“ന്യായവിധിയുടെ നാഴിക” വന്നിരിക്കുന്നു
ആകാശമധ്യേ പറക്കുന്ന ഒരു ദൂതന്റെ പക്കൽ ‘സകല ഭൂവാസികളോടും അറിയിക്കാനുള്ള നിത്യസുവിശേഷം’ ഉണ്ടെന്ന വസ്തുതയിലേക്ക് ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാട് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അവൻ അത്യുച്ചത്തിൽ ഇപ്രകാരം പറയുന്നു: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.” (വെളിപ്പാടു 14:6, 7) ആ ‘ന്യായവിധി നാഴികയിൽ’ ദിവ്യന്യായവിധിയുടെ പ്രഖ്യാപനവും നിർവഹണവും ഉൾപ്പെടുന്നു. ‘അന്ത്യനാളുകളുടെ’ പാരമ്യം എന്ന നിലയിലാണ് ന്യായവിധി നിർവഹണം സംഭവിക്കുന്നത്. നാം ഇന്നു ജീവിക്കുന്നത് ആ അന്ത്യനാളുകളിലാണ്.—2 തിമൊഥെയൊസ് 3:1.
നീതിസ്നേഹികളെ സംബന്ധിച്ചിടത്തോളം ‘ന്യായവിധി നാഴിക’ ഒരു സുവാർത്തയാണ്. അക്രമാസക്തവും സ്നേഹരഹിതവുമായ ഈ ലോകത്തിന്റെ പീഡനത്തിന് ഇരയായിട്ടുള്ള തന്റെ ദാസർക്ക് ദൈവം ആശ്വാസം കൈവരുത്തുന്ന സമയമാണത്.
ഈ ദുഷ്ട വ്യവസ്ഥിതിയുടെ നാശത്തോടെ ‘ന്യായവിധി നാഴിക’ അതിന്റെ പരിസമാപ്തിയിലേക്ക് എത്തുംമുമ്പ്, ഇപ്പോൾ നമ്മോടുള്ള ആഹ്വാനം ഇതാണ്: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ.” നിങ്ങൾ അതു ചെയ്യുന്നുണ്ടോ? “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്” എന്നു പറയുന്നതിനെക്കാൾ അധികം അതിൽ ഉൾപ്പെട്ടിരിക്കുന്നു. (മത്തായി 7:21-23; യാക്കോബ് 2:19, 20) ഉചിതമായ ദൈവഭയം അവനോടു ഭക്ത്യാദരവു പ്രകടമാക്കാൻ നമ്മെ സഹായിക്കേണ്ടതാണ്. തിന്മ വിട്ടുതിരിയാൻ അതു നമ്മെ പ്രാപ്തരാക്കേണ്ടതാണ്. (സദൃശവാക്യങ്ങൾ 8:13) നന്മയെ ഇച്ഛിക്കാനും അഥവാ സ്നേഹിക്കാനും തിന്മയെ ദ്വേഷിക്കാനും അതു നമ്മെ സഹായിക്കേണ്ടതാണ്. (ആമോസ് 5:14, 15) നാം ദൈവത്തെ ആദരിക്കുന്നുവെങ്കിൽ ആഴമായ ഭക്തിയോടെ നാം അവനെ ശ്രദ്ധിക്കും. അവന്റെ വചനമായ ബൈബിൾ ക്രമമായി വായിക്കാൻ സമയമില്ലാത്ത വിധം നാം മറ്റു കാര്യങ്ങളിൽ തിരക്കുള്ളവർ ആയിരിക്കുകയില്ല. പൂർണഹൃദയത്തോടെ നാം എല്ലായ്പോഴും അവനിൽ ആശ്രയിക്കും. (സങ്കീർത്തനം 62:8; സദൃശവാക്യങ്ങൾ 3:5, 6) യഥാർഥത്തിൽ അവനെ മഹത്ത്വപ്പെടുത്തുന്നവർ, അവൻ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവെന്ന നിലയിൽ സാർവത്രിക പരമാധികാരിയും തങ്ങളെ ഭരിക്കാൻ അവകാശമുള്ളവനും ആണെന്ന് അംഗീകരിച്ചുകൊണ്ട് തങ്ങളെത്തന്നെ സ്നേഹപൂർവം അവനു കീഴ്പെടുത്തുന്നു. ഇക്കാര്യങ്ങളിൽ നാം ഇനിയും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നെങ്കിൽ താമസംവിനാ നമുക്കതു ചെയ്യാം.
ദൂതൻ പ്രഖ്യാപിച്ച ന്യായവിധി നിർവഹണത്തിന്റെ സമയം, ‘യഹോവയുടെ ദിവസം’ എന്നും അറിയപ്പെടുന്നു. പുരാതന യെരൂശലേം നിവാസികൾ യഹോവ തന്റെ പ്രവാചകന്മാർ മുഖാന്തരം നൽകിയ മുന്നറിയിപ്പ് കേട്ടനുസരിക്കാഞ്ഞതു നിമിത്തം, പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) 607-ൽ അത്തരം ഒരു “ദിവസം” ആ നഗരത്തിന്മേൽ വന്നുഭവിച്ചു. യഹോവയുടെ ദിവസം ഇനിയും വളരെ അകലെയാണെന്ന് മനസ്സിൽ കണക്കുകൂട്ടിക്കൊണ്ട് അവർ തങ്ങളുടെ ജീവൻ കൂടുതൽ അപകടത്തിലാക്കി. “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു” എന്ന് യഹോവ അവർക്കു മുന്നറിയിപ്പു നൽകിയിരുന്നതാണ്. (സെഫന്യാവു 1:14) മറ്റൊരു “യഹോവയുടെ ദിവസം” പൊ.യു.മു. 539-ൽ, പുരാതന ബാബിലോണിന്റെ മേൽ വന്നെത്തി. (യെശയ്യാവു 13:1, 6) തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളിലും ദേവന്മാരിലും കണക്കറ്റു വിശ്വാസമർപ്പിച്ച ബാബിലോണ്യർ യഹോവയുടെ പ്രവാചകന്മാർ നൽകിയ മുന്നറിയിപ്പുകളെ കാറ്റിൽപ്പറത്തി. എന്നാൽ ഒറ്റ രാത്രികൊണ്ട് മേദ്യരും പാർസികളും ബാബിലോൺ സാമ്രാജ്യത്തെ മറിച്ചിട്ടു.
നാം ഇന്ന് എന്തിനെ നേരിടുന്നു? കൂടുതൽ ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്ന, വേറൊരു ‘യഹോവയുടെ ദിവസത്തെ.’ (2 പത്രൊസ് 3:11-14, NW) ‘മഹാബാബിലോണിന്റെമേൽ’ (NW) ദിവ്യന്യായവിധി ഉച്ചരിക്കപ്പെട്ടിരിക്കുന്നു. വെളിപ്പാടു 14:8 പറയുന്ന പ്രകാരം ഒരു ദൂതൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “മഹതിയാം ബാബിലോൻ വീണുപോയി.” അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. യഹോവയുടെ ആരാധകരെ അവൾക്ക് മേലാൽ തടഞ്ഞുവെക്കാൻ കഴിയില്ല. മാത്രമല്ല, അവളുടെ അഴിമതിയും യുദ്ധത്തിലുള്ള ഉൾപ്പെടലും വ്യാപകമായി തുറന്നുകാട്ടപ്പെടുകയും ചെയ്തിരിക്കുന്നു. അവളുടെ അന്തിമ നാശം ആസന്നമാണ്. അക്കാരണത്താൽ എല്ലായിടത്തുമുള്ള ആളുകളോട് ബൈബിൾ ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: “അവളുടെ [മഹാബാബിലോണിന്റെ] പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്.”—വെളിപ്പാടു 18:4, 5.
മഹാബാബിലോൺ എന്നാൽ എന്താണ്? പുരാതന ബാബിലോണിന്റെ സ്വഭാവവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന ആഗോള മതവ്യവസ്ഥിതിയാണ് അത്. (വെളിപ്പാടു 17, 18 അധ്യായങ്ങൾ) ചില സമാനതകൾ പരിചിന്തിക്കുക:
• പുരാതന ബാബിലോണിലെ പുരോഹിതന്മാർ രാഷ്ട്രീയ കാര്യാദികളിൽ ആഴമായി ഉൾപ്പെട്ടിരുന്നു. ഇന്നത്തെ മിക്ക മതങ്ങളുടെ കാര്യത്തിലും അതു സത്യമാണ്.
• ബാബിലോണ്യ പുരോഹിതന്മാർ മിക്കപ്പോഴും ദേശത്തിന്റെ യുദ്ധങ്ങളെ പിന്തുണച്ചിരുന്നു. ആധുനികകാല മതങ്ങളും രാഷ്ട്രങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ട സന്ദർഭങ്ങളിൽ സൈനികരെ ആശീർവദിക്കുന്നതിൽ മുൻപന്തിയിൽ നിന്നിട്ടുണ്ട്.
• പുരാതന ബാബിലോണിന്റെ ഉപദേശങ്ങളും ആചാരാനുഷ്ഠാനങ്ങളും ആ ജനതയെ കുത്തഴിഞ്ഞ ജീവിതരീതിയിലേക്ക് തള്ളിവിട്ടു. ഇന്നത്തെ മതനേതാക്കൾ ബൈബിളിന്റെ ധാർമിക നിലവാരങ്ങളെ പുറംകാൽകൊണ്ടു തട്ടിമാറ്റിയിരിക്കുന്നതിനാൽ വൈദികർക്കിടയിലും അൽമായർക്കിടയിലും ഒരുപോലെ അധാർമികത കൊടികുത്തി വാഴുകയാണ്. മഹാബാബിലോൺ ലോകവുമായും അതിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയുമായും അവിഹിത കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നതിനാൽ വെളിപ്പാട് അവളെ ഒരു വേശ്യയായി ചിത്രീകരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.
• മഹാബാബിലോൺ “നിർലജ്ജമായ ആഡംബരത്തിൽ” (NW) ജീവിക്കുന്നതായും ബൈബിൾ പറയുന്നു. പുരാതന ബാബിലോണിൽ ദേവാലയസംഘടനകൾ ഒട്ടേറെ ഭൂസ്വത്ത് കൈയടക്കുകയും പുരോഹിതന്മാർ വ്യാപാര ഇടപാടുകളിൽ മേൽക്കൈ നേടുകയും ചെയ്തിരുന്നു. ഇന്ന്, ആരാധനാസ്ഥലങ്ങൾക്കു പുറമേ വിശാലമായ വാണിജ്യ സാമ്രാജ്യത്തിനും ഭൂസ്വത്തിനും ഉടമയാണ് മഹാബാബിലോൺ. അവളുടെ ഉപദേശങ്ങളും വിശുദ്ധ ദിവസങ്ങളും, അവൾക്കും കച്ചവട ലോകത്തിനും അളവറ്റ സമ്പത്തു നേടിക്കൊടുക്കുന്നു.
• ഇന്നും അനേകം സ്ഥലങ്ങളിൽ കണ്ടുവരുന്നതുപോലെയുള്ള ബിംബങ്ങളുടെ ഉപയോഗം, മാജിക്, ആഭിചാരം എന്നിവ പുരാതന ബാബിലോണിൽ സർവസാധാരണമായിരുന്നു. മരണം മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശന മാർഗമായി കരുതപ്പെട്ടിരുന്നു. തങ്ങളുടെ ദേവന്മാരുടെ പേരിലുള്ള ക്ഷേത്രങ്ങളും ദേവാലയങ്ങളുംകൊണ്ട് ബാബിലോൺ നിറഞ്ഞിരുന്നു. എന്നാൽ യഹോവയുടെ ആരാധകരെ ബാബിലോണ്യർ എതിർത്തിരുന്നു. ഇതേ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഇന്ന് മഹാബാബിലോണിനെ തിരിച്ചറിയിക്കുന്നു.
പുരാതന നാളിൽ തന്നോടും തന്റെ ഹിതത്തോടും സ്ഥിരമായി അനാദരവു കാട്ടിയവരെ ശിക്ഷിക്കുന്നതിന് യഹോവ ശക്തരായ രാഷ്ട്രീയ സൈനിക ശക്തികളെ ഉപയോഗിച്ചു. അങ്ങനെയാണ് പൊ.യു.മു. 740-ൽ അസീറിയക്കാർ ശമര്യയെ നശിപ്പിക്കുന്നത്. പൊ.യു.മു. 607-ൽ ബാബിലോണ്യരും പൊതുയുഗം (പൊ.യു.) 70-ൽ റോമാക്കാരും യെരൂശലേമിനെ നശിപ്പിക്കുകയുണ്ടായി. പൊ.യു.മു. 539-ൽ മേദ്യരും പാർസികളും ചേർന്ന് ബാബിലോണിനെ ആക്രമിച്ചു കീഴ്പെടുത്തി. നമ്മുടെ കാലത്തോ? രാഷ്ട്രീയ ഭരണകൂടങ്ങൾ ഒരു കാട്ടുമൃഗത്തെപ്പോലെ “വേശ്യ”യ്ക്കു നേരെ തിരിഞ്ഞ് അവളുടെ തനിനിറം തുറന്നുകാട്ടിക്കൊണ്ട് അവളെ നഗ്നയാക്കും എന്ന് ബൈബിൾ മുൻകൂട്ടി പറയുന്നു. അവർ അവളെ പരിപൂർണമായി നശിപ്പിക്കും.—വെളിപ്പാടു 17:16.
ലോക ഗവൺമെന്റുകൾ വാസ്തവമായും അത്തരമൊരു നടപടിക്കു മുതിരുമോ? ‘ദൈവം അവരുടെ ഹൃദയത്തിൽ [അത്] തോന്നിപ്പിക്കും’ എന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (വെളിപ്പാടു 17:17) അത് പെട്ടെന്നുള്ളതും ആശ്ചര്യപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും ആയിരിക്കും, മുൻകൂട്ടിക്കാണാൻ കഴിയുന്ന വിധത്തിലോ സാവധാനമോ ആയിരിക്കില്ല.
നിങ്ങൾ എന്തു നടപടി സ്വീകരിക്കണം? നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘മഹാബാബിലോണിന്റെ ഭാഗമാണെന്നു തിരിച്ചറിയിക്കുന്ന ഉപദേശങ്ങളാലും ആചാരാനുഷ്ഠാനങ്ങളാലും മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു മതസംഘടനയോട് ഞാൻ ഇപ്പോഴും പറ്റിനിൽക്കുകയാണോ?’ നിങ്ങൾ അത്തരം ഒരു സംഘടനയിൽ അംഗമല്ലെങ്കിൽപ്പോലും സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘അതിന്റെ മനോഭാവം എന്നെ സ്വാധീനിക്കാൻ ഞാൻ അനുവദിച്ചിട്ടുണ്ടോ?’ ഏതുതരം മനോഭാവം? കുത്തഴിഞ്ഞ ധാർമികതയോ ദൈവ സ്നേഹത്തിനു പകരം ഭൗതിക ധനത്തോടും ഉല്ലാസങ്ങളോടുമുള്ള പ്രിയമോ യഹോവയുടെ വചനത്തോടുള്ള മനഃപൂർവ അനാദരവോ (നിസ്സാരമെന്നു തോന്നിക്കുന്ന കാര്യങ്ങളിൽപ്പോലും) വെച്ചുപൊറുപ്പിക്കുന്ന തരം മനോഭാവം. സ്വയം നന്നായി വിലയിരുത്തിയശേഷം ഉത്തരം പറയുക.
നമുക്ക് യഹോവയുടെ അനുഗ്രഹം ഉണ്ടായിരിക്കണമെങ്കിൽ, നാം പ്രവർത്തനത്തിലും ഹൃദയത്തിന്റെ മോഹങ്ങളിലും മഹാബാബിലോണിന്റെ ഭാഗമല്ലെന്നു തെളിയിക്കേണ്ടത് മർമപ്രധാനമാണ്. അമാന്തിക്കാൻ സമയമില്ല. അന്ത്യം പൊടുന്നനെ ആയിരിക്കും വന്നെത്തുകയെന്ന് മുന്നറിയിപ്പു നൽകിക്കൊണ്ട് ബൈബിൾ ഇപ്രകാരം പറയുന്നു: “ഇങ്ങിനെ ബാബിലോൻമഹാനഗരത്തെ ഹേമത്തോടെ [“അതിശീഘ്രം,” NW] എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.”—വെളിപ്പാടു 18:21.
എന്നാൽ ‘ന്യായവിധി നാഴികയിൽ’ അതു മാത്രമായിരിക്കില്ല സംഭവിക്കുന്നത്. ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയോടും അതിന്റെ ഭരണാധികാരികളോടും യേശുക്രിസ്തുവിന്റെ കീഴിലെ സ്വർഗീയ രാജ്യം മുഖാന്തരമുള്ള തന്റെ ഉചിതമായ ഭരണാധിപത്യത്തെ നിഷേധിക്കുന്ന സകലരോടും യഹോവ കണക്കുതീർക്കും. (വെളിപ്പാടു 13:1, 2; 19:19-21) ദാനീയേൽ 2:20-45-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാവചനിക ദർശനത്തിൽ പുരാതന ബാബിലോണിന്റെ സമയം മുതൽ ഇന്നോളമുള്ള രാഷ്ട്രീയ ഭരണാധിപത്യത്തെ തങ്കം, വെള്ളി, താമ്രം, ഇരിമ്പ്, കളിമണ്ണ് എന്നിവയാൽ നിർമിതമായ ഒരു കൂറ്റൻ ബിംബമായി ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ കാലത്തെ സംബന്ധിച്ച് പ്രവചനം ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും.” യഹോവയുടെ ‘ന്യായവിധി നാഴികയിൽ’ രാജ്യം ഇനിയും ചെയ്യാനിരിക്കുന്നതിനെ കുറിച്ച് ബൈബിൾ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “അതു ഈ [മനുഷ്യനിർമിത] രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
“ലോകത്തിലുള്ളതിനെ” അഥവാ സത്യദൈവത്തിൽനിന്നും അന്യപ്പെട്ട ഈ ലോകം ഉന്നമിപ്പിക്കുന്ന ജീവിതഗതിയെ സ്നേഹിക്കുന്നതിനെതിരെ ബൈബിൾ സത്യാരാധകർക്കു മുന്നറിയിപ്പു നൽകുന്നു. (1 യോഹന്നാൻ 2:15-17) യാതൊരു വിട്ടുവീഴ്ചയും കൂടാതെ പൂർണമായും ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് നിങ്ങളുടെ തീരുമാനങ്ങളും പ്രവർത്തനങ്ങളും പ്രകടമാക്കുന്നുണ്ടോ? നിങ്ങൾ യഥാർഥമായും അതിനെ ജീവിതത്തിൽ ഒന്നാമതു വെക്കുന്നുണ്ടോ?—മത്തായി 6:33; യോഹന്നാൻ 17:16, 17.
[14-ാം പേജിലെ ചതുരം]
അന്ത്യം എപ്പോൾ വരും?
‘നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നു.’—മത്തായി 24:44.
“ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ [“സദാ ജാഗരൂകരായിരിക്കുവിൻ,” NW].”—മത്തായി 25:13.
‘അതു താമസിക്കയില്ല.’—ഹബക്കൂക് 2:3.
[14-ാം പേജിലെ ചതുരം]
നാളും നാഴികയും അറിയുന്നത് എന്തെങ്കിലും മാറ്റമുണ്ടാക്കുമോ?
വരാനിരിക്കുന്ന ദിവ്യന്യായവിധി നിർവഹണത്തിന് ഏതാനും വർഷങ്ങൾ കൂടെ എടുക്കും എന്ന് നിങ്ങൾക്ക് ഉറപ്പു ലഭിക്കുന്നെങ്കിൽ അത് നിങ്ങളുടെ ജീവിതരീതിയെ മാറ്റിമറിക്കുമോ? ഈ വ്യവസ്ഥിതിയുടെ അന്ത്യം നിങ്ങൾ പ്രതീക്ഷിച്ചതിനെക്കാൾ വൈകിയിരിക്കുന്നെങ്കിൽ, അത് യഹോവയുടെ സേവനത്തിൽ നിങ്ങൾ മന്ദീഭവിക്കാൻ ഇടയാക്കിയിരിക്കുന്നുവോ?—എബ്രായർ 10:36-38.
കൃത്യസമയം നമുക്ക് അറിയില്ല എന്നത്, നാം ദൈവത്തെ സേവിക്കുന്നത് നിർമലമായ ആന്തരത്തോടെയാണ് എന്നു തെളിയിക്കാൻ നമുക്ക് അവസരം നൽകുന്നു. അവസാന നിമിഷത്തിലുള്ള ഒരു തീക്ഷ്ണതാ പ്രകടനം ഹൃദയങ്ങളെ വായിക്കാൻ കഴിവുള്ള യഹോവയാം ദൈവത്തെ സംപ്രീതനാക്കുകയില്ല എന്ന് അവനെ മനസ്സിലാക്കിയിരിക്കുന്നവർക്ക് അറിയാം.—യിരെമ്യാവു 17:10; എബ്രായർ 4:13.
യഹോവയെ യഥാർഥത്തിൽ സ്നേഹിക്കുന്നവർ തങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം അവനു നൽകുന്നു. മറ്റാളുകളെപ്പോലെ സത്യക്രിസ്ത്യാനികളും ലൗകിക തൊഴിൽ ചെയ്തേക്കാം. എന്നിരുന്നാലും, അവരുടെ ലക്ഷ്യം ധനികരാകുക എന്നതല്ല. മറിച്ച്, തങ്ങളുടെ ആവശ്യത്തിനുള്ള ഭൗതിക വിഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാൻ കുറച്ച് എന്തെങ്കിലും കൂടെയും ഉണ്ടായിരിക്കുക എന്നതാണ്. (എഫെസ്യർ 4:28; 1 തിമൊഥെയൊസ് 6:7-12) ആരോഗ്യാവഹമായ വിനോദങ്ങളും ഇടയ്ക്കൊക്കെ ഒരു മാറ്റവും അവരും ആസ്വദിക്കുന്നു. അൽപ്പം നവോന്മേഷം വീണ്ടെടുക്കുകയാണ് അവരുടെ ലക്ഷ്യം, അല്ലാതെ മറ്റുള്ളവർ ചെയ്യുന്ന ഒരു സംഗതി പിൻപറ്റുക എന്നതല്ല. (മർക്കൊസ് 6:31; റോമർ 12:2) യേശുക്രിസ്തുവിനെ പോലെ ദൈവേഷ്ടം ചെയ്യുന്നതിൽ അവർ ആനന്ദിക്കുന്നു.—സങ്കീർത്തനം 37:4; 40:8.
സത്യക്രിസ്ത്യാനികൾ യഹോവയെ സേവിച്ചുകൊണ്ട് എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നു. ലഭിക്കുമെന്ന് ഉറപ്പുള്ള അനുഗ്രഹങ്ങൾക്കായി ഒരുപക്ഷേ ചിലർ പ്രതീക്ഷിച്ചിരുന്നതിലും അൽപ്പംകൂടെ കാത്തിരിക്കണം എന്നതുകൊണ്ട് ആ പ്രത്യാശയുടെ മാറ്റ് ഒട്ടും കുറയുന്നില്ല.
[15-ാം പേജിലെ ചതുരം/ചിത്രം]
പരമാധികാരം സംബന്ധിച്ച വിവാദപ്രശ്നം
ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കുന്നതിന് നാം പരമാധികാരം സംബന്ധിച്ച വിവാദപ്രശ്നം മനസ്സിലാക്കേണ്ടതുണ്ട്.
യഹോവ സ്രഷ്ടാവായതിനാൽ ഭൂമിയുടെയും അതിലെ നിവാസികളുടെയുംമേൽ ഭരണം നടത്താനുള്ള അവകാശം അവനുണ്ട്. എന്നിരുന്നാലും, മനുഷ്യ ചരിത്രത്തിന്റെ ആദ്യഭാഗത്ത് യഹോവയുടെ പരമാധികാരം വെല്ലുവിളിക്കപ്പെട്ടു എന്ന് ബൈബിൾ വിശദീകരിക്കുന്നു. യഹോവ അനുചിതമായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്നും ദൈവനിയമം ലംഘിക്കുകയും തങ്ങളുടേതായ വിധത്തിൽ പ്രവർത്തിക്കുകയും ചെയ്താൽ സംഭവിക്കുന്നതിനെ കുറിച്ച് അവൻ നമ്മുടെ ആദ്യ മാതാപിതാക്കളോട് നുണ പറഞ്ഞിരിക്കുകയാണെന്നും സാത്താൻ ആരോപിച്ചു. മാത്രമല്ല, ദൈവത്തെ കൂടാതെ അവർ സ്വയം ഭരിക്കുന്നതായിരിക്കും ഏറെ മെച്ചമെന്നും അവൻ അവകാശപ്പെട്ടു.—ഉല്പത്തി 2, 3 അധ്യായങ്ങൾ.
ദൈവം മത്സരികളെ അപ്പോൾത്തന്നെ നശിപ്പിച്ചിരുന്നെങ്കിൽ അത് അവന്റെ ശക്തിയുടെ പ്രകടനം മാത്രമേ ആകുമായിരുന്നുള്ളു, ഉന്നയിക്കപ്പെട്ട വെല്ലുവിളികൾക്ക് പരിഹാരമാകുമായിരുന്നില്ല. മത്സരികളെ ഉടനടി നശിപ്പിക്കുന്നതിനു പകരം ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളെയും മത്സരത്തിന്റെ ഭവിഷ്യത്തുകൾ കാണാൻ യഹോവ അനുവദിച്ചിരിക്കുന്നു. അതിൽ കഷ്ടപ്പാട് ഉൾപ്പെട്ടിരിക്കുന്നെങ്കിലും നമുക്ക് ജനിക്കാനുള്ള അവസരം അതു പ്രദാനം ചെയ്തിരിക്കുന്നു.
മാത്രമല്ല വലിയ നഷ്ടം സഹിച്ചുകൊണ്ടുപോലും യഹോവ, തന്നെ അനുസരിക്കുകയും തന്റെ പുത്രന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്ന മനുഷ്യർക്ക് പാപത്തിൽനിന്നും അതിന്റെ പരിണത ഫലങ്ങളിൽനിന്നുമുള്ള വിടുതലും പറുദീസയിലെ ജീവിതവും സാധ്യമാക്കുന്നതിനു വേണ്ട ക്രമീകരണങ്ങളും ചെയ്തു. ആവശ്യമെങ്കിൽ മരണത്തിൽനിന്നുള്ള ഒരു പുനരുത്ഥാനം മുഖാന്തരം പോലും.
വിവാദപ്രശ്നം പരിഹരിക്കാൻ ദൈവം സമയം അനുവദിച്ചത്, ദൈവസ്നേഹത്തോടു പ്രതികരിക്കാനും എല്ലാ സാഹചര്യങ്ങളിലും യഹോവയോടുള്ള തങ്ങളുടെ ദൃഢവിശ്വസ്തത തെളിയിക്കാനും തങ്ങൾക്കു കഴിയുമെന്ന് പ്രകടമാക്കാൻ ദൈവദാസർക്ക് ഒരു അവസരം നൽകുകകൂടെ ചെയ്തിരിക്കുന്നു. അഖിലാണ്ഡത്തിൽ നിയമത്തോടുള്ള ഉചിതമായ ആദരവ് ഉറപ്പാക്കുന്നതിന് ദൈവത്തിന്റെ പരമാധികാരവും അതിനോടു ബന്ധപ്പെട്ടുള്ള മനുഷ്യന്റെ ദൃഢവിശ്വസ്തതയും സംബന്ധിച്ച വിവാദപ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം അഖിലാണ്ഡത്തിൽ യഥാർഥ സമാധാനം ഒരിക്കലും ഉണ്ടായിരിക്കുകയില്ല.a
[അടിക്കുറിപ്പ്]
a ഈ വിവാദപ്രശ്നങ്ങളും അവയുടെ പ്രസക്തിയും യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
[ചിത്രം]
ആഗോള രാഷ്ട്രീയ ഭരണ വ്യവസ്ഥിതി അവസാനിക്കും