കഥ 16
യിസ്ഹാക്കിന് ഒരു നല്ല ഭാര്യയെ കിട്ടുന്നു
ഈ നടന്നുവരുന്നത് ആരാണെന്ന് അറിയാമോ? അവളുടെ പേര് റിബെക്കാ എന്നാണ്. അവൾ നടന്നുവരുന്നത് യിസ്ഹാക്കിന്റെ അടുത്തേക്കാണ്. അവൾ അവന്റെ ഭാര്യയാകാൻ പോകുകയാണ്. ഇത് എങ്ങനെയാണു സംഭവിച്ചത്?
യിസ്ഹാക്കിന്റെ അപ്പനായ അബ്രാഹാം തന്റെ മകന് ഒരു നല്ല ഭാര്യയെ കിട്ടണമെന്ന് ആഗ്രഹിച്ചു. എന്നാൽ കനാനിൽനിന്ന് യിസ്ഹാക് ഭാര്യയെ എടുക്കാൻ അബ്രാഹാം ആഗ്രഹിച്ചില്ല, കാരണം കനാന്യർ വ്യാജദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. അതുകൊണ്ട് അബ്രാഹാം തന്റെ ദാസനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘നീ എന്റെ ബന്ധുക്കൾ പാർക്കുന്ന ഹാരാനിലേക്ക് പോയി എന്റെ മകനായ യിസ്ഹാക്കിനു വേണ്ടി ഒരു ഭാര്യയെ കൊണ്ടുവരണം.’
അബ്രാഹാമിന്റെ ദാസൻ ഉടൻതന്നെ പത്ത് ഒട്ടകങ്ങളുമായി ദൂരെയുള്ള ആ ദേശത്തേക്കു യാത്രയായി. അബ്രാഹാമിന്റെ ബന്ധുക്കൾ താമസിക്കുന്ന സ്ഥലത്തിനടുത്ത് എത്തിയപ്പോൾ അവൻ ഒരു കിണറ്റുകരയിൽ നിന്നു. അപ്പോൾ സമയം വൈകുന്നേരമായിരുന്നു. പട്ടണത്തിലെ പെണ്ണുങ്ങൾ കിണറ്റിൽനിന്നു വെള്ളം കോരാൻ വരുന്ന നേരമായിരുന്നു അത്. അതുകൊണ്ട് അബ്രാഹാമിന്റെ ദാസൻ യഹോവയോട് ഇങ്ങനെ പ്രാർഥിക്കുന്നു: ‘എനിക്കും ഒട്ടകങ്ങൾക്കും വെള്ളം കോരിത്തരുന്നവൾ ആയിരിക്കട്ടെ യിസ്ഹാക്കിനായി നീ തിരഞ്ഞെടുത്തിരിക്കുന്ന പെൺകുട്ടി.’
പെട്ടെന്നുതന്നെ റിബെക്കാ വെള്ളം കോരാൻ വന്നു. ദാസൻ അവളോടു കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അവൾ കൊടുത്തു. പിന്നെ അവൾ ചെന്ന് ദാഹിച്ചുവലഞ്ഞ എല്ലാ ഒട്ടകങ്ങൾക്കും കിണറ്റിൽനിന്നു വെള്ളം കോരിക്കൊടുത്തു. ഒട്ടകങ്ങൾ ധാരാളം വെള്ളം കുടിക്കും എന്നതുകൊണ്ട് അതു ബുദ്ധിമുട്ടുള്ള ഒരു പണിയായിരുന്നു.
റിബെക്കാ വെള്ളം കൊടുത്തു തീർന്നപ്പോൾ, അബ്രാഹാമിന്റെ ദാസൻ അവളോട് അവളുടെ പിതാവിന്റെ പേരെന്താണെന്നു ചോദിച്ചു. രാത്രിയിൽ തനിക്കു താമസിക്കാൻ അവരുടെ വീട്ടിൽ ഇടമുണ്ടായിരിക്കുമോ എന്നും അവൻ ചോദിച്ചു. അവൾ പറഞ്ഞു: ‘എന്റെ അപ്പൻ ബെഥൂവേൽ ആണ്, ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ ഇടമുണ്ട്.’ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ മകനാണ് ബെഥൂവേൽ എന്ന് ദാസന് അറിയാമായിരുന്നു. അതുകൊണ്ട്, തന്നെ അബ്രാഹാമിന്റെ ബന്ധുക്കളുടെയടുത്തു കൊണ്ടുവന്നതിന് അവൻ മുട്ടുകുത്തിനിന്ന് യഹോവയ്ക്കു നന്ദിപറഞ്ഞു.
ആ രാത്രിയിൽത്തന്നെ, ബെഥൂവേലിനോടും അവന്റെ മകനായ ലാബാനോടും ദാസൻ താൻ വന്നകാര്യം എന്താണെന്നു പറഞ്ഞു. റിബെക്കാ അവനോടൊപ്പം പോകുന്നതും യിസ്ഹാക്കിനെ കല്യാണം കഴിക്കുന്നതും അവർക്കു രണ്ടുപേർക്കും സമ്മതമായിരുന്നു. റിബെക്കായോടു സമ്മതം ചോദിച്ചപ്പോൾ അവൾ എന്തു പറഞ്ഞു? പോകാൻ ‘എനിക്കു സമ്മതമാണ്’ എന്ന് അവൾ പറഞ്ഞു. അടുത്തദിവസംതന്നെ അവർ ഒട്ടകപ്പുറത്തു കയറി, തിരികെ കനാനിലേക്കുള്ള നീണ്ട യാത്ര തുടങ്ങി.
അവർ എത്തിച്ചേർന്നപ്പോൾ സന്ധ്യമയങ്ങിയിരുന്നു. വയലിലൂടെ ഒരു മനുഷ്യൻ നടക്കുന്നതു റിബെക്കാ കണ്ടു. അത് യിസ്ഹാക് ആയിരുന്നു. റിബെക്കായെ കണ്ടപ്പോൾ യിസ്ഹാക്കിനു വളരെ സന്തോഷമായി. അവന്റെ അമ്മ മരിച്ചിട്ട് മൂന്നുവർഷമേ ആയിരുന്നുള്ളൂ, അപ്പോഴും അവന്റെ സങ്കടം മാറിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ യിസ്ഹാക് റിബെക്കായെ വളരെയധികം സ്നേഹിക്കാൻ തുടങ്ങുന്നു. അങ്ങനെ അവൻ പിന്നെയും സന്തോഷവാനായിത്തീരുന്നു.