യേശുവിന്റെ ജീവിതവും ശുശ്രൂഷയും
അഹങ്കാരികളും എളിയവരും
യോഹന്നാൻ സ്നാപകന്റെ സദ്ഗുണങ്ങളെക്കുറിച്ച് പറഞ്ഞശേഷം യേശു തനിക്ക് ചുററും ഉണ്ടായിരുന്ന അഹങ്കാരികളും ചപലരുമായ ആളുകളിലേക്ക് ശ്രദ്ധതിരിക്കുന്നു. “‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി എന്നാൽ നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലപിച്ചു, എന്നാൽ നിങ്ങൾ സങ്കടപ്പെട്ട് അലച്ചില്ല’ എന്ന് തങ്ങളുടെ കളിത്തോഴരോട് വിളിച്ചു പറയുന്ന, ചന്തസ്ഥലങ്ങളിൽ ഇരിക്കുന്ന കൊച്ചുകുട്ടികളെപ്പോലെയാണ് ഈ തലമുറ” എന്ന് അവൻ പ്രഖ്യാപിക്കുന്നു.
യേശു എന്താണ് അർത്ഥമാക്കുന്നത്? അവൻ വിശദീകരിക്കുന്നു: “യോഹന്നാൻ തിന്നാതെയും കുടിക്കാതെയും വന്നു, എന്നിട്ടും ‘അവന് ഒരു ഭൂതമുണ്ട്’ എന്ന് ആളുകൾ പറയുന്നു; മനുഷ്യപുത്രൻ തിന്നും കുടിച്ചും കൊണ്ട് വന്നു, അപ്പോഴും ‘നോക്കൂ! പെരുവയറനും വീഞ്ഞുകുടിയനുമായ ഒരു മനുഷ്യൻ, നികുതിപിരിവുകാരുടെയും പാപികളുടെയും ഒരു സ്നേഹിതൻ’ എന്ന് ആളുകൾ പറയുന്നു.”
ആളുകളെ തൃപ്തിപ്പെടുത്തുക അസാദ്ധ്യമാണ്. അവരെ യാതൊന്നും പ്രസാദിപ്പിക്കുന്നില്ല. യോഹന്നാൻ “അവൻ വീഞ്ഞും മദ്യവും അശേഷം കുടിക്കരുത്” എന്ന ദൂതന്റെ പ്രഖ്യാപനത്തോടുള്ള ചേർച്ചയിൽ ഒരു നാസീർ എന്ന നിലയിൽ ആത്മത്യാഗത്തിന്റേതായ ഒരു വിരക്ത ജീവിതം നയിച്ചിരിക്കുന്നു. എന്നിട്ടും അവൻ ഭൂതബാധിതനാണെന്ന് ആളുകൾ പറയുന്നു. മറിച്ച്, യാതൊരു വിരക്തിയും കൂടാതെ മററ് മനുഷ്യരെപ്പോലെ യേശു ജീവിക്കുന്നു. അവൻ അമിതത്വങ്ങൾ ഉള്ളവൻ എന്ന് കുററം വിധിക്കപ്പെടുന്നു.
ആളുകളെ പ്രസാദിപ്പിക്കുക എത്ര പ്രയാസം! അവർ കളിത്തോഴരെപ്പോലെയാണ്, അവരിൽ ചിലർ മററ് കുട്ടികൾ കുഴലൂതുമ്പോൾ നൃത്തം ചെയ്ത് പ്രതികരിക്കാനോ തങ്ങളുടെ കൂട്ടുകാർ വിലപിക്കുമ്പോൾ സങ്കടം കാണിക്കാനോ വിസമ്മതിക്കുന്നു. എന്നിരുന്നാലും: “ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിനിഷ്ഠമെന്ന് തെളിയിക്കപ്പെടുന്നു” എന്ന് യേശു പറയുന്നു. അതെ, യോഹന്നാനും യേശുവിനുമെതിരായിട്ടുള്ള കുററാരോപണങ്ങൾ വ്യാജമാണെന്ന് തെളിവ്—പ്രവൃത്തികൾ—വ്യക്തമാക്കുന്നു.
തന്റെ വീര്യപ്രവൃത്തികളിൽ അധികവും ചെയ്ത കോരസീൻ, ബെത്സെയ്ദാ, കഫർന്നഹൂം എന്നീ നഗരങ്ങളെ ഒററപ്പെടുത്തി ശകാരിക്കുന്നതിൽ യേശു തുടരുന്നു. അവൻ അത് ഫൊയ്നീക്യ നഗരങ്ങളായ സോരിലും സീദോനിലും ചെയ്തിരുന്നെങ്കിൽ ആ നഗരങ്ങൾ രട്ടിലും വെണ്ണീറിലും അനുതപിക്കുമായിരുന്നുവെന്ന് യേശു പറയുന്നു. പ്രത്യക്ഷത്തിൽ, തന്റെ ശുശ്രൂഷക്കാലത്തെ തന്റെ ഗൃഹതാവളമായിരുന്ന കഫർന്നഹൂമിനെ കുററം വിധിച്ചുകൊണ്ട് യേശു പ്രഖ്യാപിക്കുന്നു: “ന്യായവിധി ദിവസത്തിൽ നിങ്ങളെക്കാൾ സോദോം ദേശത്തിന് കൂടുതൽ സഹിക്കാവതാകും.”
യേശു ഇതിനാൽ എന്താണർത്ഥമാക്കുന്നത്? കഫർന്നഹൂമിലെ അഹങ്കാരികൾ ഉയിർപ്പിക്കപ്പെടുന്ന ന്യായവിധി ദിവസത്തിൽ അവർക്ക് തങ്ങളുടെ തെററുകൾ സമ്മതിച്ച് ക്രിസ്തുവിനെ സ്വീകരിക്കുന്നത് പുനരുത്ഥാനം പ്രാപിക്കുന്ന പുരാതന സോദോമ്യർ വിനീതമായി അനുതപിച്ച് നീതിപഠിക്കുന്നതിനെക്കാൾ കൂടുതൽ പ്രയാസമായിരിക്കുമെന്ന് അവൻ പ്രകടമാക്കുകയാണ് എന്ന് സ്പഷ്ടം.
യേശു അടുത്തതായി തന്റെ സ്വർഗ്ഗീയ പിതാവിനെ പരസ്യമായി സ്തുതിക്കുന്നു. ദൈവം വിലയേറിയ ആത്മീയ സത്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും മറച്ച് എളിയവരും ശിശുക്കളുമായിരിക്കുന്നവർക്ക് ഈ അത്ഭുതകാര്യങ്ങൾ വെളിപ്പെടുത്തുന്നതുകൊണ്ടാണ് അവൻ അങ്ങനെ ചെയ്യാൻ പ്രേരിതനാകുന്നത്.
ഒടുവിൽ യേശു ഈ ആകർഷകമായ ക്ഷണം നൽകുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരുമേ, എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ സമാശ്വസിപ്പിക്കും. എന്റെ നുകം നിങ്ങളുടെമേൽ ഏററുകൊണ്ട് എന്നിൽനിന്ന് പഠിക്കുക, എന്തുകൊണ്ടെന്നാൽ ഞാൻ സൗമ്യപ്രകൃത്നും ഹൃദയത്തിൽ എളിയവനുമാകുന്നു, നിങ്ങൾ നിങ്ങളുടെ ദേഹികൾക്ക് നവോൻമേഷം കണ്ടെത്തും. എന്തെന്നാൽ എന്റെ നുകം മൃദുലവും എന്റെ ചുമട് ലഘുവുമാകുന്നു.”
യേശു എങ്ങനെയാണ് നവോൻമേഷം വാഗ്ദാനം ചെയ്യുന്നത്? മതനേതാക്കൾ ജനങ്ങളുടെമേൽ കെട്ടിവെച്ച് ഭാരപ്പെടുത്തിയിരുന്ന അടിമപ്പെടുത്തുന്ന പാരമ്പര്യങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നതിനാൽ അവൻ അങ്ങനെ ചെയ്യുന്നു. അവയിൽ നിയന്ത്രണാത്മകമായ ശബത്തു പാലനനിയന്ത്രണങ്ങളും ഉൾപ്പെടുന്നു. കൂടാതെ രാഷ്ട്രീയ അധികാരികളുടെ ആധിപത്യമാകുന്ന ഞെരിക്കുന്ന ഭാരം അനുഭവപ്പെടുന്നവർക്കും, ക്ലേശിതമായ ഒരു മന:സാക്ഷിയാൽ തങ്ങളുടെ പാപഭാരം അനുഭവിക്കുന്നവർക്കും, അവൻ ആശ്വാസത്തിന്റെ വഴി കാണിച്ചു കൊടുക്കുന്നു. അങ്ങനെയുള്ള ക്ലേശിതർക്ക് തങ്ങളുടെ പാപങ്ങൾ എങ്ങനെ മോചിക്കപ്പെടാൻ കഴിയുമെന്നും അവർക്ക് ദൈവത്തോട് എങ്ങനെ ഒരു വിലപ്പെട്ട ബന്ധം ആസ്വദിക്കാൻ കഴിയുമെന്നും അവൻ അവർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു.
യേശു വാഗ്ദാനം ചെയ്യുന്ന മൃദുലമായ നുകം ദൈവത്തിനായുള്ള പൂർണ്ണമായ സമർപ്പണത്തിന്റേതാണ്. അതിനാൽ സഹാനുഭൂതിയും കരുണയുമുള്ള നമ്മുടെ സ്വർഗ്ഗീയപിതാവിനെ സേവിക്കുക സാദ്ധ്യമാണ്. തന്റെ അടുക്കലേക്ക് വരുന്നവർക്ക് യേശു വാഗ്ദാനം ചെയ്യുന്ന ലഘുവായ ചുമട് ജീവനുവേണ്ടിയുള്ള ദൈവികവ്യവസ്ഥകൾ, അവന്റെ കൽപ്പനകൾ, അനുസരിക്കുന്നതിന്റെ ചുമടാണ്. അവ അശേഷവും ഭാരമുള്ളവയല്ല. മത്തായി 11:16-30; ലൂക്കോസ് 1:15; 7:31-35; 1 യോഹന്നാൻ 5:3.
◆ യേശുവിന്റെ തലമുറ കുട്ടികളെപ്പോലെ ആയിരിക്കുന്നതെങ്ങനെ?
◆ സോദോമിന് കഫർന്നഹൂമിനെക്കാൾ സഹിക്കാവുന്നതാകുന്നതെങ്ങനെ?
◆ ആളുകൾ ഏത് വിധത്തിൽ ഭാരപ്പെടുത്തപ്പെട്ടിരിക്കുന്നു, യേശു എന്ത് ആശ്വാസം വാഗ്ദാനം ചെയ്യുന്നു? (w87 1/15)