ഭാഗം 9
ഇസ്രായേല്യർ രാജാവിനെ ആവശ്യപ്പെടുന്നു
ഇസ്രായേലിന്റെ ആദ്യത്തെ രാജാവായ ശൗൽ ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നു. അവനുപകരം ദാവീദ് സിംഹാസനസ്ഥനാകുന്നു. ദൈവം ദാവീദുമായി ഒരു ഉടമ്പടിചെയ്യുന്നു; അവന്റെ രാജത്വത്തിന് അവസാനം ഉണ്ടാകുകയില്ലെന്ന് വാഗ്ദാനംചെയ്യുന്നു
ശിംശോനുശേഷം ശമൂവേൽ ഇസ്രായേലിൽ പ്രവാചകനും ന്യായാധിപനുമായി സേവിക്കുന്നു. മറ്റു ജനതകളെപ്പോലെ തങ്ങൾക്കും ഒരു മനുഷ്യനെ രാജാവായി നിയോഗിച്ചുതരണമെന്ന് ഇസ്രായേല്യർ ശമൂവേലിനോടു ശാഠ്യംപിടിച്ചുകൊണ്ടിരുന്നു. ഇത് യഹോവയെ വളരെ വേദനിപ്പിച്ചെങ്കിലും അവരുടെ ആവശ്യംപോലെ ചെയ്തുകൊടുക്കാൻ അവൻ ശമൂവേലിനോടു പറഞ്ഞു. ദൈവം ശൗൽ എന്ന താഴ്മയുള്ള ഒരു മനുഷ്യനെ തിരഞ്ഞെടുത്ത് രാജാവായി അവരോധിച്ചു. എന്നാൽ കാലംകടന്നുപോയപ്പോൾ ശൗൽ അഹങ്കാരിയും അനുസരണംകെട്ടവനുമായി. യഹോവ ശൗലിനെ തള്ളിക്കളഞ്ഞു. മറ്റൊരു വ്യക്തിയെ രാജാവായി അഭിഷേകംചെയ്യാൻ ദൈവം ശമൂവേലിനോട് ആവശ്യപ്പെട്ടു. ദാവീദ് എന്നു പേരുള്ള ഒരു യുവാവായിരുന്നു അത്. എന്നാൽ വർഷങ്ങൾക്കുശേഷമേ ദാവീദ് സിംഹാസനത്തിൽ ഉപവിഷ്ടനാകുമായിരുന്നുള്ളൂ.
കൗമാരത്തിലായിരിക്കെ ദാവീദ് ഒരുനാൾ ശൗലിന്റെ സൈന്യത്തിൽ സേവിച്ചിരുന്ന തന്റെ സഹോദരന്മാരെ കാണാൻ പോയി. സൈന്യം മുഴുവൻ ശത്രുപക്ഷത്തെ യോദ്ധാവായിരുന്ന ഗൊല്യാത്ത് എന്ന മല്ലനെ കണ്ട് ഭയന്നുനിൽക്കുകയായിരുന്നു. ഒൻപത് അടിയിലേറെ ഉയരമുണ്ടായിരുന്നു ഗൊല്യാത്തിന്. അവൻ ഇസ്രായേല്യരെയും അവരുടെ ദൈവത്തെയും നിന്ദിച്ചുകൊണ്ടിരുന്നു. രോഷാകുലനായ ദാവീദ് ആ മല്ലന്റെ വെല്ലുവിളി സ്വീകരിച്ച് അവനോട് ഏറ്റുമുട്ടാൻചെന്നു. ആയുധമെന്നു പറയാൻ ദാവീദിന്റെ കൈയിൽ ആകെയുണ്ടായിരുന്നത് ഒരു കവിണയും കുറെ കല്ലുകളുമാണ്. ഗൊല്യാത്ത് ദാവീദിനെ പരിഹസിച്ചപ്പോൾ താൻ അവനെക്കാൾ യുദ്ധസജ്ജനാണെന്ന് ദാവീദ് മറുപടി നൽകി. കാരണം യഹോവയുടെ നാമത്തിലാണ് ദാവീദ് ഗൊല്യാത്തിനെ നേരിടാൻ ചെന്നത്. ദാവീദ് ഒരു കല്ലെടുത്ത് കവിണയിൽവെച്ചു വീശി ഗൊല്യാത്തിന്റെ നെറ്റി ലാക്കാക്കി എറിഞ്ഞു. ഗൊല്യാത്ത് മരിച്ചുവീണു. ദാവീദ് ആ മല്ലന്റെതന്നെ വാളുകൊണ്ട് അവന്റെ തലയറുത്തു. ഫെലിസ്ത്യ സൈന്യം ഭയന്ന് തിരിഞ്ഞോടി.
ദാവീദിന്റെ ധീരതയിൽ ആകൃഷ്ടനായ ശൗൽ അവനെ തന്റെ പടയാളികളുടെ മേധാവിയാക്കി. എന്നാൽ പിന്നീട്, ദാവീദിന്റെ വിജയങ്ങൾ ശൗലിൽ കടുത്ത അസൂയ ജനിപ്പിച്ചു. ദാവീദിന് പ്രാണരക്ഷാർഥം നാടുവിടേണ്ടിവന്നു. വർഷങ്ങളോളം അവനൊരു അഭയാർഥിയായി ജീവിച്ചു. എന്നിരുന്നാലും തന്റെ ജീവനെ വേട്ടയാടിക്കൊണ്ടിരുന്ന ശൗലിനോട് അവൻ കൂറുള്ളവനായിരുന്നു. കാരണം ശൗലിനെ രാജാവായി നിയോഗിച്ചത് യഹോവയാണെന്ന വസ്തുത എപ്പോഴും അവന്റെ മനസ്സിലുണ്ടായിരുന്നു. ഒടുവിൽ ശൗൽ യുദ്ധത്തിൽ കൊല്ലപ്പെട്ടു. താമസിയാതെ യഹോവ പറഞ്ഞതുപോലെതന്നെ ദാവീദ് രാജാവായി.
“ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” —2 ശമൂവേൽ 7:13
രാജാവായശേഷം യഹോവയ്ക്ക് ഒരു ആലയം പണിയാൻ ദാവീദ് അതിയായി ആഗ്രഹിച്ചു. എന്നാൽ ദാവീദിന്റെ പിൻഗാമികളിലൊരാളായിരിക്കും അതു പണിയുന്നതെന്ന് യഹോവ അവനോടു പറഞ്ഞു. ദാവീദിന്റെ പുത്രനായ ശലോമോനായിരുന്നു പിന്നീട് ആലയം പണിതത്. എങ്കിലും ദാവീദിനും ദൈവം പ്രതിഫലം നൽകാതിരുന്നില്ല. യഹോവ അവനുമായി ശ്രദ്ധേയമായ ഒരു ഉടമ്പടിചെയ്തു: ദാവീദിന്റേത് അതുല്യമായ ഒരു രാജവംശമായിരിക്കും. ഏദെനിൽ വാഗ്ദാനംചെയ്യപ്പെട്ട സന്തതി ജനിക്കുന്നത് ആ വംശപരമ്പരയിലായിരിക്കും. ഈ സന്തതിയായിരിക്കും ദൈവത്താൽ നിയുക്തനായ മിശിഹാ (അഭിഷിക്തൻ എന്നർഥം). അവൻ എന്നേക്കും നിലനിൽക്കുന്ന ഒരു രാജ്യത്തിന്റെ ഭരണാധിപനായിരിക്കും.
നന്ദിനിറഞ്ഞ ഹൃദയത്തോടെ ദാവീദ് ആലയനിർമാണത്തിനുവേണ്ട സ്വർണവും വെള്ളിയും മറ്റു സാധനസാമഗ്രികളും വൻതോതിൽ ശേഖരിച്ചുവെച്ചു. ദൈവനിശ്വസ്തനായി അവൻ ഒട്ടനവധി സങ്കീർത്തനങ്ങളും രചിച്ചു. ജീവിതസായാഹ്നത്തിൽ ദാവീദ് പറഞ്ഞു: “യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.”—2 ശമൂവേൽ 23:2.
—1 ശമൂവേൽ, 2 ശമൂവേൽ, 1 ദിനവൃത്താന്തം, യെശയ്യാവ് 9:7, മത്തായി 21:9, ലൂക്കോസ് 1:32, യോഹന്നാൻ 7:42 എന്നിവയെ ആധാരമാക്കിയുള്ളത്.