അധ്യായം 87
പ്രായോഗിക ജ്ഞാനത്തോടെ ഭാവിക്കുവേണ്ടി കരുതുക
യേശു തന്റെ ശിഷ്യൻമാരും സത്യസന്ധരല്ലാത്ത നികുതിപിരിവുകാരും അറിയപ്പെടുന്ന മററു പാപികളും ശാസ്ത്രിമാരും പരീശൻമാരുമെല്ലാം ഉൾപ്പെടെ ഒരു ജനക്കൂട്ടത്തോട് ധൂർത്തപുത്രന്റെ കഥ പറഞ്ഞു കഴിഞ്ഞതേയുളളു. ഇപ്പോൾ തന്റെ ഗൃഹവിചാരകനെക്കുറിച്ച് അല്ലെങ്കിൽ കാര്യസ്ഥനെക്കുറിച്ച് മോശമായ റിപ്പോർട്ട് ലഭിച്ച ധനവാനായ ഒരു മനുഷ്യനെക്കുറിച്ചുളള ഒരു ഉപമ യേശു തന്റെ ശിഷ്യൻമാരോടായി പറയുന്നു.
യേശു പറയുംപ്രകാരം ആ ധനവാനായ മനുഷ്യൻ തന്റെ കാര്യസ്ഥനെ വിളിച്ച് താൻ അയാളെ പിരിച്ചുവിടാൻ പോവുകയാണെന്ന് പറയുന്നു. “എന്റെ യജമാനൻ കാര്യസ്ഥത എന്നിൽ നിന്ന് എടുത്തു കളയാൻ പോവുകയാണ്, ഞാൻ എന്തു ചെയ്യും?” എന്ന് ആ ഗൃഹവിചാരകൻ ചിന്തിക്കുന്നു. “കിളക്കുവാൻ എനിക്ക് ആരോഗ്യമില്ല, ഇരക്കുവാൻ ഞാൻ ലജ്ജിക്കുന്നു. ഹാ! ഗൃഹവിചാരകസ്ഥാനത്തു നിന്ന് എന്നെ നീക്കിയാൽ ആളുകൾ അവരുടെ ഭവനങ്ങളിൽ എന്നെ സ്വീകരിക്കാൻ തക്കവണ്ണം എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയാം.”
ആ ഗൃഹവിചാരകന്റെ പദ്ധതി എന്താണ്? അയാൾ തന്റെ യജമാനന്റെ കടക്കാരെ വിളിക്കുന്നു. “നീ എന്തു കടപ്പെട്ടിരിക്കുന്നു?” അയാൾ ചോദിക്കുന്നു.
ഒന്നാമത്തവൻ മറുപടിയായി പറയുന്നു, ‘2,320 ലിററർ ഒലിവ് എണ്ണ’.
‘നീ നിന്റെ കരാർ തിരികെ വാങ്ങി ഇവിടെ ഇരുന്ന് വേഗത്തിൽ 1,160 എന്ന് എഴുതുക’ അയാൾ അവനോട് പറയുന്നു.
അയാൾ മറെറാരുവനോട് ചോദിക്കുന്നു: ‘ആകട്ടെ, നീ എന്താണ് കടപ്പെട്ടിരിക്കുന്നത്?’
അവൻ പറയുന്നു: ‘22,050 പറ കോതമ്പ്.’
‘നിന്റെ കരാർ എടുത്ത് 17,640 എന്ന് എഴുതുക.’
അയാൾ ഇപ്പോഴും യജമാനന്റെ ഗൃഹവിചാരകനായി തുടരുന്നതുകൊണ്ട് ഈ ഇളവുകൾ അനുവദിക്കാൻ അയാൾക്ക് അവകാശമുണ്ട്. തുകയിൽ ഇളവു അനുവദിച്ചുകൊണ്ട് തനിക്ക് ജോലി നഷ്ടമായിക്കഴിയുമ്പോൾ തനിക്കു ഗുണം ചെയ്യാൻ കഴിയുന്നവരുടെ സൗഹൃദം അയാൾ സമ്പാദിക്കുകയാണ്.
സംഭവിച്ചതെന്തെന്ന് കേൾക്കുമ്പോൾ യജമാനന് അയാളെക്കുറിച്ച് മതിപ്പു തോന്നുന്നു. അയാൾ “അനീതിയുളളവനെങ്കിലും പ്രായോഗിക ജ്ഞാനത്തോടെ പ്രവർത്തിച്ചതിനാൽ യജമാനൻ ഗൃഹവിചാരകനെ വാസ്തവത്തിൽ അഭിനന്ദിക്കുന്നു.” വാസ്തവത്തിൽ യേശു ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഈ വ്യവസ്ഥിതിയുടെ മക്കൾ വെളിച്ചത്തിന്റെ മക്കളെക്കാൾ ഈ തലമുറയിൽ ഒരു പ്രായോഗികമായ വിധത്തിൽ കൂടുതൽ ജ്ഞാനമുളളവരാണ്.”
ഇപ്പോൾ തന്റെ ശിഷ്യൻമാർക്കായുളള ഒരു പാഠം ചൂണ്ടിക്കാണിച്ചുകൊണ്ട് യേശു ഇപ്രകാരം പ്രോൽസാഹിപ്പിക്കുന്നു: “അനീതിയുളള ധനംകൊണ്ട് നിങ്ങൾക്കുവേണ്ടി തന്നെ സുഹൃത്തുക്കളെ സമ്പാദിച്ചുകൊൾവിൻ, അത് ഇല്ലാതെയാകുമ്പോൾ അവർ നിത്യവാസസ്ഥലങ്ങളിൽ നിങ്ങളെ സ്വീകരിക്കുവാൻ ഇടയാകും.”
ഗൃഹവിചാരകന്റെ അനീതിക്കല്ല മറിച്ച് അയാളുടെ ദീർഘവീക്ഷണമുളള പ്രായോഗിക ജ്ഞാനത്തിനാണ് യേശു അയാളെ പ്രശംസിക്കുന്നത്. മിക്കപ്പോഴും “ഈ വ്യവസ്ഥിതിയുടെ മക്കൾ” തങ്ങൾക്ക് പ്രത്യുപകാരം ചെയ്യാൻ കഴിയുന്ന സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനുവേണ്ടി അവരുടെ പണം ബുദ്ധിപൂർവ്വം വിനിയോഗിക്കുന്നു. അതുകൊണ്ട്, “വെളിച്ചത്തിന്റെ മക്കൾ” ആയ ദൈവത്തിന്റെ ദാസൻമാരും അവരുടെ “അനീതിയുളള ധനം” ആകുന്ന ഭൗതിക വസ്തുവകകൾ തങ്ങൾക്കുതന്നെ പ്രയോജനം ചെയ്യാൻ കഴിയത്തക്കവണ്ണം ജ്ഞാനപൂർവ്വകമായ ഒരു വിധത്തിൽ വിനിയോഗിക്കേണ്ടതുണ്ട്.
എന്നാൽ യേശു പറയുന്നപ്രകാരം അവർ ഈ ധനം ഉപയോഗിച്ചുകൊണ്ട് “നിത്യവാസസ്ഥലങ്ങളിൽ” തങ്ങളെ സ്വീകരിക്കുന്നവരുടെ സൗഹൃദം സമ്പാദിക്കേണ്ടതുണ്ട്. “ചെറിയ ആട്ടിൻകൂട്ടത്തിലെ” അംഗങ്ങൾക്ക് അവ സ്വർഗ്ഗത്തിലും “വേറെ ആടുകളിൽ”പ്പെട്ടവർക്ക് അവ പരദീസാ ഭൂമിയിലുമാണ്. യഹോവയാം ദൈവത്തിനും യേശുക്രിസ്തുവിനും മാത്രമെ നമ്മെ ഈ സ്ഥലങ്ങളിൽ സ്വീകരിക്കാൻ കഴിയുകയുളളു എന്നുളളതിനാൽ രാജ്യതാൽപ്പര്യങ്ങളെ പിന്താങ്ങുന്നതിന് നമുക്കുണ്ടായിരുന്നേക്കാവുന്ന “അനീതിയുളള ധനം” വിനിയോഗിച്ചുകൊണ്ട് അവരുമായി സൗഹൃദം വളർത്തിയെടുക്കാൻ നാം കഠിനശ്രമം ചെയ്യണം. എന്നാൽ ഭൗതിക ധനം പരാജയപ്പെടുകയോ നശിക്കുകയോ ചെയ്യുമ്പോൾ, അവ തീർച്ചയായും നശിക്കും, നമ്മുടെ നിത്യഭാവി ഉറപ്പാക്കപ്പെട്ടിരിക്കും.
ഈ ഭൗതിക കാര്യങ്ങളിൽ അല്ലെങ്കിൽ ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കുന്നവർ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിൽ വിശ്വസ്തരായിരിക്കും എന്ന് യേശു തുടർന്ന് പറയുന്നു. “അതുകൊണ്ട്” യേശു തുടരുന്നു, “അനീതിയുളള ധനത്തിന്റെ കാര്യത്തിൽ നിങ്ങൾ വിശ്വസ്തരെന്ന് തെളിയിക്കുന്നില്ല എങ്കിൽ സത്യമായത് [അതായത് ആത്മീയ താൽപ്പര്യങ്ങൾ അഥവാ രാജ്യതാൽപ്പര്യങ്ങൾ] ആർ നിങ്ങളെ ഭരമേൽപ്പിക്കും? അന്യരുടേത് [ദൈവം തന്റെ ദാസൻമാരെ ഭരമേൽപ്പിക്കുന്ന രാജ്യതാൽപ്പര്യങ്ങൾ] സംബന്ധിച്ച് നിങ്ങൾ വിശ്വസ്തരെന്ന് തെളിയിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് സ്വന്തമായത് [നിത്യവാസസ്ഥലങ്ങളിലെ ജീവന്റെ പ്രതിഫലം] ആർ നിങ്ങൾക്ക് ഏൽപ്പിച്ചു തരും?”
യേശു പറഞ്ഞവസാനിപ്പിക്കുന്നപ്രകാരം നമുക്ക് ദൈവത്തിന്റെ യഥാർത്ഥ ദാസൻമാരും അതേസമയം അനീതിയുളള ധനത്തിന്റെ, ഭൗതികധനത്തിന്റെ, അടിമകളും ആയിരിക്കാൻ കഴിയുകയില്ല: “ഒരു ദാസനും രണ്ട് യജമാനൻമാർക്ക് അടിമയായിരിക്കാൻ കഴിയുകയില്ല; എന്തുകൊണ്ടെന്നാൽ ഒന്നുകിൽ അയാൾ ഒരുവനെ വെറുക്കുകയും മററവനെ സ്നേഹിക്കുകയും ചെയ്യും അല്ലെങ്കിൽ അയാൾ ഒരുവനോട് പററി നിൽക്കുകയും മററവനെ നിന്ദിക്കുകയും ചെയ്യും. നിങ്ങൾക്ക് ദൈവത്തിന്റെയും ധനത്തിന്റെയും അടിമകളായിരിക്കാൻ കഴിയുകയില്ല.” ലൂക്കോസ് 15:1, 2; 16:1-13; യോഹന്നാൻ 10:16.
▪ യേശുവിന്റെ ഉപമയിലെ ഗൃഹവിചാരകൻ പിന്നീട് തന്നെ സഹായിക്കാൻ കഴിയുന്നവരുടെ സൗഹൃദം സമ്പാദിക്കുന്നത് എങ്ങനെയാണ്?
▪ “അനീതിയുളള ധനം” എന്താണ്, അത് ഉപയോഗിച്ച് നമുക്ക് എങ്ങനെ സുഹൃത്തുക്കളെ സമ്പാദിക്കാം?
▪ നമ്മെ “നിത്യവാസസ്ഥലങ്ങളിലേക്ക് സ്വീകരിക്കാൻ കഴിയുന്നത് ആർക്കാണ്, അവ ഏതു സ്ഥലങ്ങളാണ്?