അധ്യായം 12
യേശു സ്നാനമേൽക്കുന്നു
മത്തായി 3:13-17; മർക്കോസ് 1:9-11; ലൂക്കോസ് 3:21, 22; യോഹന്നാൻ 1:32-34
യേശുവിന്റെ സ്നാനം, അഭിഷേകം
യേശു തന്റെ പുത്രനാണെന്ന് യഹോവ പ്രഖ്യാപിക്കുന്നു
സ്നാപകയോഹന്നാൻ പ്രസംഗപ്രവർത്തനം തുടങ്ങിയിട്ട് ഏകദേശം ആറു മാസം കഴിഞ്ഞിരിക്കുന്നു. യേശുവിന് ഇപ്പോൾ ഏകദേശം 30 വയസ്സുണ്ട്. യേശു യോർദാൻ നദിയിൽ യോഹന്നാന്റെ അടുത്ത് വരുന്നു. എന്തിനാണ്? ഇത് വെറുമൊരു സൗഹൃദസന്ദർശനമല്ല. യോഹന്നാന്റെ പ്രവർത്തനം എങ്ങനെ പുരോഗമിക്കുന്നു എന്നു കാണാനുമല്ല. യേശു വന്ന് യോഹന്നാനോട് തന്നെ സ്നാനം കഴിപ്പിക്കാൻ പറയുന്നു.
നമുക്ക് ഊഹിക്കാവുന്നതുപോലെ യോഹന്നാൻ സമ്മതിക്കുന്നില്ല. “നീ എന്നെയല്ലേ സ്നാനപ്പെടുത്തേണ്ടത്, ആ നീ എന്റെ അടുക്കൽ വരുന്നോ” എന്നു പറഞ്ഞ് യോഹന്നാൻ എതിർക്കുന്നു. (മത്തായി 3:14) യേശു ദൈവത്തിന്റെ ഇഷ്ടപുത്രനാണെന്നു യോഹന്നാന് അറിയാം. മറിയ യേശുവിനെ ഗർഭംധരിച്ചിരിക്കുമ്പോൾ യോഹന്നാന്റെ അമ്മയായ എലിസബത്തിനെ കാണാൻ ചെന്നതും യോഹന്നാൻ അമ്മയുടെ വയറ്റിൽ കിടന്ന് സന്തോഷംകൊണ്ട് തുള്ളിയതും ഓർക്കുന്നില്ലേ? എന്തായാലും അമ്മ അക്കാര്യം യോഹന്നാനോടു പറഞ്ഞിട്ടുണ്ട്. കൂടാതെ യേശുവിന്റെ ജനനത്തെക്കുറിച്ച് ദൈവദൂതന്മാർ അറിയിച്ചതിനെക്കുറിച്ചും യേശു ജനിച്ച രാത്രിയിൽ ദൂതന്മാർ ഇടയന്മാർക്കു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും യോഹന്നാൻ കേട്ടിട്ടുണ്ട്.
പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെടുന്നവരെയാണു താൻ സ്നാനപ്പെടുത്തുന്നതെന്നു യോഹന്നാന് അറിയാം. യേശുവിനാണെങ്കിൽ പാപമില്ലതാനും. പക്ഷേ യോഹന്നാൻ എതിർത്തിട്ടും യേശു സമ്മതിക്കുന്നില്ല. “ഇപ്പോൾ ഇതു നടക്കട്ടെ; അങ്ങനെ നീതിയായതു ചെയ്യുന്നതാണല്ലോ എന്തുകൊണ്ടും ഉചിതം,” യേശു പറയുന്നു.—മത്തായി 3:15.
യേശു സ്നാനപ്പെടുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ടാണ്? മാനസാന്തരത്തിന്റെ അടയാളമായിട്ടുള്ള സ്നാനമല്ല ഇത്. പിതാവിന്റെ ഇഷ്ടം ചെയ്യാൻവേണ്ടി യേശു തന്നെത്തന്നെ വിട്ടുകൊടുക്കുന്നു എന്നാണ് ഇതിന്റെ അർഥം. (എബ്രായർ 10:5-7) യേശു ഒരു മരപ്പണിക്കാരനാണ്. എന്നാൽ ഇപ്പോൾ ശുശ്രൂഷ ആരംഭിക്കാനുള്ള സമയമായി. അതിനുവേണ്ടിയാണ് പിതാവ് സ്വർഗത്തിൽനിന്ന് യേശുവിനെ ഭൂമിയിലേക്ക് അയച്ചത്. യേശുവിനെ സ്നാനപ്പെടുത്തുമ്പോൾ അസാധാരണമായ എന്തെങ്കിലും നടക്കുമെന്ന് യോഹന്നാൻ പ്രതീക്ഷിക്കുന്നുണ്ടോ?
യോഹന്നാൻ പിന്നീട് ഇങ്ങനെ പറയുന്നു: “വെള്ളത്തിൽ സ്നാനപ്പെടുത്താൻ എന്നെ അയച്ച ദൈവം എന്നോട്, ‘ആത്മാവ് ഇറങ്ങിവന്ന് ആരുടെ മേൽ വസിക്കുന്നതാണോ നീ കാണുന്നത് അവനാണു പരിശുദ്ധാത്മാവുകൊണ്ട് സ്നാനപ്പെടുത്തുന്നവൻ’ എന്നു പറഞ്ഞു.” (യോഹന്നാൻ 1:33) ഇക്കാര്യം മനസ്സിലുണ്ടായിരുന്ന യോഹന്നാൻ, താൻ സ്നാനപ്പെടുത്തുന്ന ആരുടെയെങ്കിലും മേൽ പരിശുദ്ധാത്മാവ് വരാൻ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് യേശു വെള്ളത്തിൽനിന്ന് കയറുമ്പോൾ ‘ദൈവത്തിന്റെ ആത്മാവ് പ്രാവുപോലെ യേശുവിന്റെ മേൽ ഇറങ്ങിവരുന്നതു’ കണ്ട യോഹന്നാന് അതിൽ ഒട്ടും അതിശയം തോന്നുന്നില്ല.—മത്തായി 3:16.
എന്നാൽ യേശുവിന്റെ സ്നാനസമയത്ത് മറ്റു പലതും സംഭവിക്കുന്നു. ‘ആകാശം തുറക്കുന്നതായി’ നമ്മൾ വായിക്കുന്നു. എന്താണ് അതിന്റെ അർഥം? മനുഷ്യനാകുന്നതിനു മുമ്പ് യേശു സ്വർഗത്തിൽ ആസ്വദിച്ചിരുന്ന ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ സ്നാനസമയത്ത് യേശുവിനു തിരികെ കിട്ടിയതിനെ ആയിരിക്കാം അത് അർഥമാക്കുന്നത്. അങ്ങനെ ഭൂമിയിലേക്കു വരുന്നതിനു മുമ്പ് താൻ യഹോവയുടെ ഒരു ആത്മപുത്രനായിരുന്നെന്ന് യേശു ഓർക്കുന്നു. കൂടാതെ, സ്വർഗത്തിൽവെച്ച് യഹോവ പഠിപ്പിച്ച സത്യങ്ങളും യേശുവിന്റെ ഓർമയിലേക്കു വരുന്നു.
ഇതു കൂടാതെ സ്നാനസമയത്ത് സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്തായി 3:17) ആരുടെ ശബ്ദമാണ് അത്? എന്തായാലും അത് യേശുവിന്റെ ശബ്ദമല്ല. കാരണം യേശു അപ്പോൾ അവിടെ യോഹന്നാന്റെകൂടെയുണ്ട്. ആ ശബ്ദം ദൈവത്തിന്റേതാണ്. ഉറപ്പായും യേശു ദൈവത്തിന്റെ പുത്രനാണ്, ദൈവമല്ല.
ആദ്യമനുഷ്യനായ ആദാമിനെപ്പോലെതന്നെ യേശുവും ദൈവത്തിന്റെ മനുഷ്യമക്കളിൽ ഒരാളാണ് എന്നതു ശ്രദ്ധേയമാണ്. യേശുവിന്റെ സ്നാനത്തെക്കുറിച്ച് വിവരിച്ചശേഷം ശിഷ്യനായ ലൂക്കോസ് എഴുതുന്നു: “ശുശ്രൂഷ ആരംഭിക്കുമ്പോൾ യേശുവിന് ഏകദേശം 30 വയസ്സായിരുന്നു. യേശു യോസേഫിന്റെ മകനാണെന്നു ജനം കരുതി. യോസേഫ് ഹേലിയുടെ മകൻ . . . ദാവീദിന്റെ മകൻ . . . അബ്രാഹാമിന്റെ മകൻ . . . നോഹയുടെ മകൻ . . . ആദാമിന്റെ മകൻ; ആദാം ദൈവത്തിന്റെ മകൻ.”—ലൂക്കോസ് 3:23-38.
ആദാം “ദൈവത്തിന്റെ മകൻ” ആയിരുന്നു. അതുപോലുള്ള ഒരു മകനായിരുന്നു മനുഷ്യനായി ജനിച്ച യേശുവും. സ്നാനസമയത്ത് ദൈവത്തിന്റെ ആത്മപുത്രനാകുക വഴി യേശു ദൈവവുമായി ഒരു പുതിയ ബന്ധത്തിലേക്കു വന്നു. അങ്ങനെ ദിവ്യസത്യം പഠിപ്പിക്കാനും ജീവനിലേക്കുള്ള വഴി കാണിക്കാനും പറ്റിയ സ്ഥാനത്തായി യേശു. അതെ, യേശു ഒരു പുതിയ ജീവിതം തുടങ്ങുകയാണ്. ഒടുവിൽ ആ ജീവിതം പാപികളായ മനുഷ്യർക്കുവേണ്ടി തന്റെ മനുഷ്യജീവൻ യാഗമായി അർപ്പിക്കുന്നതിൽ ചെന്നെത്തുമായിരുന്നു.