പാഠം 3
ഉച്ചാരണശുദ്ധി
ക്രിസ്ത്യാനികൾ എല്ലാവരുമൊന്നും അനേക വർഷത്തെ ലൗകിക വിദ്യാഭ്യാസം നേടിയിട്ടുള്ളവരല്ല. അപ്പൊസ്തലന്മാരായ പത്രൊസിനെയും യോഹന്നാനെയും പോലും “പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ” എന്നു വർണിച്ചിരിക്കുന്നു. (പ്രവൃ. 4:13) എന്നിരുന്നാലും, പദങ്ങൾ തെറ്റിച്ച് ഉച്ചരിച്ചുകൊണ്ട് നിങ്ങൾ അവതരിപ്പിക്കുന്ന ബൈബിൾ സത്യത്തിൽനിന്ന് ആളുകളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാതിരിക്കുന്നതു പ്രധാനമാണ്.
പരിചിന്തിക്കേണ്ട ഘടകങ്ങൾ. എല്ലാ ഭാഷകൾക്കും ഒരേപോലെ ബാധകമാകുന്ന ഒരുകൂട്ടം ഉച്ചാരണ നിയമങ്ങളില്ല. മിക്ക ഭാഷകൾക്കും നിശ്ചിത അക്ഷരങ്ങൾ അടങ്ങിയ അക്ഷരമാല ഉണ്ട്. നമ്മുടെ മലയാള അക്ഷരമാലയ്ക്കു പുറമേ അറബി, എബ്രായ, ഗ്രീക്ക്, ലത്തീൻ തുടങ്ങിയ പല അക്ഷരമാലകളുമുണ്ട്. എന്നാൽ ചൈനീസ് എഴുത്തുഭാഷ അക്ഷരമാലയ്ക്കു പകരം അനേകം ഘടകങ്ങളാൽ നിർമിതമായിരുന്നേക്കാവുന്ന പ്രതീകങ്ങളാണ് ഉപയോഗിക്കുന്നത്. ഈ പ്രതീകങ്ങൾ സാധാരണഗതിയിൽ ഒരു പദത്തെയോ പദഭാഗത്തെയോ പ്രതിനിധീകരിക്കുന്നു. ജാപ്പനീസും കൊറിയനും ചൈനീസ് പ്രതീകങ്ങൾ ഉപയോഗിക്കുന്നു എങ്കിലും പ്രസ്തുത പ്രതീകങ്ങൾ ചൈനീസിൽ ഏതു ശബ്ദങ്ങളെയാണോ പ്രതിനിധാനം ചെയ്യുന്നത് അവയിൽനിന്നും വളരെ വ്യത്യസ്തമായ ശബ്ദങ്ങളെ ആയിരുന്നേക്കാം ജാപ്പനീസിലും കൊറിയനിലും അവ പ്രതിനിധാനം ചെയ്യുക. അവയുടെ അർഥവും ഭിന്നമായിരുന്നേക്കാം.
അക്ഷരമാലാ ഭാഷകളുടെ കാര്യത്തിൽ (alphabetic languages) ഉച്ചാരണശുദ്ധി കൈവരുന്നതിന് ഓരോ അക്ഷരവും അല്ലെങ്കിൽ അക്ഷരസമൂഹവും ശരിയായ ശബ്ദം കൊടുത്ത് ഉച്ചരിക്കേണ്ടത് ആവശ്യമാണ്. അത്തരം ഭാഷകൾ ഗ്രീക്ക്, മലയാളം, സ്പാനിഷ് എന്നിവയുടെ കാര്യത്തിലെന്ന പോലെ സ്ഥിരമായ നിയമങ്ങൾ പിൻപറ്റുമ്പോൾ ഉച്ചാരണശുദ്ധി പാലിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല. എന്നിരുന്നാലും ചില ഭാഷകളിൽ അന്യഭാഷാസ്വാധീനങ്ങൾ, പദോത്പത്തിയെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഉച്ചാരണങ്ങൾക്ക് ഇടയാക്കിയേക്കാം. തത്ഫലമായി, ഒരു നിശ്ചിത അക്ഷരം അല്ലെങ്കിൽ അക്ഷരസമൂഹം ഒന്നിലധികം രീതികളിൽ ഉച്ചരിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ ചിലപ്പോൾ ഉച്ചരിക്കപ്പെട്ടില്ലെന്നും വരാം. ഇങ്ങനെയുള്ള അപവാദങ്ങൾ നിങ്ങൾ ഓർത്തുവെക്കുകയും സംസാരത്തിൽ കൂടെക്കൂടെ ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ടായിരിക്കാം. ചൈനീസ് ഉച്ചാരണശുദ്ധിയോടെ കൈകാര്യം ചെയ്യുന്നതിന് ആയിരക്കണക്കിനു പ്രതീകങ്ങൾ മനഃപാഠമാക്കേണ്ടതുണ്ട്. ചില ഭാഷകളിൽ സ്ഥായിക്കു മാറ്റം വരുത്തി ഉച്ചരിച്ചാൽ ഒരു പദത്തിന്റെ അർഥത്തിനുതന്നെ മാറ്റം വരുന്നു. ഒരു ഭാഷയുടെ ഇങ്ങനെയുള്ള വശത്തിനു വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാൽ തെറ്റായ ആശയങ്ങളാകും കൈമാറപ്പെടുക. സമാനമായ ഉച്ചാരണമുള്ള അക്ഷരങ്ങൾ ശരിയായ രീതിയിൽ ഉച്ചരിച്ചില്ലെങ്കിലും അതുതന്നെ സംഭവിക്കാം. അവ ശരിയായി ഉച്ചരിച്ചു പരിശീലിക്കേണ്ടത് പ്രധാനമാണ്.
ഒരു ഭാഷയിലെ പദങ്ങൾ പദാംഗങ്ങളാൽ നിർമിതമാണെങ്കിൽ പ്രാഥമിക ഊന്നൽ, ശരിയായ പദാംഗത്തിനുതന്നെ കൊടുക്കേണ്ടതു പ്രധാനമാണ്. അത്തരം ഘടനയുള്ള മിക്ക ഭാഷകളും ഉച്ചരിക്കുമ്പോൾ ഊന്നൽ കൊടുക്കുന്ന കാര്യത്തിൽ മിക്കവാറും ക്രമമായ ഒരു രീതി പിൻപറ്റുന്നുണ്ട്. ഇതിന് അപവാദങ്ങൾ ഉള്ളയിടങ്ങളിൽ ഊന്നൽ കൊടുക്കേണ്ടത് എവിടെയാണെന്നു കാണിക്കാൻ ബലാഘാതചിഹ്നം (accent mark) പദങ്ങളോടൊപ്പം രേഖപ്പെടുത്തുന്നതായിരിക്കും. ഇത് ഉച്ചാരണശുദ്ധി നിലനിറുത്തുന്നതു താരതമ്യേന എളുപ്പമാക്കിത്തീർക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ക്രമമായ ഒരു രീതി പിൻപറ്റാത്ത ഭാഷകളിൽ ഉച്ചാരണശുദ്ധി നിലനിറുത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉച്ചാരണശുദ്ധി നിലനിറുത്താൻ ഒട്ടേറെ കാര്യങ്ങൾ മനഃപാഠമാക്കേണ്ടി വരുന്നു.
ഇംഗ്ലീഷു പോലുള്ള ചില ഭാഷകളിൽ, പരിചിന്തിക്കേണ്ട ഒരു പ്രധാന ഘടകമാണ് ഉച്ചാരണ-വിഭേദ ചിഹ്നങ്ങൾ (diacritics). è, é, ô, ñ, ō, ŭ, č, ö, ç എന്നിങ്ങനെ അക്ഷരമാലയിലെ ചില അക്ഷരങ്ങളുടെ മുകളിലും താഴെയും കാണിച്ചിരിക്കുന്ന അടയാളങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഉച്ചാരണ-വിഭേദ ചിഹ്നങ്ങൾ പാഠത്തിന്റെ ഭാഗമായി കൊടുത്തിട്ടുണ്ടാകാം. അല്ലെങ്കിൽ പദം വരുന്ന സന്ദർഭം നോക്കി അതിന്റെ അടിസ്ഥാനത്തിൽ അവ ചേർത്തു വായിക്കാൻ വായനക്കാരൻ പ്രതീക്ഷിക്കപ്പെട്ടേക്കാം. രണ്ടാമതു പറഞ്ഞതാണു സത്യമെങ്കിൽ, പരസ്യവായനയ്ക്കു നിയമനം ലഭിക്കുമ്പോൾ ശ്രദ്ധാപൂർവകമായ തയ്യാറാകൽ ആവശ്യമായിരിക്കാം.
ഉച്ചാരണത്തോടുള്ള ബന്ധത്തിൽ നാം ഒഴിവാക്കേണ്ട ചില സംഗതികളുണ്ട്. ഉച്ചാരണത്തിൽ അമിത കൃത്യത പുലർത്തുന്നതു കൃത്രിമത്വം തോന്നിപ്പിച്ചേക്കാം. നിങ്ങൾ ഒരു അഹംഭാവിയാണെന്ന് ആളുകൾ വിചാരിക്കുന്നതിനു പോലും അത് ഇടയാക്കിയേക്കാം. മേലാൽ പൊതു ഉപയോഗത്തിലില്ലാത്ത ഉച്ചാരണത്തെ സംബന്ധിച്ചും ഇതുതന്നെ പറയാൻ കഴിയും. പറയുന്ന ആളിലേക്കു ശ്രദ്ധ ക്ഷണിക്കാനേ അത് ഉതകൂ. അതേസമയം, അശ്രദ്ധമായ സംസാരവും ഉച്ചാരണവും ഒഴിവാക്കുന്നതും നല്ലതാണ്. “വാക്കുകൾ വ്യക്തമായി പറയൽ” എന്ന പാഠത്തിൽ ഈ സംഗതികളിൽ ചിലത് ഇതിനോടകം ചർച്ച ചെയ്തുകഴിഞ്ഞു.
ഒരു ഭാഷയിലെ പദങ്ങൾക്ക് ഒരു രാജ്യത്തു സ്വീകാര്യമായ ഉച്ചാരണമായിരിക്കില്ല മറ്റൊരു രാജ്യത്തു സ്വീകാര്യം. ഒരു രാജ്യത്തിനുള്ളിൽത്തന്നെ ഇക്കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നേക്കാം. മറ്റൊരു രാജ്യത്തു നിന്നുള്ള ഒരു വ്യക്തി പ്രാദേശിക ഭാഷ ഉച്ചരിക്കുന്നതു വ്യതിരിക്തമായ രീതിയിലായിരിക്കാം. ഇംഗ്ലീഷ് പോലുള്ള ഭാഷകളിലെ ഒരു പദത്തിന് നിഘണ്ടുക്കൾ സ്വീകാര്യമായ ഒന്നിലധികം ഉച്ചാരണങ്ങൾ നൽകിയേക്കാം. പ്രത്യേകിച്ചും, ഒരു വ്യക്തിക്കു ലൗകിക വിദ്യാഭ്യാസത്തിനു തീരെ പരിമിതമായ അവസരങ്ങളേ ലഭിച്ചിട്ടുള്ളുവെങ്കിൽ അല്ലെങ്കിൽ അദ്ദേഹം ഇപ്പോൾ സംസാരിക്കുന്ന ഭാഷ അദ്ദേഹം ജനിച്ചുവളർന്ന നാട്ടിലെ ഭാഷയല്ലെങ്കിൽ സ്ഥലത്തെ ഭാഷ നന്നായി സംസാരിക്കുന്നവരുടെ സംസാരം ശ്രദ്ധിച്ചുകേട്ട് അവരുടെ ഉച്ചാരണം അനുകരിക്കുന്നത് അദ്ദേഹത്തിനു വളരെയേറെ പ്രയോജനം ചെയ്യും. യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നമ്മുടെ സന്ദേശത്തിന്റെ മാഹാത്മ്യം വർധിപ്പിക്കുകയും നമ്മുടെ പ്രദേശത്തുള്ള ആളുകൾക്ക് എളുപ്പം മനസ്സിലാകുകയും ചെയ്യുന്ന വിധത്തിൽ സംസാരിക്കാൻ നാം ആഗ്രഹിക്കുന്നു.
അനുദിന സംഭാഷണത്തിൽ നിങ്ങൾക്കു സുപരിചിതമായ വാക്കുകൾ ഉപയോഗിക്കുന്നതാണു സാധാരണഗതിയിൽ ഏറ്റവും നല്ലത്. സാധാരണ സംഭാഷണത്തിൽ പൊതുവേ ഉച്ചാരണം ഒരു പ്രശ്നമായിത്തീരാറില്ല. എങ്കിലും, ഉറക്കെ വായിക്കുമ്പോൾ നിത്യ സംഭാഷണത്തിൽ നിങ്ങൾ ഉപയോഗിക്കാത്ത ചില പദങ്ങളുമായി നിങ്ങൾ സമ്പർക്കത്തിൽ വന്നേക്കാം. യഹോവയുടെ സാക്ഷികൾക്ക് ഉച്ചത്തിൽ വായിക്കേണ്ടിവരുന്ന ധാരാളം അവസരങ്ങളുണ്ട്. ആളുകളോടു സാക്ഷീകരിക്കുന്ന സമയത്ത് നാം അവരെ ബൈബിളിൽനിന്നു വായിച്ചു കേൾപ്പിക്കുന്നു. വീക്ഷാഗോപുര അധ്യയനത്തിന്റെയോ സഭാ പുസ്തക അധ്യയനത്തിന്റെയോ സമയത്ത് ഖണ്ഡികകൾ വായിക്കാനുള്ള നിയമനം ചില സഹോദരന്മാർക്കു ലഭിക്കുന്നു. കൃത്യതയോടെ വായിക്കേണ്ടതും വാക്കുകളുടെ തെറ്റായ ഉച്ചാരണത്തിലൂടെ സന്ദേശത്തിന്റെ മാന്യതയ്ക്കു മങ്ങലേൽപ്പിക്കാതിരിക്കേണ്ടതും പ്രധാനമാണ്.
ബൈബിളിലെ ചില സംജ്ഞാനാമങ്ങൾ ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ളതായി നിങ്ങൾ കണ്ടെത്തുന്നുവോ? പുതിയലോക ഭാഷാന്തരം ഇംഗ്ലീഷിൽ, പ്രാഥമിക ഊന്നൽ നൽകേണ്ട പദാംഗത്തെ തുടർന്ന് ബലാഘാതചിഹ്നം (ʹ) കൊടുത്തിരിക്കും. ബലാഘാതചിഹ്നം കൊടുത്തിരിക്കുന്ന പദാംഗം ഒരു സ്വരത്തിലാണ് അവസാനിക്കുന്നതെങ്കിൽ അപ്പോൾ ആ സ്വരം നീട്ടി ഉച്ചരിക്കുന്നു. ഒരു പദാംഗം വ്യഞ്ജനത്തിലാണ് അവസാനിക്കുന്നതെങ്കിൽ ആ പദാംഗത്തിലെ സ്വരം ഹ്രസ്വമായി ഉച്ചരിക്കുന്നു. Morʹde·cai, Siʹnai എന്നീ വാക്കുകളിലേതു പോലെ a, i എന്നീ രണ്ടു സ്വരങ്ങൾ സംയോജിച്ചു വരുമ്പോൾ ai ഒരു നീണ്ട i പോലെ ഉച്ചരിക്കുന്നു. Rachel (റെയ്ച്ചൽ) എന്ന പേരിന്റെ കാര്യത്തിലൊഴിച്ചാൽ, ch വ്യഞ്ജനസമൂഹം ഉറച്ച k ശബ്ദം കൊടുത്താണ് ഉച്ചരിക്കേണ്ടത്, Mel·chizʹe·dek (മെൽക്കിസെദെക്ക്) എന്ന പേരിലേതുപോലെ.
മെച്ചപ്പെടാനുള്ള വഴികൾ. ഉച്ചാരണത്തിൽ തെറ്റു വരുത്താറുള്ള പലരും അതു തിരിച്ചറിയുന്നില്ല. നിങ്ങളുടെ ഉച്ചാരണത്തിൽ ശ്രദ്ധ ആവശ്യമുള്ള വശങ്ങൾ സ്കൂൾ മേൽവിചാരകൻ ചൂണ്ടിക്കാണിക്കുന്നെങ്കിൽ അദ്ദേഹത്തിന്റെ ദയാപൂർവകമായ ആ ശ്രമത്തെ വിലമതിക്കുക. പ്രശ്നം മനസ്സിലായിക്കഴിഞ്ഞാൽ നിങ്ങൾക്ക് എങ്ങനെ മെച്ചപ്പെടാൻ കഴിയും?
ഉച്ചത്തിൽ വായിക്കാൻ നിയമനം ലഭിക്കുമ്പോൾ, ഒന്നാമതായി ഒരു നിഘണ്ടു പരിശോധിക്കുന്നത് സഹായകമായിരുന്നേക്കാം. മലയാളം പോലുള്ള ചില ഭാഷകളിൽ വാക്കുകളുടെ ഉച്ചാരണം സ്പഷ്ടമാണ്. എന്നാൽ ഇംഗ്ലീഷ് പോലുള്ള ചില ഭാഷകളിൽ ഉച്ചാരണവും പദാംഗങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന രീതിയും സംബന്ധിച്ച് ഒരു നിഘണ്ടു മൂല്യവത്തായ വിവരങ്ങൾ പ്രദാനം ചെയ്തേക്കാം. നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത പദങ്ങൾ നിഘണ്ടുവിൽ എടുത്തു നോക്കുക. ഒരു നിഘണ്ടു ഉപയോഗിച്ചു പരിചയമില്ലെങ്കിൽ, അതിൽ ഉപയോഗിച്ചിരിക്കുന്ന ചിഹ്നങ്ങളെ കുറിച്ച് നിഘണ്ടുവിന്റെ പ്രാരംഭ പേജുകളിൽ കൊടുത്തിരിക്കുന്ന വിശദീകരണം വായിക്കുക. അല്ലെങ്കിൽ ആവശ്യമെങ്കിൽ ഇവയെ കുറിച്ച് നിങ്ങൾക്കു വിശദീകരിച്ചു തരാൻ ആരോടെങ്കിലും പറയുക. ഒന്നിലധികം പദാംഗങ്ങളുള്ള ഒരു പദത്തിൽ എവിടെയാണ് പ്രാഥമിക ഊന്നൽ നൽകേണ്ടതെന്നും നീളംകൂടിയ ഒരു പദത്തിൽ എവിടെയാണ് ദ്വിതീയ ഊന്നൽ നൽകേണ്ടതെന്നും നിഘണ്ടു നിങ്ങൾക്കു കാണിച്ചു തരും. ഒരു നിശ്ചിത പദത്തിലെ സ്വരങ്ങൾക്കും വ്യഞ്ജനങ്ങൾക്കും ഏതു ശബ്ദങ്ങളാണ് കൊടുക്കേണ്ടതെന്ന് അത് കാട്ടിത്തരും. ചില കേസുകളിൽ, ഒരു പദം ഏതു പശ്ചാത്തലത്തിൽ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ, അത് ഒന്നിലധികം വിധങ്ങളിൽ ഉച്ചരിക്കപ്പെട്ടേക്കാം. ഏതു പദം നോക്കിയാലും നിഘണ്ടു അടച്ചുവെക്കുന്നതിനു മുമ്പ് അതു പലയാവർത്തി ഉച്ചത്തിൽ പറഞ്ഞുനോക്കുക.
ഉച്ചാരണം മെച്ചപ്പെടുത്താൻ കഴിയുന്ന രണ്ടാമത്തെ വിധം വാക്കുകൾ നന്നായി ഉച്ചരിക്കുന്ന ആരെയെങ്കിലും വായിച്ചു കേൾപ്പിച്ച്, നിങ്ങൾ വരുത്തുന്ന തെറ്റുകൾ തിരുത്തിത്തരാൻ അഭ്യർഥിക്കുന്നതാണ്.
ഉച്ചാരണം മെച്ചപ്പെടുത്താനുള്ള മൂന്നാമത്തെ വിധം നല്ല ഉച്ചാരണമുള്ളവരുടെ ഉച്ചാരണരീതി ശ്രദ്ധിച്ചു കേൾക്കുന്നതാണ്. പുതിയലോക ഭാഷാന്തരത്തിന്റെയോ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെയോ ഓഡിയോ കാസെറ്റുകൾ ലഭ്യമായിട്ടുള്ള ഭാഷകളിൽ ഉച്ചാരണം മെച്ചപ്പെടുത്താനായി അവ നന്നായി പ്രയോജനപ്പെടുത്താവുന്നതാണ്. അവ കേൾക്കുമ്പോൾ, നിങ്ങൾ ഉച്ചരിക്കുമായിരുന്നതിൽനിന്നു വ്യത്യസ്തമായ രീതിയിൽ ഉച്ചരിക്കപ്പെടുന്ന പദങ്ങൾ ശ്രദ്ധിക്കുക. ഇവ എഴുതിയെടുത്തു പരിശീലിക്കുക. നാളുകൾ കഴിയുന്നതോടെ, ഉച്ചാരണത്തെറ്റുകൾ കൂടാതെ നിങ്ങൾക്കു സംസാരിക്കാൻ സാധിക്കുന്നതായിരിക്കും. അതു നിങ്ങളുടെ സംസാരത്തെ വളരെയേറെ മെച്ചപ്പെടുത്തും.