അധ്യായം 27
മത്തായിയെ വിളിക്കുന്നു
മത്തായി 9:9-13; മർക്കോസ് 2:13-17; ലൂക്കോസ് 5:27-32
യേശു നികുതിപിരിവുകാരനായ മത്തായിയെ വിളിക്കുന്നു
പാപികളെ സഹായിക്കാൻ ക്രിസ്തു അവരോടു സഹവസിക്കുന്നു
തളർവാതരോഗിയെ സുഖപ്പെടുത്തിയതിനു ശേഷം യേശു കുറച്ച് നാൾ ഗലീലക്കടലിന് അടുത്തുള്ള കഫർന്നഹൂം പ്രദേശത്തുതന്നെ താമസിക്കുന്നു. ആളുകൾ വീണ്ടും യേശുവിന്റെ അടുക്കൽ വരുന്നു; യേശു അവരെ പഠിപ്പിക്കാൻതുടങ്ങുന്നു. യേശു നടന്നുപോകുമ്പോൾ നികുതി പിരിക്കുന്നിടത്ത് ഇരിക്കുന്ന മത്തായിയെ കാണുന്നു. “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞ് അദ്ദേഹത്തെ ക്ഷണിക്കുന്നു. മത്തായിക്ക് ലേവി എന്നും പേരുണ്ട്.—മത്തായി 9:9.
പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെപ്പോലെ, സാധ്യതയനുസരിച്ച് മത്തായിക്കും യേശുവിന്റെ പഠിപ്പിക്കലുകളെയും അത്ഭുതങ്ങളെയും പറ്റി കുറച്ചൊക്കെ അറിയാം. അവരെപ്പോലെതന്നെയാണു മത്തായിയുടെയും പ്രതികരണം. തന്റെ സുവിശേഷത്തിൽ അദ്ദേഹംതന്നെ ഇതെക്കുറിച്ച് വിവരിക്കുന്നത് “ഉടനെ മത്തായി എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു” എന്നാണ്. (മത്തായി 9:9) അങ്ങനെ മത്തായി ഒരു നികുതിപിരിവുകാരൻ എന്ന തന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ച് യേശുവിന്റെ ഒരു ശിഷ്യനായിത്തീരുന്നു.
യേശുവിൽനിന്ന് കിട്ടിയ പ്രത്യേകക്ഷണത്തിനുള്ള നന്ദി കാണിക്കാനായിരിക്കാം, മത്തായി ഒരിക്കൽ വീട്ടിൽ ഒരു വലിയ വിരുന്ന് ഒരുക്കുന്നു. യേശുവിനെയും ശിഷ്യന്മാരെയും കൂടാതെ മറ്റാരെയുംകൂടെ മത്തായി ക്ഷണിക്കുന്നു? മത്തായിയുടെ പഴയ കൂട്ടുകാരിൽ പലരും, അതായത് മറ്റു നികുതിപിരിവുകാരും, എത്തിയിട്ടുണ്ട്. എല്ലാവരും വെറുക്കുന്ന റോമൻ അധികാരികൾക്കുവേണ്ടിയാണ് അവർ നികുതി പിരിക്കുന്നത്. തുറമുഖത്തു വരുന്ന കപ്പലിനും അതുപോലെ പ്രധാനവീഥിയിലൂടെ പോകുന്ന യാത്രാക്കൂട്ടത്തിനും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കും ഉള്ള നികുതി ഇതിൽ ഉൾപ്പെടുന്നു. ഈ നികുതിപിരിവുകാരെ ജൂതന്മാർ പൊതുവേ എങ്ങനെയാണു വീക്ഷിക്കുന്നത്? സാധാരണ നിരക്കിനെക്കാൾ കൂടിയ നികുതി ഇവർ ആളുകളുടെ കൈയിൽനിന്ന് വഞ്ചിച്ചെടുക്കുന്നതുകൊണ്ട് ആളുകൾക്ക് ഇവരെ വെറുപ്പാണ്. അധാർമികജീവിതം നയിക്കുന്നതിനു കുപ്രസിദ്ധരായ ‘പാപികളു’മുണ്ട് ഈ വിരുന്നിൽ.—ലൂക്കോസ് 7:37-39.
ഇത്തരം ആളുകളുടെകൂടെ യേശുവിനെ കാണുന്ന സ്വയനീതിക്കാരായ പരീശന്മാർ യേശുവിന്റെ ശിഷ്യന്മാരോടു ചോദിക്കുന്നു: “ഇത് എന്താ നിങ്ങളുടെ ഗുരു നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നത്?” (മത്തായി 9:11) ഇതു കേൾക്കുന്ന യേശു പറയുന്നു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. ‘ബലിയല്ല, കരുണയാണു ഞാൻ ആഗ്രഹിക്കുന്നത് ’ എന്നു പറയുന്നതിന്റെ അർഥം എന്താണെന്നു പോയി പഠിക്ക്. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.” (മത്തായി 9:12, 13; ഹോശേയ 6:6) ഒരു ആത്മാർഥതയുമില്ലാതെയാണു പരീശന്മാർ യേശുവിനെക്കുറിച്ച് “ഗുരു” എന്നു പറയുന്നത്. കാരണം ശരി എന്തെന്ന് യേശുവിൽനിന്ന് പഠിക്കാൻ അവസരമുണ്ടെങ്കിലും അവർക്ക് അതിനു താത്പര്യമില്ല.
സാധ്യതയനുസരിച്ച് നികുതിപിരിവുകാരും പാപികളും ആയ “അനേകർ യേശുവിനെ അനുഗമിച്ചിരുന്നു.” അവർക്കും യേശുവിൽനിന്ന് കേട്ട് പഠിക്കാനും ആത്മീയസുഖപ്പെടുത്തൽ ലഭിക്കാനും കഴിയേണ്ടതിന് മത്തായി അവരെയും തന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു. (മർക്കോസ് 2:15) ദൈവവുമായി ഒരു നല്ല ബന്ധത്തിലേക്കു വരാൻ അവരെ സഹായിക്കുന്നതിനു യേശു ആഗ്രഹിക്കുന്നു. സ്വയനീതിക്കാരായ പരീശന്മാർ അവരെ വെറുക്കുന്നെങ്കിലും യേശു അങ്ങനെയല്ല അവരെ കാണുന്നത്. അനുകമ്പയോടെയും കരുണയോടെയും ആണ് യേശു അവരോട് ഇടപെടുന്നത്, ആത്മീയരോഗമുള്ളവർക്ക് ഒരു ആത്മീയവൈദ്യനായിരിക്കാൻ യേശുവിനു സാധിക്കും.
നികുതിപിരിവുകാരോടും പാപികളോടും യേശു കരുണ കാണിക്കുന്നു. അതുവഴി യേശു അവരുടെ പാപങ്ങൾക്കു നേരെ കണ്ണടയ്ക്കുകയല്ല, മറിച്ച് രോഗികളോടു കാണിച്ചതുപോലുള്ള അതേ മനസ്സലിവ് കാണിക്കുകയാണ്. ഉദാഹരണത്തിന് ഒരു കുഷ്ഠരോഗിയെ യേശു അനുകമ്പയോടെ തൊട്ടുകൊണ്ട് “എനിക്കു മനസ്സാണ്, ശുദ്ധനാകുക” എന്നു പറഞ്ഞില്ലേ? (മത്തായി 8:3) അത്തരത്തിൽ ആളുകളോടു കരുണ കാണിക്കാൻ നമ്മളും പഠിക്കേണ്ടതല്ലേ? അതുപോലെ സഹായം ആവശ്യമുള്ളവരെ, പ്രത്യേകിച്ച് ആത്മീയസഹായം ആവശ്യമുള്ളവരെ, നമ്മളും സഹായിക്കേണ്ടതല്ലേ?