മയക്കുമരുന്നുകൾ
നിർവ്വചനം: “മയക്കുമരുന്നുകൾ” എന്ന വാക്കിന് വിവിധ നിർവ്വചനങ്ങൾ ഉണ്ട്. ഭക്ഷണപദാർത്ഥമല്ലാത്തതും മാനസിക നിലക്ക് മാററം വരുത്താൻ കഴിവുളളതുമായ വസ്തുക്കൾ, വൈദ്യശാസ്ത്രപരമായി ആവശ്യമെന്ന് കരുതപ്പെടാത്തവയും ജീവിതപ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനുളള ശ്രമത്തിൽ, ഒരു സ്വപ്നലോകത്തിലായിരിക്കാനോ അല്ലെങ്കിൽ ഒരു സുഖാനുഭൂതിയോ ഉത്തേജനമോ തോന്നാൻ വേണ്ടിയോ ഉപയോഗിക്കപ്പെടുന്നതുമായ വസ്തുക്കൾ എന്ന അർത്ഥത്തിലാണ് ഇവിടെ മയക്കുമരുന്നുകളെപ്പററി ചർച്ച ചെയ്യുന്നത്.
ഉല്ലാസത്തിനുവേണ്ടി മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനെ ബൈബിൾ യഥാർത്ഥത്തിൽ വിലക്കുന്നുവോ?
ഹെറോയിൻ, കൊക്കെയിൻ, LSD, PCP (മാലാഖപ്പൊടി), മാരിഹ്വാന, പുകയില എന്നിവ പോലുളള വസ്തുക്കൾ ബൈബിളിൽ പേരെടുത്തു പറയപ്പെട്ടിട്ടില്ല. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് നാം എന്തുചെയ്യണം, എന്തു ചെയ്യരുത് എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയേണ്ടതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അത് നൽകുന്നുണ്ട്. അതുപോലെ ആരെയെങ്കിലും കൊല്ലാൻ ഒരു തോക്ക് ഉപയോഗിക്കുന്നത് തെററാണെന്ന് ബൈബിൾ പറയുന്നില്ല, എന്നാൽ അതു കൊലപാതകത്തെ വിലക്കുക തന്നെ ചെയ്യുന്നു.
ലൂക്കോ. 10:25-27: “‘എന്തു ചെയ്യുന്നതിനാൽ എനിക്കു നിത്യജീവൻ അവകാശമാക്കാൻ കഴിയും?’ . . . ‘“നീ നിന്റെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുശക്തിയോടും മുഴുമനസ്സോടും കൂടെ നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കണം, നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.”’” (അനാവശ്യമായി തന്റെ ആയുർദൈർഘ്യം കുറക്കുകയോ മനസ്സ് കുഴഞ്ഞ അവസ്ഥയിലാക്കുകയോ ചെയ്യുന്ന കാര്യങ്ങൾ ഒരുവൻ പതിവായി ചെയ്യുന്നുവെങ്കിൽ അയാൾ തന്റെ മുഴുദേഹിയോടും മുഴുമനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കുകയാണോ? തന്റെ മയക്കുമരുന്നു ശീലം നിലനിർത്താൻവേണ്ടി അയാൾ മററുളളവരുടെ വസ്തുക്കൾ മോഷ്ടിക്കുന്നുവെങ്കിൽ അയാൾ അയൽക്കാരനോട് സ്നേഹം പ്രകടമാക്കുകയാണോ?)
2 കൊരി. 7:1: “നമുക്ക് ഈ വാഗ്ദത്തങ്ങൾ ഉളളതിനാൽ, [യഹോവ നമ്മുടെ ദൈവവും പിതാവുമായിരിക്കും എന്നുളളത്] പ്രിയമുളളവരെ, നമുക്ക് നമ്മുടെ ജഡത്തിലെയും ആത്മാവിലെയും സകല അശുദ്ധിയും നീക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികക്കാം.” (എന്നാൽ നമ്മുടെ ശരീരത്തെ മലിനമാക്കുന്ന കാര്യങ്ങൾ നാം മന:പൂർവ്വം ചെയ്യുന്നുവെങ്കിൽ ദൈവത്തിന്റെ അംഗീകാരമുണ്ടായിരിക്കാൻ നമുക്ക് പ്രതീക്ഷിക്കാമോ?)
തീത്തോ. 2:11, 12: “അഭക്തിയും ലൗകിക മോഹങ്ങളും വർജ്ജിച്ചിട്ട് ഈ ലോകത്തിൽ സുബോധത്തോടും [“ആത്മനിയന്ത്രണത്തോടെ,” JB; ‘ആത്മനിയന്ത്രണത്തോടെ ജീവിക്കാൻ,’ TEV] നീതിയോടും ദൈവിക ഭക്തിയോടും കൂടെ ജീവിക്കാൻ നമ്മെ ഉപദേശിച്ചുകൊണ്ട് സകലതരം മനുഷ്യരിലേക്കും രക്ഷ എത്തിക്കുന്ന ദൈവത്തിന്റെ അനർഹദയ പ്രത്യക്ഷമായിരിക്കുന്നു.” (ഒരുവന്റെ വിവേചനാപ്രാപ്തിയെ തകരാറിലാക്കുകയോ അല്ലെങ്കിൽ ആത്മനിയന്ത്രണം നഷ്ടപ്പെടാനിടയാക്കുകയോ ചെയ്യുന്ന മയക്കുമരുന്നുകളുടെ ഉപയോഗം ഈ ബുദ്ധിയുപദേശത്തോട് ചേർച്ചയിലാണോ?)
ഗലാ. 5:19-21: “ഇപ്പോൾ ജഡത്തിന്റെ പ്രവൃത്തികൾ പ്രകടമാണ്, അവ . . . ആത്മവിദ്യാചാരം, . . . ആഹ്ളാദത്തിമർപ്പ് എന്നിവപോലുളളവ തന്നെ. . . . അത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (“ആത്മവിദ്യാചാരം” എന്ന് ഇവിടെ തർജ്ജമചെയ്തിരിക്കുന്ന “ഫാർമാക്കിയ” എന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീയമായ അർത്ഥം “മയക്കുമരുന്നുപ്രയോഗം” എന്നാണ്. ഈ ഗ്രീക്കു പദം സംബന്ധിച്ച് വിശദീകരണം നൽകുകയിൽ ഡബ്ളിയു. ഇ. വൈനിനാലുളള ആൻ എക്സ്പോസിറററി ഡിക്ഷ്നറി ഓഫ് ന്യൂ ടെസ്ററമെൻറ് വേഡ്സ് ഇപ്രകാരം പറയുന്നു: “മാന്ത്രിക വിദ്യയിൽ ലളിതമോ ശക്തമോ ആയ മയക്കുമരുന്നു പ്രയോഗത്തോടൊപ്പം സാധാരണയായി നിഗൂഢ ശക്തികളോടുളള പ്രാർത്ഥനകളും അപേക്ഷകളും വിവിധതരം മാന്ത്രിക വസ്തുക്കളും രക്ഷാബന്ധൻ പോലുളളവ നൽകുന്ന രീതിയും ഉണ്ടായിരുന്നു. ഇത് അപേക്ഷകനെ അല്ലെങ്കിൽ രോഗിയെ ഭൂതങ്ങളുടെ സ്വാധീനത്തിൽ നിന്ന് ഒഴിച്ചു നിർത്താനാണ് എന്ന് അവകാശപ്പെട്ടിരുന്നെങ്കിലും വാസ്തവത്തിൽ അത് മാന്ത്രികന്റെ അത്ഭുത സിദ്ധിയെപ്പററിയും ശക്തിയെപ്പററിയും അപേക്ഷകനിൽ ധാരണയുളവാക്കാനായിരുന്നു.” [ലണ്ടൻ, 1940, വാല്യം IV, പേ. 51, 52] അതുപോലെ ഇന്നും മയക്കുമരുന്നുപയോഗിക്കുന്ന അനേകർ ആത്മവിദ്യാചാരത്തിൽ ഉൾപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ അത്തരക്കാരോട് ബന്ധപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ ശൂന്യമായ ഒരു മനസ്സ് അല്ലെങ്കിൽ മിഥ്യഭ്രമം അനുഭവപ്പെടുന്ന ഒരു മനസ്സ് എളുപ്പത്തിൽ ഭൂതങ്ങളുടെ ഇരയായിത്തീരുന്നു. ലൂക്കോസ് 11:24-26 താരതമ്യം ചെയ്യുക.)
തീത്തോ. 3:1: “ഭരണകൂടങ്ങൾക്കും അധികാരങ്ങൾക്കും ഭരണാധിപൻമാർക്കും കീഴടങ്ങി അവരോട് അനുസരണം കാണിക്കുക.” (അനേകം സ്ഥലങ്ങളിൽ ചിലതരം മയക്കുമരുന്നുകൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമലംഘനമാണ്.)
ചില മയക്കുമരുന്നുകൾ ഒരു വ്യക്തിക്ക് സുഖം തോന്നാൻ സഹായിക്കുന്നതിനാൽ അവ വാസ്തവത്തിൽ വളരെ ഉപദ്രവകരമാണോ?
2 തിമൊ. 3:1-5: “അന്ത്യകാലത്ത് ഇടപെടാൻ പ്രയാസമേറിയ സമയങ്ങൾ ഉണ്ടായിരിക്കും. മനുഷ്യർ . . . ദൈവപ്രിയരായിരിക്കുന്നതിനു പകരം ഉല്ലാസപ്രിയരായിരിക്കും . . . അവരെ വിട്ടൊഴിയുക.” (വ്യക്തമായും ദൈവത്തിന്റെ വചനത്തിലെ നീതിയുളള തത്വങ്ങൾ ബാധകമാക്കുന്നതിനും അവന്റെ അംഗീകാരം ഉണ്ടായിരിക്കുന്നതിനും മുൻപിലായി ഉല്ലാസത്തിനായി ആഗ്രഹിക്കുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പ് നൽകുന്നു.)
ചില വേദനാസംഹാരികൾ വേദനയിൽ നിന്നുളള ആശ്വാസവും സംതൃപ്തിയുടേതായ ഒരു തോന്നലും ഉളവാക്കുന്നു, എന്നാൽ അവ ആസക്തിയുളവാക്കുന്നവയാണ്, അധികമായ ഉപയോഗം മരണത്തിന് ഇടയാക്കിയേക്കാം. ചില ലായകങ്ങൾ മണക്കുന്നതിനാൽ ഉത്തേജനം ലഭിക്കുന്നു, എന്നാൽ അവ നാവു കുഴയുന്നതിനും കാഴ്ച വികലമാകുന്നതിനും മാംസപേശികളുടെ നിയന്ത്രണം നഷ്ടമാകുന്നതിനും കൂടാതെ മസ്തിഷ്ക്കത്തിനും കരളിനും വൃക്കകൾക്കും അപരിഹാര്യമായ തകരാറുണ്ടാകുന്നതിനും ഇടയാക്കിയേക്കാം. മതിഭ്രമം വരുത്തുന്ന മരുന്നുകൾ ഉത്തേജനം നൽകുകയും ക്ഷീണം അകററുന്നതായി തോന്നിക്കുകയും ചെയ്തേക്കാം, എന്നാൽ അവ ദൂരം കണക്കാക്കുന്നതിലെ പിശകുകൾക്ക് ഇടയാക്കുകയും വ്യക്തിചിന്തയെ തകരാറിലാക്കുകയും തിരുത്താനാവാത്ത വ്യക്തിത്വമാററങ്ങൾക്ക് കാരണമാക്കുകയും കൊലപാതകത്തിനോ ആത്മഹത്യക്കോ ഉളള ചായ്വുകൾ ഉളവാക്കുകയും ചെയ്യുന്നു.
മാരിഹ്വാനയെ സംബന്ധിച്ചെന്ത്—അത് നിരുപദ്രവകരമാണോ? ചില ഡോക്ടർമാർ അങ്ങനെ പറഞ്ഞിട്ടുണ്ട്
ബാർക്ലിയിൽ കാലിഫോർണിയ യൂണിവേഴ്സിററിയിലെ കോവെൽ ഹോസ്പിററലിൽ മന:ശാസ്ത്ര വിഭാഗത്തിന്റെ തലവനായിരുന്ന ഡേവിഡ് പവൽസൺ, എം. ഡി. ഒരു കാലത്ത് മാരിഹ്വാനയുടെ ഉപയോഗം നിയമാനുസൃതമാക്കണമെന്ന് വാദിച്ചിരുന്നു. പിൽക്കാലത്ത് കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷം അദ്ദേഹം ഇപ്രകാരം എഴുതി: “നമുക്ക് ഏററുമുട്ടേണ്ടി വരുന്ന ഏററം അപകടകാരിയായ മയക്കുമരുന്ന് മാരിഹ്വാനയാണെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു: 1. അതിന്റെ ആദ്യ ഉപയോഗം തെററായ ധാരണ നൽകുന്നു. ഉപയോഗിക്കുന്ന ആളിന് സുഖത്തിന്റെ ഒരു അനുഭൂതി ലഭിക്കുന്നു. തന്റെ മാനസികവും ശാരീരികവുമായ പ്രവർത്തനങ്ങളിലെ തകരാറ് അയാൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. 2. തുടർന്നുളള അതിന്റെ ഉപയോഗം വികലമായ ചിന്തയിലേക്ക് നയിക്കുന്നു. ഒന്നുമുതൽ മൂന്നു വർഷം വരെ തുടർച്ചയായി ഉപയോഗിച്ചു കഴിയുമ്പോൾ രോഗബാധിതമായ ചിന്താരീതി ചിന്താപ്രക്രിയ ഏറെറടുത്തു തുടങ്ങുന്നു.”—എക്സെക്യൂട്ടിവ് ഹെൽത്ത് റിപ്പോർട്ട്, ഒക്ടോബർ 1977, പേ. 8.
ഐക്യനാടുകളിലെ മയക്കുമരുന്നു ദുരുപയോഗം സംബന്ധിച്ച ദേശീയ സ്ഥാപനത്തിന്റെ മുൻ ഡയറക്ടർ ഡോ. റോബർട്ട് എൽ. ഡ്യൂപോണ്ട് കഴിഞ്ഞ കാലങ്ങളിൽ മാരിഹ്വാനയിൽ നിന്നുളള അപകടം കുറച്ചുകാണിക്കുന്നതായി ഉദ്ധരിക്കപ്പെട്ടിരുന്നുവെങ്കിലും സമീപകാലങ്ങളിൽ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു: “ഈ പകർച്ചവ്യാധി [ചെറുപ്പക്കാർക്കിടയിലെ മാരിഹ്വാനയുടെ ഉപയോഗം] ഉയർത്തിയിരിക്കുന്ന യഥാർത്ഥ പ്രശ്നം ആരോഗ്യത്തിനുളള അപകടമാണ്, രണ്ടു വിധത്തിലെങ്കിലുമുളള അപകടം. ഒന്ന് മത്തുപിടിപ്പിക്കുന്നതിന്റെ ഫലങ്ങളാണ്, അവ വാഹനമോടിക്കലിൻമേലുളള അപകടകരമായ ഫലം മുതൽ സകല കാര്യങ്ങളിലും ശ്രദ്ധക്കുറവ് അനുഭവപ്പെടുക എന്നതുവരെ നീണ്ടു കിടക്കുന്നു. മറേറ മണ്ഡലം തികച്ചും ശാരീരികമാണ്. അത് മാരിഹ്വാന ഉപയോഗിക്കുന്നവരിൽ പതിവായി ബ്രൊങ്കൈററിസ് പിടിപെടുന്നതു മുതൽ ഹാനികരമായ ഹോർമോൺ ഫലങ്ങളും രോഗപ്രതിരോധ വ്യവസ്ഥയുടെമേലുളള ഫലങ്ങളും ക്യാൻസർ പോലും ഉണ്ടാകാനുളള യഥാർത്ഥ സാദ്ധ്യതകളും വരെ ആണ്.”—മോൺട്രീൽ ഗസററ്, മാർച്ച് 22, 1979 പേ. 9.
സയൻസ് ഡൈജസ്ററ് താഴെപ്പറയുന്ന വിശദാംശങ്ങൾ പ്രദാനം ചെയ്തു: “ക്രമമായ അടിസ്ഥാനത്തിൽ മാരിഹ്വാന വലിക്കുന്നത് ഒടുവിൽ മസ്തിഷ്ക്കത്തിലെ നാഡിത്തലപ്പുകൾ തമ്മിലുളള അകലം വർദ്ധിപ്പിക്കുന്നു. ഈ അകലം നിലനിർത്തുന്നതാകട്ടെ ഓർമ്മശക്തി, വികാരം, പെരുമാററം എന്നിവപോലുളള ജീവൽപ്രധാനമായ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്. നാഡികൾ അവയുടെ പ്രവർത്തനം നടത്തുന്നതിന് അവ തമ്മിൽ ആശയവിനിയമം നടക്കേണ്ടതുണ്ട്.” മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങളെപ്പററി അഭിപ്രായം പറഞ്ഞുകൊണ്ട് ലേഖനം ഇപ്രകാരം തുടരുന്നു: “ഏററം ശ്രദ്ധേയമായ ഫലങ്ങൾ കാണപ്പെട്ടത് വികാരങ്ങളോട് ബന്ധപ്പെട്ട സെപ്ററൽ ഭാഗത്തും ഓർമ്മ രൂപപ്പെടുത്തുന്നതിനോട് ബന്ധപ്പെട്ട ഹിപ്പോ ക്യാമ്പസ് ഭാഗത്തും ചിലതരം പെരുമാററങ്ങൾക്ക് ഉത്തരവാദിയായിരിക്കുന്ന അമിഗ്ദലാ ഭാഗത്തുമാണ്.”—മാർച്ച് 1981, പേ. 104.
മാരിഹ്വാന ഉപയോഗിക്കുന്നത് ലഹരി പാനീയങ്ങൾ കഴിക്കുന്നതിനേക്കാൾ ഏതെങ്കിലും തരത്തിൽ മോശമാണോ?
മദ്യം ഒരു ഭക്ഷണ പദാർത്ഥമാണ്. ശരീരപോഷണ പരിണാമത്തിലൂടെ ശരീരം അതിൽ നിന്ന് ഊർജ്ജം സ്വീകരിക്കുകയും ശേഷിക്കുന്ന പാഴ്വസ്തുക്കൾ പുറംതളളുകയും ചെയ്യുന്നു. എന്നിരുന്നാലും ഒരു മാനസിക ഔഷധവിദഗ്ദ്ധൻ ഇപ്രകാരം പറഞ്ഞു: “മാരിഹ്വാന ശക്തമായ ഒരു മയക്കുമരുന്നാണ്, അതിനെ മദ്യത്തോട് താരതമ്യം ചെയ്യുന്നതാണ് നമുക്ക് പററുന്ന ഏററം വലിയ പിശക്.” “തൻമാത്രക്ക് പകരം തൻമാത്ര എന്ന കണക്കിൽ നോക്കിയാൽ [മാരിഹ്വാനയിലുളള] THC ക്ക് മിതമായ തോതിൽ മത്തു പിടിപ്പിക്കുന്ന സംഗതിയിൽ മദ്യത്തേക്കാൾ 10,000 മടങ്ങ് കൂടുതൽ ശക്തിയുണ്ട് . . . THC വളരെ സാവകാശത്തിലേ ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നുളളു, അതിന്റെ ഫലങ്ങളിൽ നിന്ന് വിടുതൽ ലഭിക്കുന്നതിന് പല മാസങ്ങൾ തന്നെ വേണ്ടി വരുന്നു.” (എക്സെക്യൂട്ടീവ് ഹെൽത്ത് റിപ്പോർട്ട്, ഒക്ടോബർ 1977, പേ. 3) നാം എങ്ങനെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് സ്രഷ്ടാവിനറിയാം, അവന്റെ വചനം ലഹരി പാനീയങ്ങളുടെ മിതമായ ഉപയോഗം അനുവദിക്കുന്നു. (സങ്കീ. 104:15; 1 തിമൊ. 5:23) എന്നാൽ അമിത ഭക്ഷണത്തെ കുററം വിധിക്കുന്നതുപോലെ തന്നെ മദ്യത്തിന്റെ അമിതമായ ഉപയോഗത്തെയും അവൻ ശക്തമായി കുററം വിധിക്കുന്നു.—സദൃ. 23:20, 21; 1 കൊരി. 6:9, 10.
പുകവലി യഹോവയുടെ സാക്ഷികൾ വളരെ ഗൗരവമുളള ഒരു തെററായി വീക്ഷിക്കുന്നത് എന്തുകൊണ്ടാണ്?
അത് ജീവന്റെ ദാനത്തോട് അനാദരവ് കാട്ടുന്നു
പ്രവൃ. 17:24, 25: “ലോകവും അതിലുളള സകലവും ഉണ്ടാക്കിയ ദൈവം . . . എല്ലാവർക്കും ജീവനും ശ്വാസവും സകലവും നൽകുന്നു.”
“സിഗറററുകൾ ആയുർദൈർഘ്യം കുറക്കുന്നു എന്നതിനുളള തെളിവ് നിഷേധിക്കാനാവാത്തതാണ്. സിഗറററ് അതിനു കാരണമാകുന്നു എന്ന വസ്തുത വൈദ്യശാസ്ത്ര രംഗത്തെ മറേറതൊരു വസ്തുതയുംപോലെ ഉറപ്പായി സ്ഥാപിക്കപ്പെട്ടിട്ടുളളതാണ്.”—സയൻസ് 80, സെപ്ററംബർ⁄ഒക്ടോബർ, പേ. 42.
“പുകയില ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന രോഗങ്ങൾ നിമിത്തം വർഷംതോറും നാൽപ്പതു ലക്ഷം പേരാണ് മരണമടയുന്നത്, അതായത് എട്ടു സെക്കൻറിൽ ഒരാൾവീതം” എന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. റിപ്പോർട്ട് തുടരുന്നു: “1950 മുതൽ 2000 വരെയുള്ള കാലയളവിൽ വികസിത രാജ്യങ്ങളിൽമാത്രം പുകയില കൊന്നൊടുക്കിയത് ആറുകോടി ആളുകളെയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞവരുടെ എണ്ണത്തെക്കാൾ കൂടുതലാണിത്.”—ലോകാരോഗ്യ സംഘടന, ഫാക്റ്റ് ഷീറ്റ് നമ്പർ 221, ഏപ്രിൽ 1999.
ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നിവ സംബന്ധിച്ച മുൻ യു. എസ്സ്. സെക്രട്ടറി ജോസഫ് കലിഫാനോ ഇപ്രകാരം പറഞ്ഞു: “പുകവലി സാവകാശത്തിലുളള ആത്മഹത്യയാണ് എന്നുളളതിന് ഇന്ന് യാതൊരു സംശയവും ഉണ്ടായിരിക്കാവുന്നതല്ല.”—സ്കൊളാസ്ററിക് സയൻസ് വേൾഡ്, മാർച്ച് 20, 1980, പേ. 13.
അത് ക്രിസ്ത്യാനികൾ ദൈവത്തിന് നൽകാൻ ദൈവം ആവശ്യപ്പെടുന്നതിനോട് പൊരുത്തത്തിലല്ല
റോമ. 12:1: “സഹോദരൻമാരെ ദൈവത്തിന്റെ മനസ്സലിവ് നിമിത്തം ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നത് നിങ്ങളുടെ ശരീരങ്ങളെ ജീവനുളളതും വിശുദ്ധവും ദൈവത്തിന് സ്വീകാര്യവുമായ ഒരു യാഗമായി അർപ്പിക്കാനാണ്, നിങ്ങളുടെ ചിന്താശക്തിയോടുകൂടിയ ഒരു വിശുദ്ധ സേവനമായിട്ടു തന്നെ.”
ഐക്യനാടുകളിലെ സർജൻ ജനറൽ സി. എവറററ് കൂപ്പ് ഇപ്രകാരം പറഞ്ഞു: “നമ്മുടെ സമൂഹത്തിൽ പുകവലി നമുക്കു തടയാവുന്ന മുഖ്യ മരണകാരണമാണെന്ന് വ്യക്തമായി തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു.” (ദി ന്യൂയോർക്ക് ടൈംസ്, ഫെബ്രുവരി 23, 1982, പേ. A1) “ഒരു പുകവലിക്കാരന്റെ ആയുസ്സിന്റെ പ്രതീക്ഷ പുകവലിക്കാത്തയാളിന്റേതിനേക്കാൾ മൂന്നോ നാലോ വർഷം കുറവാണെന്ന് . . . വൈദ്യശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു കനത്ത പുകവലിക്കാരന്റെ—ഒരു ദിവസം രണ്ടോ അതിലധികമോ പായ്ക്കററ് സിഗറററ് വലിക്കുന്നയാളുടെ—ആയുസ്സിന്റെ പ്രതീക്ഷ പുകവലിക്കാത്തയാളിന്റെതിനേക്കാൾ എട്ടു വർഷം വരെ കുറവായിരിക്കാം.” (ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ, 1984, വാല്യം 17, പേ. 430) ഒരു വ്യക്തി തന്റെ ജീവിതം ദൈവസേവനത്തിന് അർപ്പിക്കുകയും അതിനു ശേഷം സാവകാശം അതു നശിപ്പിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കുമോ?
“പുകവലി വിശേഷിച്ചും ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും വളരെ നാശം ചെയ്യുന്നതാകയാൽ ഒരു വ്യക്തി പുകവലിക്കുന്നുവെങ്കിൽ രോഗപ്രതിരോധ ഔഷധങ്ങൾക്ക് ഒട്ടുംതന്നെ ഫലമില്ലാതെ പോകുന്നു.” (യൂണിവേഴ്സിററി ഓഫ് സതേൺ കാലിഫോർണിയ ന്യൂസ് സേർവീസ്, ഫെബ്രുവരി 18, 1982) “സാദ്ധ്യതയനുസരിച്ച് അനാരോഗ്യത്തിനുളള കാരണങ്ങളിൽ നമുക്ക് തടയാവുന്ന ഏററം വലിയ ഒററപ്പെട്ട കാരണം പുകവലിയാണ്.” (ഡോ. എച്ച്. മാഹ്ലർ, ഡയറക്ടർ ജനറൽ ഓഫ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, വേൾഡ് ഹെൽത്തിൽ, ഫെബ്രുവരി⁄മാർച്ച് 1980, പേ. 3) ഒരുവൻ തന്നെത്തന്നെ വിശുദ്ധ സേവനത്തിനായി ദൈവത്തിന് അർപ്പിക്കുകയും അതിനുശേഷം മന:പൂർവ്വം തന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നത് പൊരുത്തമുളള ഒരു കാര്യമാണോ?
പുകവലി നാം നമ്മുടെ അയൽക്കാരനെ സ്നേഹിക്കണമെന്നുളള ദിവ്യനിബന്ധനയുടെ ലംഘനമാണ്
യാക്കോ. 2:8: “നീ നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം.”—മത്തായി 7:12 താരതമ്യപ്പെടുത്തുക.
“പുകവലിക്കുന്ന പുരുഷൻമാരുടെ പുകവലിക്കാത്ത ഭാര്യമാർ പുകവലിക്കാത്ത ഭർത്താക്കൻമാരുളളവരെക്കാൾ ശരാശരി നാലുവയസ്സ് ചെറുപ്പത്തിലെ മരിക്കുന്നു എന്ന് അടുത്തകാലത്തെ ഒരു പഠനം . . . വെളിപ്പെടുത്തി.” (ദി ന്യൂയോർക്ക് ടൈംസ്, നവംബർ 22, 1978 പേ. C5) “ഗർഭിണികളായ സ്ത്രീകൾ പുകവലിക്കുന്നതിനാൽ ഗർഭത്തിൽ വച്ചുതന്നെയോ അല്ലെങ്കിൽ പിറന്ന് ഏറെ താമസിയാതെയോ ശിശു മരിക്കാൻ തക്കവണ്ണമുളള ജനിതക വൈകല്യങ്ങൾക്ക് ഇടയാക്കാൻ കഴിയും.” (ഫാമിലി ഹെൽത്ത്, മേയ് 1979, പേ. 8) കുടുംബാംഗങ്ങളോടുളള അത്തരം സ്നേഹരഹിതമായ പെരുമാററം ഒരു വ്യക്തി ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ പ്രവർത്തിക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്.—1 തിമൊഥെയോസ് 5:8 താരതമ്യം ചെയ്യുക.
“ഒരു ശരാശരി പുകവലിക്കാരൻ സിഗറററ് കത്തിച്ചു വച്ചിരിക്കുന്ന സമയത്തിന്റെ ഒരു ചെറിയ അംശം സമയത്തു മാത്രമേ യഥാർത്ഥത്തിൽ അതു വലിക്കുന്നുളളു എന്നതിനാൽ പുകവലിക്കാത്തയാൾ തന്റെ ഇഷ്ടത്തിന് വിപരീതമായി അടുത്തിരിക്കുന്ന പുകവലിക്കാരന്റെ ഒപ്പം തന്നെ കാർബൺ മോണോക്സൈഡും ററാറും നിക്കോട്ടിനും ശ്വസിക്കാൻ ഇടയാകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.” (ററുഡേയ്സ് ഹെൽത്ത്, ഏപ്രിൽ 1972, പേ. 39) തന്റെ സഹമനുഷ്യനോട് ഇത്തരത്തിൽ സ്നേഹരഹിതമായി പെരുമാറുന്ന ഒരു വ്യക്തി ദൈവത്തെ സ്നേഹിക്കുന്നു എന്നതിനും തെളിവ് നൽകുന്നില്ല.—1 യോഹന്നാൻ 4:20 കാണുക.
മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് തെററാണെങ്കിൽ ദൈവം എന്തിനാണ് അവ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ചെടികൾ സൃഷ്ടിച്ചത്?
ദുരുപയോഗപ്പെടുത്തുന്ന വസ്തുക്കൾക്ക് സാധാരണയായി ഉചിതമായ ഉപയോഗവുമുണ്ട്. മനുഷ്യന്റെ പുനരുൽപ്പാദന പ്രാപ്തിയെ സംബന്ധിച്ച് ഇതു സത്യമാണ്. വീഞ്ഞിനെ സംബന്ധിച്ച് അത് സത്യമാണ്. മാരിഹ്വാന നിർമ്മിക്കപ്പെടുന്നത് ചണച്ചെടിയുടെ ഉണങ്ങിയ ഇലയിൽ നിന്നും പൂക്കുലയിൽ നിന്നുമാണ്, അത് കയറും തുണിയും ഉണ്ടാക്കാൻ ഉപയോഗിക്കാവുന്ന തരം നാര് പ്രദാനം ചെയ്യുന്നു. പുകവലിക്കാർ ദുരുപയോഗപ്പെടുത്തുന്ന പുകയിലയും, അണുനാശിനികളും കീടനാശിനികളും നിർമ്മിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും. ഭൂമിയിലെ അനേകം വിഭവങ്ങളെ സംബന്ധിച്ചാണെങ്കിൽ അവ എങ്ങനെ പ്രയോജനകരമായി ഉപയോഗിക്കാൻ കഴിയും എന്നതിനെപ്പററി ഇനിയും വളരെയധികം പഠിക്കേണ്ടതായിട്ടുണ്ട്. കളകൾപോലും മണ്ണൊലിപ്പ് തടയുന്നതിനും നിലത്തു കൃഷിയിറക്കാത്തപ്പോൾ അതിന് ബാഹ്യാവരണമായും പ്രയോജനപ്പെടുന്നു.
പുകവലിയിൽ നിന്നോ മററ് മയക്കുമരുന്നുകളുടെ ഉപയോഗത്തിൽനിന്നോ സ്വതന്ത്രനാകാൻ ശ്രമിച്ചിട്ട് വിജയിച്ചിട്ടില്ലെങ്കിൽ ഒരു വ്യക്തിക്ക് എന്തു ചെയ്യാൻ കഴിയും?
ഒന്നാമതായി, ബൈബിൾ പഠനത്തിലൂടെയും ധ്യാനത്തിലൂടെയും ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും അവന്റെ നീതിയുളള പുതിയ വ്യവസ്ഥിതിയിൽ ജീവിക്കുന്നതിനുമുളള ഒരു ശക്തമായ ആഗ്രഹം നിങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. നിങ്ങൾ അവനോട് അടുത്തുചെല്ലുന്നുവെങ്കിൽ നിങ്ങൾക്ക് ആവശ്യമായ സഹായം നൽകിക്കൊണ്ട് അവൻ നിങ്ങളോട് അടുത്തുവരും.—യാക്കോ. 4:8.
ഇത്തരം ശീലങ്ങളുടെ ദോഷം സംബന്ധിച്ച് ബോദ്ധ്യപ്പെടുന്നതും അവയോടുളള ഒരു യഥാർത്ഥ വെറുപ്പ് വളർത്തിയെടുക്കുന്നതും പ്രധാനമാണ്. (സങ്കീ. 97:10) ഈ പുസ്തകത്തിൽ മുകളിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ പുനഃപരിശോധിക്കുന്നതിനാലും ഇത്തരം ശീലങ്ങളിൽ നിന്ന് ലഭിച്ചേക്കാവുന്ന താൽക്കാലിക ഉല്ലാസത്തെപ്പററിയല്ല മറിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്നത് എന്ത് എന്നതിനെപ്പററിയും ഈ ദുശ്ശീലങ്ങളുടെ ഫലങ്ങൾ എത്ര വെറുക്കത്തക്കതാണ് എന്നതിനെപ്പററിയും ധ്യാനിക്കുന്നതിനാലും അത് ചെയ്യാൻ കഴിയും.
പുകവലിക്കുന്നതിനോ മറേറതെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനോ നിങ്ങൾക്ക് ശക്തമായ ആഗ്രഹം അനുഭവപ്പെടുന്നെങ്കിൽ സഹായത്തിനുവേണ്ടി ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. (ലൂക്കോ. 11:9, 13; ഫിലിപ്പിയർ 4:13 താരതമ്യം ചെയ്യുക.) ഉടനടി അത് ചെയ്യുക. കൂടാതെ നിങ്ങളുടെ ബൈബിൾ എടുത്ത് ഉച്ചത്തിൽ അതിൽ നിന്ന് വായിക്കുക, അല്ലെങ്കിൽ പക്വതയുളള ഒരു ക്രിസ്ത്യാനിയുമായി ബന്ധപ്പെടുക. എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തോട് പറയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുക.