അധ്യായം 74
ആതിഥ്യത്തെയും പ്രാർഥനയെയും കുറിച്ചുള്ള പാഠങ്ങൾ
യേശു മാർത്തയെയും മറിയയെയും സന്ദർശിക്കുന്നു
മടുത്ത് പിന്മാറാതെ പ്രാർഥിക്കുന്നതു പ്രധാനം
യരുശലേമിൽനിന്ന് ഏതാണ്ട് മൂന്നു കിലോമീറ്റർ അകലെ, ഒലിവ് മലയുടെ കിഴക്കേ ചെരുവിലാണു ബഥാന്യ ഗ്രാമം. (യോഹന്നാൻ 11:18) യേശു അവിടെ മാർത്ത, മറിയ എന്ന രണ്ടു സഹോദരിമാരുടെ വീട്ടിൽ ചെല്ലുന്നു. അവരും അവരുടെ ആങ്ങളയായ ലാസറും യേശുവിന്റെ കൂട്ടുകാരാണ്. അവർ യേശുവിനെ ഹാർദമായി സ്വാഗതം ചെയ്യുന്നു.
മിശിഹയെ അതിഥിയായി കിട്ടുന്നത് ഒരു പദവിയാണ്. യേശുവിനു വേണ്ടതെല്ലാം ചെയ്തുകൊടുക്കാനുള്ള ഉത്സാഹത്തിലാണു മാർത്ത. അതുകൊണ്ട് യേശുവിനുവേണ്ടി വലിയൊരു സദ്യ ഒരുക്കുന്നു. മാർത്ത പണിയെടുക്കുമ്പോൾ സഹോദരിയായ മറിയ പക്ഷേ, യേശുവിന്റെ കാൽക്കൽ ഇരുന്ന് എല്ലാം കേൾക്കുകയാണ്. കുറച്ചുകഴിഞ്ഞപ്പോൾ മാർത്ത യേശുവിനോടു പറയുന്നു: “കർത്താവേ, ഇതൊക്കെ ചെയ്യാൻ എന്റെ സഹോദരി എന്നെ തനിച്ചു വിട്ടിരിക്കുന്നത് അങ്ങ് കാണുന്നില്ലേ? വന്ന് എന്നെ സഹായിക്കാൻ അവളോടു പറയൂ.”—ലൂക്കോസ് 10:40.
മറിയയെ കുറ്റപ്പെടുത്തുന്നതിനു പകരം ഇത്തരം കാര്യങ്ങളെക്കുറിച്ച് അമിതമായി വേവലാതിപ്പെടുന്നതിനു യേശു മാർത്തയെ ഉപദേശിക്കുന്നു: “മാർത്തേ, മാർത്തേ, നീ പല കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെട്ട് ആകെ അസ്വസ്ഥയാണ്. അധികമൊന്നും വേണ്ടാ. അല്ല, ഒന്നായാലും മതി. എന്നാൽ മറിയ നല്ല പങ്കു തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് ആരും എടുത്തുകളയില്ല.” (ലൂക്കോസ് 10:41, 42) അതെ, പലപല വിഭവങ്ങൾ ഉണ്ടാക്കി ഒരുപാടു സമയം കളയേണ്ട ആവശ്യമില്ലെന്നു യേശു പറയുന്നു. ലളിതമായ എന്തെങ്കിലും മതി.
മാർത്തയുടെ ഉദ്ദേശ്യം നല്ലതാണ്: അതിഥികളെ സത്കരിക്കണം. പക്ഷേ, ആഹാരം ഉണ്ടാക്കാനുള്ള തത്രപ്പാടിൽ നഷ്ടപ്പെടുന്നതു ദൈവത്തിന്റെ പുത്രൻ പഠിപ്പിക്കുന്ന വിലയേറിയ കാര്യങ്ങളാണ്! മറിയ ജ്ഞാനത്തോടെ നല്ലതു തിരഞ്ഞെടുത്തെന്ന് യേശു എടുത്തുപറഞ്ഞു. കാരണം അതു നിലനിൽക്കുന്ന പ്രയോജനം ചെയ്യുന്നതാണ്. നമുക്കെല്ലാം ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന എത്ര നല്ല പാഠം!
മറ്റൊരു അവസരത്തിൽ ഇതുപോലെതന്നെ പ്രധാനപ്പെട്ട വേറൊരു കാര്യവും യേശു പഠിപ്പിച്ചു. ഒരു ശിഷ്യൻ യേശുവിനോട്, “കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പഠിപ്പിക്കേണമേ” എന്നു പറയുന്നു. (ലൂക്കോസ് 11:1) ഏതാണ്ട് ഒന്നര വർഷം മുമ്പ് ഗിരിപ്രഭാഷണത്തിനിടയിൽ യേശു അതെക്കുറിച്ച് പറഞ്ഞതാണ്. (മത്തായി 6:9-13) ഒരുപക്ഷേ ഈ ശിഷ്യൻ അന്ന് അവിടെ ഇല്ലായിരുന്നിരിക്കാം. അതുകൊണ്ട് യേശു അതിലെ പ്രധാനപ്പെട്ട ആശയങ്ങൾ വീണ്ടും പറയുന്നു. എന്നിട്ട് മടുത്തുപോകാതെ പ്രാർഥിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയാൻ ഒരു ദൃഷ്ടാന്തവും ഉപയോഗിക്കുന്നു.
“നിങ്ങളിൽ ഒരാൾക്ക് ഒരു കൂട്ടുകാരനുണ്ടെന്നു വിചാരിക്കുക. നിങ്ങൾ അർധരാത്രി അയാളുടെ അടുത്ത് ചെന്ന് പറയുന്നു: ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം കടം തരണം. എന്റെ ഒരു കൂട്ടുകാരൻ യാത്രയ്ക്കിടയിൽ എന്റെ അടുത്ത് വന്നിട്ടുണ്ട്. അവനു കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല.’ അപ്പോൾ അകത്തുനിന്ന് അയാൾ പറയുന്നു, ‘വെറുതേ ശല്യപ്പെടുത്താതിരിക്ക്! വാതിൽ അടച്ചുകഴിഞ്ഞു. കുട്ടികൾ എന്റെകൂടെ കിടക്കുകയാണ്. എഴുന്നേറ്റ് നിനക്ക് എന്തെങ്കിലും തരാൻ എനിക്ക് ഇപ്പോൾ പറ്റില്ല.’ കൂട്ടുകാരനാണെന്ന കാരണത്താൽ അയാൾ എഴുന്നേറ്റ് എന്തെങ്കിലും കൊടുക്കണമെന്നു നിർബന്ധമില്ല. പക്ഷേ മടുത്ത് പിന്മാറാതെ ചോദിച്ചുകൊണ്ടിരുന്നാൽ അതിന്റെ പേരിൽ അയാൾ എഴുന്നേറ്റ് ആവശ്യമുള്ളതു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കോസ് 11:5-8.
ഈ കൂട്ടുകാരനെപ്പോലെ അപേക്ഷകൾ കേൾക്കാൻ യഹോവയ്ക്കു മനസ്സില്ലെന്നല്ല യേശു പറയുന്നത്. മറിച്ച് വിശ്വസ്തദാസർ ആത്മാർഥമായി പ്രാർഥിക്കുമ്പോൾ നമ്മുടെ സ്നേഹവാനായ സ്വർഗീയപിതാവ് തീർച്ചയായും അതു കേൾക്കും എന്നാണു യേശു ഉദ്ദേശിക്കുന്നത്. കാരണം മടുത്തുപോകാതെ ചോദിച്ചുകൊണ്ടിരുന്നപ്പോൾ കഠിനഹൃദയനായ ആ കൂട്ടുകാരൻപോലും അപേക്ഷ സാധിച്ചുകൊടുത്തല്ലോ. എന്നിട്ട് യേശു ഇങ്ങനെയും പറയുന്നു: “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും. അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും. കാരണം, ചോദിക്കുന്നവർക്കെല്ലാം കിട്ടുന്നു. അന്വേഷിക്കുന്നവരെല്ലാം കണ്ടെത്തുന്നു. മുട്ടുന്നവർക്കെല്ലാം തുറന്നുകിട്ടുന്നു.”—ലൂക്കോസ് 11:9, 10.
തുടർന്ന് മനുഷ്യരുടെ ഇടയിലെ പിതാക്കന്മാരുമായി താരതമ്യം ചെയ്തുകൊണ്ട് താൻ പറഞ്ഞ ആശയം യേശു ഒന്നുകൂടി വ്യക്തമാക്കുന്നു: “നിങ്ങളിൽ ഏതെങ്കിലും പിതാവ്, മകൻ മീൻ ചോദിച്ചാൽ അതിനു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും!” (ലൂക്കോസ് 11:11-13) നമ്മുടെ സ്വർഗീയപിതാവ് നമ്മൾ പറയുന്നതു കേൾക്കാനും നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരാനും മനസ്സുകാണിക്കും എന്നതിന്റെ എത്ര നല്ല ഉറപ്പ്!