 രാജാക്കന്മാർ 4:29) സകലർക്കും പ്രയോജനം ലഭിക്കത്തക്കവിധം ലളിതമായ ഭാഷയിലാണ് ആ ജ്ഞാനമൊഴികളൊക്കെയും രേഖപ്പെടുത്തിയിരിക്കുന്നത്; പണംമുടക്കില്ലാതെ ആർക്കും ആ ജ്ഞാനം പ്രാപ്യവുമാണ്!
പതിവായി ബൈബിൾ വായിക്കുക എന്നൊരു ലക്ഷ്യം വെക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? ബൈബിൾ ഇപ്രകാരം പറയുന്നു: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.” (സദൃശവാക്യങ്ങൾ 2:10, 11) ദശലക്ഷങ്ങൾ ഈ വാക്കുകളുടെ സത്യത അനുഭവിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളും അത് ആഗ്രഹിക്കുന്നില്ലേ? (g11-E 08)
[അടിക്കുറിപ്പ്]
a “ഹൃദയം” എന്ന പദം ബൈബിളിൽ പൊതുവെ ഉപയോഗിച്ചിരിക്കുന്നത് ആന്തരിക വ്യക്തിയെ മുഴുവനായി—അവന്റെ വികാരങ്ങൾ ഉൾപ്പെടെ—കുറിക്കുന്നതിനാണ്.