പാഠം 11
ഊഷ്മളതയും വികാരഭാവവും
വികാരം മനുഷ്യജീവിതത്തിന്റെ ഒരു അടിസ്ഥാന ഭാഗമാണ്. ഒരു വ്യക്തി വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ അയാൾ തന്റെ ഹൃദയത്തിൽ എന്താണുള്ളത്, അകമേ താൻ ഏതു തരക്കാരനാണ്, ആളുകളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും തനിക്ക് എന്തു തോന്നുന്നു എന്നെല്ലാം വെളിപ്പെടുത്തുന്നു. ജീവിതത്തിൽ നേരിട്ട പരുക്കൻ അനുഭവങ്ങൾ നിമിത്തം പലരും തങ്ങളുടെ വികാരങ്ങൾ മറച്ചുപിടിക്കുന്നു. സാംസ്കാരിക സ്വാധീനങ്ങളാണു മറ്റു ചിലരെ ഇതിനു പ്രേരിപ്പിക്കുന്നത്. എന്നാൽ, ആന്തരിക വ്യക്തിയിൽ സദ്ഗുണങ്ങൾ നട്ടുവളർത്താനും അവ യുക്തമായി പ്രകടിപ്പിക്കാനും യഹോവ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—റോമ 12:10; 1 തെസ്സ. 2:7, 8.
സംസാരിക്കുമ്പോൾ, കൃത്യമായ വികാരങ്ങളെ തിരിച്ചറിയിക്കുന്ന വാക്കുകളായിരിക്കാം നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ നാം അവ പറയുന്നത് അനുയോജ്യമായ വികാരഭാവത്തോടു കൂടിയല്ലെങ്കിൽ കേൾവിക്കാർക്കു നമ്മുടെ ആത്മാർഥതയിൽ സംശയം തോന്നാനിടയുണ്ട്. അതേസമയം, പദങ്ങൾ അനുയോജ്യമായ വികാരഭാവത്തോടെ അവതരിപ്പിക്കുമ്പോൾ നമ്മുടെ സംസാരത്തിനു കേൾവിക്കാരുടെ ഹൃദയങ്ങളെ സ്പർശിക്കാവുന്ന തരത്തിലുള്ള അഴകും പരിപുഷ്ടിയും കൈവരും.
ഊഷ്മളത പ്രകടിപ്പിക്കൽ. വ്യക്തികളെ കുറിച്ചുള്ള ചിന്തകളിൽനിന്നാണു മിക്കപ്പോഴും ഊഷ്മള വികാരങ്ങൾ ഉടലെടുക്കുന്നത്. യഹോവയുടെ പ്രിയങ്കരങ്ങളായ ഗുണങ്ങളെ കുറിച്ചു സംസാരിക്കുമ്പോഴും യഹോവയുടെ നന്മയോടുള്ള നമ്മുടെ വിലമതിപ്പു നാം വാഗ്രൂപേണ പ്രകടിപ്പിക്കുമ്പോഴും നമ്മുടെ ശബ്ദത്തിൽ ഊഷ്മളത പ്രതിഫലിക്കണം. (യെശ. 63:7-9) സഹമനുഷ്യരോടു സംസാരിക്കുമ്പോഴും നമ്മുടെ സംസാരരീതിയിൽ വശ്യമായ ഊഷ്മളത പ്രകടമായിരിക്കണം.
ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽ വന്ന് തന്നെ സുഖപ്പെടുത്താൻ അപേക്ഷിക്കുന്നു. “മനസ്സുണ്ടു, ശുദ്ധമാക” എന്ന് അവനോടു പറഞ്ഞപ്പോഴത്തെ യേശുവിന്റെ സ്വരം അല്ലെങ്കിൽ അവന്റെ ശബ്ദത്തിൽ നിഴലിച്ച ഭാവം വിഭാവന ചെയ്യുക. (മർക്കൊ. 1:40-42) അടുത്തതായി, 12 വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ശബ്ദമുണ്ടാക്കാതെ പുറകിലൂടെ ചെന്ന് യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊടുന്ന രംഗം ഭാവനയിൽ കാണുക. തനിക്കു മറഞ്ഞിരിക്കാനാവില്ല എന്നു കണ്ട് ആ സ്ത്രീ വിറെച്ചുകൊണ്ടു വന്ന് യേശുവിന്റെ കാൽക്കൽ വീഴുന്നു, താൻ അവന്റെ വസ്ത്രത്തിൽ തൊട്ടത് എന്തുകൊണ്ടെന്നും സുഖം പ്രാപിച്ചത് എങ്ങനെയെന്നും സകലരും കേൾക്കെ അവൾ അറിയിക്കുന്നു. അപ്പോൾ, “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക” എന്ന് യേശു അവളോടു പറയുന്ന വിധത്തെ കുറിച്ചു ചിന്തിക്കുക. (ലൂക്കൊ. 8:42സി-48) ഈ സന്ദർഭങ്ങളിൽ യേശു പ്രകടമാക്കിയ ഊഷ്മളത നമ്മുടെ ഹൃദയങ്ങളെ ഇന്നും സ്പർശിക്കുന്നു.
യേശുവിനെ പോലെ നമുക്ക് ആളുകളോട് അനുകമ്പ തോന്നി അവരെ സഹായിക്കാൻ നാം യഥാർഥത്തിൽ ആഗ്രഹിക്കുമ്പോൾ അവരോടുള്ള നമ്മുടെ സംസാരരീതിയിൽ അതു പ്രതിഫലിക്കുന്നു. അത്തരം ഊഷ്മളത ആത്മാർഥമാണ്, അതിരു കടന്നതല്ല. നാം കാണിക്കുന്ന ഊഷ്മളതയ്ക്ക് ആളുകളുടെ പ്രതികരണത്തെത്തന്നെ മാറ്റാൻ കഴിയും. വയൽശുശ്രൂഷയിലായിരിക്കെ നാം പറയുന്ന മിക്ക കാര്യങ്ങളും ഊഷ്മളതയോടെ അവതരിപ്പിക്കാൻ പറ്റിയവയാണ്. പ്രത്യേകിച്ചും നാം ന്യായവാദം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും സഹതാപം കാട്ടുകയുമൊക്കെ ചെയ്യുമ്പോൾ.
നിങ്ങൾക്കു മറ്റുള്ളവരോട് ഊഷ്മള വികാരം തോന്നുന്നെങ്കിൽ അതു നിങ്ങളുടെ മുഖത്തു പ്രതിഫലിപ്പിക്കുക. നിങ്ങൾ ഊഷ്മളത കാണിക്കുമ്പോൾ, തണുപ്പുള്ള ഒരു രാത്രിയിൽ തീക്കരികിലേക്ക് എന്നതുപോലെ നിങ്ങളിലേക്കു സദസ്സ് ആകർഷിക്കപ്പെടും. നിങ്ങളുടെ മുഖത്ത് ഊഷ്മളത വിളങ്ങുന്നില്ലെങ്കിൽ സദസ്സിലുള്ളവരെ കുറിച്ചു നിങ്ങൾ ആത്മാർഥമായി കരുതുന്നുവെന്ന് അവർക്കു ബോധ്യമാകാതിരുന്നേക്കാം. ഊഷ്മളത ഒരു മുഖംമൂടി പോലെ ധരിക്കാവുന്നതല്ല—അത് ആത്മാർഥമായിരിക്കണം.
ഊഷ്മളത നിങ്ങളുടെ ശബ്ദത്തിലും ധ്വനിക്കേണ്ടതുണ്ട്. നിങ്ങൾക്കു പരുക്കൻ ശബ്ദമാണുള്ളതെങ്കിൽ സംസാരത്തിൽ ഊഷ്മളത വരുത്തുക ബുദ്ധിമുട്ടായിരുന്നേക്കാം. പക്ഷേ, ബോധപൂർവകമായ ശ്രമം നടത്തുന്ന പക്ഷം നിങ്ങൾക്ക് അതിനു കഴിയും. അതിനു സമയവും ആവശ്യമാണ്. നിങ്ങളെ സഹായിച്ചേക്കാവുന്ന ഒരു സംഗതി, ക്ഷിപ്രമായി ഉച്ചരിക്കുന്ന ഹ്രസ്വ ശബ്ദങ്ങൾ സംസാരത്തെ ഊഷ്മളരഹിതമാക്കും എന്ന് ഓർക്കുന്നതാണ്. ഇതു തികച്ചും സാങ്കേതികമായ ഒരു വശമാണെന്നു പറയാം. പദങ്ങളിലെ ഏറെ മൃദുലമായ ശബ്ദങ്ങൾ നീട്ടി പറയാൻ പഠിക്കുക. ഇതു നിങ്ങളുടെ സംസാരത്തിന് ഊഷ്മളത പകരാൻ സഹായിക്കും.
എന്നിരുന്നാലും, അതിലേറെ പ്രാധാന്യം അർഹിക്കുന്നതാണു ശ്രോതാക്കളിലുള്ള നിങ്ങളുടെ താത്പര്യം. നിങ്ങളുടെ ചിന്തകൾ അവരിൽ ആത്മാർഥമായി പതിഞ്ഞിരിക്കുകയും പ്രയോജനകരമായ ചില കാര്യങ്ങൾ അവർക്കു പകർന്നു കൊടുക്കാൻ നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, ആ വികാരം നിങ്ങൾ സംസാരിക്കുന്ന വിധത്തിൽ പ്രതിഫലിക്കുന്നതായിരിക്കും.
ഊർജസ്വലമായ അവതരണം ഉത്തേജനം പകരുന്നു. എന്നാൽ ഒപ്പം ആർദ്രവികാരവും വേണം. നാം എല്ലായ്പോഴും ശ്രോതാക്കളുടെ മനസ്സിൽ ബോധ്യം വരുത്തിയാൽ മാത്രം പോരാ, അവരുടെ ഹൃദയത്തെ പ്രചോദിപ്പിക്കുകയും വേണം.
മറ്റു വികാരങ്ങൾ പ്രകടിപ്പിക്കൽ. കൊടിയ മനോവേദനയിൽ ആയിരിക്കുന്ന ഒരു വ്യക്തി ഉത്കണ്ഠ, ഭയം, വിഷാദം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിച്ചേക്കാം. നമ്മുടെ ജീവിതത്തിൽ പ്രമുഖ സ്ഥാനത്തു നിൽക്കേണ്ടതും മറ്റുള്ളവരോടു സംസാരിക്കുമ്പോൾ നാം ലോപമില്ലാതെ പ്രകടിപ്പിക്കുന്നതും ആയ ഒരു വികാരമാണു സന്തോഷം. അതേസമയം, ചില വികാരങ്ങൾ നിയന്ത്രിച്ചു നിറുത്തേണ്ടവയാണ്. അവ ക്രിസ്തീയ വ്യക്തിത്വത്തിനു നിരക്കാത്തവയാണ്. (എഫെ. 4:31, 32; ഫിലി. 4:4) നാം തിരഞ്ഞെടുക്കുന്ന വാക്കുകൾ, നമ്മുടെ സ്വരം, നമ്മുടെ സംസാരത്തിന്റെ തീവ്രത, മുഖഭാവം, ആംഗ്യങ്ങൾ ഇവയിലൂടെ എല്ലാത്തരം വികാരങ്ങളും പ്രകടിപ്പിക്കാൻ കഴിയും.
ബൈബിൾ എല്ലാത്തരം മാനുഷ വികാരങ്ങളെ കുറിച്ചും പറയുന്നുണ്ട്. ചില സന്ദർഭങ്ങളിൽ അതു വികാരങ്ങളെ കേവലം പേരെടുത്തു പരാമർശിക്കുമ്പോൾ, മറ്റു ചില സന്ദർഭങ്ങളിൽ അതു വികാരങ്ങളെ വെളിവാക്കുന്ന സംഭവങ്ങൾ വിവരിക്കുകയോ പ്രസ്താവനകൾ ഉദ്ധരിക്കുകയോ ചെയ്യുന്നു. അത്തരം ഭാഗങ്ങൾ ഉറക്കെ വായിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ആ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നെങ്കിൽ, നിങ്ങളിലും കേൾക്കുന്നവരിലും അതു കൂടുതൽ പ്രഭാവം ചെലുത്തും. അതിന് നിങ്ങൾ ആരെക്കുറിച്ചു വായിക്കുന്നുവോ അവരുടെ സ്ഥാനത്തു നിങ്ങളെത്തന്നെ ആക്കിവെക്കേണ്ടതുണ്ട്. പക്ഷേ, പ്രസംഗം നാടകമല്ല. അതുകൊണ്ട് ഒന്നും പെരുപ്പിച്ചു കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിവരങ്ങൾ ശ്രോതാക്കളുടെ മനസ്സിൽ ജീവസ്സുറ്റ വിധത്തിൽ പതിയാൻ ഇടയാക്കുക.
വിവരങ്ങൾക്ക് അനുയോജ്യം. ഉത്സാഹത്തിന്റെ കാര്യത്തിലെന്നപോലെ, നിങ്ങൾ പ്രകടിപ്പിക്കുന്ന ഊഷ്മളതയും മറ്റു വികാരങ്ങളും നിങ്ങൾ എന്തു പറയുന്നു എന്നതിനെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.
മത്തായി 11:28-30-ലേക്കു തിരിഞ്ഞ് അവിടെ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക. അടുത്തതായി മത്തായി 23-ാം അധ്യായത്തിലേക്കു തിരിഞ്ഞ് ശാസ്ത്രിമാരെയും പരീശന്മാരെയും യേശു കുറ്റംവിധിക്കുന്നതിനെ കുറിച്ചുള്ള വിവരണം വായിക്കുക. അപലപനത്തിന്റെ ഈ തീ പാറുന്ന വാക്കുകൾ വികാരരഹിതവും നിർജീവവുമായ ഒരു വിധത്തിൽ യേശു പറയുന്നതിനെ കുറിച്ചു നമുക്കു സങ്കൽപ്പിക്കാനാവില്ല.
തന്റെ സഹോദരനായ ബെന്യാമീനു വേണ്ടിയുള്ള യെഹൂദായുടെ അപേക്ഷയെ കുറിച്ചുള്ള ഉല്പത്തി 44-ാം അധ്യായത്തിലെ വിവരണം പോലുള്ള ഒരു ഭാഗം എന്തു വികാരം ഉണർത്തുന്നു എന്നാണു നിങ്ങൾ കരുതുന്നത്? 13-ാം വാക്യത്തിൽ പ്രകടമാക്കപ്പെട്ടിരിക്കുന്ന വികാരം എന്തെന്നും ദുരവസ്ഥയുടെ കാരണത്തെ കുറിച്ച് യഹൂദയ്ക്ക് എങ്ങനെ തോന്നി എന്നതിനെ കുറിച്ച് 16-ാം വാക്യം സൂചിപ്പിക്കുന്നത് എന്തെന്നും യോസേഫിന്റെ പ്രതികരണത്തെ കുറിച്ച് ഉല്പത്തി 45:1 പറയുന്നത് എന്തെന്നും ശ്രദ്ധിക്കുക.
അതുകൊണ്ട്, വായന ആയാലും പ്രസംഗം ആയാലും ശരി, അതു ഫലപ്രദമായി നിർവഹിക്കാൻ നാം വാക്കുകൾക്കും ആശയങ്ങൾക്കും മാത്രമല്ല, അവയ്ക്കൊപ്പം വരേണ്ട വികാരങ്ങൾക്കും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.