അധ്യായം 23
കഫർന്നഹൂമിൽ യേശു വലിയ അത്ഭുതങ്ങൾ ചെയ്യുന്നു
മത്തായി 8:14-17; മർക്കോസ് 1:21-34; ലൂക്കോസ് 4:31-41
യേശു ഭൂതത്തെ പുറത്താക്കുന്നു
പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നു
മനുഷ്യരെ പിടിക്കുന്നവരാകാൻ യേശു നാലു ശിഷ്യന്മാരെ ക്ഷണിക്കുന്നു; പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നിവരാണ് അവർ. ഇപ്പോൾ ശബത്തുദിവസം അവരെല്ലാംകൂടി കഫർന്നഹൂമിലുള്ള സിനഗോഗിൽ പോകുന്നു. യേശു അവിടെ പഠിപ്പിക്കുന്നു. അവിടെയുള്ള ആളുകൾ യേശുവിന്റെ പഠിപ്പിക്കൽ രീതിയിൽ വീണ്ടും അത്ഭുതപ്പെടുന്നു. ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണു യേശു പഠിപ്പിക്കുന്നത്.
ഭൂതം ബാധിച്ച ഒരു മനുഷ്യൻ അന്ന് അവിടെയുണ്ട്. സിനഗോഗിനുള്ളിൽവെച്ചുതന്നെ അയാൾ വലിയ ഉച്ചത്തിൽ അലറുന്നു: “നസറെത്തുകാരനായ യേശുവേ, അങ്ങയ്ക്ക് ഇവിടെ എന്തു കാര്യം? ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ!” എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറയുന്നു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.”—മർക്കോസ് 1:24, 25.
അപ്പോൾ ദുഷ്ടാത്മാവ് ഈ മനുഷ്യനെ തറയിൽ തള്ളിയിട്ട് ഞെളിപിരികൊള്ളിച്ച് വലിയ ഉച്ചത്തിൽ അലറുന്നു. പക്ഷേ “അയാൾക്ക് ഉപദ്രവമൊന്നും ചെയ്യാതെ” അത് അയാളിൽനിന്ന് പുറത്തുവരുന്നു. (ലൂക്കോസ് 4:35) അവിടെ കൂടിവന്നവർക്ക് അത്ഭുതം അടക്കാനാകുന്നില്ല! “എന്താണ് ഇത്? . . . അദ്ദേഹം അശുദ്ധാത്മാക്കളോടുപോലും അധികാരത്തോടെ കല്പിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവർ പറയുന്നു. (മർക്കോസ് 1:27) എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഈ സംഭവത്തെക്കുറിച്ചുള്ള വാർത്ത ഗലീലയിലെങ്ങും പരക്കുന്നു.
സിനഗോഗിൽനിന്ന് ഇറങ്ങിയ യേശുവും ശിഷ്യന്മാരും ശിമോന്റെ, അതായത് പത്രോസിന്റെ, വീട്ടിലേക്കു പോകുന്നു. അവിടെ പത്രോസിന്റെ അമ്മായിയമ്മ കടുത്ത പനി പിടിച്ച് കിടപ്പാണ്. അവരെ സുഖപ്പെടുത്താൻ ശിഷ്യന്മാർ യേശുവിനോടു യാചിക്കുന്നു. യേശു ചെന്ന് കൈക്കു പിടിച്ച് അവരെ എഴുന്നേൽപ്പിക്കുന്നു. അപ്പോൾത്തന്നെ അവരുടെ രോഗം ഭേദമാകുന്നു. ഒരുപക്ഷേ ഭക്ഷണം ഉണ്ടാക്കി കൊടുത്തുകൊണ്ട് അവർ യേശുവിനെയും ശിഷ്യന്മാരെയും സത്കരിക്കുന്നു.
സൂര്യൻ അസ്തമിക്കാറായപ്പോൾ എല്ലായിടത്തുനിന്നും ആളുകൾ രോഗികളെയുംകൊണ്ട് പത്രോസിന്റെ വീട്ടിലേക്കു വരുന്നു. നിമിഷനേരംകൊണ്ട് നഗരവാസികൾ മുഴുവൻ അവിടെ കൂടിവന്നതുപോലെ തോന്നി. അവർക്കെല്ലാം രോഗം ഭേദമാകണം. ‘പലപല രോഗങ്ങൾകൊണ്ട് കഷ്ടപ്പെട്ടിരുന്നവരെ ആളുകൾ യേശുവിന്റെ അടുത്ത് കൊണ്ടുവരുന്നു. ഓരോരുത്തരുടെയും മേൽ കൈവെച്ച് യേശു അവരെ സുഖപ്പെടുത്തുന്നു.’ (ലൂക്കോസ് 4:40) എല്ലാ തരം രോഗവും യേശു സുഖപ്പെടുത്തുന്നുണ്ട്, മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ. (യശയ്യ 53:4) ഭൂതങ്ങൾ ബാധിച്ചിരുന്നവരെപ്പോലും യേശു സ്വതന്ത്രരാക്കുന്നു. “അങ്ങ് ദൈവപുത്രനാണ്” എന്ന് അലറിക്കൊണ്ടാണ് ദുഷ്ടാത്മാക്കൾ അവരിൽനിന്ന് പുറത്തുവരുന്നത്. (ലൂക്കോസ് 4:41) പക്ഷേ യേശു അവരെ ശാസിക്കുന്നു. കൂടുതൽ സംസാരിക്കാൻ അനുവദിക്കുന്നില്ല. യേശുവാണ് ക്രിസ്തുവെന്ന് ഭൂതങ്ങൾക്ക് അറിയാം. പക്ഷേ അവർ സത്യദൈവത്തെ സേവിക്കുന്നവരാണെന്ന തെറ്റിദ്ധാരണ പരത്താനൊന്നും യേശു ആഗ്രഹിക്കുന്നില്ല.