പാഠം 35
ദൃഢതയ്ക്കായുള്ള ആവർത്തനം
ഫലപ്രദമായ പഠിപ്പിക്കലിൽ ആവർത്തനരീതി ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു. പ്രധാനപ്പെട്ട ഒരു പോയിന്റ് ഒന്നിലധികം തവണ പ്രസ്താവിക്കുമ്പോൾ സദസ്സിലുള്ളവർ അത് ഓർത്തിരിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ആശയം വീണ്ടും എടുത്തു പറയുന്നത് അൽപ്പം വ്യത്യസ്തമായ രീതിയിൽ ആണെങ്കിൽ അവർക്ക് അതു കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ പോലും കഴിഞ്ഞേക്കാം.
നിങ്ങൾ പറയുന്നത് ശ്രോതാക്കൾ ഓർത്തിരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ വാക്കുകൾ അവരുടെ വിശ്വാസത്തെയോ ജീവിതരീതിയെയോ സ്വാധീനിക്കുകയില്ല. നിങ്ങൾ വിശേഷാൽ ദൃഢത നൽകുന്ന പോയിന്റുകളെ കുറിച്ച് ഒരുപക്ഷേ അവർ തുടർന്നു ചിന്തിക്കാനിടയുണ്ട്.
ആവർത്തനരീതി ഉപയോഗിക്കുന്ന കാര്യത്തിൽ നമ്മുടെ മഹാ പ്രബോധകനായ യഹോവ നമുക്കു മാതൃക വെക്കുന്നു. ഇസ്രായേൽ ജനതയ്ക്ക് അവൻ പത്തു കൽപ്പനകൾ നൽകി. സീനായി പർവതത്തിങ്കൽവെച്ച് ഒരു ദൂത വക്താവിലൂടെ അവൻ ആ കൽപ്പനകൾ അവരെ കേൾപ്പിച്ചു. പിന്നീട് അവൻ അവ ലിഖിത രൂപത്തിൽ മോശെക്കു നൽകി. (പുറ. 20:1-17; 31:18; ആവ. 5:22) ഇസ്രായേൽ ജനത വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനു മുമ്പ്, യഹോവയുടെ നിർദേശ പ്രകാരം മോശെ ആ കൽപ്പനകൾ അവരോട് ആവർത്തിച്ചു. കൂടാതെ, പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവൻ അതു രേഖപ്പെടുത്തി വെച്ചു. ആവർത്തനപുസ്തകം 5:6-21-ൽ നമുക്കതു കാണാൻ കഴിയും. ഇസ്രായേലിനു നൽകിയ കൽപ്പനകളിൽ, യഹോവയെ അവർ പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യണമെന്ന വ്യവസ്ഥ ഉൾപ്പെട്ടിരുന്നു. ഇതും പല തവണ ആവർത്തിക്കപ്പെട്ടു. (ആവ. 6:5; 10:12, NW; 11:13, NW; 30:6) എന്തുകൊണ്ട്? കാരണം, യേശു പറഞ്ഞതുപോലെ “വലിയതും [“ഏറ്റവും വലിയതും,” NW] ഒന്നാമത്തേതുമായ കല്പന” ആയിരുന്നു അത്. (മത്താ. 22:34-38) യിരെമ്യാ പ്രവാചകനിലൂടെ യഹോവ, താൻ കൽപ്പിച്ചതൊക്കെയും അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് 20-ലധികം തവണ യഹൂദാ നിവാസികളെ ഓർമപ്പെടുത്തി. (യിരെ. 7:23; 11:4; 12:17; 19:15) യെഹെസ്കേലിലൂടെ ‘ഞാൻ യഹോവ എന്നു [ജാതികൾ] അറിയും’ എന്ന് ദൈവം 60-ലധികം തവണ പ്രസ്താവിച്ചു.—യെഹെ. 6:10; 38:23.
യേശുവിന്റെ ശുശ്രൂഷയെ കുറിച്ചുള്ള ബൈബിൾ വിവരണത്തിലും ആവർത്തനരീതി ഫലകരമായി ഉപയോഗിച്ചിരിക്കുന്നതു നാം കാണുന്നു. ഉദാഹരണത്തിന്, നാല് സുവിശേഷങ്ങളിൽ ഓരോന്നും മറ്റു സുവിശേഷത്തിലോ സുവിശേഷങ്ങളിലോ റിപ്പോർട്ടു ചെയ്തിരിക്കുന്ന പ്രധാന സംഭവങ്ങളെ കുറിച്ചുതന്നെ രേഖപ്പെടുത്തുന്നു, അൽപ്പം വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെ നോക്കിക്കൊണ്ടാണെന്നു മാത്രം. യേശുവിന്റെ തന്നെ പഠിപ്പിക്കലിൽ ആവർത്തനരീതിയുടെ ഉപയോഗം കാണാം. അവൻ ഒരേ അടിസ്ഥാന ആശയം ഒന്നിലധികം സന്ദർഭങ്ങളിൽ വ്യത്യസ്ത വിധങ്ങളിൽ പഠിപ്പിക്കുകയുണ്ടായി. (മർക്കൊ. 9:34-37; 10:35-45; യോഹ. 13:2-17) തന്റെ മരണത്തിന് ഏതാനും ദിവസം മുമ്പ് ഒലിവു മലയിൽവെച്ച് യേശു, പിൻവരുന്ന മർമപ്രധാന ബുദ്ധിയുപദേശത്തിന് ദൃഢത നൽകാൻ ആവർത്തനരീതി ഉപയോഗപ്പെടുത്തി: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.”—മത്താ. 24:42; 25:13.
വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ. ആളുകളോടു സാക്ഷീകരിക്കുമ്പോൾ നിങ്ങൾ പറയുന്നത് അവർ ഓർത്തിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. ആവർത്തനരീതി ഫലകരമായി ഉപയോഗിക്കുന്നത് ആ ലക്ഷ്യം കൈവരിക്കാൻ സഹായിക്കും.
പലപ്പോഴും, ഒരു സംഗതി ചർച്ച ചെയ്തുകൊണ്ടിരിക്കെ അത് ആവർത്തിക്കുന്നത് ഒരു വ്യക്തിയുടെ മനസ്സിൽ അക്കാര്യം പതിയാൻ സഹായിക്കും. അങ്ങനെ, ഒരു തിരുവെഴുത്തു വായിച്ച ശേഷം, അതിന്റെ ഒരു പ്രമുഖ ഭാഗത്തേക്കു ശ്രദ്ധ തിരിച്ച് “ഈ ഭാഗത്തെ പദപ്രയോഗരീതി നിങ്ങൾ ശ്രദ്ധിച്ചോ?” എന്നു ചോദിച്ചുകൊണ്ട് നിങ്ങൾക്ക് അതിനു ദൃഢത നൽകാൻ കഴിയും.
ഒരു സംഭാഷണത്തിലെ അവസാന വാചകങ്ങളും ഫലകരമായി ഉപയോഗിക്കാൻ കഴിയും. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “നമ്മുടെ സംഭാഷണത്തിൽനിന്ന് നിങ്ങൾ ഓർത്തിരിക്കാൻ ഞാൻ പ്രതീക്ഷിക്കുന്ന മുഖ്യ പോയിന്റ് ഇതാണ്: . . .” എന്നിട്ട് അത് ഒന്നുകൂടെ എടുത്തു പറയുക. ഉദാഹരണത്തിന്, “ദൈവത്തിന്റെ ഉദ്ദേശ്യം ഭൂമി ഒരു പറുദീസയായി മാറ്റപ്പെടണം എന്നതാണ്; ആ ഉദ്ദേശ്യം തീർച്ചയായും നിറവേറും” എന്നോ “നാം ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണ് ജീവിക്കുന്നതെന്ന് ബൈബിൾ വ്യക്തമായി കാണിച്ചുതരുന്നു; അതിന്റെ അന്ത്യത്തെ അതിജീവിക്കണമെങ്കിൽ, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്” എന്നോ “നാം കണ്ടു കഴിഞ്ഞതുപോലെ, കുടുംബജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നതു സംബന്ധിച്ച് ബൈബിൾ പ്രായോഗിക ബുദ്ധിയുപദേശം നൽകുന്നു” എന്നോ നിങ്ങൾക്കു പറയാവുന്നതാണ്. ചിലപ്പോൾ, ഓർത്തിരിക്കേണ്ട പോയിന്റ് എന്ന നിലയിൽ നിങ്ങൾക്ക് ബൈബിളിൽ നിന്നുള്ള ഒരു ഉദ്ധരണി കേവലം എടുത്തു പറയാവുന്നതാണ്. തീർച്ചയായും ഇത് ഫലകരമായി ചെയ്യുന്നതിന് മുൻകൂട്ടിയുള്ള ചിന്ത അനിവാര്യമാണ്.
മടക്കസന്ദർശനങ്ങളിലും ബൈബിൾ അധ്യയനങ്ങളിലും ആവർത്തനരീതി ഉപയോഗിക്കുന്നതിൽ പുനരവലോകന ചോദ്യങ്ങൾ ഉൾപ്പെട്ടിരിക്കാം.
ബൈബിൾ ബുദ്ധിയുപദേശം മനസ്സിലാക്കാനോ ബാധകമാക്കാനോ ഒരു വ്യക്തിക്കു ബുദ്ധിമുട്ട് നേരിടുമ്പോൾ നിങ്ങൾ ആ വിഷയം ഒന്നിലധികം സന്ദർഭങ്ങളിൽ ചർച്ച ചെയ്യേണ്ടത് ആവശ്യമായിരിക്കാം. വ്യത്യസ്ത കോണുകളിൽനിന്ന് അതിനെ സമീപിക്കാൻ ശ്രമിക്കുക. ചർച്ചകൾ ദൈർഘ്യമേറിയവ ആയിരിക്കേണ്ടതില്ല. എന്നാൽ വിഷയത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കാൻ അവ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കണം. ഒന്നാമൻ ആയിരിക്കാനുള്ള ആഗ്രഹത്തെ തരണം ചെയ്യാൻ ശിഷ്യന്മാരെ സഹായിക്കവേ യേശു ഇത്തരം ആവർത്തനരീതി ഉപയോഗിച്ചുവെന്ന് ഓർമിക്കുക.—മത്താ. 18:1-6; 20:20-28; ലൂക്കൊ. 22:24-27.
പ്രസംഗങ്ങൾ നടത്തുമ്പോൾ. സ്റ്റേജിൽനിന്ന് പ്രസംഗങ്ങൾ നടത്തുമ്പോൾ നിങ്ങളുടെ ലക്ഷ്യം കേവലം വിവരങ്ങൾ അവതരിപ്പിക്കുക എന്നതല്ല. സദസ്യർ അവ മനസ്സിലാക്കാനും ഓർത്തിരിക്കാനും ബാധകമാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആവർത്തനരീതി ഫലകരമായി ഉപയോഗിക്കുക.
എന്നിരുന്നാലും, മുഖ്യ പോയിന്റുകൾ നിങ്ങൾ വളരെ കൂടെക്കൂടെ ആവർത്തിക്കുന്നെങ്കിൽ സദസ്സിന്റെ ശ്രദ്ധ നിങ്ങൾക്ക് നഷ്ടമാകാനിടയുണ്ട്. പ്രത്യേക ഊന്നൽ അർഹിക്കുന്ന പോയിന്റുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. സാധാരണഗതിയിൽ അവ നിങ്ങളുടെ പ്രസംഗത്തിന്റെ അടിത്തറയായി വർത്തിക്കുന്ന മുഖ്യ പോയിന്റുകളാണ്. എന്നാൽ നിങ്ങളുടെ സദസ്സിനു വിശേഷാൽ മൂല്യവത്തായ മറ്റ് ആശയങ്ങളും അവയിൽ ഉൾപ്പെട്ടിരിക്കാം.
ആവർത്തനരീതി ഉപയോഗിക്കുന്നതിന്, ആദ്യമായി നിങ്ങൾക്ക് മുഖവുരയിൽ നിങ്ങളുടെ മുഖ്യ പോയിന്റുകളെ കുറിച്ച് ഒരു രൂപം നൽകാവുന്നതാണ്. ചർച്ച ചെയ്യാൻ പോകുന്ന കാര്യത്തെ കുറിച്ച് ഒരു ആകമാന ചിത്രം നൽകുന്ന ഹ്രസ്വമായ പ്രസ്താവനകളോ ചോദ്യങ്ങളോ പരിഹാരം കാണേണ്ടതായ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഹ്രസ്വമായ ഉദാഹരണങ്ങളോ ഉപയോഗിച്ച് ഇതു ചെയ്യുക. മുഖ്യ പോയിന്റുകൾ എത്രയെണ്ണം ഉണ്ടെന്നു പറഞ്ഞിട്ട് നിങ്ങൾക്ക് അവ അക്കമിട്ടു നിരത്താനാകും. എന്നിട്ട് ആ പോയിന്റുകളിൽ ഓരോന്നും പ്രസംഗത്തിന്റെ ഉടലിൽ വികസിപ്പിക്കുക. ഓരോ മുഖ്യ പോയിന്റിൽനിന്നും അടുത്തതിലേക്കു കടക്കുന്നതിനു മുമ്പ് അവ വീണ്ടും എടുത്തു പറഞ്ഞുകൊണ്ട് പ്രസംഗത്തിന്റെ ഉടലിൽ അവയ്ക്ക് കൂടുതലായ ഊന്നൽ നൽകാൻ കഴിയും. അല്ലെങ്കിൽ ആ മുഖ്യ പോയിന്റ് എങ്ങനെ ബാധകമാകുന്നു എന്നു കാണിക്കുന്ന ഒരു ഉദാഹരണം ഉപയോഗിച്ചുകൊണ്ട് അതു ചെയ്യാനാകും. മുഖ്യ പോയിന്റുകൾ എടുത്തു പറയുകയോ വിപരീത താരതമ്യങ്ങളിലൂടെ അവ പ്രദീപ്തമാക്കുകയോ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ അവതരിപ്പിച്ച പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ഹ്രസ്വമായി ചൂണ്ടിക്കാണിക്കുകയോ ചെയ്യുന്ന ഒരു ഉപസംഹാരത്തിലൂടെ അവയ്ക്ക് കൂടുതലായ ദൃഢത നൽകാനാകും.
മേൽപ്പറഞ്ഞ കാര്യങ്ങൾക്കു പുറമേ, പരിചയസമ്പന്നനായ ഒരു പ്രസംഗകൻ തന്റെ സദസ്സിലുള്ള വ്യക്തികളെ സശ്രദ്ധം നിരീക്ഷിക്കുന്നു. അവരിൽ ചിലർക്ക് ഒരു പ്രത്യേക ആശയം ഗ്രഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ പ്രസംഗകൻ അത് മനസ്സിലാക്കും. ആ പോയിന്റ് പ്രധാനമാണെങ്കിൽ അദ്ദേഹം അത് വീണ്ടും ചർച്ച ചെയ്യും. എന്നാൽ, ഉപയോഗിച്ച അതേ വാക്കുകൾ ആവർത്തിക്കുന്നത് ഉദ്ദേശ്യം സാധിക്കാൻ അദ്ദേഹത്തെ സഹായിച്ചെന്നു വരില്ല. പഠിപ്പിക്കലിൽ അതിനെക്കാൾ വളരെ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. അദ്ദേഹം വഴക്കമുള്ളയാളായിരിക്കണം. അദ്ദേഹം തന്റെ പ്രസംഗത്തിൽ തത്ക്ഷണം കൂടുതലായ ചില കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ടായിരിക്കാം. ഈ രീതിയിൽ സദസ്യരുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്നത് ഒരു അധ്യാപകൻ എന്ന നിലയിലുള്ള നിങ്ങളുടെ കാര്യക്ഷമതയുടെ ഒരു പ്രധാന അളവുകോലാണ്.