പാഠം 33
രൂത്തും നൊവൊമിയും
ഒരിക്കൽ ഇസ്രായേലിൽ ഒരു ക്ഷാമം ഉണ്ടായി. ഇസ്രായേല്യയായ നൊവൊമി ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും കൂടെ മോവാബ് ദേശത്തേക്കു താമസം മാറി. കുറച്ച് കാലം കഴിഞ്ഞ് നൊവൊമിയുടെ ഭർത്താവ് മരിച്ചു. നൊവൊമിയുടെ മക്കൾ മോവാബ്യസ്ത്രീകളായ രൂത്തിനെയും ഒർപ്പയെയും വിവാഹം കഴിച്ചു. സങ്കടകരമെന്നു പറയട്ടെ, പിന്നീട് നൊവൊമിയുടെ മക്കളും മരിച്ചു.
ഇസ്രായേലിൽ ക്ഷാമം തീർന്നെന്നു കേട്ടപ്പോൾ തിരിച്ച് വീട്ടിലേക്കു പോകാൻ നൊവൊമി തീരുമാനിച്ചു. രൂത്തും ഒർപ്പയും കൂടെ പോയി. വഴിയിൽവെച്ച് നൊവൊമി അവരോടു പറഞ്ഞു: ‘നിങ്ങൾ രണ്ടു പേരും നല്ല മരുമക്കളും നല്ല ഭാര്യമാരും ആയിരുന്നു. നിങ്ങൾ വീണ്ടും കല്യാണം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് മോവാബിലെ വീട്ടിലേക്കു പൊയ്ക്കൊള്ളൂ.’ എന്നാൽ അവർ പറഞ്ഞു: ‘ഞങ്ങൾ അമ്മയെ സ്നേഹിക്കുന്നു. അമ്മയെ വിട്ട് ഞങ്ങൾക്ക് എങ്ങും പോകേണ്ടാ.’ പൊയ്ക്കൊള്ളാൻ നൊവൊമി അവരോടു വീണ്ടുംവീണ്ടും പറഞ്ഞു. അവസാനം ഒർപ്പ പോയി. പക്ഷേ രൂത്ത് പോയില്ല. നൊവൊമി പറഞ്ഞു: ‘ഒർപ്പ അവളുടെ ജനത്തിന്റെയും ദൈവങ്ങളുടെയും അടുത്തേക്ക് മടങ്ങിപ്പോകുകയാണ്. നീയും നിന്റെ അമ്മയുടെ അടുത്തേക്ക് തിരിച്ച് പൊയ്ക്കൊള്ളൂ.’ രൂത്ത് പറഞ്ഞു: ‘ഞാൻ അമ്മയെ ഉപേക്ഷിച്ച് പോകില്ല. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും.’ ഇതു കേട്ടപ്പോൾ നൊവൊമിക്ക് എന്തു തോന്നിക്കാണുമെന്ന് ഓർത്ത് നോക്കൂ.
ബാർളിക്കൊയ്ത്ത് തുടങ്ങുന്ന സമയത്താണു രൂത്തും നൊവൊമിയും ഇസ്രായേലിൽ എത്തുന്നത്. കൊയ്യുമ്പോൾ വീണുപോകുന്ന കതിർ പെറുക്കാൻ രൂത്ത് ഒരു ദിവസം ബോവസിന്റെ വയലിലേക്കു പോയി. രാഹാബിന്റെ മകനായിരുന്നു ബോവസ്. നൊവൊമിയോടൊപ്പം വിശ്വസ്തമായി പറ്റിനിന്ന ഒരു മോവാബ്യസ്ത്രീയാണു രൂത്ത് എന്ന് ബോവസ് കേട്ടിരുന്നു. രൂത്തിനു പെറുക്കാൻവേണ്ടി കുറച്ച് കതിർ അവിടെ ഇട്ടേക്കണമെന്നു ബോവസ് ജോലിക്കാരോടു പറഞ്ഞു.
അന്നു വൈകുന്നേരം നൊവൊമി രൂത്തിനോടു ചോദിച്ചു: ‘ഇന്ന് ആരുടെ വയലിലാണു ജോലി ചെയ്തത്?’ രൂത്ത് പറഞ്ഞു: ‘ബോവസ് എന്നു പേരുള്ള ഒരാളുടെ വയലിൽ.’ നൊവൊമി രൂത്തിനോടു പറഞ്ഞു: ‘ബോവസ് എന്റെ ഭർത്താവിന്റെ ഒരു ബന്ധുവാണ്. മറ്റു ചെറുപ്പക്കാരികളുടെകൂടെ ആ വയലിൽത്തന്നെ ജോലി ചെയ്യുന്നതാണു നല്ലത്. അവിടെയാകുമ്പോൾ ഒന്നും പേടിക്കാനില്ല.’
കൊയ്ത്ത് തീരുന്നതുവരെ രൂത്ത് ബോവസിന്റെ വയലിൽ പണിയെടുത്തു. രൂത്ത് കഠിനാധ്വാനിയാണെന്നും ഒരു നല്ല സ്ത്രീയാണെന്നും ബോവസ് ശ്രദ്ധിച്ചു. അക്കാലത്ത് ആൺമക്കൾ ഇല്ലാതെ ഒരാൾ മരിച്ചാൽ അയാളുടെ ബന്ധു ആ വിധവയെ വിവാഹം കഴിക്കുമായിരുന്നു. അതുകൊണ്ട് ബോവസ് രൂത്തിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൻ ജനിച്ചു, ഓബേദ്. ദാവീദ് രാജാവിന്റെ മുത്തച്ഛനായ ഓബേദാണ് ഇത്. നൊവൊമിയുടെ കൂട്ടുകാർക്കു സന്തോഷമായി. അവർ പറഞ്ഞു: ‘ആദ്യം യഹോവ നിനക്ക് രൂത്തിനെ തന്നു. അവൾ എത്ര നല്ല മരുമകളായിരുന്നു! ഇപ്പോൾ നിനക്ക് ഒരു പേരക്കുട്ടിയും ജനിച്ചിരിക്കുന്നു. യഹോവ വാഴ്ത്തപ്പെടട്ടെ.’
“കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരുമുണ്ട്.”—സുഭാഷിതങ്ങൾ 18:24