യഹൂദൻമാർ
നിർവ്വചനം: ഇന്ന് സാധാരണ ഉപയോഗിക്കപ്പെടുന്നതനുസരിച്ച് ഈ പദം എബ്രായ വംശത്തിൽപ്പെട്ട ആളുകളെയും യഹൂദ മതത്തിലേക്ക് പരിവർത്തനം ചെയ്തവരെയും അർത്ഥമാക്കുന്നു. ആത്മീയമായി യഹൂദൻമാരായിരിക്കുന്ന ക്രിസ്ത്യാനികളുണ്ടെന്നും അവരാണ് “ദൈവത്തിന്റെ ഇസ്രായേൽ” എന്നും ഉളള വസ്തുതയിലേക്ക് ബൈബിൾ ശ്രദ്ധ ക്ഷണിക്കുന്നു.
ഇന്ന് സ്വാഭാവിക ഇസ്രായേല്യർ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാണോ?
അനേകം യഹൂദരുടെയും വിശ്വാസം അതാണ്. എൻസൈക്ലോപ്പീഡിയ ജൂഡെയിക്ക (യെരൂശലേം, 1971, വാല്യം 5, കോളം 498) ഇപ്രകാരം പറയുന്നു: “തെരഞ്ഞെടുക്കപ്പെട്ട ജനം ഇസ്രായേൽ ജനത്തിന് പൊതുവേ ഉപയോഗിക്കപ്പെടുന്ന ഒരു പദവി നാമം, അഖിലാണ്ഡത്തിന്റെ ദൈവവുമായി ഇസ്രായേൽ ജനം ഒരു അതുല്യമായ പ്രത്യേക ബന്ധത്തിലാണ് എന്ന് അത് പ്രകടമാക്കുന്നു. യഹൂദ്യ ചിന്തയുടെ ചരിത്രത്തിലുടനീളം ഇത് ഒരു കേന്ദ്ര ആശയമായിരിക്കുന്നു.”—ആവർത്തനം 7:6-8; പുറപ്പാട് 19:5 എന്നിവ കാണുക.
ക്രൈസ്തവ ലോകത്തിലെ അനേകരും സമാനമായ വീക്ഷണം വച്ചു പുലർത്തുന്നു. അററ്ലാൻറാ ജേർണൽ ആൻഡ് കോൺസ്ററിററ്യൂഷന്റെ “മതം” എന്ന വിഭാഗം (ജനുവരി 22, 1983, പേ. 5-B) ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ദൈവം ‘തന്റെ ജനമായ ഇസ്രായേലിനെ തളളിക്കളഞ്ഞിട്ട്’ തൽസ്ഥാനത്ത് ‘പുതിയ ഇസ്രായേലിനെ’ സ്ഥാപിച്ചു എന്ന നൂററാണ്ടുകൾ പഴക്കമുളള സഭകളുടെ പഠിപ്പിക്കലിന് വിപരീതമായി അദ്ദേഹം [ഫിലദൽഫിയയിലെ റെറമ്പിൾ യൂണിവേഴ്സിററി ദൈവശാസ്ത്രജ്ഞനായ പോൾ എം. വാൻ ബ്യൂറൻ] പറയുന്നു ‘ദൈവവും യഹൂദജനവുമായുളള ഉടമ്പടി നിത്യമാണ്’ എന്ന് സഭകൾ ഇപ്പോൾ ഉറപ്പിച്ചു പറയുന്നു. ‘അററ്ലാൻറിക്കിന്റെ ഇരുപുറവുമുളള പ്രോട്ടസ്ററൻറുകാരും കത്തോലിക്കരും ഈ അതിശയകരമായ കീഴ്മേൽ മറിക്കൽ നടത്തിയിരിക്കുന്നു.’” ദി ന്യൂയോർക്ക് ടൈംസ്, (ഫെബ്രുവരി 6, 1983, പേ. 42) ഇപ്രകാരം കൂട്ടിച്ചേർത്തു: “‘ഇവാഞ്ചലിക്കൽ സഭകൾക്ക് ഇസ്രായേല്യരോട് ഒരു പ്രത്യേക ആകർഷണവും ദൈവം ഇസ്രായേല്യരുടെ പക്ഷത്താകയാൽ ഇസ്രായേല്യർ ചെയ്യുന്നതിനെല്ലാം പിന്തുണ കൊടുക്കണമെന്ന വിശ്വാസവുമുണ്ട്,’ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിററിയിലെ ഒരു ദൈവശാസ്ത്ര പ്രൊഫസറും വെസ്ലിയൻ സുവിശേഷകനുമായ തിമൊഥി സ്മിത്ത് പറഞ്ഞു.” ക്രൈസ്തവ ലോകത്തിലെ ചിലർ എല്ലാ സ്വാഭാവിക ഇസ്രായേല്യരുടെയും മാനസാന്തരവും അന്തിമമായ രക്ഷയും പ്രതീക്ഷിക്കുന്നു. ദൈവവും ഇസ്രായേല്യരുമായി എന്നും അഭേദ്യമായ ഒരു ബന്ധമുണ്ടായിരുന്നെന്ന് മററു ചിലർ കരുതുന്നു, അതുകൊണ്ട് ക്രിസ്തു മുഖേന രമ്യപ്പെടേണ്ടത് ജാതികൾ മാത്രമാണെന്നും അവർ വാദിക്കുന്നു.
ഇത് പരിഗണിക്കുക: ബാബിലോന്യ പ്രവാസത്തെ തുടർന്ന് ഇസ്രായേൽ അതിന്റെ ദേശത്തു പുന:സ്ഥിതീകരിക്കപ്പെടുമ്പോൾ തങ്ങളുടെ ദൈവദത്തമായ ദേശത്ത് ജനം സത്യാരാധന പുന:സ്ഥാപിക്കേണ്ടിയിരുന്നു. ഏറെറടുക്കപ്പെട്ട ആദ്യ പദ്ധതികളിലൊന്ന് യരൂശലേമിലെ, യഹോവയുടെ ആലയത്തിന്റെ പുനർനിർമ്മാണമായിരുന്നു. എന്നിരുന്നാലും പൊ. യു. 70-ലെ റോമാക്കാരാലുളള യെരൂശലേമിന്റെ നാശത്തിനു ശേഷം ഒരിക്കലും ആലയം പുനർനിർമ്മിക്കപ്പെട്ടില്ല. മറിച്ച് മുമ്പത്തെ ആലയത്തിന്റെ സ്ഥാനത്ത് ഇന്നുളളത് ഇസ്ലാമിന്റെ ഒരു ആരാധനാലയമാണ്. തങ്ങൾ ഇപ്പോഴും മോശൈക ന്യായപ്രമാണത്തിൻ കീഴിലാണെന്നു പറയുന്ന യഹൂദൻമാർ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമെന്ന നിലയിൽ യെരൂശലേമിലുണ്ടായിരുന്നെങ്കിൽ ദൈവത്തിന്റെ ആരാധനക്കായുളള ആലയം പുനർനിർമ്മിക്കപ്പെടുകയില്ലായിരുന്നോ?
മത്താ. 21:42, 43: “യേശു അവരോട് [യെരൂശലേമിലെ യഹൂദ ജനത്തിന്റെ പ്രധാന പുരോഹിതൻമാരോടും മൂപ്പൻമാരോടും] പറഞ്ഞു: ‘“പണിക്കാർ തളളിക്കളഞ്ഞ കല്ലുതന്നെ മുഖ്യമൂലക്കല്ലായിത്തീർന്നിരിക്കുന്നു. യഹോവയാൽ ഇതു സംഭവിച്ചിരിക്കുന്നു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന് നിങ്ങൾ ഒരിക്കലും തിരുവെഴുത്തുകളിൽ വായിച്ചിട്ടില്ലയോ? അതുകൊണ്ടാണ് രാജ്യം നിങ്ങളിൽ നിന്ന് എടുത്ത് ഫലം കായ്ക്കുന്ന ഒരു ജനതക്ക് ഏൽപ്പിക്കപ്പെടും എന്ന് ഞാൻ നിങ്ങളോട് പറയുന്നത്.’”
മത്താ. 23:37, 38: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകൻമാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളെ—കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കും പോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ ഞാൻ എത്രവട്ടം ആഗ്രഹിച്ചു! എന്നാൽ നിങ്ങളോ അത് ആഗ്രഹിച്ചില്ല. നോക്കൂ! നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.”
അബ്രഹാമിനോടുളള ദൈവത്തിന്റെ ഉടമ്പടി യഹൂദൻമാർ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായി തുടരുന്നു എന്നതിന് ഉറപ്പാണോ?
ഗലാ. 3:27-29: “ക്രിസ്തുവിലേക്ക് സ്നാപനമേററ നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യഹൂദനെന്നോ യവനനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഇല്ല; എന്തുകൊണ്ടെന്നാൽ ക്രിസ്തുയേശുവിനോടുളള ഐക്യത്തിൽ നിങ്ങൾ ഒരു വ്യക്തിയാകുന്നു. മാത്രവുമല്ല, നിങ്ങൾ ക്രിസ്തുവിനുളളവരെങ്കിൽ നിങ്ങൾ വാസ്തവത്തിൽ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്തം സംബന്ധിച്ച് അവകാശികളുമാകുന്നു.” (അതുകൊണ്ട് ദൈവത്തിന്റെ വീക്ഷണത്തിൽ അബ്രഹാമിന്റെ സന്തതി ആരാണെന്ന് തീരുമാനിക്കുന്നത് മേലാൽ അബ്രഹാമിൽനിന്നുളള സ്വാഭാവിക വംശോൽപത്തിയല്ല.)
എല്ലാ യഹൂദൻമാരും ക്രിസ്തുവിലുളള വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുകയും രക്ഷ പ്രാപിക്കുകയും ചെയ്യുമോ?
റോമ. 11:25, 26: “സഹോദരൻമാരെ, നിങ്ങൾ വിവേകികളെന്ന് നിങ്ങൾക്കു തന്നെ തോന്നാതിരിക്കാൻ ഈ പാവന രഹസ്യം സംബന്ധിച്ച് നിങ്ങൾ അജ്ഞരായിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. ജനതകളിൽ നിന്നുളള പൂർണ്ണ സംഖ്യ വന്നു ചേരുവോളം ഇസ്രായേല്യർക്ക് ഭാഗികമായി ഹൃദയകാഠിന്യം സംഭവിച്ചിരിക്കുന്നു, ഈ വിധത്തിൽ [“ഇങ്ങനെയാണ്,” TEV; “അപ്രകാരം,” CC, By; ഗ്രീക്ക്, ഹൗടോസ്] എല്ലാ ഇസ്രായേലും രക്ഷിക്കപ്പെടും.” (“എല്ലാ ഇസ്രായേലും” രക്ഷിക്കപ്പെടുന്നത് എല്ലാ യഹൂദൻമാരുടെയും മാനസാന്തരം കൊണ്ടല്ല, മറിച്ച് പുറജാതി ജനതകളിൽ നിന്നുളള ആളുകൾ ‘വരുന്നതിനാലാണ്’ എന്ന് കുറിക്കൊളളുക. ചില വിവർത്തകർ 26-ാം വാക്യം ഇപ്രകാരം തർജ്ജമ ചെയ്തിരിക്കുന്നു: “പിന്നീട് ഇതിനു ശേഷം ഇസ്രായേലിൽ ശേഷിച്ചവർ രക്ഷിക്കപ്പെടും.” എന്നാൽ ഏ മാനുവൽ ഗ്രീക്ക് ലെക്സിക്കൻ ഓഫ് ദി ന്യൂ റെറസ്ററമെൻറ് [എഡിൻബർഗ്, 1937, ജി. ആബട്ട് സ്മിത്ത്, പേ. 329] ഹൗടോസ് എന്നതിന്റെ അർത്ഥം “ഈ വിധത്തിൽ, അങ്ങനെ, അപ്രകാരം” എന്നാണ് കൊടുത്തിരിക്കുന്നത്.)
റോമർ 11:25, 26-ൽ രേഖപ്പെടുത്തിയിരിക്കുന്നത് കൃത്യമായി മനസ്സിലാക്കുന്നതിന് റോമാ ലേഖനത്തിൽ നേരത്തെയുളള ഈ പ്രസ്താവന നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു: “പുറമേ യഹൂദനായവൻ യഹൂദനല്ല, പുറമേ ജഡത്തിലുളളത് പരിച്ഛേദനയുമല്ല. അകമേ യഹൂദനായവനത്രേ യഹൂദൻ; എഴുതപ്പെട്ട ഒരു നിയമത്താലല്ല ഹൃദയത്തിൽ ആത്മാവിനാലുളള പരിച്ഛേദനയത്രേ അവന്റെ പരിച്ഛേദന.” (2:28, 29) “ഇസ്രായേലിൽ നിന്ന് ഉത്ഭവിച്ചവരെല്ലാം യഥാർത്ഥത്തിൽ ‘ഇസ്രായേല’ല്ല.”—9:6.
രക്ഷിക്കപ്പെടുന്നതിന് യഹൂദൻമാർ യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കേണ്ടതുണ്ടോ?
‘അനേകരുടെ പാപങ്ങൾ വഹിക്കുന്നതിനും അതിക്രമികൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നതിനുമുളള’ മശിഹായുടെ മരണത്തെ യെശയ്യാവ് 53:1-12 മുൻകൂട്ടിപ്പറഞ്ഞു. ദാനിയേൽ 9:24-27 മശിഹായുടെ വരവിനെയും അവന്റെ മരണത്തെയും ‘പാപത്തിന് അന്ത്യം വരുത്തുന്നതിനോടും അകൃത്യം ക്ഷമിക്കുന്നതിനോടും’ ബന്ധപ്പെടുത്തി. (JP) യഹൂദൻമാർക്ക് അത്തരത്തിലുളള മാദ്ധ്യസ്ഥവും ക്ഷമയും ആവശ്യമായിരുന്നുവെന്ന് ഈ രണ്ടു വേദഭാഗങ്ങളും കാണിച്ചുതരുന്നു. മശിഹായെ തളളിക്കളയാനും അതേസമയം അവനെ അയച്ചവന്റെ അംഗീകാരം ഉണ്ടായിരിക്കാനും അവർക്ക് പ്രതീക്ഷിക്കാൻ കഴിയുമായിരുന്നോ?
പ്രവൃ. 4:11, 12: “[യേശുക്രിസ്തുവിനെ സംബന്ധിച്ച് യെരൂശലേമിലെ യഹൂദ ഭരണാധിപൻമാരോടും മൂപ്പൻമാരോടും ഇപ്രകാരം പറയാൻ അപ്പോസ്തലനായ പത്രോസ് പരിശുദ്ധാത്മാവിനാൽ പ്രേരിതനായി:] ‘പണിക്കാരായ നിങ്ങൾ വിലയില്ലാത്തതായി തളളിക്കളഞ്ഞതും കോണിന്റെ മൂലക്കല്ലായിത്തീർന്നതുമായ കല്ല്’ ഇതു തന്നെ. മാത്രവുമല്ല, മറെറാരുത്തനിലും രക്ഷയില്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.” (ഇസ്രായേൽ ജനത മേലാൽ പ്രത്യേക ദൈവപ്രീതി ആസ്വദിക്കുന്നില്ലെങ്കിലും എല്ലാ ജനതകളിലെയും ആളുകളുടെ കാര്യത്തിലെന്നപോലെ വ്യക്തികളായ യഹൂദൻമാർക്ക് മശിഹായായ യേശുവിലൂടെ സാദ്ധ്യമാക്കിത്തീർത്ത രക്ഷയിൽ നിന്ന് പ്രയോജനമനുഭവിക്കുന്നതിനുളള വഴി തുറന്നിരിക്കുന്നു.)
ഇന്ന് ഇസ്രായേലിൽ നടക്കുന്ന സംഭവങ്ങൾ ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയാണോ?
യെഹെ. 37:21, 22, JP: “കർത്താവായ ദൈവം ഇപ്രകാരം പറയുന്നു: ഞാൻ ഇസ്രായേൽ പുത്രൻമാരെ അവർ ചെന്നു ചേർന്നിരിക്കുന്ന ജനതകളുടെയിടയിൽ നിന്ന് എല്ലാം ശേഖരിച്ച് അവരുടെ സ്വന്തം ദേശത്തേക്ക് കൊണ്ടുവരും. ഞാൻ അവരെ ആ ദേശത്ത് ഇസ്രായേൽ പർവ്വതങ്ങളിൽ തന്നെ ഒരു ജനതയാക്കും, ഒരു രാജാവ് അവർക്കെല്ലാം രാജാവായിരിക്കും.” (ഇന്ന് ഇസ്രായേൽ ദാവീദിന്റെ രാജകീയ വംശത്തിലെ ഒരു രാജാവിന്റെ കീഴിലല്ല. അവരുടേത് ഒരു റിപ്പബ്ലിക്കാണ്.)
യെശ. 2:2-4, JP: “ദിവസങ്ങളുടെ അറുതിയിൽ കർത്താവിന്റെ ആലയമുളള പർവ്വതം പർവ്വതങ്ങളുടെ മുകളിൽ സ്ഥാപിതവും കുന്നുകൾക്ക് മീതെ ഉന്നതവുമായിരിക്കും; സകല ജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. അനേക ജനതകളും ചെന്ന് ഇങ്ങനെ പറയും: ‘വരുവിൻ, നമുക്ക് കർത്താവിന്റെ പർവ്വതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; അവൻ തന്റെ വഴികൾ നമ്മെ പഠിപ്പിക്കുകയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും.’ . . . അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചു തീർക്കും; ജനത ജനതക്ക് നേരെ വാൾ ഓങ്ങുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.” (മുമ്പ് ആലയം ഇരുന്ന സ്ഥാനത്ത് ഇന്ന് “യാക്കോബിൻ ദൈവത്തിന്റെ ആലയ”മില്ല, മറിച്ച് ഒരു ഇസ്ലാമിക ആരാധനാലയമാണുളളത്. ഇസ്രായേലിന്റെയോ അതിന്റെ അയൽ രാജ്യങ്ങളുടെയോ ഭാഗത്ത് “വാളുകളെ കൊഴുക്കളായി അടിച്ചു തീർക്കാനുളള” യാതൊരു നീക്കവുമില്ല. അവർ അതിജീവനത്തിന് സൈനികമായ തയ്യാറെടുപ്പിലാണ് ആശ്രയിക്കുന്നത്.)
യെശ. 35:1, 2, JP: “വിജനപ്രദേശവും വരണ്ടനിലവും ആനന്ദിക്കും. മരുഭൂമി സന്തോഷിച്ച് പനിനീർപുഷ്പം പോലെ പൂക്കും. അത് സമൃദ്ധമായി പുഷ്പിക്കുകയും സന്തോഷത്തോടും പാട്ടോടും കൂടെ ഉല്ലസിക്കുകയും ചെയ്യും; ലെബാനോന്റെ മഹത്വവും കാർമ്മേലിന്റെയും ശാരോന്റെയും ശ്രേഷ്ഠതയും അതിന് നൽകപ്പെടും; അവർ കർത്താവിന്റെ മഹത്വവും നമ്മുടെ ദൈവത്തിന്റെ ശ്രേഷ്ഠതയും ദർശിക്കും.” [വനവൽക്കരണത്തിനും ജലസേചനത്തിനും വേണ്ടിയുളള ശ്രദ്ധേയമായ പദ്ധതികൾ ഇസ്രായേലിൽ വിജയകരമായി നടപ്പാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതിന്റെ നേതാക്കൻമാർ അതിനുളള മഹത്വം കർത്താവായ ദൈവത്തിന് നൽകുന്നില്ല. ഒരു മുൻ പ്രധാനമന്ത്രി ഡേവിഡ് ബെൻ-ഗുരിയോൺ പറഞ്ഞ പ്രകാരം: “മരുഭൂമിയെ കീഴടക്കാനും ശാസ്ത്രത്തിന്റെയും നമ്മുടെ പയനിയർ ആത്മാവിന്റെയും ബലത്തിൽ അവിടെ സമൃദ്ധി കൈവരുത്താനും ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ ഒരു ശക്തിദുർഗ്ഗമായി മാററാനും ഇസ്രായേൽ . . . പ്രതിജ്ഞാ ബദ്ധമാണ്.”)
സെഖ. 8:23, JP: “ആ കാലത്ത് ജനതകളുടെ സകല ഭാഷകളിൽ നിന്നുമുളള പത്തുപേർ യഹൂദനായ ഒരുവന്റെ വസ്ത്രാഗ്രം പിടിച്ച്, ദൈവം നിങ്ങളോടുകൂടെയുണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്ന് പറയും.” (ഈ പ്രവചനം ഏതു ദൈവത്തെ സംബന്ധിച്ചാണ്? എബ്രായ ഭാഷയിലെ ഈ പേര് [יהוה, യഹോവ എന്ന് സാധാരണ തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു] വിശുദ്ധ തിരുവെഴുത്തുകളുടെ ഈ ഒരു പുസ്തകത്തിൽ തന്നെ 130-ലധികം പ്രാവശ്യം കാണപ്പെടുന്നു. ഇന്ന് ആരെങ്കിലും ആ പേര് ഉപയോഗിക്കുമ്പോൾ അയാൾ ഒരു യഹൂദനാണെന്ന് ആളുകൾ നിഗമനം ചെയ്യുമോ? ഇല്ല; നൂററാണ്ടുകളായി അന്ധവിശ്വാസം യഹൂദ ജനതമൊത്തത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ പേര് ഉച്ചരിക്കുന്നതിൽ നിന്ന് മാറി നിൽക്കാൻ ഇടയാക്കിയിരിക്കുന്നു. ഇന്ന് സ്വാഭാവിക ഇസ്രായേലിനെ സംബന്ധിച്ചുളള മതപരമായ താൽപര്യത്തിന്റെ ഉണർവ് ഈ പ്രവചനത്തോട് പൊരുത്തപ്പെടുന്നില്ല.)
അപ്പോൾ പിന്നെ ആധുനിക ഇസ്രായേലിലെ സംഭവങ്ങൾ എങ്ങനെയാണ് വീക്ഷിക്കപ്പെടേണ്ടത്? ബൈബിളിൽ മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്ന ആഗോള സംഭവവികാസങ്ങളുടെ ഭാഗമായി മാത്രം. അവയിൽ യുദ്ധം, നിയമരാഹിത്യം, ദൈവത്തോടുളള സ്നേഹത്തിന്റെ തണുത്തുപോകൽ, പണസ്നേഹം എന്നിവ ഉൾപ്പെടുന്നു.—മത്താ. 24:7, 12; 2 തിമൊ. 3:1-5.
ഇസ്രായേലിന്റെ പുന:സ്ഥിതീകരണം സംബന്ധിച്ച പ്രവചനങ്ങൾ ഇന്ന് ആരുടെ ഇടയിലാണ് നിവൃത്തിയേറിയിരിക്കുന്നത്?
ഗലാ. 6:15, 16: “പരിച്ഛേദനയോ പരിച്ഛേദനയില്ലായ്മയോ ഏതുമില്ല, എന്നാൽ ഒരു പുതിയ സൃഷ്ടിയത്രേ കാര്യം. ഈ പെരുമാററ നിയമമനുസരിച്ച് നടക്കുന്ന എല്ലാവർക്കും, ദൈവത്തിന്റെ ഇസ്രായേലിനു തന്നെ, സമാധാനവും കരുണയും ഉണ്ടാകട്ടെ.” (അതുകൊണ്ട് തന്റെ ഭവനത്തിലെ പുരുഷപ്രജയൊക്കെയും പരിച്ഛേദന കഴിപ്പിക്കപ്പെടണം എന്ന് അബ്രഹാമിന്റെ മേൽ വയ്ക്കപ്പെട്ട നിബന്ധന അനുസരിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല “ദൈവത്തിന്റെ ഇസ്രായേലിനെ” നിശ്ചയിക്കുന്നത്. മറിച്ച്, ഗലാത്യർ 3:26-29-ൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നതുപോലെ ക്രിസ്തുവിനുളളവർ, ആത്മാവിനാൽ ജനിപ്പിക്കപ്പെട്ട ദൈവപുത്രൻമാർ “വാസ്തവത്തിൽ അബ്രഹാമിന്റെ സന്തതിയാണ്.”)
യിരെ. 31:31-34: “‘നോക്കൂ! ഞാൻ ഇസ്രായേൽ ഗൃഹത്തോടും യഹൂദാ ഗൃഹത്തോടും ഒരു പുതിയ ഉടമ്പടി ചെയ്യുന്ന നാളുകൾ വരുന്നു’ എന്നാണ് യഹോവയുടെ അരുളപ്പാട് . . . ‘ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും “യഹോവയെ അറിയുക!” എന്ന് പറഞ്ഞ് ഉപദേശിക്കുകയില്ല; എന്തുകൊണ്ടെന്നാൽ അവരിൽ ഏററം ചെറിയവൻ മുതൽ ഏററം വലിയവൻ വരെ എല്ലാവരും എന്നെ അറിയും,’ എന്നാണ് യഹോവയുടെ അരുളപ്പാട്.” (ആ പുതിയ ഉടമ്പടി സ്വാഭാവിക ഇസ്രായേൽ ജനതയോടല്ല മറിച്ച് യേശുക്രിസ്തുവിന്റെ വിശ്വസ്ത അനുയായികളോടാണ് ചെയ്യപ്പെട്ടത്; അവർക്കായിരുന്നു സ്വർഗ്ഗീയ ജീവന്റെ പ്രത്യാശ വച്ചുനീട്ടപ്പെട്ടത്. തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തുകയിൽ അവർക്ക് ഒരു പാനപാത്രം വീഞ്ഞ് കൊടുത്തുകൊണ്ട് യേശു പറഞ്ഞു: “ഈ പാനപാത്രം എന്റെ രക്തത്താലുളള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു.” [1 കൊരി. 11:25])
വെളി. 7:4: “മുദ്രയിടപ്പെട്ടവരുടെ എണ്ണം ഞാൻ കേട്ടു, ഇസ്രായേൽ പുത്രൻമാരുടെ എല്ലാ ഗോത്രങ്ങളിൽ നിന്നുമായി നൂററിനാൽപ്പത്തിനാലായിരം പേർ മുദ്രയിടപ്പെട്ടു.” (തുടർന്നു വരുന്ന വാക്യങ്ങളിൽ “ലേവി ഗോത്ര”വും “ജോസഫിന്റെ ഗോത്ര”വും ഉൾപ്പെടുത്തിയിരിക്കുന്നു. ഇവർ സ്വാഭാവിക ഇസ്രായേലിന്റെ 12 ഗോത്രങ്ങളിൽ ഉൾപ്പെട്ടിരുന്നില്ല. രസാവഹമായി, “എല്ലാ ഗോത്രത്തിലും നിന്നു”ളളവർ “മുദ്രയിടപ്പെടു”മെന്ന് പറയപ്പെട്ടിരിക്കുന്നുവെങ്കിലും ദാൻ, എഫ്രയീം എന്നീ ഗോത്രങ്ങൾ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല. [സംഖ്യാപുസ്തകം 1:4-16 താരതമ്യം ചെയ്യുക.] ഇവിടെ, സ്വർഗ്ഗീയ രാജ്യത്തിൽ ക്രിസ്തുവിനോടുകൂടെ ഓഹരിക്കാരാകുമെന്ന് വെളിപ്പാട് 14:1-3-ൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ ആത്മീയ ഇസ്രായേലിനെയായിരിക്കണം പരാമർശിക്കുന്നത്.)
എബ്രാ. 12:22: “നിങ്ങൾ സീയോൻ മലയെയും ജീവനുളള ദൈവത്തിന്റെ ഒരു നഗരമായ സ്വർഗ്ഗീയ യെരൂശലേമിനെയും അനേകായിരം ദൂതൻമാരെയും സമീപിച്ചിരിക്കുന്നു.” (അതുകൊണ്ട് ഭൗമിക യെരൂശലേമിലേക്കല്ല മറിച്ച് “സ്വർഗ്ഗീയ യെരൂശലേമിലേക്കാണ്” സത്യക്രിസ്ത്യാനികൾ ദൈവിക വാഗ്ദത്തങ്ങളുടെ നിവൃത്തിക്കായി നോക്കുന്നത്.)