പാഠം 5
അനുയോജ്യമായ നിറുത്തൽ
അനുയോജ്യ സ്ഥാനങ്ങളിലുള്ള നിറുത്തൽ സംസാരത്തിൽ പ്രാധാന്യം അർഹിക്കുന്നു. പ്രസംഗിക്കുമ്പോഴായാലും മറ്റൊരാളോടു സംസാരിക്കുമ്പോഴായാലും ഇതു സത്യമാണ്. നിറുത്തൽ കൂടാതെ സംസാരിച്ചാൽ ആശയം വ്യക്തമാകില്ല. പകരം, നിങ്ങൾ എന്തോ പുലമ്പുന്നതു പോലെയേ കേൾവിക്കാർക്കു തോന്നൂ. അനുയോജ്യമായ നിറുത്തൽ നിങ്ങളുടെ സംസാരത്തിനു വ്യക്തത പകരുന്നു. നിങ്ങൾ അവതരിപ്പിക്കുന്ന മുഖ്യ പോയിന്റുകൾ കേൾവിക്കാരുടെ മനസ്സിൽ മായാതെ നിൽക്കാൻ ഇടയാകുന്ന ഒരു വിധത്തിലും അത് ഉപയോഗിക്കാൻ കഴിയും.
നിറുത്തേണ്ടത് എപ്പോഴാണെന്നു നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? നിറുത്തൽ എത്ര ദൈർഘ്യമുള്ളത് ആയിരിക്കണം?
ചിഹ്നസൂചക നിറുത്തൽ. ചിഹ്നങ്ങൾ എഴുത്തു ഭാഷയുടെ ഒരു പ്രധാന ഭാഗം ആയിത്തീർന്നിരിക്കുന്നു. അത് ഒരു പ്രസ്താവനയുടെയോ ചോദ്യത്തിന്റെയോ അവസാനത്തെ കുറിച്ചേക്കാം. ചില ഭാഷകളിൽ അത് ഉദ്ധരണികളെ വേർതിരിച്ചു കാണിക്കാൻ ഉപയോഗിച്ചുവരുന്നു. ചില ചിഹ്നങ്ങൾ വാക്യത്തിന്റെ ഒരു ഭാഗത്തിനു മറ്റു ഭാഗങ്ങളുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. വായിക്കുന്ന ആൾക്കു പാഠഭാഗത്തെ ചിഹ്നങ്ങൾ കാണാൻ കഴിയും. എന്നാൽ കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കണമെങ്കിൽ, വായിക്കുന്ന ഭാഗത്ത് എന്തെല്ലാം ചിഹ്നങ്ങളുണ്ടോ അവയുടെയെല്ലാം അർഥം അയാളുടെ വായനയിൽ ധ്വനിക്കേണ്ടതുണ്ട്. (കൂടുതൽ വിശദാംശങ്ങൾക്ക്, “കൃത്യതയോടെയുള്ള വായന” എന്ന ശീർഷകത്തിലുള്ള 1-ാം പാഠം കാണുക.) ചിഹ്നങ്ങളനുസരിച്ച് നിറുത്തേണ്ടയിടങ്ങളിൽ നിറുത്താതിരുന്നാൽ നിങ്ങൾ വായിക്കുന്നതു മനസ്സിലാക്കാൻ കേൾവിക്കാർക്കു ബുദ്ധിമുട്ടു നേരിട്ടേക്കാം. അതു നിമിത്തം അർഥവ്യത്യാസം പോലും വന്നേക്കാം.
ചിഹ്നങ്ങൾക്കു പുറമേ, ഒരു വാചകത്തിൽ ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വിധവും നിറുത്തലുകൾ അനുയോജ്യമായിരിക്കുന്നത് എവിടെയെന്നു നിർണയിക്കുന്നു. ഒരു പ്രശസ്ത സംഗീതജ്ഞൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “സ്വരം മീട്ടുന്ന കാര്യത്തിൽ ഞാൻ മറ്റു പല പിയാനോ വായനക്കാരെക്കാളും ഒട്ടും മെച്ചമല്ല. എന്നാൽ സ്വരങ്ങൾക്ക് ഇടയ്ക്കുള്ള നിറുത്തലുകൾ ഉണ്ടല്ലോ, അവിടെയാണ് കല കുടികൊള്ളുന്നത്.” സംസാരത്തിന്റെ കാര്യത്തിലും ഇതുതന്നെ സത്യമാണ്. അനുയോജ്യമായ നിറുത്തൽ നന്നായി തയ്യാർ ചെയ്ത വിവരങ്ങൾക്ക് അഴകും അർഥവും പകരും.
പരസ്യവായനയ്ക്കായി തയ്യാറാകുമ്പോൾ വായനാഭാഗത്ത് അടയാളങ്ങളിടുന്നതു സൗകര്യപ്രദമായി തോന്നിയേക്കാം. ഹ്രസ്വമായ നിറുത്തൽ, ഒരുപക്ഷേ ഒരു സ്വരഭംഗം മാത്രം, ആവശ്യമായിരിക്കുന്നിടത്ത് ഒരു ചെറിയ ലംബരേഖ വരയ്ക്കുക. നീണ്ട നിറുത്തൽ വേണ്ടയിടങ്ങളിൽ അടുപ്പിച്ച് രണ്ടു ലംബരേഖകൾ വരയ്ക്കുക. ഒരു പ്രത്യേക പദസമൂഹം ശരിയായി വായിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണെന്നും അസ്ഥാനത്ത് ആവർത്തിച്ചു നിറുത്തുന്നെന്നും നിങ്ങൾ കണ്ടെത്തുന്നെങ്കിൽ, ആ പദസമൂഹത്തിലെ പദങ്ങളെയെല്ലാം ബന്ധിപ്പിച്ചുനിറുത്തുന്നതിനു പെൻസിൽകൊണ്ട് അടയാളങ്ങളിടുക. എന്നിട്ട് ആ പദസമൂഹം ആദ്യം മുതൽ അവസാനം വരെ വായിക്കുക. അനുഭവസമ്പന്നരായ പല പ്രസംഗകരും ഇങ്ങനെ ചെയ്യാറുണ്ട്.
അനുദിന സംഭാഷണത്തിൽ നിറുത്തൽ സാധാരണഗതിയിൽ ഒരു പ്രശ്നമല്ല. കാരണം നിങ്ങൾ പറയാൻ ആഗ്രഹിക്കുന്ന ആശയങ്ങൾ നിങ്ങൾക്ക് അറിയാം. എന്നാൽ, നിറുത്തേണ്ട ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു നിശ്ചിത സമയം ഇടവിട്ട് നിറുത്തുന്ന വികൃതശീലം ഉണ്ടെങ്കിൽ നിങ്ങളുടെ സംസാരത്തിനു കരുത്തും വ്യക്തതയും ഉണ്ടായിരിക്കില്ല. ഇതിൽ മെച്ചപ്പെടാനുള്ള നിർദേശങ്ങൾ “ഒഴുക്കോടെയുള്ള അവതരണം” എന്ന ശീർഷകത്തിലുള്ള 4-ാം പാഠത്തിൽ നൽകിയിരിക്കുന്നു.
ആശയമാറ്റത്തെ കുറിക്കുന്ന നിറുത്തൽ. ഒരു പ്രധാന പോയിന്റിൽനിന്നു മറ്റൊന്നിലേക്കു കടക്കുമ്പോൾ നിറുത്തുന്നത്, കേട്ട കാര്യങ്ങളെ കുറിച്ചു ചിന്തിക്കാനും മനസ്സിനെ ഒരുക്കാനും പ്രസംഗത്തിന്റെ ഗതിമാറ്റം തിരിച്ചറിയാനും അടുത്തതായി അവതരിപ്പിക്കുന്ന ആശയം കൂടുതൽ വ്യക്തമായി ഗ്രഹിക്കാനും സദസ്യരെ സഹായിക്കും. ഒരു റോഡിൽനിന്നു മറ്റൊന്നിലേക്കുള്ള വളവു തിരിയുമ്പോൾ വേഗം കുറയ്ക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഒരു ആശയത്തിൽനിന്നു മറ്റൊന്നിലേക്കു കടക്കുമ്പോൾ നിറുത്തുന്നതും.
ചില പ്രസംഗകർ ഒരു ആശയത്തിൽനിന്ന് അടുത്തതിലേക്കു നിറുത്താതെ ധൃതിവെച്ചു കടക്കുന്നതിന്റെ ഒരു കാരണം ആവശ്യത്തിലധികം വിവരങ്ങൾ അവർ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നു എന്നതാണ്. ചിലരുടെ കാര്യത്തിൽ ഈ ശീലം അവരുടെ അനുദിന സംസാരരീതിയെ പ്രതിഫലിപ്പിക്കുന്നു. ഒരുപക്ഷേ അവർക്കു ചുറ്റുമുള്ള എല്ലാവരും അതേ വിധത്തിലായിരിക്കും സംസാരിക്കുന്നത്. എന്നാൽ അത്തരം സംസാരം ഫലപ്രദമായ പഠിപ്പിക്കലിന് ഉതകുന്നില്ല. ആളുകൾ കേട്ട് ഓർത്തിരിക്കേണ്ട ഒരു കാര്യമാണു നിങ്ങൾക്കു പറയാനുള്ളതെങ്കിൽ, പ്രസ്തുത ആശയം വ്യക്തമായി എടുത്തുകാട്ടാൻ മതിയായ സമയം എടുക്കുക. ആശയവ്യക്തതയുള്ള ഒരു പ്രസംഗത്തിനു നിറുത്തലുകൾ അത്യന്താപേക്ഷിതമാണ് എന്ന കാര്യം തിരിച്ചറിയുക.
നിങ്ങൾ ഒരു ബാഹ്യരേഖ ഉപയോഗിച്ചാണു പ്രസംഗം നടത്താൻ പോകുന്നതെങ്കിൽ, മുഖ്യ പോയിന്റുകൾക്കിടയ്ക്കു നിറുത്തേണ്ടത് എവിടെയാണെന്നു വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ വിവരങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. നിങ്ങൾ ഒരു വായനാപ്രസംഗമാണു നടത്താൻ പോകുന്നതെങ്കിൽ, ഒരു മുഖ്യ പോയിന്റിൽനിന്ന് അടുത്തതിലേക്കു കടക്കുന്ന ഇടങ്ങളിൽ അടയാളമിടുക.
ആശയമാറ്റത്തിനു വേണ്ടിയുള്ള നിറുത്തലുകൾ സാധാരണഗതിയിൽ ചിഹ്നസൂചക നിറുത്തലുകളെക്കാൾ ദൈർഘ്യമേറിയവയാണ്. എന്നിരുന്നാലും, ഇത്തരം നിറുത്തലുകൾ അവതരണം ഇഴഞ്ഞുനീങ്ങാൻ ഇടയാക്കുമാറ് വളരെ ദൈർഘ്യമുള്ളത് ആയിരിക്കാൻ പാടില്ല. നിറുത്തൽ കൂടുതൽ നീണ്ടുപോയാൽ നിങ്ങൾ നന്നായി തയ്യാറായിട്ടില്ലെന്നും അടുത്തതായി എന്താണു പറയേണ്ടതെന്ന് ആലോചിച്ചെടുക്കുകയാണെന്നും സദസ്സ് വിചാരിക്കാനിടയുണ്ട്.
ദൃഢതയ്ക്കായുള്ള നിറുത്തൽ. ദൃഢതയ്ക്കായുള്ള നിറുത്തൽ പലപ്പോഴും വളരെ ശ്രദ്ധേയമായിരിക്കും. അതായത് തീവ്രതയോടെ അവതരിപ്പിക്കുന്ന ഒരു പ്രസ്താവനയ്ക്ക് അല്ലെങ്കിൽ ചോദ്യത്തിന് മുമ്പോ പിമ്പോ അതു വരുന്നു. അത്തരം നിറുത്തൽ പറയാൻ പോകുന്ന കാര്യത്തെ കുറിച്ചു പ്രതീക്ഷ ഉണർത്തുന്നു. അല്ലെങ്കിൽ കേട്ടുകഴിഞ്ഞ കാര്യത്തെ കുറിച്ചു ധ്യാനിക്കാൻ സദസ്യർക്ക് അവസരം നൽകുന്നു. ഇവ രണ്ടും ഒന്നല്ല. ഏതു രീതി ഉപയോഗിക്കുന്നതാവും ഉചിതമെന്നു തീരുമാനിക്കുക. എന്നാൽ, ദൃഢതയ്ക്കായുള്ള നിറുത്തലുകൾ ശരിക്കും പ്രാധാന്യമുള്ള പ്രസ്താവനകൾക്കായി മാത്രം ഉപയോഗിക്കേണ്ടതാണ് എന്ന കാര്യം മനസ്സിൽ പിടിക്കുക. അല്ലാത്തപക്ഷം ആ പ്രസ്താവനകളുടെ മൂല്യം നഷ്ടമാകും.
നസറെത്തിലെ പള്ളിയിൽവെച്ച് തിരുവെഴുത്തുകളിൽനിന്ന് ഉറക്കെ വായിച്ചപ്പോൾ യേശു നിറുത്തൽ ഫലകരമായി ഉപയോഗിച്ചു. ആദ്യം, അവൻ തന്റെ നിയോഗത്തെ കുറിച്ച് യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്നു വായിച്ചു. എന്നിരുന്നാലും, അതിന്റെ നിവൃത്തിയെ കുറിച്ചു പറയും മുമ്പ് അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു. തുടർന്ന്, പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് തന്റെമേൽ പതിഞ്ഞിരുന്നപ്പോൾ അവൻ പറഞ്ഞു: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.”—ലൂക്കൊ. 4:16-21.
സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോഴുള്ള നിറുത്തൽ. സുഗമമായി കേൾക്കുന്നതിൽ തടസ്സം സൃഷ്ടിച്ചേക്കാവുന്ന പല ഘടകങ്ങൾ നിമിത്തവും നിങ്ങൾ ഇടയ്ക്കു സംസാരം നിറുത്തേണ്ടതായി വന്നേക്കാം. കടന്നുപോകുന്ന വാഹനങ്ങളുടെ ശബ്ദമോ കുട്ടിയുടെ കരച്ചിലോ കാരണം വയൽശുശ്രൂഷയിൽ നിങ്ങൾ കണ്ടുമുട്ടിയ ഒരു വ്യക്തിയുമായുള്ള സംഭാഷണം ഇടയ്ക്കു നിറുത്തേണ്ടി വന്നേക്കാം. യോഗസ്ഥലത്തോ സമ്മേളനസ്ഥലത്തോ മറ്റോ ആയിരിക്കുമ്പോഴാണു ശല്യം ഉണ്ടാകുന്നതെങ്കിലോ? അത് അത്ര കഠിനമല്ലെങ്കിൽ നിങ്ങൾക്കു ശബ്ദം ഉയർത്താനും പരിപാടി തുടരാനും കഴിഞ്ഞേക്കാം. എന്നാൽ അതു കഠിനവും നീണ്ടുനിൽക്കുന്നതും ആണെങ്കിൽ നിങ്ങൾ നിറുത്തിയേ പറ്റൂ. പരിപാടി തുടർന്നാലും സദസ്സ് കേൾക്കുന്നുണ്ടാവില്ല. അതുകൊണ്ട്, നിങ്ങൾ പറയാൻ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങളിൽനിന്നു പൂർണ പ്രയോജനം നേടാൻ സദസ്യരെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ നിറുത്തൽ ഫലപ്രദമായി ഉപയോഗിക്കുക.
പ്രതികരിക്കാൻ അനുവദിക്കുന്നതിനുള്ള നിറുത്തൽ. അക്ഷരാർഥത്തിലുള്ള സദസ്യ പങ്കുപറ്റൽ ഉൾപ്പെടാത്ത ഒരു പ്രസംഗമാണു നിങ്ങൾ നടത്തുന്നതെങ്കിൽ പോലും പ്രതികരിക്കാൻ സദസ്സിനെ അനുവദിക്കുന്നതു പ്രധാനമാണ്—കേൾക്കാവുന്ന വിധത്തിലല്ല, മാനസികമായി. സദസ്സിലുള്ളവരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ട് നിങ്ങൾ വേണ്ടത്ര സമയം നിറുത്തുന്നില്ലെങ്കിൽ അത്തരം ചോദ്യങ്ങൾകൊണ്ടു കാര്യമായ പ്രയോജനം ഉണ്ടാവില്ല.
പ്രസംഗവേദിയിൽനിന്നു സംസാരിക്കുമ്പോൾ മാത്രമല്ല മറ്റുള്ളവരോടു സാക്ഷീകരിക്കുമ്പോഴും നിറുത്തൽ പ്രധാനമാണ്. ചില ആളുകൾ ഒരിക്കലും നിറുത്താത്തതായി തോന്നുന്നു. നിങ്ങൾക്ക് ആ പ്രശ്നമുണ്ടെങ്കിൽ നിറുത്തൽ എന്ന ഗുണം നട്ടുവളർത്താൻ ആത്മാർഥമായി ശ്രമം നടത്തുക. ഈ ഗുണം വളർത്തിയെടുക്കുന്ന പക്ഷം മറ്റുള്ളവരുമായുള്ള നിങ്ങളുടെ ആശയവിനിമയം മെച്ചപ്പെടുമെന്നു മാത്രമല്ല, വയൽശുശ്രൂഷയിലെ നിങ്ങളുടെ ഫലപ്രദത്വം വർധിക്കുകയും ചെയ്യും. അൽപ്പനേരത്തേക്കുള്ള നിശ്ശബ്ദതയാണ് നിറുത്തൽ. നിശ്ശബ്ദത വിരാമം ഇടുന്നുവെന്നും അതു ദൃഢത നൽകുകയും ശ്രദ്ധ പിടിച്ചെടുക്കുകയും കാതുകൾക്കു നവോന്മേഷം പകരുകയും ചെയ്യുന്നുവെന്നും സത്യമായി പറയപ്പെട്ടിരിക്കുന്നു.
അനുദിന സംഭാഷണത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള ആശയ കൈമാറ്റം ഉൾപ്പെടുന്നു. നിങ്ങൾ മറ്റുള്ളവർ പറയുന്നതു കേൾക്കുകയും അതിൽ താത്പര്യമെടുക്കുകയും ചെയ്യുമ്പോൾ നിങ്ങൾ പറയുന്നതു കേൾക്കാൻ അവർ കൂടുതൽ ചായ്വുള്ളവരായിരിക്കും. അവർക്കു പറയാനുള്ളതു പറഞ്ഞുതീർക്കാൻ ആവശ്യമായത്ര സമയം നിങ്ങൾ നിറുത്തേണ്ടതുണ്ടെന്നാണ് അതിന്റെ അർഥം.
വയൽശുശ്രൂഷയിൽ ആയിരിക്കുമ്പോൾ, സാക്ഷീകരണം സംഭാഷണ രൂപത്തിൽ നടത്തുന്നതാണു പലപ്പോഴും കൂടുതൽ ഫലപ്രദം. പരസ്പരം അഭിവാദനം ചെയ്തശേഷം വിഷയം അവതരിപ്പിക്കുന്നതും തുടർന്ന് ഒരു ചോദ്യം ഉന്നയിക്കുന്നതും ഫലകരമാണെന്നു പല സാക്ഷികളും കണ്ടെത്തുന്നു. മറ്റേ വ്യക്തിക്കു മറുപടി പറയാനുള്ള അവസരം നൽകാൻ അവർ നിറുത്തുന്നു. തുടർന്ന്, വീട്ടുകാരൻ അല്ലെങ്കിൽ വീട്ടുകാരി പറഞ്ഞതിനോടുള്ള വിലമതിപ്പ് അവർ പ്രകടിപ്പിക്കുന്നു. ചർച്ചയ്ക്കിടയ്ക്ക്, അഭിപ്രായങ്ങൾ പറയാനുള്ള ധാരാളം അവസരങ്ങൾ അവർ തങ്ങൾ സംസാരിക്കുന്ന വ്യക്തിക്കു നൽകിയേക്കാം. ചർച്ച ചെയ്യുന്ന വിഷയത്തെ കുറിച്ചുള്ള ഒരു വ്യക്തിയുടെ വീക്ഷണങ്ങൾ അറിയുന്ന പക്ഷം സാധാരണഗതിയിൽ തങ്ങൾക്ക് അയാളെ കൂടുതൽ നന്നായി സഹായിക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കുന്നു.—സദൃ. 20:5.
ചോദ്യങ്ങളോട് എല്ലാവരും അനുകൂലമായ വിധത്തിൽ പ്രതികരിച്ചെന്നുവരില്ല. എന്നാൽ, എതിരാളികൾക്കു പോലും സംസാരിക്കാൻ അവസരം നൽകുന്നതിനു മതിയായ സമയം നിറുത്തുന്നതിൽനിന്ന് യേശുവിനെ അതു തടഞ്ഞില്ല. (മർക്കൊ. 3:1-5) മറ്റേ വ്യക്തിക്കു സംസാരിക്കാൻ അവസരം നൽകുന്നത് ചിന്തിക്കാൻ അയാളെ പ്രോത്സാഹിപ്പിക്കുന്നു. തത്ഫലമായി അയാൾ തന്റെ ഹൃദയത്തിലുള്ളതു വെളിപ്പെടുത്തിയേക്കാം. വാസ്തവത്തിൽ, നമ്മുടെ ശുശ്രൂഷയുടെ ഒരു ഉദ്ദേശ്യം തന്നെ, എന്തിനെ അടിസ്ഥാനമാക്കി ആളുകൾ തീരുമാനം എടുക്കണമോ, ദൈവവചനത്തിലെ ആ ജീവത്പ്രധാന സംഗതികൾ അവരുടെ മുമ്പാകെ അവതരിപ്പിച്ചുകൊണ്ട്, അവരിൽ ഹൃദയംഗമമായ ഒരു പ്രതികരണം ഉളവാക്കുക എന്നതാണ്.—എബ്രാ. 4:12.
ശുശ്രൂഷയിൽ നിറുത്തൽ അനുയോജ്യമായി ഉപയോഗിക്കുന്നതു തീർച്ചയായും ഒരു കലയാണ്. നിറുത്തൽ ഫലപ്രദമായി ഉപയോഗിക്കുമ്പോൾ നിങ്ങൾ പറയുന്ന ആശയങ്ങൾ കൂടുതൽ വ്യക്തമായിത്തീരുന്നു. പലപ്പോഴും അവ കേൾവിക്കാരുടെ മനസ്സിൽ മായാതെ നിൽക്കുകയും ചെയ്യും.