പാഠം 10
സത്യാരാധന എങ്ങനെ തിരിച്ചറിയാം?
1. സത്യമതം ഒന്നേ ഉള്ളോ?
ഒരൊറ്റ മതത്തെക്കുറിച്ച് മാത്രമേ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചുള്ളൂ, സത്യമതത്തെക്കുറിച്ച്. അത് ഒരു വഴിപോലെയാണ്, നിത്യജീവനിലേക്കു നയിക്കുന്ന വഴി. “കുറച്ച് പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ” എന്നു യേശു പറഞ്ഞു. (മത്തായി 7:14) തന്റെ സത്യവചനത്തിനു ചേർച്ചയിലുള്ള ആരാധന മാത്രമേ ദൈവം സ്വീകരിക്കുകയുള്ളൂ. സത്യാരാധകരെല്ലാം ഐക്യത്തോടെ ഒരേ വിശ്വാസം പിൻപറ്റുന്നവരാണ്.—യോഹന്നാൻ 4:23, 24; 14:6; എഫെസ്യർ 4:4, 5 വായിക്കുക.
എല്ലാ തരം ആരാധനയും ദൈവം സ്വീകരിക്കുമോ? എന്ന വീഡിയോ കാണുക
2. വ്യാജക്രിസ്ത്യാനികളെക്കുറിച്ച് യേശു എന്തു പറഞ്ഞു?
കള്ളപ്രവാചകന്മാർ ക്രിസ്തീയമതത്തെ ദുഷിപ്പിക്കുമെന്നു യേശു മുന്നറിയിപ്പു നൽകി. പുറമേ അവർ സത്യാരാധകരെപ്പോലെ കാണപ്പെട്ടേക്കാം. തങ്ങളുടെ സഭ ക്രിസ്തീയമാണെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ അവരുടെ പ്രവർത്തനങ്ങളിൽനിന്ന് നിങ്ങൾക്ക് അവരെ തിരിച്ചറിയാനാകും. അതെങ്ങനെ? ശ്രദ്ധേയമായ നല്ല ഗുണങ്ങളും ജീവിതരീതിയും ഉള്ള യഥാർഥക്രിസ്ത്യാനികളെ ഉളവാക്കാൻ സത്യാരാധനയ്ക്കു മാത്രമേ കഴിയൂ.—മത്തായി 7:13-23 വായിക്കുക.
3. സത്യാരാധകരെ നിങ്ങൾക്ക് എങ്ങനെ തിരിച്ചറിയാം?
അവരെ തിരിച്ചറിയിക്കുന്ന അഞ്ചു കാര്യങ്ങളാണു താഴെ കൊടുത്തിരിക്കുന്നത്:
സത്യാരാധകർ ബൈബിളിനെ ദൈവത്തിന്റെ വചനമായി അംഗീകരിക്കുന്നു. ബൈബിൾതത്ത്വങ്ങൾ അനുസരിച്ച് ജീവിക്കാൻ അവർ സകല ശ്രമവും ചെയ്യുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്റെ ചിന്തകളെ അടിസ്ഥാനമാക്കിയുള്ള മതങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണു സത്യമതം. (മത്തായി 15:7-9) സത്യാരാധകർ ഒന്നു പ്രസംഗിക്കുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യില്ല.—യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16, 17 വായിക്കുക.
യേശുവിന്റെ യഥാർഥ അനുഗാമികൾ യഹോവ എന്ന ദൈവത്തിന്റെ പേര് ആദരിക്കുന്നു. ദൈവത്തിന്റെ പേര് എല്ലാവരെയും അറിയിച്ചുകൊണ്ട് യേശു ആ പേര് ആദരിച്ചു. ദൈവത്തെക്കുറിച്ച് അറിയാൻ യേശു ആളുകളെ സഹായിക്കുകയും ദൈവത്തിന്റെ പേര് പരിശുദ്ധമാകാൻവേണ്ടി പ്രാർഥിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്തു. (മത്തായി 6:9) നിങ്ങളുടെ പ്രദേശത്തുള്ള ഏതു മതമാണു ദൈവത്തിന്റെ പേര് എല്ലാവരെയും അറിയിക്കുന്നത്?—യോഹന്നാൻ 17:26; റോമർ 10:13, 14 വായിക്കുക.
സത്യക്രിസ്ത്യാനികൾ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു. ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കാനാണു ദൈവം യേശുവിനെ അയച്ചത്. മനുഷ്യരുടെ ഒരേ ഒരു പ്രത്യാശ ദൈവരാജ്യമാണ്. തന്റെ മരണംവരെ യേശു ആ രാജ്യത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരുന്നു. (ലൂക്കോസ് 4:43; 8:1; 23:42, 43) തന്റെ അനുഗാമികളും അതെക്കുറിച്ച് പ്രസംഗിക്കുമെന്നു യേശു പറഞ്ഞു. ആരെങ്കിലും ദൈവരാജ്യത്തെക്കുറിച്ച് പറയാൻ നിങ്ങളുടെ അടുക്കൽ വരുന്നെങ്കിൽ, സാധ്യതയനുസരിച്ച് അയാൾ ഏതു മതത്തിൽപ്പെട്ട ആളായിരിക്കും?—മത്തായി 24:14 വായിക്കുക.
യേശുവിന്റെ അനുഗാമികൾ ഈ ദുഷ്ടലോകത്തിന്റെ ഭാഗമല്ല. രാഷ്ട്രീയ കാര്യങ്ങളിലോ സാമൂഹിക പോരാട്ടങ്ങളിലോ അവർ ഉൾപ്പെടുകയില്ല. (യോഹന്നാൻ 17:16; 18:36) ഈ ലോകത്തിന്റെ ദുഷിച്ച ശീലങ്ങളും മനോഭാവങ്ങളും അവർ പകർത്തുകയുമില്ല.—യാക്കോബ് 4:4 വായിക്കുക.
സത്യക്രിസ്ത്യാനികൾ പരസ്പരം അകമഴിഞ്ഞ് സ്നേഹിക്കുന്നു. വർഗവ്യത്യാസം കൂടാതെ എല്ലാ ആളുകളെയും ബഹുമാനിക്കാൻ ദൈവവചനത്തിൽനിന്ന് അവർ പഠിക്കുന്നു. രാഷ്ട്രങ്ങളുടെ യുദ്ധങ്ങൾക്കു വ്യാജമതങ്ങൾ മിക്കപ്പോഴും പൂർണപിന്തുണ കൊടുക്കുമ്പോൾ സത്യാരാധകർ അതിൽ പങ്കെടുക്കുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. (മീഖ 4:1-3) പകരം, മറ്റുള്ളവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും സത്യക്രിസ്ത്യാനികൾ തങ്ങളുടെ സമയവും വസ്തുവകകളും ഒരു മടിയും കൂടാതെ ചെലവഴിക്കുന്നു.—യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 4:20 വായിക്കുക.
4. സത്യമതം ഏതെന്ന് നിങ്ങൾക്കു തിരിച്ചറിയാനാകുന്നുണ്ടോ?
എല്ലാ കാര്യങ്ങളും ബൈബിളിനെ അടിസ്ഥാനമാക്കി പഠിപ്പിക്കുന്ന മതം ഏതാണ്? ആരാണ് ദൈവത്തിന്റെ പേര് ആദരിക്കുന്നത്? മനുഷ്യരുടെ ഒരേ ഒരു പ്രത്യാശയായി ദൈവരാജ്യത്തെക്കുറിച്ച് എല്ലാവരോടും പറയുന്നത് ആരാണ്? യുദ്ധത്തിൽ പങ്കെടുക്കാതെ സ്നേഹത്തിന്റെ മാർഗത്തിൽ ജീവിക്കുന്നത് ഏതു കൂട്ടരാണ്? നിങ്ങൾക്ക് എന്തു തോന്നുന്നു?—1 യോഹന്നാൻ 3:10-12 വായിക്കുക.