പാഠം 33
നയപൂർവം, എന്നാൽ ദൃഢതയോടെ
നയം എന്നു പറയുന്നത് മറ്റാളുകളെ അനാവശ്യമായി പ്രകോപിപ്പിക്കാതെ അവരുമായി ഇടപെടാനുള്ള കഴിവാണ്. കാര്യങ്ങൾ എങ്ങനെ, എപ്പോൾ പറയണമെന്ന് അറിയുന്നത് അതിൽ ഉൾപ്പെടുന്നു. ശരിയായ കാര്യങ്ങളിൽ വിട്ടുവീഴ്ച കാണിക്കാമെന്നോ വസ്തുതകൾ വളച്ചൊടിക്കാമെന്നോ ഇത് അർഥമാക്കുന്നില്ല. നയത്തെ മാനുഷ ഭയവുമായി കൂട്ടിക്കുഴയ്ക്കരുത്.—സദൃ. 29:25.
ആത്മാവിന്റെ ഫലങ്ങൾ നയമുള്ളവർ ആയിരിക്കാനുള്ള ഏറ്റവും നല്ല അടിസ്ഥാനം പ്രദാനം ചെയ്യുന്നു. സ്നേഹത്താൽ പ്രേരിതമായി പ്രവർത്തിക്കുന്ന ഒരു വ്യക്തി മറ്റുള്ളവരെ അലോസരപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, പകരം അവരെ സഹായിക്കാൻ ആഗ്രഹിക്കുന്നു. ദയയും സൗമ്യതയും ഉള്ള ഒരു വ്യക്തി മയത്തോടെ ആയിരിക്കും കാര്യങ്ങൾ ചെയ്യുക. സമാധാനം അന്വേഷിക്കുന്ന ഒരാൾ മറ്റുള്ളവരുമായി നല്ല ബന്ധം വളർത്താനുള്ള വഴികൾ തേടുന്നു. മറ്റുള്ളവർ പരുക്കൻ രീതിയിൽ ഇടപെടുമ്പോൾ പോലും, ദീർഘക്ഷമയുള്ള ഒരാൾ ശാന്തനായി നിലകൊള്ളുന്നു.—ഗലാ. 5:22, 23.
എന്നാൽ ബൈബിൾ സന്ദേശം എങ്ങനെ അവതരിപ്പിച്ചാലും, ചിലയാളുകൾക്ക് ഇടർച്ച തോന്നും. ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരുടെ കാര്യംതന്നെ എടുക്കാം. അവരിൽ ഭൂരിപക്ഷത്തിന്റെയും ദുഷ്ട ഹൃദയനില നിമിത്തം യേശുക്രിസ്തു അവർക്ക് “ഇടർച്ചക്കല്ലും തടങ്ങൽപാറയുമായിത്തീർന്നു.” (1 പത്രൊ. 2:7, 8) തന്റെ രാജ്യഘോഷണ വേലയോടുള്ള ബന്ധത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു.” (ലൂക്കൊ. 12:49) യഹോവയുടെ രാജ്യത്തിന്റെ സന്ദേശം—മനുഷ്യർ സ്രഷ്ടാവിന്റെ പരമാധികാരം അംഗീകരിക്കേണ്ടതിന്റെ ആവശ്യം ഇതിൽ ഉൾപ്പെടുന്നു—ഇന്നും മനുഷ്യവർഗത്തിന്റെ മുന്നിൽ ആളിക്കത്തുന്ന ഒരു വിവാദവിഷയമാണ്. ദൈവരാജ്യം ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിയെ സത്വരം നീക്കം ചെയ്യുമെന്ന സന്ദേശത്തിൽ പലരും അനിഷ്ടം പ്രകടിപ്പിക്കുന്നു. എങ്കിലും, ദൈവത്തെ അനുസരിച്ചുകൊണ്ട് നമ്മൾ പ്രസംഗവേല തുടരുന്നു. അങ്ങനെ ചെയ്യവേ നാം ബൈബിളിന്റെ ഈ ബുദ്ധിയുപദേശം മനസ്സിൽ പിടിക്കുന്നു: “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.”—റോമ. 12:18.
സാക്ഷീകരിക്കുമ്പോൾ നയം പ്രകടമാക്കൽ. നിരവധി സാഹചര്യങ്ങളിൽ നാം നമ്മുടെ വിശ്വാസത്തെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നുണ്ട്. തീർച്ചയായും, വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നാം അതു ചെയ്യുന്നു. എന്നാൽ ബന്ധുക്കൾ, സഹജോലിക്കാർ, സഹപാഠികൾ എന്നിവരോടൊപ്പം ആയിരിക്കുമ്പോഴും നാം അതിനുള്ള അനുയോജ്യമായ അവസരങ്ങൾ തേടുന്നു. ഈ സാഹചര്യങ്ങളിലെല്ലാം നയം കാണിക്കേണ്ടത് ആവശ്യമാണ്.
മറ്റുള്ളവരുടെ വിശ്വാസങ്ങളെയും നടത്തയെയും കുറ്റപ്പെടുത്തിക്കൊണ്ട് അവരെ ഉപദേശിക്കാൻ ചെന്നിരിക്കുകയാണെന്ന തോന്നൽ ഉളവാക്കുംവിധമാണ് നമ്മൾ രാജ്യസന്ദേശം അവതരിപ്പിക്കുന്നതെങ്കിൽ, അവർ അതിനോട് അനിഷ്ടം പ്രകടിപ്പിക്കാനിടയുണ്ട്. ആളുകൾ സഹായം ആവശ്യപ്പെടാതിരിക്കുകയോ ഒരുപക്ഷേ, അതിനുള്ള ആവശ്യം അവർ കാണാതിരിക്കുകയോ ചെയ്യുന്ന ഒരു സാഹചര്യത്തിൽ, തിരുത്തൽ ആവശ്യമാണെന്ന ഏതൊരു സൂചനയോടും അവർക്ക് അനിഷ്ടം തോന്നാനിടയുണ്ട്. തെറ്റായ ധാരണ നൽകുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാനാകും? സൗഹൃദ സംഭാഷണമെന്ന കല പഠിച്ചെടുക്കുന്നതു സഹായകമായിരിക്കാം.
മറ്റേ വ്യക്തിക്കു താത്പര്യമുള്ള ഒരു വിഷയത്തെ കുറിച്ചു പറഞ്ഞുകൊണ്ട് സംഭാഷണം ആരംഭിക്കാൻ ശ്രമിക്കുക. അദ്ദേഹം നിങ്ങളുടെ ഒരു ബന്ധുവോ സഹജോലിക്കാരനോ സഹപാഠിയോ ആണെങ്കിൽ അദ്ദേഹത്തിനു താത്പര്യമുള്ളത് ഏതു വിഷയത്തിലാണെന്നു നിങ്ങൾക്ക് ഇപ്പോൾത്തന്നെ അറിയാമായിരിക്കും. നിങ്ങൾ ആ വ്യക്തിയെ ആദ്യമായിട്ടാണു കണ്ടുമുട്ടുന്നതെങ്കിൽ പോലും, വാർത്തയിൽ കേട്ടതോ പത്രത്തിൽ വായിച്ചതോ ആയ ഒരു വാർത്താശകലത്തെ കുറിച്ചു നിങ്ങൾക്ക് അദ്ദേഹത്തോടു പറയാവുന്നതാണ്. സാധാരണഗതിയിൽ പലരുടെയും മനസ്സിലുള്ള വിഷയങ്ങളായിരിക്കും അവ. വീടുതോറും പ്രവർത്തിക്കുമ്പോൾ നിരീക്ഷണപാടവം പ്രകടമാക്കുക. ഭവനത്തിലെ അലങ്കാരങ്ങൾ, മുറ്റത്തെ കളിക്കോപ്പുകൾ, മതപരമായ സാമഗ്രികൾ, വീടിന്റെ മുന്നിൽ പാർക്കു ചെയ്തിരിക്കുന്ന വാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകൾ എന്നിവ വീട്ടുകാരന്റെ താത്പര്യങ്ങളെ കുറിച്ചു കൂടുതലായ സൂചനകൾ നൽകിയേക്കാം. കൂടാതെ, വീട്ടുകാരൻ വാതിൽക്കലേക്കു വരുമ്പോൾ അദ്ദേഹത്തിനു പറയാനുള്ളതു ശ്രദ്ധിച്ചു കേൾക്കുക. അദ്ദേഹം പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ താത്പര്യങ്ങളെയും വീക്ഷണഗതിയെയും കുറിച്ചുള്ള നിങ്ങളുടെ നിഗമനങ്ങളെ സ്ഥിരീകരിക്കുകയോ തിരുത്തുകയോ ചെയ്യും. കൂടാതെ, ഒരു സാക്ഷ്യം നൽകുന്നതിന് നിങ്ങൾ കണക്കിലെടുക്കേണ്ട കാര്യങ്ങളെ കുറിച്ച് അവ കൂടുതലായ സൂചനകൾ നൽകും.
സംഭാഷണം പുരോഗമിക്കവേ, ബൈബിളിൽനിന്നോ ബൈബിൾ അധിഷ്ഠിത സാഹിത്യങ്ങളിൽനിന്നോ പ്രസ്തുത വിഷയവുമായി ബന്ധമുള്ള പോയിന്റുകൾ പങ്കുവെക്കുക. എന്നാൽ സംഭാഷണത്തിൽ ആധിപത്യം പുലർത്തരുത്. (സഭാ. 3:7) വീട്ടുകാരനെ ചർച്ചയിൽ ഉൾപ്പെടുത്തുക, അതിൽ ഉൾപ്പെടാൻ അദ്ദേഹം ഒരുക്കമാണെങ്കിൽ. അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലും അഭിപ്രായങ്ങളിലും താത്പര്യം എടുക്കുക. ഇവ, അദ്ദേഹത്തിന്റെ കാര്യത്തിൽ എങ്ങനെ നയചാതുര്യം ഉപയോഗപ്പെടുത്താനാകും എന്നതു സംബന്ധിച്ച സൂചനകൾ നിങ്ങൾക്കു പ്രദാനം ചെയ്തേക്കാം.
കാര്യങ്ങൾ പറയും മുമ്പ് മറ്റേ വ്യക്തി അവയെ എങ്ങനെ വീക്ഷിച്ചേക്കാമെന്നു പരിചിന്തിക്കുക. സദൃശവാക്യങ്ങൾ 12:8 (NW) ‘വിവേകമുള്ള വായെ’ പ്രശംസിക്കുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദപ്രയോഗം ഉൾക്കാഴ്ചയോടും ജാഗ്രതയോടും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, സംസാരിക്കുമ്പോൾ ജാഗ്രതയോടെ നിയന്ത്രണം പാലിക്കുന്നത് വിവേകത്തിന്റെ ഭാഗമാണ്. ജ്ഞാനപൂർവം പ്രവർത്തിക്കുന്നതിനായി ഒരു സംഗതിയെ കുറിച്ചു സമഗ്രമായി പരിചിന്തിക്കുന്നതിൽനിന്നു കൈവരുന്നതാണ് ഈ നിയന്ത്രണം. സദൃശവാക്യത്തിലെ അതേ അധ്യായത്തിന്റെതന്നെ 18-ാം വാക്യം ‘വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി [“ചിന്താശൂന്യമായി,” NW] സംസാരിക്കുന്നവർക്ക്’ എതിരെ മുന്നറിയിപ്പു നൽകുന്നു. മറ്റുള്ളവരെ പ്രകോപിപ്പിക്കാതെ ബൈബിൾ സത്യം ഉയർത്തിപ്പിടിക്കുക സാധ്യമാണ്.
പദങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിവേകം കാണിക്കുന്നത് അനാവശ്യമായി പ്രതിബന്ധം ഉണ്ടാകുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിച്ചേക്കാം. “ബൈബിൾ” എന്ന പദത്തിന്റെ ഉപയോഗം മാനസികമായ ഒരു പ്രതിബന്ധം സൃഷ്ടിക്കുന്നെങ്കിൽ, അതിനു പകരം “വിശുദ്ധ എഴുത്തുകൾ” എന്നോ “2,000-ത്തിലേറെ ഭാഷകളിൽ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന ഒരു പുസ്തകം” എന്നോ പറയാവുന്നതാണ്. ഇനി, ബൈബിളിനെ കുറിച്ചു നേരിട്ടു പരാമർശിക്കുന്നെങ്കിൽ അതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കാനും തുടർന്ന് അതു കണക്കിലെടുത്തുകൊണ്ടു സംഭാഷണം തുടരാനും നിങ്ങൾക്കു സാധിക്കും.
നയമുള്ളവർ ആയിരിക്കുന്നതിൽ പലപ്പോഴും കാര്യങ്ങൾ പറയേണ്ട തക്കസമയം ഏതെന്നു നിർണയിക്കുന്നത് ഉൾപ്പെടുന്നു. (സദൃ. 25:11) മറ്റേ വ്യക്തി പറയുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലായിരിക്കാം. എന്നാൽ, അദ്ദേഹം അവതരിപ്പിക്കുന്ന തിരുവെഴുത്തു വിരുദ്ധമായ എല്ലാ വീക്ഷണങ്ങളെയും ചോദ്യംചെയ്യാൻ പോകേണ്ടതില്ല. വീട്ടുകാരനോട് ഒറ്റയടിക്ക് എല്ലാം പറയാൻ ശ്രമിക്കരുത്. യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറയുകയുണ്ടായി: “ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.”—യോഹ. 16:12.
സാധ്യമായിരിക്കുമ്പോൾ, നിങ്ങൾ ആരോടു സംസാരിക്കുന്നുവോ ആ വ്യക്തിയെ ആത്മാർഥമായി അഭിനന്ദിക്കുക. വീട്ടുകാരൻ തർക്കിക്കുന്ന സ്വഭാവക്കാരൻ ആണെങ്കിൽ പോലും ഒരു നിശ്ചിത വീക്ഷണഗതി വെച്ചുപുലർത്തുന്നതിന്റെ പേരിൽ നിങ്ങൾക്ക് അദ്ദേഹത്തെ അഭിനന്ദിക്കാൻ കഴിഞ്ഞേക്കും. അഥേനയിലെ അരയോപഗയിലുള്ള തത്ത്വജ്ഞാനികളോടു സംസാരിക്കവേ അപ്പൊസ്തലനായ പൗലൊസ് അങ്ങനെ ചെയ്തു. തത്ത്വജ്ഞാനികൾ “അവനോടു വാദിച്ചു [“തർക്കിച്ചു,” പി.ഒ.സി. ബൈ.].” അവരെ പ്രകോപിപ്പിക്കാതെ അവനു തന്റെ ആശയം വ്യക്തമാക്കാൻ എങ്ങനെ കഴിഞ്ഞു? അവർ തങ്ങളുടെ ദൈവങ്ങൾക്കായി ഉണ്ടാക്കിയിരുന്ന നിരവധി വേദിക്കല്ലുകൾ നേരത്തേ അവൻ നിരീക്ഷിച്ചിരുന്നു. വിഗ്രഹാരാധനയുടെ പേരിൽ അഥേനക്കാരെ കുറ്റപ്പെടുത്തുന്നതിനു പകരം അവരുടെ ശക്തമായ മതവികാരങ്ങളെ പ്രതി അവൻ നയപൂർവം അവരെ പ്രശംസിച്ചു. “നിങ്ങൾ എല്ലാററിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു” എന്ന് അവൻ പറഞ്ഞു. ഈ സമീപനം സത്യദൈവത്തെ കുറിച്ചുള്ള തന്റെ സന്ദേശം അവതരിപ്പിക്കുന്നതിന് അവനു വഴി തുറന്നുകൊടുത്തു. അതിന്റെ ഫലമായി, ചിലർ വിശ്വാസികൾ ആയിത്തീർന്നു.—പ്രവൃ. 17:18, 22, 34.
തടസ്സവാദങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ അമിതമായി പ്രതികരിക്കരുത്. ശാന്തരായി നിലകൊള്ളുക. വ്യക്തിയുടെ ചിന്താഗതി സംബന്ധിച്ച് ഉൾക്കാഴ്ച നേടുന്നതിനുള്ള അവസരങ്ങളായി അവയെ കാണുക. തന്റെ വീക്ഷണങ്ങൾ വെളിപ്പെടുത്തിയതിനു നിങ്ങൾക്ക് അദ്ദേഹത്തോടു നന്ദി പറയാവുന്നതാണ്. “എനിക്ക് എന്റെ സ്വന്തം മതമുണ്ട്” എന്ന് അദ്ദേഹം അനിഷ്ടത്തോടെ പറയുന്നെങ്കിലോ? അപ്പോൾ നിങ്ങൾക്കു നയപൂർവം ഇങ്ങനെ ചോദിക്കാവുന്നതാണ്: “നിങ്ങൾ എന്നും മതഭക്തിയുള്ള ഒരു വ്യക്തിയായിരുന്നിട്ടുണ്ടോ?” അദ്ദേഹം അതിനുള്ള മറുപടി പറഞ്ഞു കഴിയുമ്പോൾ ഇങ്ങനെ കൂട്ടിച്ചേർക്കുക: “മനുഷ്യവർഗം എന്നെങ്കിലും ഒറ്റ മതത്തിൽ ഏകീകൃതമായിത്തീരുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?” ഇത് കൂടുതലായ സംഭാഷണത്തിനു വഴി തുറന്നേക്കാം.
നമ്മെക്കുറിച്ചുതന്നെ ഉചിതമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കുന്നത് നയമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും. യഹോവയുടെ വഴികളുടെ ഔചിത്യവും അവന്റെ വചനത്തിന്റെ സത്യതയും സംബന്ധിച്ച് നമുക്കു പൂർണ ബോധ്യമുണ്ട്. ഈ കാര്യങ്ങളെ കുറിച്ചു നാം ബോധ്യത്തോടെ സംസാരിക്കുന്നു. എന്നാൽ സ്വയനീതിക്കാരായിരിക്കാൻ നമുക്കു യാതൊരു കാരണവുമില്ല. (സഭാ. 7:15, 16) സത്യം അറിയാനും യഹോവയുടെ അനുഗ്രഹം ആസ്വദിക്കാനും കഴിയുന്നതിൽ നാം നന്ദിയുള്ളവരാണ്. എന്നാൽ, യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കുന്നത് അവന്റെ അനർഹ ദയയുടെയും ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെയും ഫലമായിട്ടാണ്, അല്ലാതെ നമ്മുടെ സ്വന്തം നീതി നിമിത്തമല്ലെന്നു നമുക്കു നല്ലവണ്ണം അറിയാം. (എഫെ. 2:8, 9, NW) ‘നാം വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നമ്മെത്തന്നെ പരീക്ഷിക്കേണ്ടതിന്റെയും നമ്മെത്തന്നെ ശോധനചെയ്യേണ്ടതിന്റെയും’ ആവശ്യം നമ്മൾ തിരിച്ചറിയുന്നു. (2 കൊരി. 13:5) അതുകൊണ്ട്, ദൈവം വെച്ചിരിക്കുന്ന വ്യവസ്ഥകളുമായി അനുരൂപപ്പെടേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് ആളുകളോടു സംസാരിക്കുമ്പോൾത്തന്നെ നമ്മൾ താഴ്മയോടെ സ്വന്ത ജീവിതത്തിലും ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കുന്നു. നമ്മുടെ സഹമനുഷ്യനെ ന്യായം വിധിക്കാനുള്ള അവകാശം നമുക്കില്ല. യഹോവ “ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” അവന്റെ ന്യായാസനത്തിന്റെ മുമ്പാകെയാണ് നാം നമ്മുടെ പ്രവൃത്തികൾക്ക് ഉത്തരം പറയേണ്ടത്.—യോഹ. 5:22; 2 കൊരി. 5:10.
കുടുംബാംഗങ്ങളോടും സഹവിശ്വാസികളോടും. നാം വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ മാത്രം നയം പ്രകടമാക്കിയാൽ പോരാ. നയം ദൈവാത്മാവിന്റെ ഫലങ്ങളിൽ അടിസ്ഥാനപ്പെട്ടതാകയാൽ കുടുംബാംഗങ്ങളോട് ഇടപെടുമ്പോഴും നമ്മൾ നയം കാണിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ വികാരങ്ങളോടു പരിഗണന കാട്ടാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കും. എസ്ഥേർ രാജ്ഞിയുടെ ഭർത്താവ് യഹോവയുടെ ഒരു ആരാധകൻ ആയിരുന്നില്ല. എന്നിട്ടും, അവർ ആദരവോടും അങ്ങേയറ്റം വിവേകത്തോടും കൂടിയാണു യഹോവയുടെ ദാസന്മാർ ഉൾപ്പെട്ട കാര്യങ്ങൾ അദ്ദേഹത്തിന്റെ മുമ്പാകെ അവതരിപ്പിച്ചത്. (എസ്ഥേർ 3-8 അധ്യാ.) ചില സന്ദർഭങ്ങളിൽ, സാക്ഷികളല്ലാത്ത കുടുംബാംഗങ്ങളോടു നയപൂർവം ഇടപെടുന്നതിൽ, നമ്മുടെ വിശ്വാസങ്ങളെ കുറിച്ചു വിശദീകരിക്കുന്നതിനു പകരം സത്യത്തിന്റെ മാർഗമാണ് ശരിയായ മാർഗമെന്നു നമ്മുടെ നടത്തയിലൂടെ കാണിച്ചുകൊടുക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു.—1 പത്രൊ. 3:1, 2.
സമാനമായി, സഭയിലെ അംഗങ്ങളെ നമുക്ക് അടുത്തറിയാം എന്ന വസ്തുത, നമുക്ക് അവരോട് അറത്തുമുറിച്ചോ നിർദയമായോ സംസാരിക്കാമെന്ന് അർഥമാക്കുന്നില്ല. പക്വതയുള്ളവർ ആയതുകൊണ്ട് അവർ അതു പ്രശ്നമാക്കാൻ പാടില്ല എന്നു നാം ചിന്തിക്കരുത്. “ഞാൻ ഇങ്ങനെയൊക്കെയാ” എന്നു പറഞ്ഞുകൊണ്ട് നാം സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയും അരുത്. നമ്മുടെ സംസാരരീതി മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നുവെന്നു മനസ്സിലാകുന്ന പക്ഷം മാറ്റം വരുത്താൻ നാം ദൃഢനിശ്ചയമെടുക്കണം. തമ്മിൽ ‘തമ്മിലുള്ള ഉറ്റ സ്നേഹം’ ‘സഹവിശ്വാസികൾക്കു നന്മ ചെയ്യാൻ’ നമ്മെ പ്രേരിപ്പിക്കണം.—1 പത്രൊ. 4:8, 15; ഗലാ. 6:10.
ഒരു സദസ്സിനോടു സംസാരിക്കുമ്പോൾ. സ്റ്റേജിൽനിന്നു സംസാരിക്കുന്നവരും നയചാതുര്യം പ്രകടമാക്കേണ്ടതുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളിലും സാഹചര്യങ്ങളിലും നിന്നുള്ളവരാണ് ഒരു സദസ്സിൽ ഉണ്ടായിരിക്കുക. അവർ ആത്മീയ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ ഉള്ളവരാണ്. ചിലർ രാജ്യഹാളിൽ ആദ്യമായി വന്നിരിക്കുന്നവരായിരിക്കാം. മറ്റു ചിലരാകട്ടെ പ്രസംഗകന് അറിഞ്ഞുകൂടാത്ത ക്ലേശങ്ങൾ സഹിച്ച് പ്രത്യേകിച്ചും സമ്മർദപൂരിതമായ ഒരു കാലയളവിലൂടെ കടന്നുപോകുന്നവരാകാം. തന്റെ സദസ്സിന് അനിഷ്ടം തോന്നാത്ത വിധത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ഒരു പ്രസംഗകനെ എന്തു സഹായിച്ചേക്കാം?
തീത്തൊസിനുള്ള അപ്പൊസ്തലനായ പൗലൊസിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ, “ആരെക്കൊണ്ടും ദൂഷണം പറയാതെ [“ആരെയുംപറ്റി തിന്മ പറയാതിരിക്കാനും,” പി.ഒ.സി. ബൈ.] . . . ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണി”ക്കാൻ ലക്ഷ്യം വെക്കുക. (തീത്തൊ. 3:2) ലോകത്തെ അനുകരിച്ചുകൊണ്ട് മറ്റു വംശക്കാരോ ഭാഷക്കാരോ ദേശക്കാരോ ആയ ആളുകളെ തരംതാഴ്ത്തി കാണിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കാതിരിക്കുക. (വെളി. 7:9, 10) യഹോവയുടെ നിബന്ധനകൾ തുറന്നു ചർച്ച ചെയ്യുക, അവ ബാധകമാക്കുന്നതിലെ ജ്ഞാനം കാണിച്ചുകൊടുക്കുക. എന്നാൽ യഹോവയുടെ വഴിയിൽ ഇതുവരെ പൂർണമായി നടക്കാത്തവരെ കുറിച്ച് ഇടിച്ചുതാഴ്ത്തി സംസാരിക്കാതിരിക്കുക. പകരം, ദൈവേഷ്ടം തിരിച്ചറിഞ്ഞ് അവനു പ്രസാദകരമായത് ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ബുദ്ധിയുപദേശത്തിന്റെ വാക്കുകളെ ഊഷ്മളവും ആത്മാർഥവുമായ അഭിനന്ദന വാക്കുകൾകൊണ്ടു മയപ്പെടുത്തുക. നിങ്ങളുടെ സംസാരരീതിയിലൂടെയും സ്വരത്തിലൂടെയും നമുക്കെല്ലാവർക്കും അന്യോന്യം ഉണ്ടായിരിക്കേണ്ട സഹോദരസ്നേഹം പ്രകടിപ്പിക്കുക.—1 തെസ്സ. 4:1-12; 1 പത്രൊ. 3:8.