പൊരുത്തപ്പെടുത്തലുകൾ—ഒരു അവലോകനം
യഹസ്കേൽ പ്രവചനത്തിന്റെ പല വിശദാംശങ്ങൾക്കും കാലങ്ങൾകൊണ്ട് വന്ന മാറ്റങ്ങളെക്കുറിച്ച് വീക്ഷാഗോപുരത്തിലൂടെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. കൂടുതലായ ചില പൊരുത്തപ്പെടുത്തലുകളെക്കുറിച്ച്, യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു! എന്ന ഈ പ്രസിദ്ധീകരണത്തിൽ ചർച്ച ചെയ്തിരിക്കുന്നു. നമുക്ക് ഇപ്പോൾ, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകുമോ എന്നു നോക്കാം.
ജീവികളുടെ നാലു മുഖം എന്തിനെയാണു പ്രതീകപ്പെടുത്തുന്നത്?
മുമ്പ് മനസ്സിലാക്കിയിരുന്നത്: ജീവികളുടെ അഥവാ കെരൂബുകളുടെ നാലു മുഖങ്ങളിൽ ഓരോന്നും പ്രതീകപ്പെടുത്തുന്നത് യഹോവയുടെ നാലു പ്രമുഖഗുണങ്ങളിൽ ഓരോന്നിനെയാണ്.
മാറ്റം: ജീവികളുടെ നാലു മുഖങ്ങളിൽ ഓരോന്നും യഹോവയുടെ നാലു പ്രമുഖഗുണങ്ങളിൽ ഓരോന്നിനെ പ്രതീകപ്പെടുത്തുന്നെങ്കിലും ആ നാലു മുഖവുംകൂടി ഒന്നിച്ചെടുത്താൽ അതു പ്രതിനിധാനം ചെയ്യുന്നത് യഹോവയുടെ എല്ലാ ഗുണങ്ങളെയുമാണ്. കൂടാതെ, യഹോവ എത്രയധികം ശക്തിയും മഹത്ത്വവും ഉള്ളവനാണെന്ന കാര്യവും ആ നാലു മുഖങ്ങൾ നമ്മളെ ഓർമിപ്പിക്കുന്നു.
മാറ്റത്തിനു പിന്നിലെ കാരണം: ദൈവവചനത്തിൽ നാല് എന്ന സംഖ്യ മിക്കപ്പോഴും തികവിനെയാണു കുറിക്കുന്നത്; അതായത് ഒന്നും ഒഴിവാക്കാതെ എല്ലാം ഉൾപ്പെടുത്തുന്നു എന്ന് അർഥം. അതുകൊണ്ട് ആ നാലു മുഖവും ഒന്നിച്ചെടുത്താൽ, അവ ഒറ്റപ്പെട്ട നാലു ഗുണങ്ങളല്ല, പകരം യഹോവയുടെ ഭയാദരവ് ഉണർത്തുന്ന വ്യക്തിത്വത്തിന്റെ അടിസ്ഥാനമാണ്. ഇനി, ആ ഓരോ മുഖവും പ്രതാപത്തെയും ശക്തിയെയും സൂചിപ്പിക്കുന്ന ജീവികളുടേതായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഓരോ കെരൂബിന്റെയും നാലു മുഖങ്ങൾ സൂചിപ്പിച്ച, സൃഷ്ടികളുടെ ഈ നാലു പ്രതിനിധികളും ശക്തരാണെങ്കിലും അവ യഹോവയുടെ സിംഹാസനത്തിനു കീഴെയാണു നിന്നിരുന്നത്. യഹോവ എല്ലാറ്റിനെയും ഭരിക്കുന്ന അത്യുന്നതപരമാധികാരിയാണ് എന്ന വസ്തുതയ്ക്ക് ഇത് അടിവരയിടുന്നു.
സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യൻ ആരെ പ്രതീകപ്പെടുത്തുന്നു?
മുമ്പ് മനസ്സിലാക്കിയിരുന്നത്: എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യൻ അഭിഷിക്തശേഷിപ്പിനെയാണു പ്രതീകപ്പെടുത്തുന്നത്. പ്രസംഗ-ശിഷ്യരാക്കൽ വേലയിലൂടെ അഭിഷിക്തർ ഇന്ന്, ‘മഹാപുരുഷാരത്തിന്റെ’ ഭാഗമാകുന്നവരുടെ നെറ്റിയിൽ ആലങ്കാരികമായി ഒരു അടയാളമിട്ടുകൊണ്ടിരിക്കുകയാണ്.—വെളി. 7:9.
മാറ്റം: സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യൻ പ്രതീകപ്പെടുത്തുന്നതു യേശുക്രിസ്തുവിനെയാണ്. ‘മഹാകഷ്ടതയുടെ’ സമയത്ത് ചെമ്മരിയാടുകളായി ന്യായം വിധിക്കപ്പെടുന്ന മഹാപുരുഷാരത്തിന് അടയാളമിടുന്നതു യേശുവായിരിക്കും.—മത്താ. 24:21.
മാറ്റത്തിനു പിന്നിലെ കാരണം: ന്യായം വിധിക്കാനുള്ള ഉത്തരവാദിത്വം യഹോവ തന്റെ പുത്രനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. (യോഹ. 5:22, 23) ‘ചെമ്മരിയാടുകൾ’ ആരാണെന്നും ‘കോലാടുകൾ’ ആരാണെന്നും അന്തിമമായി വിധിക്കുന്നതു യേശുവായിരിക്കുമെന്നു മത്തായി 25:31-33 സൂചിപ്പിക്കുന്നു.
വേശ്യകളായ ഒഹൊല, ഒഹൊലീബ എന്നീ സഹോദരിമാർ ക്രൈസ്തവലോകത്തിന്റെ വിഭാഗങ്ങളായ കത്തോലിക്കാസഭയെയും പ്രോട്ടസ്റ്റന്റ് മതവിഭാഗത്തെയും മുൻനിഴലാക്കുന്നുണ്ടോ?
മുമ്പ് മനസ്സിലാക്കിയിരുന്നത്: ചേച്ചിയായ ഒഹൊല (ഇസ്രായേലിന്റെ തലസ്ഥാനമായ ശമര്യ) കത്തോലിക്കാസഭയെയാണു ചിത്രീകരിക്കുന്നത്. ഇളയവളായ ഒഹൊലീബ (യഹൂദയുടെ തലസ്ഥാനമായ യരുശലേം) പ്രോട്ടസ്റ്റന്റ് മതവിഭാഗത്തെയും ചിത്രീകരിക്കുന്നു.
മാറ്റം: വേശ്യകളായ ഈ സഹോദരിമാർ ക്രൈസ്തവലോകത്തിൽപ്പെട്ട ഏതെങ്കിലും മതവിഭാഗങ്ങളുടെ പ്രാവചനികമാതൃകകളല്ല. വാസ്തവത്തിൽ, തന്റെ വിശ്വസ്തജനമായിരുന്നവർ ആത്മീയവ്യഭിചാരം ചെയ്താൽ യഹോവയ്ക്ക് എന്തു തോന്നും എന്നു നമ്മളെ പഠിപ്പിക്കുകയാണ് ആ വിവരണത്തിന്റെ ഉദ്ദേശ്യം. എല്ലാ വ്യാജമതങ്ങളെക്കുറിച്ചും യഹോവയ്ക്കു തോന്നുന്നത് ഇതുപോലെതന്നെയാണ്.
മാറ്റത്തിനു പിന്നിലെ കാരണം: ഒഹൊലയും ഒഹൊലീബയും ക്രൈസ്തവലോകത്തിന്റെ പ്രാവചനികമാതൃകകളാണെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നില്ല. കാരണം, ഇസ്രായേലും യഹൂദയും ഒരിക്കൽ യഹോവയുടെ വിശ്വസ്തഭാര്യമാരെപ്പോലെ ആയിരുന്നു; എന്നാൽ ക്രൈസ്തവലോകത്തിന് ഒരിക്കലും യഹോവയുമായി അത്തരമൊരു ബന്ധമുണ്ടായിരുന്നിട്ടില്ല. ഇതിനു പുറമേ, യഹോവയുടെ അവിശ്വസ്തജനത്തെ വേശ്യകളോടു താരതമ്യപ്പെടുത്തിയിരിക്കുന്ന യഹസ്കേൽ 16-ഉം 23-ഉം അധ്യായങ്ങൾ അവർക്കു മാറ്റത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും പ്രത്യാശ പകർന്നു; പക്ഷേ ബാബിലോൺ എന്ന മഹതിയുടെ ഭാഗമായ ക്രൈസ്തവലോകത്തിന് അങ്ങനെയൊരു പ്രത്യാശയില്ല.
ക്രൈസ്തവലോകം വിശ്വാസത്യാഗം സംഭവിച്ച പുരാതനയരുശലേമിന്റെ പ്രതിമാതൃകയാണോ?
മുമ്പ് മനസ്സിലാക്കിയിരുന്നത്: അവിശ്വസ്തത കാണിച്ച യരുശലേം ക്രൈസ്തവലോകത്തിന്റെ പ്രാവചനികമാതൃകയാണ്. അതുകൊണ്ട് യരുശലേമിന്റെ നാശം പ്രാവചനികമായി ക്രൈസ്തവലോകത്തിന്റെ നാശത്തെ മുൻനിഴലാക്കി.
മാറ്റം: അവിശ്വസ്തയരുശലേമിൽ നിലനിന്ന വിഗ്രഹാരാധനയെയും വ്യാപകമായ ധാർമികാധഃപതനത്തെയും കുറിച്ച് വായിക്കുമ്പോൾ, ഇന്നു ക്രൈസ്തവലോകത്തിൽ നടക്കുന്ന കാര്യങ്ങൾ നമ്മൾ ഓർത്തുപോയേക്കാം എന്നതു ശരിയാണ്. പക്ഷേ ക്രൈസ്തവലോകം യരുശലേമിന്റെ പ്രതിമാതൃകയാണെന്നു നമ്മൾ ഇപ്പോൾ പറയാറില്ല.
മാറ്റത്തിനു പിന്നിലെ കാരണം: ക്രൈസ്തവലോകം യരുശലേമിന്റെ പ്രതിമാതൃകയാണെന്നു പറയാൻ വ്യക്തമായ തിരുവെഴുത്തടിസ്ഥാനമില്ല. യരുശലേം ഒരിക്കൽ ശുദ്ധാരാധനയുടെ കേന്ദ്രമായിരുന്നു. എന്നാൽ ക്രൈസ്തവലോകം ഒരിക്കലും ദൈവത്തിനു ശുദ്ധമായ ആരാധന അർപ്പിച്ചിട്ടില്ല. ഇനി, യരുശലേമിന് യഹോവയുടെ ക്ഷമ ലഭിച്ച ഒരു സമയമുണ്ടായിരുന്നു. പക്ഷേ ക്രൈസ്തവലോകത്തിന് ഒരിക്കലും യഹോവയുടെ ക്ഷമ ലഭിക്കില്ല.
ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള പ്രവചനം നിറവേറിയത് എങ്ങനെ?
മുമ്പ് മനസ്സിലാക്കിയിരുന്നത്: ഉപദ്രവങ്ങൾക്കു വിധേയരായ അഭിഷിക്തർ 1918-ൽ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിലായി. അവരുടെ പ്രവർത്തനങ്ങൾ ഏതാണ്ട് മുഴുവനായി നിലച്ചുപോയ ആ സമയത്ത് അവർ മരണതുല്യമായ ഒരു അവസ്ഥയിലായിരുന്നു. 1919-ൽ യഹോവയിൽനിന്ന് പുതുജീവൻ ലഭിച്ച അവർ ദൈവരാജ്യഘോഷകരായി പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ഹ്രസ്വമായ ആ അടിമത്തം അവസാനിച്ചു.
മാറ്റം: മരണതുല്യമായ ആത്മീയാടിമത്തം 1918-നും ഏറെ നാൾ മുമ്പ് തുടങ്ങി. എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ആരംഭിച്ച് എ.ഡി. 1919-ൽ അവസാനിച്ച ദീർഘമായ ഒരു കാലഘട്ടം മുഴുവൻ അവർ ആ ആത്മീയാടിമത്തത്തിൽ കഴിഞ്ഞു. ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥയിൽ സൂചിപ്പിച്ചിരിക്കുന്ന, വളർച്ചയുടെ നീണ്ട കാലഘട്ടവുമായി ഇതു ചേർന്നുപോകുന്നു.
മാറ്റത്തിനു പിന്നിലെ കാരണം: പുരാതന ഇസ്രായേലിന്റെ അടിമത്തം ദീർഘകാലം നീണ്ടുനിന്ന ഒന്നായിരുന്നു. ബി.സി. 740-ൽ ആരംഭിച്ച ആ അടിമത്തം ബി.സി. 537-ലാണ് അവസാനിച്ചത്. യഹസ്കേൽ പ്രവചനം ആ അസ്ഥികളെ “ഉണങ്ങിയ,” ‘വരണ്ടുണങ്ങിയ’ എന്നെല്ലാം വിളിച്ചിരിക്കുന്നതുകൊണ്ട് അവ പ്രതിനിധാനം ചെയ്തവർ, മരിച്ച അവസ്ഥയിൽ ഏറെക്കാലം കഴിയേണ്ടിവരുമെന്ന് അനുമാനിക്കാം. ഇതിനു പുറമേ, ആ അസ്ഥികൾ ജീവനിലേക്കു വരുന്നതും പതിയെപ്പതിയെ, ഏറെക്കാലംകൊണ്ട് ആയിരിക്കുമെന്നും പ്രവചനം സൂചിപ്പിക്കുന്നു.
രണ്ടു വടി ഒന്നാകുന്നതിന്റെ അർഥം എന്താണ്?
മുമ്പ് മനസ്സിലാക്കിയിരുന്നത്: ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത് കുറച്ച് സമയത്തേക്ക് ദൈവജനത്തിന് ഇടയിൽ അനൈക്യം നിലനിന്നെങ്കിലും 1919-ൽ അഭിഷിക്തശേഷിപ്പിലെ വിശ്വസ്തരായ അംഗങ്ങൾ ഐക്യം വീണ്ടെടുത്തു.
മാറ്റം: തന്റെ ആരാധകർ ഒന്നായിത്തീരാൻ ഇടയാക്കുന്നത് യഹോവയാണെന്നു പ്രവചനം സൂചിപ്പിക്കുന്നു. 1919-നു ശേഷമുള്ള വർഷങ്ങളിൽ, അഭിഷിക്തശേഷിപ്പിനോടൊപ്പം ഭൗമികപ്രത്യാശയുള്ള അനേകമനേകം ആളുകൾ വന്നുചേരാൻ തുടങ്ങി. ഇന്ന് ഇരുകൂട്ടരും ഒരൊറ്റ ജനമായി യഹോവയെ ആരാധിക്കുന്നു.
മാറ്റത്തിനു പിന്നിലെ കാരണം: ഒരു വടി രണ്ടായി ഒടിച്ചിട്ട് പിന്നീട് ഒന്നിപ്പിക്കുന്നതിനെക്കുറിച്ചല്ല പ്രവചനം പറയുന്നത്. അതുകൊണ്ടുതന്നെ ആ പ്രവചനം സൂചിപ്പിക്കുന്നത്, ഒരു കൂട്ടം ആദ്യം വിഭജിക്കപ്പെട്ടിട്ട് പിന്നീട് ഒന്നായിത്തീരുന്നതിനെക്കുറിച്ചല്ല, മറിച്ച് രണ്ടു വ്യത്യസ്തകൂട്ടങ്ങൾ ഒന്നായിത്തീരുന്നതിനെക്കുറിച്ചാണ്.
മാഗോഗിലെ ഗോഗ് ആരാണ്?
മുമ്പ് മനസ്സിലാക്കിയിരുന്നത്: സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ട സാത്താനെ പ്രാവചനികമായി വിളിച്ചിരിക്കുന്ന പേരാണ് ‘മാഗോഗിലെ ഗോഗ്.’
മാറ്റം: മഹാകഷ്ടതയുടെ സമയത്ത് ശുദ്ധാരാധകരെ ആക്രമിക്കാനിരിക്കുന്ന ഭൂരാഷ്ട്രങ്ങളുടെ ഒരു സഖ്യമാണു മാഗോഗിലെ ഗോഗ്.
മാറ്റത്തിനു പിന്നിലെ കാരണം: ഗോഗിനെ ഇരപിടിയൻ പക്ഷികൾക്ക് ആഹാരമായി കൊടുക്കുമെന്നും ഗോഗിനു ഭൂമിയിൽ ഒരു ശ്മശാനസ്ഥലം ഒരുക്കുമെന്നും പ്രവചനങ്ങളിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് ഗോഗ് ഒരു ആത്മവ്യക്തിയല്ലെന്നു നമുക്കു നിഗമനം ചെയ്യാം. കൂടാതെ, ഗോഗിന്റെ ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങളോടു സമാനതയുള്ള ദാനിയേലിലെയും വെളിപാടിലെയും വിവരണങ്ങളും ദൈവജനത്തിന് എതിരെ ഭൂരാഷ്ട്രങ്ങൾ നടത്തുന്ന ആക്രമണത്തെക്കുറിച്ചാണു പറയുന്നത്.—ദാനി. 11:40, 44, 45; വെളി. 17:14; 19:19.
അപ്പോസ്തലനായ പൗലോസ് പിൽക്കാലത്ത് ചർച്ച ചെയ്ത ആത്മീയാലയം തന്നെയാണോ യഹസ്കേലും കണ്ടത്?
മുമ്പ് മനസ്സിലാക്കിയിരുന്നത്: അപ്പോസ്തലനായ പൗലോസ് വിശദീകരിച്ച ആത്മീയാലയംതന്നെയാണ് യഹസ്കേൽ ദർശനത്തിൽ കണ്ടത്.
മാറ്റം: യഹസ്കേൽ ദർശനത്തിൽ കണ്ടത് എ.ഡി. 29-ൽ നിലവിൽ വന്ന ആത്മീയാലയമല്ല, പകരം പ്രവാസത്തിനു ശേഷം, മോശയുടെ നിയമത്തിൽ പറഞ്ഞിരുന്ന അതേ വിധത്തിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുന്നതാണ്. ആത്മീയാലയത്തെക്കുറിച്ച് ദൈവപ്രചോദിതനായി പൗലോസ് പറഞ്ഞ കാര്യങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്, മഹാപുരോഹിതനെന്ന നിലയിൽ യേശു എ.ഡി. 29 മുതൽ എ.ഡി. 33 വരെ ചെയ്ത കാര്യങ്ങളിലാണ്. എന്നാൽ യഹസ്കേലിന്റെ ദേവാലയദർശനത്തിൽ മഹാപുരോഹിതനെക്കുറിച്ച് പറയുന്നതേ ഇല്ല. പകരം ആ ദർശനം ശ്രദ്ധ കേന്ദ്രീകരിച്ചത്, എ.ഡി. 1919-ൽ തുടങ്ങിയ ആത്മീയപുനഃസ്ഥാപനത്തിലാണ്. അതുകൊണ്ടുതന്നെ, യഹസ്കേലിന്റെ ദേവാലയദർശനത്തിലെ എല്ലാ സവിശേഷതകൾക്കും അളവുകൾക്കും ഒരു പ്രതിമാതൃകയുള്ളതായി നമ്മൾ കരുതേണ്ടതില്ല. പകരം, ശുദ്ധാരാധനയ്ക്കായി യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങളെക്കുറിച്ച് യഹസ്കേലിന്റെ ദർശനം പഠിപ്പിക്കുന്ന പാഠങ്ങൾക്കാണു നമ്മൾ മുഖ്യശ്രദ്ധ നൽകേണ്ടത്.
മാറ്റത്തിനു പിന്നിലെ കാരണം: യഹസ്കേൽ ദർശനത്തിൽ കണ്ട ആലയവും ആത്മീയാലയവും തമ്മിൽ പ്രധാനപ്പെട്ട ചില വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, യഹസ്കേൽ കണ്ട ദേവാലയത്തിൽ ധാരാളം മൃഗബലികൾ അർപ്പിക്കുന്നതായി കാണാം. എന്നാൽ ആത്മീയാലയത്തിൽ ഒരൊറ്റ ബലി മാത്രമാണ് അർപ്പിക്കുന്നത്, അതും “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം” മാത്രം. (എബ്രാ. 9:11, 12) ഇനി, ക്രിസ്തു വരാൻ അനേകം നൂറ്റാണ്ടുകൾ ബാക്കിയുണ്ടായിരുന്നതുകൊണ്ട് ആത്മീയാലയത്തെക്കുറിച്ചുള്ള ഗഹനമായ സത്യങ്ങൾ വെളിപ്പെടുത്താനുള്ള യഹോവയുടെ സമയം അപ്പോൾ വന്നിട്ടുമില്ലായിരുന്നു.