പാഠം 16
പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണം
1, 2. നമ്മുടെ സംഭാഷണത്തിന്റെ സ്വഭാവം എന്തായിരിക്കണം?
1 നമ്മുടെ അനുദിനസംഭാഷണത്തിൽ ദൈവത്തിനു ബഹുമാനം കൈവരുത്താനുളള അവസരം നമുക്കു ലഭിക്കുന്നുണ്ട്. “ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു, നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു,” ബൈബിൾസങ്കീർത്തനക്കാരൻ എഴുതി. ദൈവത്തിന്റെ സകല ആരാധകർക്കും ഉണ്ടായിരിക്കേണ്ട സ്തുത്യർഹമായ ഒരു മനോഭാവമല്ലേ അത്? അത് ഒരുവന്റെ അധരങ്ങൾ യഹോവയുടെ ഇഷ്ടാനുസരണം ഉപയോഗിക്കാനുളള തീരുമാനത്തെ സൂചിപ്പിക്കുന്നു.—സങ്കീ. 44:8.
2 അങ്ങനെയുളള തീരുമാനം മർമപ്രധാനമാണ്, കാരണം അവകാശപ്പെടുത്തിയ അപൂർണത നിമിത്തം മററുളളവരെ പരിപുഷ്ടിപ്പെടുത്തുന്നതല്ല, ഇടിച്ചുതാഴ്ത്തിയേക്കാവുന്നതു പറയാനുളള ഒരു പ്രവണത ഉണ്ടായിരിക്കാം. (യാക്കോ. 3:8-12) അതുകൊണ്ട്, “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്ക്” സംസാരിക്കാനുളള തിരുവെഴുത്തുപ്രോത്സാഹനം നാം എന്നും ഓർത്തിരിക്കുന്നത് എത്ര നല്ലതാണ്.—എഫെ. 4:29.
3, 4. സംഭാഷണത്തിൽ സംസാരത്തിനുപുറമേ എന്ത് ഉൾപ്പെട്ടിരിക്കുന്നു, നമുക്ക് അത് എവിടെ ശീലിക്കാൻ കഴിയും?
3 തീർച്ചയായും, സംഭാഷണത്തിൽ ശ്രദ്ധിക്കലും ഉൾപ്പെടുന്നുവെന്ന് ഓർക്കേണ്ടതാണ്, എന്തെന്നാൽ സംഭാഷണം ആശയങ്ങളുടെ ഒരു പരസ്പരകൈമാററമാണ്. പരിപുഷ്ടിപ്പെടുത്തുന്ന കാര്യങ്ങൾ സംസാരിക്കുക, എന്നാൽ ആശയപ്രകടനം നടത്തുന്നതിനു മററുളളവർക്കും അവസരം കൊടുക്കുക. ഉചിതമായ ചോദ്യങ്ങൾ ചോദിക്കുന്നതിനുളള പ്രാപ്തി നട്ടുവളർത്തുക, ആരോടു സംസാരിക്കുന്നുവോ അയാളുടെ ആശയങ്ങൾ പറയിച്ചുകൊണ്ടുതന്നെ. അനന്തരം അയാൾ സംസാരിക്കുന്ന സമയം നിങ്ങൾ അടുത്തതായി പറയാൻപോകുന്നത് ആസൂത്രണം ചെയ്യാൻ ഉപയോഗിക്കുന്നതിനുപകരം അയാൾക്കു പറയാനുളളതിൽ യഥാർഥ താത്പര്യം പ്രകടമാക്കുക. മററുളളവരുടെ ആശയങ്ങളിൽ നിങ്ങൾ അത്തരം താത്പര്യം പ്രകടമാക്കുന്നത് അവരെ പരിപുഷ്ടിപ്പെടുത്തും.
4 പരിപുഷ്ടിപ്പെടുത്തുന്ന സംസാരത്തിന് അനേകം അവസരങ്ങളുണ്ട്. ദൃഷ്ടാന്തത്തിന്, നിങ്ങൾ കുടുംബത്തോടൊത്തു ഭവനത്തിലായിരിക്കുമ്പോൾ; കൂട്ടുജോലിക്കാരോടോ സഹപാഠികളോടോ കൂടെയായിരിക്കുമ്പോൾ; സഹവിശ്വാസികളോടു സഹവസിക്കുമ്പോൾ. ശുശ്രൂഷാസ്കൂളിലെ നമ്മുടെ പ്രസംഗങ്ങളിലനേകവും സംഭാഷണകല വളർത്തിയെടുക്കുന്നതിനുളള അവസരങ്ങൾ നമുക്കു നൽകുന്നു.
5-7. വിശേഷാൽ ഭക്ഷണവേളകളിലെ കുടുംബസംഭാഷണം മെച്ചപ്പെടുത്തുന്നതിനുളള ചില നിർദേശങ്ങൾ നൽകുക.
5 വീട്ടിൽ. ഭവനത്തിലെ സംസാരത്തിനു കുടുംബത്തിന്റെ സന്തുഷ്ടിക്കു വളരെയധികം സംഭാവനചെയ്യാൻ കഴിയും. അതുകൊണ്ട് അത് മെച്ചപ്പെടുത്തുന്നതിനാവശ്യമായ ശ്രമം അതർഹിക്കുന്നുണ്ട്. ഭർത്താക്കൻമാരും ഭാര്യമാരും തങ്ങളുടെ ഇണകൾ തങ്ങൾ പറയുന്നതിൽ യഥാർഥ താത്പര്യം പ്രകടമാക്കുമ്പോൾ ചിത്തോല്ലാസമനുഭവിക്കുന്നു. തങ്ങൾ പറയുന്നതു തങ്ങളുടെ മാതാപിതാക്കൾ ശ്രദ്ധിക്കുകയും തങ്ങളിൽ യഥാർഥ താത്പര്യം പ്രകടമാക്കുകയും ചെയ്യുമ്പോൾ കുട്ടികൾ അതു വിലമതിക്കുന്നു. എന്നാൽ ആരെങ്കിലും നിങ്ങളോടു സംസാരിക്കുമ്പോൾ നിങ്ങൾ തടസ്സപ്പെടുത്തുകയോ ഒരു മാസികയുടെ താളുകൾ മറിച്ചുകൊണ്ടിരിക്കുകയോ മറേറതെങ്കിലും വിധത്തിൽ താത്പര്യക്കുറവു സൂചിപ്പിക്കുകയോ ചെയ്യുന്നുവെങ്കിൽ നിങ്ങളുടെ ഭവനത്തിലെ സംഭാഷണം പെട്ടെന്ന് അധഃപതിക്കും. തനിക്കു പറയാനുളളതിൽ താത്പര്യമില്ലാത്ത ഒരാളോടു സംസാരിക്കുന്നത് യഥാർഥത്തിൽ ആരും ആസ്വദിക്കുന്നില്ല.
6 ഭക്ഷണവേളകൾ പരിപുഷ്ടിപ്പെടുത്തുന്ന കുടുംബസംഭാഷണത്തിനുളള നല്ല അവസരം നൽകുന്നു. ഓരോ ദിവസവും ഒരു ഭക്ഷണവേളയിൽ കുറെ സംഭാഷണത്തിന്, ദൈനംദിനം തിരുവെഴുത്തുകൾ പരിശോധിക്കൽ എന്ന ചെറുപുസ്തകത്തിൽ കാണുന്ന അന്നത്തെ ബൈബിൾവാക്യത്തിൽ കേന്ദ്രീകരിക്കാൻ കഴിയും. ചില ഭക്ഷണസമയങ്ങളിൽ, വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ അടുത്തകാലത്തെ ലക്കങ്ങളിൽ വായിച്ച വിഷയങ്ങൾക്കു രസകരവും പ്രയോജനകരവുമായ ചർച്ചകൾക്കു വകനൽകാൻ കഴിയും. എന്നാൽ സ്വതഃപ്രേരിതമായ ആശയപ്രകടനത്തിനും ഭക്ഷണത്തിന്റെ വിശ്രമകരമായ ആസ്വാദനത്തിനും ഇടമില്ലാത്തവിധം ഭക്ഷണവേളയിലെ സംഭാഷണം അത്ര ക്രമീകൃതമാക്കരുത്.
7 കുടുംബത്തിലെ ഓരോ അംഗത്തിനും ഭക്ഷണവേളയിലെ പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണത്തിന് ഒരു സ്വാഭാവികവിധത്തിൽ സംഭാവനചെയ്യാൻ കഴിയും. ഇതു പരാതികൾ ഉന്നയിക്കുന്നതിനുളള സമയമല്ല; അത്തരമൊരു കാര്യത്തിനു ദഹനത്തെ തടസ്സപ്പെടുത്താൻ കഴിയും. എന്നാൽ ഒരു ദിവസം കടന്നുപോകുമ്പോൾ ഒരു വ്യക്തി വിജ്ഞാനപ്രദമോ ഒരുപക്ഷേ ഫലിതം നിറഞ്ഞതോ ആയ കാര്യങ്ങൾ കേൾക്കുന്നു. അയാൾക്കു വയൽശുശ്രൂഷയിൽ ഒരു സന്തോഷകരമായ അനുഭവമുണ്ടായിരിക്കാം. ഒരുപക്ഷേ അയാൾ പത്രത്തിൽ രസാവഹമായ എന്തെങ്കിലും വായിക്കുന്നു, അല്ലെങ്കിൽ റേഡിയോയിൽ അതു കേൾക്കുന്നു. കുടുംബത്തിൽ ശേഷിച്ചവർക്കുവേണ്ടി ഭക്ഷണവേളയിൽ പങ്കുവെക്കുന്നതിന് അതു ഓർത്തിരിക്കാൻ പാടില്ലേ? താമസിയാതെ, പെട്ടെന്നു തിന്നിട്ടു പായുന്നതിനുപകരം ഒന്നിച്ചിരുന്നു സംസാരിക്കുന്നതിനുളള ഈ അവസരങ്ങൾക്കായി നിങ്ങളെല്ലാം നോക്കിപ്പാർത്തിരിക്കുന്നതായി നിങ്ങൾ കണ്ടെത്തും.
8-10. മാതാപിതാക്കളും മക്കളും തമ്മിലുളള വ്യക്തിപരമായ സംഭാഷണങ്ങൾ മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്, മാതാപിതാക്കൾക്ക് അവയെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും?
8 മാതാപിതാക്കൾ തങ്ങളുടെ മക്കളിൽ ഓരോരുത്തരുമായി, കുടുംബത്തിൽ ശേഷിച്ചവരിൽനിന്നു മാറി വ്യക്തിപരമായ സംഭാഷണങ്ങൾ നടത്തുന്നതും പ്രധാനമാണ്. എന്നാൽ ഭവനത്തിൽവെച്ചായാലും തെരുവിലൂടെ നടക്കുമ്പോഴായാലും, വിശ്രമകരമായ ഒരു അന്തരീക്ഷത്തിൽ അതു ചെയ്യുമ്പോഴാണ് ഏററവും നല്ല ഫലങ്ങൾ കിട്ടുന്നത്. അങ്ങനെയുളള സംഭാഷണങ്ങൾ ഒരു ചെറുപ്പക്കാരൻ വളർന്നുവരവേ അവന്റെ ശരീരത്തിൽ അനുഭവപ്പെടുന്ന മാററങ്ങൾക്കുവേണ്ടി അവനെ ഒരുക്കുന്നതിനുളള അവസരങ്ങൾ നൽകുന്നു. മാത്രവുമല്ല, ഈ ചർച്ചകൾ ചെറുപ്പക്കാരന്റെ ഹൃദയത്തിലുളളത്, അവന്റെ യഥാർഥ ആഗ്രഹങ്ങളും ജീവിതലക്ഷ്യങ്ങളും, വെളിച്ചത്തുവരുത്തുന്നു, ഇവയെ പ്രയോജനകരമായ ഒരു വിധത്തിൽ കരുപ്പിടിപ്പിക്കുന്നതിനുളള അവസരം അവ പ്രദാനംചെയ്യുന്നു.
9 അങ്ങനെയുളള ഒരു സംഭാഷണവേളയിൽ, നിങ്ങളുടെ കുട്ടി അവൻ അകപ്പെട്ടിരിക്കുന്ന പ്രയാസങ്ങളെക്കുറിച്ചു പറയുന്നുവെങ്കിൽ, പെട്ടെന്ന് അവനെ ശകാരിക്കുന്നത് അപ്പോൾത്തന്നെ ചർച്ച അവസാനിപ്പിക്കാനിടയുണ്ട്. കൂടാതെ തന്റെ മുൻ അനുഭവം ഓർത്തുകൊണ്ട്, ഈ കാര്യങ്ങൾ അവൻ വീണ്ടും പറയാതിരുന്നേക്കാം. ശ്രദ്ധിക്കുന്നതും നിങ്ങളുടെ ഭാഗത്തെ ഗ്രാഹ്യത്തോടുകൂടിയ ഒരു മനോഭാവത്തെ പ്രകടമാക്കുന്ന ചോദ്യങ്ങളാൽ ചുഴിഞ്ഞിറങ്ങി പരിശോധിക്കുന്നതുമാണു സാധാരണയായി മെച്ചം. അപ്പോൾ നിങ്ങൾക്കു ബൈബിൾ തത്ത്വങ്ങളിൽനിന്ന് അവൻ അകന്നുപോയിരിക്കുന്നടത്ത് അവന്റെ വഴികൾ തിരുത്തുന്നതിനു ദയാപൂർവം എന്നാൽ ദൃഢമായി സഹായിക്കാൻ കഴിയും.
10 സന്തുഷ്ടമായ കുടുംബജീവിതത്തിനു സംഭാഷണം അത്യന്താപേക്ഷിതമാണെങ്കിലും ആരെങ്കിലും എല്ലാ സമയത്തും സംസാരിച്ചുകൊണ്ടിരിക്കണമെന്ന് അതിനർഥമില്ല. യഥാർഥത്തിൽ ചിലപ്പോൾ സ്വന്തമായി ചിന്തിക്കുന്നതിന്, നിശ്ശബ്ദമായി കാര്യങ്ങൾ വിചിന്തനം ചെയ്യുന്നതിന്, അവസരം ലഭിക്കുന്നതു നല്ലതാണ്. അതുകൊണ്ട്, പ്രശാന്തതയുടെ ഘട്ടങ്ങളെ മിക്കപ്പോഴും കുടുംബാംഗങ്ങൾ വിലമതിക്കുന്നു.
11, 12. ക്രമമായ വയൽശുശ്രൂഷക്കുപുറമേ സാക്ഷീകരിക്കുന്നതിന് എന്ത് അവസരങ്ങൾ ഉണ്ട്?
11 സാക്ഷീകരിക്കുന്നതിന് അവസരങ്ങളുണ്ടാക്കുക. ഒരു സ്വാഭാവികരീതിയിൽ സംഭാഷണം നടത്തുന്നതിനുളള പ്രാപ്തി ഒരുവന്റെ ശുശ്രൂഷയെ ബാധിക്കുന്നത് എങ്ങനെയാണ്? ശരി, ചില സാക്ഷികൾക്ക് എല്ലായ്പോഴും നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതായി തോന്നുന്നത് എന്തുകൊണ്ടെന്നു നിങ്ങൾ എപ്പോഴെങ്കിലും അറിയാനാഗ്രഹിച്ചിട്ടുണ്ടോ? അത് അവർ സംഭാഷണത്തിനു മുൻകൈ എടുക്കുന്നതുകൊണ്ടായിരിക്കുകയില്ലേ? “ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു” എന്നു ബൈബിൾ സദൃശവാക്യം പറയുന്നു.—സദൃ. 15:7.
12 ക്രമമായ വയൽശുശ്രൂഷയിൽ അല്ലാത്തപ്പോൾപോലും ആളുകളുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതിനും അവരോടു യഹോവയെക്കുറിച്ചു സംസാരിക്കുന്നതിനുമുളള അനേകം അവസരങ്ങൾ ഉണ്ട്. ദൃഷ്ടാന്തത്തിന്, ക്രിസ്തീയ വീട്ടമ്മമാർക്കു വീടു സന്ദർശിച്ചേക്കാവുന്ന അയൽക്കാരോടോ വില്പനക്കാരോടോ സാക്ഷീകരിക്കാൻ കഴിയും. കുട്ടികൾക്കു സ്കൂളിലേക്കു പോകുമ്പോഴോ ക്ലാസ്സുകൾക്കിടയ്ക്കോ സഹപാഠികളെ ബൈബിളിനെക്കുറിച്ചുളള സംഭാഷണത്തിൽ ഉൾപ്പെടുത്താനുളള അവസരങ്ങൾ ലഭിച്ചേക്കാം. ഭവനത്തിനു പുറത്തു ജോലിചെയ്യുന്നവർക്കു തങ്ങളുടെ ജോലിസ്ഥലത്ത്, ഒരുപക്ഷേ ഉച്ചഭക്ഷണസമയത്ത് സാക്ഷീകരിക്കാൻ കഴിഞ്ഞേക്കും. നിങ്ങൾ പാർക്കിലൂടെ നടക്കുമ്പോഴോ ഒരു കടയിൽ ക്യൂ നിൽക്കുമ്പോഴോ ഒരു ബസ്സിനു കാത്തുനിൽക്കുമ്പോഴോ പോലും മററുളളവരുമായി പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണത്തിൽ ഏർപ്പെടുക സാധ്യമാണ്. രാജ്യപ്രസംഗത്തിൽ നിരോധനമുളള ചില രാജ്യങ്ങളിൽ, ശുശ്രൂഷ നിർവഹിക്കപ്പെടുന്നതു മുഖ്യമായി അനൗപചാരികസംഭാഷണങ്ങൾ മുഖേനയാണ്. ഈ പ്രസംഗരീതി ഫലകരമാണെന്നുളളത് ആ സ്ഥലങ്ങളിലെ സത്യദൈവത്തിന്റെ ദാസൻമാരുടെ എണ്ണത്തിലെ സത്വര വളർച്ചയിൽനിന്നു തെളിയുന്നു.
13-16. സാക്ഷീകരിക്കുന്നതിനു വഴി തുറക്കുന്ന സംഭാഷണത്തെ ഉത്തേജിപ്പിക്കാൻ ഏതു രീതികൾ ഉപയോഗിക്കാൻ കഴിയും?
13 ഒരു സാക്ഷ്യംകൊടുക്കുന്നതിനുളള വിവിധ സാഹചര്യങ്ങൾ ഉപയോഗിക്കുന്നതിന്, ഒരു തുടക്കമിടാൻ നമുക്കു കേവലം ഒരു സൗഹൃദവാക്കു മതിയായിരിക്കാം, അപ്പോൾ സംഭാഷണപരമായ പരസ്പര ആശയവിനിയമം തുടങ്ങിയിരിക്കും. യേശു ഇതിൽ മാതൃക വെച്ചു. ഒരു ഉച്ചസമയത്ത് അവിടുന്നു ശമര്യയിലെ ഒരു കിണററിങ്കൽ വിശ്രമിക്കാൻ സമയമെടുത്തപ്പോൾ അവിടെ വെളളംകോരാൻ വന്ന ഒരു സ്ത്രീയോട് അവിടുന്നു കുടിക്കാൻ ചോദിച്ചു. യഹൂദൻമാർ സാധാരണയായി ശമര്യക്കാരുമായി സംസാരിക്കാഞ്ഞതുകൊണ്ട് ഇത് അവരുടെ ജിജ്ഞാസ ഉണർത്തി. അവർ ഒരു ചോദ്യം ചോദിച്ചു. നിത്യജീവൻ കൊടുക്കാൻ കഴിവുളള വെളളം തനിക്ക് ഉളളതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ് അവരുടെ ജിജ്ഞാസ കൂടുതലായി ഉണർത്തിക്കൊണ്ട് യേശു മറുപടി പറഞ്ഞു. തത്ഫലമായി, അവരോടു സാക്ഷീകരിക്കാൻ അവസരം ലഭിച്ചു. ഒരു നീണ്ട സാക്ഷ്യത്തോടെ അവിടുന്ന് ആരംഭിച്ചില്ലെന്നു കുറിക്കൊളളുക; വഴിയൊരുക്കുന്നതിന് അവിടുന്നു സൗഹാർദപരമായ സംഭാഷണം ഉപയോഗിച്ചു.—യോഹ. 4:5-42.
14 നിങ്ങൾക്കും അത്തരം പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിയും. ബസ്സു കാത്തുനിൽക്കുമ്പോൾ മലിനീകരണമോ യുദ്ധമോ പോലുളള ഏതെങ്കിലും പ്രശ്നത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പത്രലേഖനത്തിലേക്കോ മാസികാലേഖനത്തിലേക്കോ മറെറാരാളുടെ ശ്രദ്ധ ആകർഷിക്കാനും “ഈ അവസ്ഥകൾ സമീപവർഷങ്ങളിൽ വളരെ വഷളായിരിക്കുന്നത് എന്തുകൊണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു? മുഴുഭൂമിയും ജീവിക്കുന്നതിന് ഉല്ലാസപ്രദമായ ഒരു സ്ഥലമായിത്തീരുന്ന സമയം എന്നെങ്കിലും വരുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ?” എന്നു ചോദിക്കാനും കഴിയും. നിലവിലുളള ഏതെങ്കിലും പ്രാദേശികപ്രശ്നത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയിട്ട് “പരിഹാരം എന്താണെന്നു നിങ്ങൾ വിചാരിക്കുന്നു?” എന്നു ചോദിക്കുന്നതും ഫലകരമാണെന്നു കണ്ടിട്ടുണ്ട്. ഇതു യഥാർഥ പരിഹാരമായ ദൈവരാജ്യത്തെക്കുറിച്ചുളള ഒരു ചർച്ചയിലേക്കു സ്വാഭാവികമായി നയിക്കുന്നു. തീർച്ചയായും, വിവേചന ഉപയോഗിക്കണം. ആളുകൾ പ്രതിവചിക്കാത്തപ്പോൾ സംഭാഷണം അടിച്ചേൽപ്പിക്കേണ്ട ആവശ്യമില്ല. എന്നാൽ കിണററിങ്കലെ ശമര്യസ്ത്രീയെപ്പോലെ ചിലർ സന്തോഷപൂർവം ശ്രദ്ധിക്കുന്നുവെന്നു നിങ്ങൾ കണ്ടെത്തും.
15 ദൈവവചനത്തെക്കുറിച്ചു സംഭാഷണം നടത്തുന്നതിന് അവസരങ്ങളുണ്ടാക്കാനുളള മറെറാരു മാർഗം, അനായാസം കാണാവുന്നടത്തു ബൈബിൾസാഹിത്യം വെക്കുകയാണ്. ഭവനത്തിൽ ഇതു ചെയ്യുമ്പോൾ ഒരു നല്ല സാക്ഷ്യംകൊടുക്കുന്നതിനുളള വഴിതുറക്കുംവിധം സന്ദർശകർ മിക്കപ്പോഴും അതിനെക്കുറിച്ച് അഭിപ്രായം പറയുന്നു. നിങ്ങൾ ഒരു പൊതുസ്കൂളിൽ പോകുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഡസ്ക്കിൽ ഒരു പുസ്തകമോ മാസികയോ വെക്കുന്നത് “അത് എന്താണ്” എന്നു ചോദിക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുമെന്ന് ഏറെക്കുറെ തീർച്ചയാണ്. അപ്പോൾ ഒരു സാക്ഷ്യം കൊടുത്തുകൊണ്ട് അയാളോടു പറയാനുളള അവസരം നിങ്ങൾക്കുണ്ട്. അല്ലെങ്കിൽ നിങ്ങളുടെ ഉച്ചഭക്ഷണസമയത്തോ പൊതുവാഹനത്തിൽ സഞ്ചരിക്കുമ്പോഴോ നിങ്ങൾ ബൈബിൾസാഹിത്യം വായിക്കുന്നുവെങ്കിൽ അതിന്, ജിജ്ഞാസയുളള ആളുകളോടു ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാനുളള വഴി തുറന്നുതരാൻ കഴിയും.
16 പരിചയക്കാരുമായുളള സംഭാഷണങ്ങൾക്കും സ്വാഭാവികമായി ബൈബിൾ സത്യങ്ങളെക്കുറിച്ചുളള സംസാരത്തിലേക്കു നയിക്കാൻ കഴിയും. അങ്ങനെയുളള സംഭാഷണങ്ങളിൽ സാധാരണയായി ആളുകൾ ചെയ്തിരിക്കുന്ന കാര്യങ്ങൾ—അവർ എവിടെ പോയി, അവർ എന്തു കേൾക്കുകയോ കാണുകയോ ചെയ്തു എന്നിവ—അല്ലെങ്കിൽ അവർ ചെയ്യാൻ ആസൂത്രണംചെയ്യുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു. അതുകൊണ്ട്, സംസാരിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ടു സംസാരിക്കാൻ പാടില്ല? ഒരു സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിച്ചശേഷം നിങ്ങൾ എവിടെ പോയെന്നും മുഖ്യ പ്രസംഗത്തിന്റെ വിഷയമെന്തായിരുന്നെന്നും ഒരു കൂട്ടുജോലിക്കാരനോടോ അയൽക്കാരനോടോ പറയുക; അയാൾ അതിനെക്കുറിച്ചു ചോദ്യങ്ങൾ ചോദിച്ചേക്കാം. തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് അവർ പറയുന്നതുപോലെതന്നെ, നിങ്ങൾ വീക്ഷാഗോപുരത്തിലോ ഉണരുക!യിലോ വായിക്കുന്നതിനെക്കുറിച്ചു മററുളളവരോട് അഭിപ്രായം പറയുക. നിങ്ങൾ ഒരു അനുകൂലപ്രതികരണം ഉളവാക്കിയെങ്കിൽ, അവർ കൂടുതൽ വിവരങ്ങൾ ചോദിക്കും. ഇപ്പോൾ നിങ്ങൾക്കു കൂടുതലായ സാക്ഷ്യം കൊടുക്കുന്നതിനുളള അവസരമുണ്ട്. ദൈവോദ്ദേശ്യങ്ങളിലേക്കു ശ്രദ്ധതിരിക്കാൻ ഉദ്ദേശിച്ചുളള അത്തരം സംഭാഷണങ്ങൾ തീർച്ചയായും പരിപുഷ്ടിപ്പെടുത്തുന്നു.
17-20. സഹസാക്ഷികളോടുകൂടെയായിരിക്കുമ്പോഴത്തെ പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണത്തിന്റെ വിഷയങ്ങൾസംബന്ധിച്ചു നിർദേശങ്ങൾ നൽകുക.
17 സഹവിശ്വാസികളോടുകൂടെയായിരിക്കുമ്പോൾ. ആത്മീയ സഹോദരീസഹോദരൻമാരോടു സഹവസിക്കുമ്പോഴും സംഭാഷണം ഒരു ഉയർന്ന തലത്തിലുളളത്, സുവാർത്തയുടെ ശുശ്രൂഷകർക്കു യോഗ്യമായത്, ആയിരിക്കുന്നത് ഉചിതം മാത്രമാണ്. കേവലം സമയം കളയുക എന്നതല്ല, പരിപുഷ്ടിപ്പെടുത്തുക എന്നതായിരിക്കണം അതിന്റെ ഉദ്ദേശ്യം.
18 രാജ്യഹാളിലെ യോഗങ്ങൾക്കു മുമ്പും ശേഷവും പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണത്തിനുളള നല്ല അവസരങ്ങൾ ലഭിക്കുന്നു. യോഗങ്ങൾ പിരിഞ്ഞാലുടനെ പായുന്നത് ഒരു ശീലമാക്കരുത്. പ്രായവും അനുഭവജ്ഞാനവും കൂടുതലുളള സഹോദരൻമാരോടും അതുപോലെതന്നെ ഭയമുണ്ടായിരിക്കാവുന്നവരോടും ഒററയ്ക്കായിരിക്കാൻ ചായ്വുകാണിക്കുന്നവരോടും എന്തുകൊണ്ടു സംഭാഷണത്തിലേർപ്പെട്ടുകൂടാ? വളരെയധികം കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനുണ്ട്. വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങളിൽനിന്നുളള പ്രത്യേകതാത്പര്യമുളള പോയിൻറുകൾ ചർച്ചചെയ്യുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ ഒരു ഭാവിനിയമനത്തെക്കുറിച്ചു നിങ്ങൾക്കു സംസാരിക്കാവുന്നതാണ്. നിങ്ങളുടെ പ്രസംഗത്തിൽ ഉപയോഗിക്കാവുന്ന പുതിയ ആശയങ്ങൾ മററുളളവർക്കുണ്ടായിരിക്കാം, അല്ലെങ്കിൽ നിങ്ങൾക്കു മറെറാരാളെ പ്രസംഗത്തിൽ സഹായിക്കുന്നതിനുളള ആശയങ്ങൾ നിർദേശിക്കാവുന്നതാണ്. വയലനുഭവങ്ങൾ പങ്കുവെക്കാവുന്നതാണ്, അല്ലെങ്കിൽ നിങ്ങൾക്ക് അന്നത്തെ യോഗത്തിൽ വിശേഷാൽ ആസ്വദിച്ച ഏതെങ്കിലും ഭാഗത്തെക്കുറിച്ചു സംസാരിക്കാവുന്നതാണ്. അങ്ങനെയുളള സംഭാഷണങ്ങൾ തീർച്ചയായും പരിപുഷ്ടിപ്പെടുത്തുന്നു.
19 വലിപ്പമേറിയ സമ്മേളനങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽനിന്നുളള സഹോദരീസഹോദരൻമാരുമായി സംസാരിക്കുന്നതിനുളള അവസരങ്ങളുണ്ട്. അനേകം സാക്ഷികൾ ലഘുഭക്ഷണശാലയിലെ ക്യൂവിലോ, സമ്മേളനസ്ഥലങ്ങളിലേക്കോ തിരിച്ചോ യാത്രചെയ്യുമ്പോഴോ, സംഭാഷണം തുടങ്ങാൻ ലക്ഷ്യം വെക്കുന്നു. ഇതു ചെയ്യുന്നതിനുളള ഒരു നല്ല മാർഗം സഹോദരനോടോ സഹോദരിയോടോ നിങ്ങളുടെ പേർ പറയുന്നതും അദ്ദേഹത്തിന്റെ പേർ ചോദിക്കുന്നതുമാണ്. അദ്ദേഹം എങ്ങനെ ഒരു സാക്ഷിയായിത്തീർന്നുവെന്ന് അന്വേഷിക്കുക. ഇതു സാധാരണയായി ഉല്ലാസപ്രദവും പരിപുഷ്ടിപ്പെടുത്തുന്നതുമായ സംഭാഷണത്തിലേക്കു നയിക്കുന്നു.
20 വയൽശുശ്രൂഷയിൽ പങ്കെടുക്കാൻ പോകുന്ന വഴിയിൽ പ്രയോജനകരമായ ചർച്ചക്കുളള മറെറാരു അവസരം ലഭിക്കുന്നു. കഴമ്പില്ലാത്ത സംഭാഷണത്തിൽ ഏർപ്പെടുന്നതിനു പകരം ആ പ്രത്യേകപ്രദേശത്തെ വീട്ടുകാരെ എങ്ങനെ സമീപിക്കാമെന്നോ അവർ സംസാരിക്കാൻ അത്യന്തം സാധ്യതയുളള വിഷയങ്ങളോ ചർച്ചചെയ്യാൻ പാടില്ലേ? ഉന്നയിക്കപ്പെട്ടേക്കാവുന്ന തടസ്സവാദങ്ങൾ ചർച്ചചെയ്യുന്നതും നല്ലതാണ്. അങ്ങനെയുളള സമയങ്ങളിൽ ആത്മീയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതും സംസാരിക്കുന്നതും അത്യന്തം നവോൻമേഷപ്രദവും ഉചിതവുമാണ്.—ഫിലി. 4:8, 9.
21-24. ഒരു കൂട്ടത്തിന്റെ സംഭാഷണം പരിപുഷ്ടിപ്പെടുത്തുന്നതല്ലാത്തതായിത്തീരുന്നെങ്കിൽ, നമുക്ക് അതുസംബന്ധിച്ചു വ്യക്തിപരമായി എന്തു ചെയ്യാൻ കഴിയും?
21 നിങ്ങൾ സഹോദരീസഹോദരൻമാരുടെ ഒരു കൂട്ടത്തിലായിരിക്കുന്ന സമയത്തു സംഭാഷണം ലക്ഷ്യമില്ലാത്തതോ വിശേഷാൽ പരിപുഷ്ടിപ്പെടുത്താത്തതോ ആയിത്തീരുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? സംഭാഷണത്തെ കൂടുതൽ പ്രയോജനകരമായ സരണികളിലേക്കു തിരിച്ചുവിടുന്നതിന് ഒരു ചോദ്യം ഉന്നയിക്കാൻ പാടില്ലേ? ഒരു പ്രത്യേക വിഷയം ആനയിക്കുകയും അതുസംബന്ധിച്ചു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുക. പങ്കെടുക്കുന്നവർ ഒരു വിഷയത്തിൽ കുറെ സമയം തങ്ങിനിൽക്കുകയും എന്തെങ്കിലും അഭിപ്രായം പറയുന്നതിന് പങ്കെടുക്കുന്ന ഓരോരുത്തർക്കും അവസരം കൊടുക്കുകയും ചെയ്യുന്നുവെങ്കിൽ അങ്ങനെയുളള സംഭാഷണം പൂർവാധികം പ്രയോജനകരമാണ്.
22 സംഭാഷണത്തിൽ ക്രിസ്തീയസഭയിലെ മററംഗങ്ങളെക്കുറിച്ചുളള ചർച്ച ഉൾപ്പെടുമ്പോൾ അതു പരിപുഷ്ടിപ്പെടുത്തുന്നതിനു പകരം അനാദരപൂർവകവും വിമർശനാത്മകവുമാകാതിരിക്കാൻ സൂക്ഷിക്കേണ്ടതുണ്ട്. ആരെങ്കിലും മറെറാരാളുടെ പിഴവുകളെക്കുറിച്ചു സംസാരിച്ചുതുടങ്ങുന്നുവെങ്കിൽ, പരിപുഷ്ടിപ്പെടുത്തുന്ന തലത്തിലേക്കു സംഭാഷണത്തെ തിരിച്ചുവിടാനുളള ധൈര്യം നിങ്ങൾക്ക് ഉണ്ടായിരിക്കുമോ? നിങ്ങൾ യഹോവയുടെ സ്ഥാപനത്തോടു വിശ്വസ്തനായിരിക്കുകയും അതിലെ അംഗങ്ങളിലൊരാളെ സംരക്ഷിക്കുകയും ചെയ്യുമോ? ഒരു ചെറിയ കാര്യം, ആരെങ്കിലും പറഞ്ഞേക്കാം. എന്നാൽ ദൈവത്തിന്റെ സമർപ്പിതദാസൻമാരിലൊരാളെക്കുറിച്ചു കുററം പറയുന്നതു ദൈവത്തിന്റെ സ്വന്തം ക്രമീകരണങ്ങളെക്കുറിച്ചുളള പരാതിയിലേക്കു നയിച്ചേക്കാമെന്ന് ഓർക്കുമ്പോൾ അതത്ര ചെറുതല്ല!—യാക്കോ. 5:9; 2 കൊരി. 10:5.
23 ചില സമയങ്ങളിൽ സംഭാഷണം നിസ്സാരമായ ഒരു രീതിയിലായിരിക്കാം, ഫലിതം നിറഞ്ഞ കഥകൾ പറഞ്ഞേക്കാം. അങ്ങനെയുളള സംഭാഷണം വിശ്രമദായകവും പ്രയോജനകരവുമായിരിക്കാവുന്നതാണ്. എന്നാൽ അത് ക്രിസ്തീയശുശ്രൂഷകർക്കു യോഗ്യമല്ലാത്ത സംസാരത്തിലേക്ക് അധഃപതിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ബൈബിൾബുദ്ധ്യുപദേശം ഓർത്തിരിക്കണം: “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധൻമാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടതു.”—എഫെ. 5:3, 4.
24 അതുകൊണ്ട്, യഹോവയുടെ ശുശ്രൂഷകരെന്ന നിലയിൽ, എല്ലാ സമയങ്ങളിലും നമ്മുടെ സംഭാഷണം അവിടുത്തേക്ക് ഒരു ബഹുമതി ആയിരിക്കട്ടെ. ഇതു ചെയ്യുന്നതിനാൽ നാം അപ്പോസ്തലനായ പൗലോസ് രേഖപ്പെടുത്തിയ നല്ല ബുദ്ധ്യുപദേശം ബാധകമാക്കുന്നതുമായിരിക്കും: “നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നൻമെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.”—റോമ. 15:2.