പാഠം 8
അനുയോജ്യമായ ശബ്ദവ്യാപ്തി
ഒരു പരസ്യവേദിയിൽനിന്നു പ്രസംഗിക്കുന്ന ഒരു വ്യക്തിക്ക് വേണ്ടത്ര ശബ്ദമില്ലെങ്കിൽ സദസ്യരിൽ ചിലർ ഉറക്കം തൂങ്ങാനിടയുണ്ട്. വയൽശുശ്രൂഷയിൽ ആയിരിക്കെ തീരെ പതുക്കെ സംസാരിക്കുന്ന ഒരു പ്രസാധകന് വീട്ടുകാരന്റെ ശ്രദ്ധ പിടിച്ചുനിറുത്താനായെന്നു വരില്ല. യോഗങ്ങളിൽ സദസ്യർ വേണ്ടത്ര ശബ്ദത്തിൽ അഭിപ്രായങ്ങൾ പറയുന്നില്ലെങ്കിൽ ഹാജരായിരിക്കുന്നവർക്ക് ആവശ്യമായ പ്രോത്സാഹനം ലഭിക്കില്ല. (എബ്രാ. 10:24, 25, NW) നേരെ മറിച്ച്, ഒരു പ്രസംഗകൻ അരുതാത്ത സമയത്തു ശബ്ദം ഉയർത്തുന്നെങ്കിൽ സദസ്സിലുള്ളവർ അസ്വസ്ഥരായിത്തീർന്നേക്കാം, അത് അവരിൽ വല്ലാത്ത ഒരു അസഹ്യത പോലും ഉളവാക്കിയേക്കാം.—സദൃ. 27:14.
നിങ്ങളുടെ സദസ്സിനെ കണക്കിലെടുക്കുക. ആരോടാണു നിങ്ങൾ സംസാരിക്കുന്നത്? ഒരൊറ്റ വ്യക്തിയോടാണോ? ഒരു കുടുംബത്തോടാണോ? വയൽസേവനത്തിനായി കൂടിവന്നിരിക്കുന്ന ഒരു ചെറിയ കൂട്ടത്തോടാണോ? മുഴു സഭയോടുമാണോ? അതോ ഒരു കൺവെൻഷൻ സ്ഥലത്തു കൂടിവന്നിരിക്കുന്ന ഒരു വലിയ കൂട്ടത്തോടാണോ? ഒരു സാഹചര്യത്തിൽ അനുയോജ്യമായിരിക്കുന്ന ശബ്ദവ്യാപ്തി (volume) മറ്റൊരു സാഹചര്യത്തിൽ അങ്ങനെ ആയിരിക്കണമെന്നില്ല എന്നതു വ്യക്തമാണ്.
വ്യത്യസ്ത സന്ദർഭങ്ങളിൽ, ദൈവദാസന്മാർ വലിയ സദസ്സിനോടു സംസാരിച്ചിട്ടുണ്ട്. ശലോമോന്റെ കാലത്ത് യെരൂശലേമിലെ ദൈവാലയത്തിന്റെ ഉദ്ഘാടനം നടന്ന സമയത്ത് ഉച്ചഭാഷിണി സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ശലോമോൻ ഒരു ഉയർന്ന പീഠത്തിൽ കയറിനിന്നു ജനത്തെ “ഉച്ചത്തിൽ” ആശീർവദിച്ചു. (1 രാജാ. 8:55; 2 ദിന. 6:13) ഇനി, നൂറ്റാണ്ടുകൾക്കു ശേഷം നടന്ന ഒരു കാര്യം പരിചിന്തിക്കാം. പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവു പകരപ്പെട്ടശേഷം ഒരു വൻ പുരുഷാരം—അവരിൽ താത്പര്യക്കാരും പരിഹാസ മനോഭാവമുള്ളവരും ഉണ്ടായിരുന്നു—യെരൂശലേമിലെ ക്രിസ്ത്യാനികളുടെ ചെറിയ കൂട്ടത്തിനു ചുറ്റും കൂടി. അപ്പോൾ, പ്രായോഗിക ജ്ഞാനം പ്രകടമാക്കിക്കൊണ്ട് പത്രൊസ് ‘നിന്നുകൊണ്ടു ഉറക്കെ പറഞ്ഞു തുടങ്ങി.’ (പ്രവൃ. 2:14) അങ്ങനെ ശക്തമായ ഒരു സാക്ഷ്യം നൽകപ്പെട്ടു.
നിങ്ങളുടെ ശബ്ദവ്യാപ്തി ഒരു പ്രത്യേക സാഹചര്യത്തിനു യോജിച്ചതാണോ എന്ന് എങ്ങനെ അറിയാൻ കഴിയും? സദസ്സിന്റെ പ്രതികരണമാണ് ഏറ്റവും നല്ല ഒരു അളവുകോൽ. സദസ്യരിൽ ചിലർ കേൾക്കാൻ നന്നേ പാടുപെടുന്നതായി നിരീക്ഷിക്കുന്നപക്ഷം, ശബ്ദവ്യാപ്തിയിൽ ആവശ്യമായ ക്രമപ്പെടുത്തൽ വരുത്താൻ നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്.
നാം സംസാരിക്കുന്നത് ഒരു വ്യക്തിയോടോ കൂട്ടത്തോടോ ആയാലും, നമ്മുടെ കേൾവിക്കാർ ആരെന്നു പരിചിന്തിക്കുന്നതു ബുദ്ധിയാണ്. കേൾവിക്കുറവുള്ളവരോടു സംസാരിക്കുമ്പോൾ നിങ്ങൾ ശബ്ദം ഉയർത്തേണ്ടതുണ്ടായിരിക്കാം. എന്നാൽ കേവലം പ്രായാധിക്യത്താൽ അൽപ്പം സാവധാനം പ്രതികരിക്കുന്നവർക്ക് അലറി സംസാരിക്കുന്നത് ഇഷ്ടപ്പെട്ടെന്നു വരില്ല. അത് അപമര്യാദയായി പോലും വീക്ഷിക്കപ്പെട്ടേക്കാം. ചില സംസ്കാരങ്ങളിൽ, ശബ്ദം വളരെ കൂട്ടി സംസാരിക്കുന്നത് ഒരു വ്യക്തി കുപിതനോ അക്ഷമനോ ആണെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.
ശ്രദ്ധാശൈഥില്യം ഉണ്ടാക്കുന്ന ശബ്ദകോലാഹലങ്ങൾ കണക്കിലെടുക്കുക. വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നിങ്ങൾ ആയിരിക്കുന്ന സാഹചര്യങ്ങൾ സാക്ഷ്യം നൽകുമ്പോൾ എത്രമാത്രം ശബ്ദവ്യാപ്തി ഉണ്ടായിരിക്കണം എന്നതിനെ തീർച്ചയായും സ്വാധീനിക്കുന്നു. വാഹനങ്ങളുടെ ശബ്ദം, കലപിലകൂട്ടുന്ന കുട്ടികളുടെ ബഹളം, പട്ടികളുടെ കുര, കാതു തുളയ്ക്കുമാറ് ഉച്ചത്തിലുള്ള സംഗീതത്തിന്റെയോ ടെലിവിഷന്റെയോ ശബ്ദം ഇവയിൽ ഒന്നിനാൽ മുഖരിതമായ ഒരു അന്തരീക്ഷമാണു നിങ്ങളെ വരവേൽക്കുന്നതെങ്കിൽ നിങ്ങൾക്കു നല്ലവണ്ണം ശബ്ദമുയർത്തി സംസാരിക്കേണ്ടതുണ്ടായിരിക്കാം. നേരെ മറിച്ച്, അടുത്തടുത്തു വീടുകളുള്ള പ്രദേശങ്ങളിൽ, അയൽക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുമാറ് ഉച്ചത്തിൽ നിങ്ങൾ സംസാരിക്കുന്നെങ്കിൽ അതു വീട്ടുകാരന് അല്ലെങ്കിൽ വീട്ടുകാരിക്ക് അസ്വസ്ഥത ഉളവാക്കിയേക്കാം.
സഭയിലോ കൺവെൻഷൻ സ്ഥലങ്ങളിലോ പ്രസംഗങ്ങൾ നടത്തുന്ന സഹോദരന്മാർക്കും നാനാതരം സാഹചര്യങ്ങളെ തരണം ചെയ്യേണ്ടതായി വരുന്നു. സദസ്സിനു സുഖകരമായി കേൾക്കാൻ പറ്റിയ രീതിയിൽ നിർമിക്കപ്പെട്ട ഒരു ഹാളിൽവെച്ചു പ്രസംഗം നടത്തുന്നതിൽനിന്നു തികച്ചും വ്യത്യസ്തമാണ് വെളിയിൽവെച്ച് ഒരു സദസ്സിനോടു സംസാരിക്കുന്നത്. ലാറ്റിൻ അമേരിക്കയിൽ രണ്ടു മിഷനറിമാർ ചേർന്ന് ഒരു താത്പര്യക്കാരന്റെ വീടിന്റെ അങ്കണത്തിൽവെച്ച് ഒരു പരസ്യപ്രസംഗം നടത്തി. ആ സമയത്ത് അടുത്തൊരിടത്തു വെടിക്കെട്ട് പൊടിപൊടിക്കുകയായിരുന്നുവെന്നു മാത്രമല്ല ഒരു പൂവൻകോഴി നിറുത്താതെ കൂകുന്നുമുണ്ടായിരുന്നു!
പ്രസംഗത്തിനിടയ്ക്കു കുറച്ചു നേരത്തേക്കു സംസാരം നിറുത്തേണ്ടതോ ശബ്ദമുയർത്തി സംസാരിക്കേണ്ടതോ ആയ ഒരു സാഹചര്യം സംജാതമായേക്കാം. ഉദാഹരണത്തിന്, തകരം മേഞ്ഞ ഒരു മുറിയിൽവെച്ചാണു യോഗം നടക്കുന്നതെങ്കിൽ, പെട്ടെന്നു ശക്തമായ ഒരു മഴ പെയ്താൽ മതി പ്രസംഗകൻ പറയുന്നതൊന്നുംതന്നെ സദസ്യർക്കു കേൾക്കാതാകാൻ. കുട്ടികളുടെ കരച്ചിലും ആളുകൾ താമസിച്ചെത്തുന്നതുമൂലം ഉണ്ടാകുന്ന ശല്യങ്ങളും തീർച്ചയായും വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങളാണ്. നിങ്ങൾ അവതരിപ്പിക്കുന്ന വിവരങ്ങളിൽനിന്നു സദസ്സിനു പൂർണ പ്രയോജനം ലഭിക്കാൻ കഴിയത്തക്കവണ്ണം ശ്രദ്ധാശൈഥില്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പഠിക്കുക.
ഉച്ചഭാഷിണി ലഭ്യമാണെങ്കിൽ അതു സഹായകമായിരിക്കും. എന്നാൽ പ്രസംഗകൻ ശബ്ദമുയർത്തി സംസാരിക്കേണ്ട സാഹചര്യങ്ങൾ അപ്പോഴും ഉണ്ടായേക്കാം. കൂടെക്കൂടെ പവർകട്ട് ഉണ്ടാകാറുള്ള സ്ഥലങ്ങളിൽ പ്രസംഗകർക്ക് മൈക്രോഫോണിന്റെ സഹായം കൂടാതെ പ്രസംഗം തുടർന്നേ പറ്റൂ.
ചർച്ച ചെയ്യുന്ന വിവരങ്ങൾ കണക്കിലെടുക്കുക. നിങ്ങൾ പ്രസംഗത്തിൽ അവതരിപ്പിക്കുന്ന വിവരങ്ങളുടെ സ്വഭാവവും എത്രമാത്രം ശബ്ദവ്യാപ്തി ആവശ്യമാണെന്നു നിർണയിക്കുന്ന ഒരു ഘടകമാണ്. കരുത്തോടെ അവതരിപ്പിക്കേണ്ട ഒരു വിഷയമാണെങ്കിൽ, തീരെ മൃദുവായി സംസാരിച്ചുകൊണ്ട് അതിന്റെ കരുത്തു ചോർത്തിക്കളയരുത്. ഉദാഹരണത്തിന്, അപലപന പ്രഖ്യാപനം ഉൾക്കൊള്ളുന്ന ഒരു തിരുവെഴുത്തു ഭാഗം വായിക്കുമ്പോൾ നിങ്ങളുടെ ശബ്ദം, സ്നേഹം പ്രകടമാക്കുന്നതു സംബന്ധിച്ച ബുദ്ധിയുപദേശം വായിക്കുമ്പോഴത്തേതിനെക്കാൾ കരുത്തുറ്റതായിരിക്കേണ്ടതുണ്ട്. അവതരിപ്പിക്കുന്ന വിവരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിങ്ങളുടെ ശബ്ദവ്യാപ്തി ക്രമീകരിക്കുക. എന്നാൽ നിങ്ങളിലേക്കു ശ്രദ്ധ ആകർഷിക്കാത്ത വിധത്തിൽ അതു ചെയ്യാൻ ശ്രദ്ധിക്കണം.
നിങ്ങളുടെ ലക്ഷ്യം കണക്കിലെടുക്കുക. സദസ്സിനെ തീക്ഷ്ണമായ പ്രവർത്തനത്തിന് ഉത്തേജിപ്പിക്കുക എന്നതാണു നിങ്ങളുടെ ലക്ഷ്യമെങ്കിൽ താരതമ്യേന കരുത്തുറ്റ ശബ്ദം ഉപയോഗിക്കേണ്ടത് ആവശ്യമായിരിക്കാം. സദസ്സിന്റെ ചിന്താഗതിക്കു മാറ്റം വരുത്താനാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കണക്കിലേറെ ശബ്ദം ഉപയോഗിച്ച് അവരെ വെറുപ്പിക്കരുത്. സാന്ത്വനം പകരാനാണു നിങ്ങളുടെ ശ്രമമെങ്കിൽ ഏറെ മൃദുവായ ശബ്ദമായിരിക്കും സാധാരണഗതിയിൽ കൂടുതൽ നല്ലത്.
വർധിച്ച ശബ്ദവ്യാപ്തിയുടെ ഫലകരമായ ഉപയോഗം. ഒരു കാര്യത്തിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുന്ന ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുമ്പോൾ ശബ്ദമുയർത്തി സംസാരിക്കുന്നതു പലപ്പോഴും സഹായകമാണ്. മാതാപിതാക്കൾക്ക് ഇത് അറിയാം. കളിനിറുത്തി പോരാനുള്ള സമയമാകുമ്പോൾ അവർ കുട്ടികളെ ഉറക്കെ വിളിക്കുന്നത് അതുകൊണ്ടാണ്. യോഗസ്ഥലത്തോ സമ്മേളനസ്ഥലത്തോ കൂടിവന്നിരിക്കുന്നവരെ നിശ്ശബ്ദരാക്കിയിരുത്താൻ ഒരു അധ്യക്ഷന് ശബ്ദം ഉയർത്തി സംസാരിക്കേണ്ടി വന്നേക്കാം. വയൽശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന പ്രസാധകർ പുറത്തു പണിയെടുത്തുകൊണ്ടിരിക്കുന്ന ആളുകളെ സമീപിക്കുമ്പോൾ ഉറക്കെ അഭിവാദ്യം ചെയ്തേക്കാം.
ഒരാളുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞും മതിയായ ശബ്ദം ഉപയോഗിക്കേണ്ടതു പ്രധാനമാണ്. തീരെ താഴ്ന്ന ശബ്ദത്തിലാണു സംസാരിക്കുന്നതെങ്കിൽ നിങ്ങൾ നന്നായി തയ്യാറായിട്ടില്ലെന്നോ ബോധ്യത്തോടു കൂടിയല്ല സംസാരിക്കുന്നതെന്നോ കേൾക്കുന്നവർ ധരിക്കാനിടയുണ്ട്.
ഒരു ആജ്ഞ ഉൾപ്പെട്ടിരിക്കുമ്പോൾ, ശബ്ദം ഉയർത്തി സംസാരിക്കുന്നത് നടപടിയെടുക്കാൻ ആളുകളെ പ്രേരിപ്പിച്ചേക്കാം. (പ്രവൃ. 14:9, 10) അതുപോലെതന്നെ, വളരെ ഉച്ചത്തിൽ ആജ്ഞാപിക്കുന്നതിലൂടെ ഒരു വിപത്ത് ഒഴിവാക്കാനായേക്കാം. തടവുകാർ ഓടിപ്പൊയ്ക്കളഞ്ഞു എന്നു വിചാരിച്ച് ഫിലിപ്പിയിലെ ഒരു കാരാഗൃഹപ്രമാണി ആത്മഹത്യ ചെയ്യാൻ തുടങ്ങുകയായിരുന്നു. അപ്പോൾ “പൌലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.” അങ്ങനെ ഒരു ആത്മഹത്യ ഒഴിവായി. തുടർന്ന് പൗലൊസും ശീലാസും കാരാഗൃഹപ്രമാണിയോടും അയാളുടെ വീട്ടുകാരോടും സാക്ഷീകരിച്ചു. അവർ എല്ലാവരും സത്യം കൈക്കൊണ്ടു.—പ്രവൃ. 16:27-33.
ശബ്ദവ്യാപ്തിയുടെ കാര്യത്തിൽ മെച്ചപ്പെടാൻ കഴിയുന്ന വിധം. ചിലർക്ക്, അനുയോജ്യ വ്യാപ്തിയിലുള്ള ശബ്ദം ഉപയോഗിക്കാൻ പഠിക്കുന്നതിന് സാധാരണയിലും കവിഞ്ഞ ശ്രമം വേണ്ടിവരുന്നു. ഒരു വ്യക്തിക്കു മതിയായ ശബ്ദത്തിൽ സംസാരിക്കാൻ കഴിയാത്തത് ഒരുപക്ഷേ സ്വതവേതന്നെ അയാളുടെ ശബ്ദം ദുർബലമായതിനാൽ ആകാം. എന്നിരുന്നാലും, ശ്രമിക്കുന്നപക്ഷം പുരോഗതി വരുത്താൻ കഴിഞ്ഞേക്കും, അപ്പോഴും അയാളുടെ ശബ്ദം മൃദുവായിരുന്നേക്കാമെങ്കിലും. ശ്വസനത്തിനും ശരീരനിലയ്ക്കും ശ്രദ്ധ നൽകുക. നിവർന്നു നിൽക്കാനും ഇരിക്കാനും പരിശീലിക്കുക. കൂനിയിരിക്കാതെ തോളുകൾ നേരെ പിടിക്കുക, കൂടാതെ ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുക. ശ്വാസകോശങ്ങളുടെ അടിഭാഗത്തു വായു നിറയുന്നുവെന്ന് ഉറപ്പുവരുത്തുക. ശരിയായി നിയന്ത്രിച്ചുനിറുത്തുന്ന ഈ വായുവാണ് സംസാരസമയത്തു ശബ്ദവ്യാപ്തി നിയന്ത്രിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നത്.
സംസാരിക്കുമ്പോൾ ശബ്ദം വളരെ കൂടിപ്പോകുന്നു എന്നതാണു മറ്റു ചിലരുടെ പ്രശ്നം. അവർ വെളിയിലോ ശബ്ദമുഖരിതമായ അന്തരീക്ഷത്തിലോ ജോലി ചെയ്തതിന്റെ ഫലമായി വികസിപ്പിച്ചെടുത്തതായിരിക്കാം ഈ ശീലം. അല്ലെങ്കിൽ, എല്ലാവരും വളരെ ഉച്ചത്തിൽ സംസാരിക്കുന്ന, ഒച്ചപ്പാടും ബഹളവും സാധാരണമായ ഒരു ചുറ്റുപാടിൽനിന്ന് ഉള്ളവരായിരിക്കാം അവർ. അതിന്റെ ഫലമായി, സംഭാഷണത്തിൽ പങ്കുചേരാനുള്ള ഏക വഴി മറ്റുള്ളവരെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നതാണെന്ന് അവർക്കു തോന്നുന്നു. “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരി”ക്കാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം അവർ ക്രമാനുഗതമായി ബാധകമാക്കവേ, മറ്റുള്ളവരുമായി സംഭാഷണം നടത്തുമ്പോൾ എത്രമാത്രം ശബ്ദവ്യാപ്തി ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ അവർ ക്രമപ്പെടുത്തലുകൾ വരുത്തുന്നതായിരിക്കും.—കൊലൊ. 3:12.
നല്ല തയ്യാറാകൽ, വയൽശുശ്രൂഷയിൽ പതിവായി പങ്കുപറ്റുന്നതിലൂടെ ഉണ്ടാകുന്ന അനുഭവപരിചയം, യഹോവയോടുള്ള പ്രാർഥന എന്നിവ അനുയോജ്യ ശബ്ദത്തോടെ സംസാരിക്കുന്നതിനു നിങ്ങളെ സഹായിക്കും. പ്രസംഗവേദിയിൽനിന്നു സംസാരിക്കുമ്പോഴായാലും വയൽശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ഒരാളോടു സംസാരിക്കുമ്പോഴായാലും നിങ്ങൾ പറയുന്ന കാര്യങ്ങൾ കേട്ട് പ്രയോജനം അനുഭവിക്കാൻ ശ്രോതാക്കളെ അല്ലെങ്കിൽ ശ്രോതാവിനെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക.—സദൃ. 18:21.