പാഠം 9
ഒരു ബാഹ്യരേഖ തയ്യാറാക്കൽ
1-4. ഒരു പ്രസംഗത്തിന്റെ വിഷയവും മുഖ്യ പോയിൻറുകളും എങ്ങനെ നിർണയിക്കാൻ കഴിയും?
1 സുവിശേഷ എഴുത്തുകാരനായ ലൂക്കോസ് തന്റെ സുഹൃത്തായ തെയോഫിലോസിനോടു പറഞ്ഞു: “അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.” (ലൂക്കൊ. 1:4) അതുകൊണ്ട്, അദ്ദേഹം ഗവേഷണംചെയ്തു തന്റെ വിഷയത്തോടു ബന്ധപ്പെട്ട ഒട്ടേറെ വസ്തുതകൾ ശേഖരിച്ച ശേഷം മനസ്സിലാക്കാവുന്ന ഒരു അനുക്രമത്തിൽ അവയെ സംഘടിപ്പിക്കുന്നതിന് ഒരുമ്പെട്ടു. നമ്മുടെ പ്രസംഗങ്ങൾ തയ്യാറാകുന്നതിൽ ഇതേ നടപടി പിന്തുടരുന്നതു നമുക്കു പ്രയോജനകരമാണ്. ഇതിന്റെ അർഥം ഒരു ബാഹ്യരേഖ തയ്യാറാക്കണമെന്നാണ്.
2 മുഖ്യ ആശയങ്ങൾ തിരഞ്ഞെടുക്കൽ. പ്രസംഗം, വിശേഷാൽ ദൈവവചനത്തിന്റെ ഒരു ചർച്ച, മറെറാരാളെ ആശയങ്ങൾ ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിലാകയാൽ നാം ഒരു പ്രസംഗത്തിൽ ധരിപ്പിക്കാൻ ആഗ്രഹിക്കുന്ന ആശയങ്ങൾ ആദ്യം നമ്മുടെ മനസ്സിൽ സുവ്യക്തമായിരിക്കണം. നിങ്ങൾ വിവരങ്ങൾ ശേഖരിച്ച ശേഷം ജോലി പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ സദസ്സു കൃത്യമായി എന്തു മനസ്സിലാക്കിക്കൊണ്ടുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നു നിർണയിക്കുന്നതിനു നിങ്ങൾ പ്രാപ്തനാണ്. ഇത് ഒരു വാചകത്തിലാക്കാൻ ശ്രമിക്കുക. ഇതിൽ നിങ്ങളുടെ പ്രസംഗത്തിന്റെ സാരം അടങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സദസ്സ് ഓർത്തിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന കേന്ദ്ര ആശയം അതിൽ ഉൾക്കൊളളുന്നുവെങ്കിൽ, അതായിരിക്കണം നിങ്ങളുടെ പ്രസംഗത്തിന്റെ വിഷയം. നിങ്ങളുടെ തയ്യാറാകലിന്റെ സമയത്ത് അത് എടുത്തുനോക്കാൻ കഴിയത്തക്കവണ്ണം എഴുതിയിടുന്നതു സഹായകമാണെന്നു നിങ്ങൾ കണ്ടെത്തും.
3 ഇപ്പോൾ നിങ്ങൾ ശേഖരിച്ചിരിക്കുന്ന വിവരങ്ങളിൽനിന്ന് ഈ കേന്ദ്രവിഷയം അവതരിപ്പിക്കുന്നതിന് ആവശ്യമായ മുഖ്യാശയങ്ങൾ തിരഞ്ഞെടുക്കുക. ഇവയായിരിക്കണം പ്രസംഗത്തിന്റെ മുഖ്യ പോയിൻറുകൾ. നിങ്ങൾ നിങ്ങളുടെ വിവരങ്ങൾ കാർഡുകളിൽ ക്രമീകരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അവ നിങ്ങളുടെ മുമ്പിലെ ഒരു മേശയിൽ അനുക്രമമായി വെക്കാവുന്നതാണ്. ഇനി ഈ മുഖ്യ പോയിൻറുകളെ പിന്താങ്ങുന്നതിനാവശ്യമുളള മററ് ആശയങ്ങൾ തിരഞ്ഞെടുക്കുക, ഓരോന്നും അതു പിന്താങ്ങുന്ന മുഖ്യ പോയിൻറിന്റെ പിന്നാലെ അതിന്റെ ഉചിതമായ സ്ഥാനത്തു വെച്ചുകൊണ്ടുതന്നെ. കൂട്ടിച്ചേർത്ത മുഖ്യ പോയിൻറുകളും ഉപ പോയിൻറുകളും തിരഞ്ഞെടുത്തു ബാഹ്യരേഖയിൽ സ്ഥാനത്തു വെക്കുമ്പോൾ അവയിൽ ചിലതു നിങ്ങളുടെ വിഷയത്തിന്റെ വിശദീകരണത്തിനു കാര്യമായി ഗുണംചെയ്യുന്നില്ലെന്നു കണ്ടേക്കാം. വാസ്തവം അങ്ങനെയാണെങ്കിൽ, അവ ഒഴിവാക്കാൻ മടിക്കരുത്. പ്രസംഗത്തിൽ അപ്രധാനമോ അപ്രസക്തമോ ആയ വിവരങ്ങൾ കുത്തിനിറയ്ക്കുന്നതിനെക്കാൾ നല്ലത് ഇതു ചെയ്യുന്നതാണ്. ആശയങ്ങൾ ഏററവും യുക്തിപൂർവമോ പ്രായോഗികമോ ആയ ക്രമത്തിലും അടുക്കിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഇവിടെ നിർദേശിച്ചിരിക്കുന്ന രീതി പിന്തുടരുമ്പോൾ ബാഹ്യരേഖയിൽ ചേർച്ചക്കുറവുകൾ അനായാസം കാണപ്പെടുന്നു, അവ തിരുത്താൻ കഴിയും. അങ്ങനെ ബാഹ്യരേഖയിലെ ഓരോ മുഖ്യ തലക്കെട്ടും അതിനു മുമ്പത്തേതിനെ യുക്തിയുക്തമായി പിന്തുടരുന്നുവെന്നും വിഷയത്തിന്റെ വികസിപ്പിക്കലിനു സംഭാവനചെയ്യുന്നുവെന്നും നിങ്ങൾക്ക് ഉറപ്പുവരുത്താവുന്നതാണ്. ആ മുഖ്യ തലക്കെട്ടുകൾക്കു കീഴിലെ ഓരോ പോയിൻറും ഉചിതമായ പിന്താങ്ങൽ കൊടുക്കുമ്പോൾ പ്രസംഗത്തിന് ആശയങ്ങളുടെ സയുക്തികമായ ഒരു ഒഴുക്കു കാഴ്ചവെക്കുകതന്നെ ചെയ്യും.
4 നിങ്ങൾ ഇപ്പോൾ ക്രമീകരിച്ചുകഴിഞ്ഞ പ്രബോധനത്തിനുളള പോയിൻറുകളായിരിക്കണം നിങ്ങളുടെ പ്രസംഗത്തിന്റെ ഉടൽ. ഇനി നിങ്ങൾക്ക് ഒരു മുഖവുരയും ഒരു ഉപസംഹാരവും ആവശ്യമായിരിക്കും. നിങ്ങളുടെ ചർച്ച എങ്ങനെ തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്നു തീരുമാനിക്കുക, നിങ്ങൾ തയ്യാറാക്കിയിരിക്കുന്ന അവതരണത്തിന്റെ അടിസ്ഥാനത്തിൽ പ്രസംഗത്തിന്റെ ഉദ്ദേശ്യത്തിന് അനുയോജ്യമായി നിങ്ങളുടെ ശ്രോതാക്കളെ പ്രേരിപ്പിക്കുന്ന ഒരു ഉപസംഹാരം തിരഞ്ഞെടുക്കുകയും ചെയ്യുക. ഇപ്പോൾ നിങ്ങൾ ന്യായമായി അന്തിമമായ ഒരു രൂപത്തിൽ ഒരു കടലാസിൽ ഈ വിവരങ്ങൾ എഴുതാൻ സജ്ജനാണ്. ഇതു വിവിധ വിധങ്ങളിൽ ചെയ്യാൻ കഴിയും.
5, 6. ഒരു വിഷയ ബാഹ്യരേഖ എന്നതിനാൽ അർഥമാക്കപ്പെടുന്നതെന്താണ്? വാചക ബാഹ്യരേഖ എന്നതിനാലോ?
5 ബാഹ്യരേഖകളുടെ മാതൃകകൾ. വളരെ സാധാരണമായ രണ്ടു തരം ബാഹ്യരേഖകൾ വിഷയരൂപത്തിലും വാചകരൂപത്തിലുമുളളവയാണ്. രണ്ടിന്റെയും ഒരു കലർപ്പാണു മിക്കപ്പോഴും ഉപയോഗിക്കാറ്. ഒരു വിഷയ ബാഹ്യരേഖ തയ്യാറാക്കുന്നതിന്, പേജിന്റെ മുകളിൽ കേവലം വിഷയം എഴുതുക. പിന്നീടു മുഖ്യ പോയിൻറുകൾ വിഷയത്തിനു കീഴിൽ ചുരുക്കി എഴുതുക, ഓരോ മുഖ്യ പോയിൻറും ഇടത്തെ മാർജിനോടു ചേർന്നു തുടങ്ങണം. ഓരോ മുഖ്യ പോയിൻറിന്റെയും ഉപ പോയിൻറുകൾ ഇട കൊടുത്ത് അതായത്, മാർജിനിൽ നിന്നു വലത്തോട്ട് അല്പം മാററി അവ പിന്താങ്ങുന്ന ആശയത്തിനു കീഴിൽ എഴുതാം. ഈ ഉപ പോയിൻറുകളിൽ ഏതിനെങ്കിലും അവയെ പിന്താങ്ങുന്ന കൂടുതലായ പോയിൻറുകൾ ഉണ്ടെങ്കിൽ അവ കുറേക്കൂടെ ഇട കൊടുത്തു എഴുതാം. ഇപ്പോൾ നിങ്ങളുടെ കടലാസിൽ ഒന്നു കണ്ണോടിക്കുന്നതിനാൽ ഏതു പോയിൻറുകളാണു നിങ്ങളുടെ സദസ്സു ഗ്രഹിക്കണമെന്നു നിങ്ങളാഗ്രഹിക്കുന്ന മുഖ്യ ആശയങ്ങൾ വഹിക്കുന്ന മുന്തിയവ എന്നു നിങ്ങൾക്കു കാണാൻ കഴിയും. ഇത് ഒരു പ്രസംഗം നടത്തുന്നതിനു സഹായകമാണ്, കാരണം നിങ്ങൾക്ക് ഇവയ്ക്കു ദൃഢത കൊടുക്കാൻ കഴിയും, നിങ്ങൾ സംസാരിക്കുമ്പോൾ ഓരോ മുഖ്യ ആശയത്തിനും ദൃഢത ലഭിക്കത്തക്കവണ്ണവും കൂടുതൽ നിലനിൽക്കുന്ന ഒരു ധാരണ ഉളവാക്കത്തക്കവണ്ണവും ഓരോ മുഖ്യ ആശയത്തിലെയും മുഖ്യ വാക്കുകൾ ആവർത്തിച്ചുകൊണ്ടുതന്നെ. ഓരോ മുഖ്യ പോയിൻറും ചർച്ചചെയ്യുമ്പോൾ ഇതു ചെയ്യുക. ഇത്തരം ബാഹ്യരേഖയിലെ ഊന്നൽ ഏതു പോയൻറിന്റെയും ആശയം ചുരുക്കി എഴുതുന്നതിലാണ്.
6 മറേറ സാധാരണരൂപം വാചക ബാഹ്യരേഖയാണ്. ഇത്തരം ബാഹ്യരേഖയിൽ സാധാരണയായി നിങ്ങളുടെ എല്ലാ വ്യത്യസ്ത ആശയങ്ങളും പൂർണവാചകങ്ങളായി പ്രസ്താവിക്കപ്പെടുന്നു, എന്നാൽ ഓരോ വാചകവും പ്രസംഗത്തിനുളള ഒരു ഖണ്ഡികയിലെ മുഖ്യ ആശയമായിരിക്കത്തക്കവണ്ണം സംഗ്രഹിക്കുന്നു. തീർച്ചയായും ഈ വാചകങ്ങളിൽ ചിലത്, പ്രസംഗത്തിലെ മുഖ്യ പോയിൻറുകൾ മുന്തിനിൽക്കത്തക്കവണ്ണം മററുളളവയുടെ കീഴിൽ ഇടകൊടുത്ത് എഴുതാവുന്നതാണ്. പ്രസംഗാവതരണത്തിൽ ചിലപ്പോൾ പ്രസംഗകൻ ഈ വാചകം വായിക്കുകയും വാചികമായി വിപുലീകരിക്കുകയും ചെയ്യുന്നു. രണ്ടുതരം ബാഹ്യരേഖകൾക്കും അവയുടെ പ്രയോജനങ്ങൾ ഉണ്ട്. ആശയങ്ങൾ ഏറെ പൂർണമായി പ്രകാശിപ്പിക്കുന്ന വാചക ബാഹ്യരേഖ, വാരങ്ങൾ മുമ്പുകൂട്ടി തയ്യാറാക്കുന്നതോ പരസ്യപ്രസംഗങ്ങളുടെ കാര്യത്തിലെന്നപോലെ ആവർത്തിച്ച് പല മാസങ്ങൾ ഇടവിട്ടു നിർവഹിക്കപ്പെടുന്നതോ ആയ പ്രസംഗങ്ങൾക്കു സാധാരണയായി കൂടുതൽ മെച്ചമാണ്.
7, 8. പ്രസംഗത്തിന്റെ യഥാർഥ അവതരണത്തിനു നിങ്ങൾ നിങ്ങളുടെ ബാഹ്യരേഖസംബന്ധിച്ച് എന്തു ചെയ്യണം?
7 നിങ്ങളുടെ പ്രാഥമിക ബാഹ്യരേഖക്കു രണ്ടുതരം ബാഹ്യരേഖയും, വാചക ബാഹ്യരേഖയോ വിഷയ ബാഹ്യരേഖയോ, ഉപയോഗിക്കാം. എന്നാൽ അതു നിങ്ങൾ ആഗ്രഹിക്കുന്നത്ര തികവുളളതായിരിക്കാൻ കഴിയും. ഈ വിധത്തിൽ നിങ്ങളുടെ സദസ്സിനു ലഭിക്കണമെന്നു നിങ്ങളാഗ്രഹിക്കുന്ന വിശിഷ്ടതരമായ എല്ലാ പോയിൻറുകളും ഉൾപ്പെടുത്തുന്നതിനു നിങ്ങൾക്കു നിശ്ചയമുണ്ടായിരിക്കും. എന്നിരുന്നാലും, പ്രസംഗാവതരണത്തിന് ഏറെ ഹ്രസ്വമായ ബാഹ്യരേഖയാണു ചിലർക്കു കൂടുതലിഷ്ടം. നിങ്ങൾ അവതരണത്തിനായി പ്രസംഗം തയ്യാറാകുമ്പോൾ നിങ്ങളുടെ മുമ്പാകെ രണ്ടു ബാഹ്യരേഖകളും വെക്കാവുന്നതാണ്. സംഗൃഹീത രൂപത്തിൽ നിങ്ങൾ ഉൾപ്പെടുത്തിയിട്ടുളള പോയിൻറുകൾ, നിങ്ങളുടെ പ്രാഥമിക ബാഹ്യരേഖയിലുളള വിശദമായ പോയിൻറുകളെല്ലാം മനസ്സിലേക്കു വരുത്തുന്നതുവരെ അതുപയോഗിച്ചു പരിശീലിക്കുക. നിങ്ങൾക്ക് ഈ പോയിൻറുകൾ സംഗൃഹീത ബാഹ്യരേഖയിൽനിന്നു മനസ്സിലേക്കു വരുത്താൻ കഴിയുമ്പോൾ പ്രസംഗം നടത്താൻ നിങ്ങൾ തയ്യാറാണ്.
8 ഇവ ചുരുക്കത്തിൽ ഒരു ബാഹ്യരേഖ തയ്യാറാക്കുന്നതിന്റെ വിശേഷാശയങ്ങളാണ്. ഇപ്പോൾ ഒരു പ്രസംഗത്തിന്റെ മൂന്നു മുഖ്യ ഭാഗങ്ങൾ കൂടുതൽ വിശദമായി പരിചിന്തിക്കുന്നതു നമുക്കു പ്രയോജനകരമാണ്.
9-12. (എ) ഒരു പ്രസംഗത്തിന്റെ മുഖവുരയുടെ ഉദ്ദേശ്യമെന്താണ്? (ബി) ഒരുതരം മുഖവുരയുടെ ഒരു ദൃഷ്ടാന്തം നൽകുക.
9 മുഖവുര. ആമുഖപ്രസ്താവനകളുടെ ഉദ്ദേശ്യം നിങ്ങളുടെ ശ്രോതാക്കളുടെ താത്പര്യത്തെ ഉണർത്തുകയെന്നതായിരിക്കണം. ആ പ്രാരംഭവാചകങ്ങൾ നിങ്ങളുടെ വിഷയത്തിലുളള അവരുടെ താത്പര്യത്തെ ഉത്തേജിപ്പിക്കുകയും അത് അവർക്കു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ടെന്നു കാണാൻ സഹായിക്കുകയും വേണം. വിശേഷിച്ച് ആദ്യവാചകം ശ്രദ്ധാപൂർവകമായ ചിന്ത അർഹിക്കുന്നു. ശാഠ്യമോ ശത്രുതയോ പ്രകടമാക്കാതെ അതു ശ്രോതാക്കളുമായുളള പ്രസന്നമധുരമായ ഒരു സമ്പർക്കമായിരിക്കുന്നതു മർമപ്രധാനമാണ്.
10 പലതരം മുഖവുരകളുണ്ട്. ഒരു ദൃഷ്ടാന്തം ഉപയോഗിക്കാവുന്നതാണ്, അല്ലെങ്കിൽ ശ്രോതാക്കൾക്കു പരിചിതമായ ഒരു ഉദ്ധരണിയെ പരാമർശിക്കാവുന്നതാണ്. പരിഹാരം ആവശ്യമുളള ഒരു പ്രശ്നം നിങ്ങൾക്ക് അവതരിപ്പിക്കാം. വിഷയത്തിന്റെ ചരിത്ര പശ്ചാത്തലം അതിൽത്തന്നെ ഒരു മുഖവുരയായിരിക്കാവുന്നതാണ്. ചോദ്യങ്ങളുടെ ഒരു പരമ്പര ചോദിക്കാം. നിങ്ങൾ ഉൾപ്പെടുത്താൻ പോകുന്ന മുഖ്യ പോയിൻറുകൾ പോലും ചുരുക്കമായി നിങ്ങൾക്കു പറയാവുന്നതാണ്.
11 മുഖവുര പ്രസംഗത്തോടു നന്നായി യോജിക്കുന്നതു പ്രധാനമാണ്. അതുകൊണ്ട് ഒരു ശ്രദ്ധേയമായ ദൃഷ്ടാന്തത്തിനു വളരെ ഫലപ്രദമായിരിക്കാൻ കഴിയും, വിശേഷിച്ചു പ്രസംഗകൻ പ്രസംഗത്തിലുടനീളം അതിനെ പരാമർശിക്കുന്നുവെങ്കിൽ. ഇതു പ്രസംഗത്തെ കൂടുതൽ രസാവഹവും മനസ്സിലാക്കാനും ഓർത്തിരിക്കാനും കൂടുതൽ എളുപ്പവുമാക്കിത്തീർക്കുമെന്നുമാത്രമല്ല, ദൃഷ്ടാന്തം നന്നായി തിരഞ്ഞെടുത്തതാണെങ്കിൽ പരസ്പരയോജിപ്പിനു സഹായിക്കുകയും ചെയ്യും.
12 മുഖവുരയുടെ അവതരണത്തിന്, സദസ്സു പ്രകടമാക്കുന്ന താത്പര്യത്തിന്റെ അളവിനോടു വളരെയധികം ബന്ധമുണ്ട്. പ്രസംഗകൻ ദൃഢതയും ആത്മധൈര്യവുമുളള ഒരു സ്വരത്തിൽ തന്റെ പ്രസംഗത്തിലേക്കു കടക്കണം, ആശയപ്രകടനത്തിൽ തടസ്സമോ വൈമുഖ്യമോ പാടില്ല. ഈ കാരണത്താൽ ചില പ്രസംഗകർ നിർവിഘ്നമായ തുടക്കത്തിന് ഉറപ്പുവരുത്താൻ തങ്ങളുടെ പ്രസംഗത്തിന്റെ ആദ്യത്തെ ഒന്നോ രണ്ടോ വാചകങ്ങൾ യഥാർഥത്തിൽ എഴുതിയിടുന്നതു സഹായകമാണെന്നു കണ്ടെത്തുന്നു.
13-16. (എ) ഒരു പ്രസംഗത്തിന്റെ ഉടൽ എങ്ങനെ വികസിപ്പിക്കാമെന്നു വിശദീകരിക്കുക. (ബി) ഒരു പ്രസംഗത്തിന്റെ സമയനിർണയം ഉടലിന്റെ തയ്യാറാക്കലിനെ സ്വാധീനിക്കേണ്ടതെങ്ങനെ?
13 പ്രസംഗത്തിന്റെ ഉടൽ. നിങ്ങളുടെ പ്രസംഗത്തിന്റെ ഉടൽ വികസിപ്പിക്കാൻ കഴിയുന്ന അനേകം വിധങ്ങളുണ്ട്. നിങ്ങൾക്ക് ആദ്യം പ്രാധാന്യം കുറഞ്ഞ പോയിൻറുകൾ അവതരിപ്പിക്കാവുന്നതും അനന്തരം അതിശക്തമായ പോയിൻറുകൾ ഒടുവിൽ പ്രസ്താവിച്ചുകൊണ്ട് ഒരു പാരമ്യത്തിലേക്കു നീങ്ങാവുന്നതുമാണ്. പ്രവൃത്തികൾ 7:2-53-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രസംഗത്തിലെന്നപോലെ, വിവരങ്ങൾ കാലാനുക്രമമായും അവതരിപ്പിക്കാവുന്നതാണ്. ആകമാന വിഷയത്തിന്റെ പ്രധാന വികസിപ്പിക്കൽ രീതികളുടെ അടിസ്ഥാനത്തിൽ ഒരു പ്രസംഗത്തെ പ്രധാന ഭാഗങ്ങളായി തിരിക്കുന്നതും മറെറാരു നല്ല രീതിയാണ്. ദൃഷ്ടാന്തത്തിന്, വിഷയം “മരണത്തിൽനിന്നു വീണ്ടെടുക്കുന്ന മറുവില” എന്നതാണെങ്കിൽ, നിങ്ങൾക്ക് “മരണം എങ്ങനെ ഉളവായി,” “മനുഷ്യവർഗം ഒരു മറുവില ഉളവാക്കാൻ അപ്രാപ്തർ,” “ആർക്കുമാത്രമേ അത് ഉളവാക്കാൻ കഴികയുളളു, എന്തുകൊണ്ട്,” “പ്രദാനംചെയ്ത മറുവിലയുടെ അനുഗ്രഹങ്ങൾ” എന്നിങ്ങനെയുളള മുഖ്യ പോയിൻറുകൾക്കു കീഴിൽ അതു വികസിപ്പിക്കാവുന്നതാണ്.
14 ചിലപ്പോൾ നിങ്ങളുടെ പ്രസംഗം സ്വാഭാവിക വിഭാഗങ്ങളായി വിഭജിക്കാൻ കഴിയുമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം, പൗലോസ് ആദ്യം മുഴു സഭക്കും അനന്തരം ഭാര്യമാർക്കും അടുത്തതായി ഭർത്താക്കൻമാർക്കും പിന്നീടു കുട്ടികൾക്കും നിർദേശങ്ങൾ കൊടുക്കുന്ന സന്ദർഭത്തിലെന്നപോലെ. (എഫെസ്യർ 5-ഉം 6-ഉം അധ്യായങ്ങൾ കാണുക.) അതല്ലെങ്കിൽ നിങ്ങളുടെ വിവരങ്ങൾ കാര്യകാരണപ്രകാരം വികസിപ്പിക്കുന്നതിന് അല്ലെങ്കിൽ ഒരു പ്രശ്നം പറഞ്ഞിട്ടു പരിഹാരം മുന്നോട്ടു വെക്കുന്നതിനു സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ചില സമയങ്ങളിൽ ഈ രീതികളിൽ രണ്ടോ അധികമോ ഫലകരമായി സംയോജിപ്പിക്കാൻ കഴിയും.
15 അവശ്യം കാലഗണന അവതരിപ്പിക്കാതെ സംഭവങ്ങളുടെ നേരിട്ടുളള വിവരണം പ്രസംഗ വികസിപ്പിക്കലിന്റെ വളരെ സാധാരണമായ ഒരു രീതിയാണ്. വർണനാത്മകമായ വിവരങ്ങൾ മിക്കപ്പോഴും ഒരു പ്രസംഗത്തിനു വളരെയധികം മാററു കൂട്ടുന്നു. ഇനി മററു പ്രസംഗങ്ങൾക്ക് ഇന്നത്തെ ഏതെങ്കിലും സജീവപ്രശ്നം സംബന്ധിച്ചുളള അനുകൂലവും പ്രതികൂലവുമായ വാദത്തിന്റെ അടിസ്ഥാനത്തിൽ രസകരമായി ബാഹ്യരേഖ ഉണ്ടാക്കാവുന്നതാണ്.
16 സമയ ഘടകത്തെ പരിഗണിച്ച്, നിങ്ങളുടെ ബാഹ്യരേഖയിൽ വളരെയധികം വിവരങ്ങൾ തിക്കിക്കൊളളിക്കരുത്. നല്ല വിവരത്തിന് അതിന്റെ വികസിപ്പിക്കലിന് അപര്യാപ്തമായ സമയമാണ് അനുവദിക്കുന്നതെങ്കിൽ മൂല്യം നഷ്ടപ്പെടുന്നു. കൂടാതെ, ഒരു വ്യക്തി ഒരു വിഷയംസംബന്ധിച്ചു തനിക്കറിയാവുന്നതെല്ലാം ഒരു സന്ദർഭത്തിൽ പറയേണ്ടതില്ല. ഒരുപക്ഷേ അതേ വിഷയത്തിന്റെ മററു വീക്ഷണകോണങ്ങൾ മറെറാരു സമയത്തു വികസിപ്പിക്കാവുന്നതാണ്. നിങ്ങളുടെ പ്രസംഗത്തിലെ ഒരോ മുഖ്യ പോയിൻറിനും ഉചിതമായ സമയത്തിന്റെ അളവ് അനുവദിക്കുകയും പിന്നീട് ആ സമയത്തിനു യോജിക്കുന്ന വിവരങ്ങളുടെ അളവു പ്രായോഗികമായി ക്രമീകരിക്കുകയും ചെയ്യുക. വിവരങ്ങളുടെ അളവല്ല ഗുണമാണു ഗണ്യമായിട്ടുളളത്.
17-20. ഉപസംഹാരങ്ങൾ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്, അവ എങ്ങനെ വികസിപ്പിക്കാം?
17 ഉപസംഹാരം. ഏതു പ്രസംഗത്തിന്റെയും അവസാനഭാഗം തയ്യാറാകലിന്റെ രൂപത്തിൽ ഗണ്യമായ ശ്രദ്ധ അർഹിക്കുന്നു. പ്രസംഗത്തിന്റെ ഉടലിലെ വാദത്തിന്റെ സകല പോയിൻറുകളും ഒരുമിച്ചുകൂട്ടുകയും, കേൾവിക്കാർക്കു ബോധ്യംവരുത്തുകയും അങ്ങനെയുളള ബോധ്യത്തിനു ചേർച്ചയായി പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ അവയെ ഏകത്ര കേന്ദ്രീകരിക്കുകയും ചെയ്യുക. അതേ സമയം അതു ഹ്രസ്വവും വളരെയധികം കുറിക്കുകൊളളുന്നതുമായിരിക്കണം.
18 നിങ്ങൾ വികസിപ്പിച്ചിരിക്കുന്ന വിഷയത്തിനനുസരണമായി നിങ്ങൾക്കു തിരഞ്ഞെടുക്കാവുന്ന പല രൂപങ്ങളുണ്ട്. നിങ്ങൾക്ക് ഒരു പ്രസംഗത്തിന്റെ മുഖ്യ പോയിൻറുകൾ ഒരു യുക്തിപൂർവകമായ അനുക്രമത്തിൽ സംഗ്രഹിക്കാവുന്നതാണ്, തുടർന്നുവരേണ്ട ഉപസംഹാരത്തിലേക്കു വ്യക്തമായി നയിച്ചുകൊണ്ടുതന്നെ. അല്ലെങ്കിൽ കേൾവിക്കാരനു വിവരങ്ങൾ എങ്ങനെ ബാധകമാകുന്നുവെന്നും അവതരിപ്പിക്കപ്പെട്ട വിവരങ്ങളുടെ ഫലമായി അയാൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നും കാണിച്ചുകൊടുത്തുകൊണ്ടു നിങ്ങൾക്കു പ്രയുക്തതയുടെ ഒരു ഉപസംഹാരം ഉപയോഗിക്കാവുന്നതാണ്. ചില പ്രസംഗങ്ങൾക്ക്, വിശേഷിച്ചു വീടുതോറുമുളള ശുശ്രൂഷയിൽ ചെയ്യുന്ന സുവിശേഷപ്രസംഗങ്ങൾക്ക്, പ്രേരണാത്മകമായ ഒരു ഉപസംഹാരം ഉണ്ടായിരിക്കുന്നത് ഏററവും നല്ലതാണ്. ദൃഷ്ടാന്തത്തിന്, അതിനു സാഹിത്യം സ്വീകരിക്കുന്നതിനോ ഭവനത്തിൽ ഒരു ബൈബിളധ്യയനത്തിനുളള ക്രമീകരണങ്ങൾക്കു സമ്മതിക്കുന്നതിനോ വീട്ടുകാരനെ പ്രോത്സാഹിപ്പിക്കാൻ കഴിയും.
19 ഉപസംഹാരം ഒരു പാരമ്യവും ആയിരിക്കാവുന്നതാണ്, കേൾവിക്കാരന്റെ മനസ്സിൽ പതിയേണ്ട മുഖ്യ പോയിൻറിൽ എത്തുന്നതുതന്നെ. പ്രസംഗം ഫലകരമായി ഉപസംഹരിക്കേണ്ടതിന് ഉപസംഹാരത്തെ മുഖവുരയിൽ പറഞ്ഞ എന്തിനോടെങ്കിലും ബന്ധിപ്പിക്കുന്നതും ഉചിതമാണ്. പ്രാരംഭത്തിലെ ഏതെങ്കിലും ദൃഷ്ടാന്തത്തെയോ ഉദ്ധരണിയെയോ ഒരുവനു വീണ്ടും പരാമർശിക്കാവുന്നതാണ്. ഏതെങ്കിലും തീരുമാനത്തിലെത്തേണ്ടതിന്റെയും അതനുസരിക്കേണ്ടതിന്റെയും അടിയന്തിരത മിക്കപ്പോഴും ഉപസംഹാരത്തിൽ വിശേഷവൽക്കരിക്കപ്പെടുന്നു. ഒരു മുഖ്യ ദൃഷ്ടാന്തമാണു തന്റെ മരണത്തിനു അല്പംമുമ്പു തന്റെ വിടവാങ്ങൽ പ്രസംഗം അവസാനിപ്പിച്ചുകൊണ്ടു യോശുവ പറഞ്ഞ വാക്കുകൾ.—യോശു. 24:14, 15.
20 അപ്പോൾ നല്ല ബാഹ്യരേഖയുളള ഒരു പ്രസംഗം ശ്രദ്ധ ഉണർത്തുന്ന ഒരു മുഖവുര പ്രദാനംചെയ്യേണ്ടതാണെന്നു കാണാൻ കഴിയും. അതിൽ വിഷയത്തെ പിന്താങ്ങുന്ന, ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത മുഖ്യ പോയിൻറുകളുടെ സയുക്തികമായ വികസിപ്പിക്കൽ ഉൾപ്പെടണം. നൽകപ്പെട്ട തിരുവെഴുത്തു ബുദ്ധ്യുപദേശത്തിനു ചേർച്ചയായി പ്രവർത്തിക്കാൻ ശ്രോതാക്കളെ പ്രേരിപ്പിക്കുന്ന ഒരു ഉപസംഹാരം അതിന് ഉണ്ടായിരിക്കണം. ബാഹ്യരേഖ തയ്യാറാക്കുമ്പോൾ ഈ ഘടകങ്ങൾക്കുവേണ്ടിയെല്ലാം തയ്യാറാകേണ്ടതാണ്. നിങ്ങളുടെ പ്രസംഗത്തിന്റെ വിദഗ്ധ ബാഹ്യരേഖാനിർമാണത്തിനു നിങ്ങൾക്കുവേണ്ടി സമയം ലാഭിക്കാൻ കഴിയും. അതു അർഥവത്തും കേൾക്കുന്നവരുടെ മനസ്സുകളിൽ വിലപ്പെട്ട ഉദ്ബോധനം നിലനിൽക്കുംവിധം പതിപ്പിക്കുന്നതുമായ ഒരു പ്രസംഗത്തിനു സംഭാവന ചെയ്യുന്നു.