യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ഒരു ജൻമദിനസൽക്കാരവേളയിലെ കൊലപാതകം
തന്റെ അപ്പോസ്തലൻമാർക്ക് നിർദ്ദേശങ്ങൾ കൊടുത്തശേഷം യേശു അവരെ പ്രസംഗപ്രദേശത്തേക്ക് ജോടികളായി അയയ്ക്കുന്നു. സഹോദരൻമാരായിരുന്ന പത്രോസും അന്ത്രയോസും ഒരുമിച്ചുപോയിരിക്കാനിടയുണ്ട്, അങ്ങനെതന്നെ യാക്കോബും യോഹന്നാനും, ഫിലിപ്പോസും ബർത്തലോമായിയും, തോമസും മത്തായിയും, യാക്കോബും തദ്ദായിയും, ശിമോനും യൂദാ ഇസ്ക്കരിയോത്തായും. സുവിശേഷകരുടെ ആറു ജോടികൾ രാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുകയും അവർ പോകുന്നിടത്തെല്ലാം അത്ഭുതകരമായ സൗഖ്യമാക്കലുകൾ നടത്തുകയുംചെയ്യുന്നു.
ഇതിനിടയിൽ, യോഹന്നാൻ സ്നാപകൻ ഇപ്പോഴും തടവിലാണ്. അവൻ ഇപ്പോൾ ഏതാണ്ടു രണ്ടു വർഷമായി അവിടെയാണ്. ഹെരോദ് അന്തിപ്പാസ് അയാളുടെ സഹോദരനായ ഫിലിപ്പിന്റെ ഭാര്യയായിരുന്ന ഹെരോദ്യാസിനെ സ്വന്തം ഭാര്യയായി എടുക്കുന്നത് തെററാണെന്ന് യോഹന്നാൻ സ്നാപകൻ പരസ്യമായി പ്രഖ്യാപിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. ഹെരോദ് അന്തിപ്പാസ് മോശൈകന്യായപ്രമാണം അനുസരിക്കുന്നതായി അവകാശപ്പെട്ടതിനാൽ, യോഹന്നാൻ അയാളുടെ വ്യഭിചാരപരമായ ബന്ധത്തെ ഉചിതമായിത്തന്നെയാണ് തുറന്നുകാട്ടിയത്. ഇതു നിമിത്തമാണ് ഹെരോദാവ് യോഹന്നാനെ തടവിൽ ഇടുവിച്ചത്, ഒരുപക്ഷേ ഹെരോദ്യാസിന്റെ പ്രേരണയാൽത്തന്നെ.
യോഹന്നാൻ നീതിമാനായ ഒരു മനുഷ്യനാണെന്ന് ഹെരോദ് അന്തിപ്പാസ് തിരിച്ചറിയുന്നു, അവനെ സന്തോഷത്തോടെ ശ്രദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവന്റെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അയാൾക്ക് നിശ്ചയമില്ല. മറിച്ച്, ഹെരോദ്യാസ് യോഹന്നാനെ വെറുക്കുകയും അവനെ കൊല്ലിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുംചെയ്യുന്നു. ഒടുവിൽ, അവൾ കാത്തിരുന്ന അവസരം കൈവരുന്നു.
ക്രി.വ. 32ലെ പെസഹായിക്ക് അല്പകാലംമുമ്പ് ഹെരോദാവ് തന്റെ ജൻമദിനത്തിന്റെ വലിയ ആഘോഷത്തിന് ഏർപ്പാടുചെയ്യുന്നു. ഹെരോദാവിന്റെ സകല ഉന്നത ഉദ്യോഗസ്ഥൻമാരും സേനാപതിമാരും ഗലീലയിലെ പ്രമുഖ പൗരൻമാരും പാർട്ടിക്ക് സമ്മേളിച്ചിട്ടുണ്ട്. വൈകുന്നേരമായതോടെ ഹെരോദ്യാസിന്റെ മുൻഭർത്താവായിരുന്ന ഫിലിപ്പിലുണ്ടായ അവളുടെ ചെറുപ്പക്കാരിയായ പുത്രി ശലോമി അതിഥികൾക്കുവേണ്ടി നൃത്തംചെയ്യാൻ വരുത്തപ്പെടുന്നു. അവളുടെ കലാപരിപാടിയിൽ പുരുഷസദസ്സ് വശീകരിക്കപ്പെടുന്നു, അത് അത്യന്തം പ്രലോഭനീയമായിരുന്നുവെന്നതിനു സംശയമില്ല.
ഹെരോദ് ശലോമിയിൽ അത്യന്തം പ്രസാദിക്കുന്നു. “നിനക്ക് എന്തുവേണമെങ്കിലും എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ നിനക്കു തരാം” എന്ന് അയാൾ പ്രഖ്യാപിക്കുന്നു. അയാൾ ഇങ്ങനെ പ്രതിജ്ഞചെയ്യുകപോലുംചെയ്യുന്നു: “നീ എന്നോട് എന്തു ചോദിച്ചാലും, ഞാൻ നിനക്ക് അത് തരും, എന്റെ രാജ്യത്തിൽ പകുതിവരെ.”
ഉത്തരം പറയുന്നതിനുമുമ്പ് ശലോമി തന്റെ അമ്മയോട് ആലോചനചോദിക്കാൻ പോകുന്നു. “ഞാൻ എന്താണ് ചോദിക്കേണ്ടത്?” അവൾ അന്വേഷിക്കുന്നു.
ഒടുവിൽ ഇതാ അവസരം! “യോഹന്നാൻ സ്നാപകന്റെ തല,” വൈമുഖ്യംകൂടാതെ ഹെരോദ്യാസ് ഉത്തരം പറയുന്നു.
പെട്ടെന്ന് ശലോമി ഹെരോദാവിന്റെ അടുക്കലേക്കു മടങ്ങിപ്പോയി അപേക്ഷിക്കുന്നു: “ഉടൻതന്നെ അങ്ങ് എനിക്ക് യോഹന്നാൻസ്നാപകന്റെ തല ഒരു താലത്തിൽ തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”
ഹെരോദ് അതിദുഃഖിതനായി. എന്നാൽ അയാളുടെ അതിഥികൾ അയാളുടെ പ്രതിജ്ഞ കേട്ടിരിക്കുന്നു, ഒരു നിരപരാധിയായ മനുഷ്യനെ കൊല്ലേണ്ടിവരുന്നെങ്കിലും അത് സാധിച്ചുകൊടുക്കാതിരിക്കുന്നത് അയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അയാളുടെ ഉഗ്രനിർദ്ദേശങ്ങളുമായി ഒരു വധാധികൃതൻ പെട്ടെന്നുതന്നെ കാരാഗൃഹത്തിലേക്ക് അയക്കപ്പെടുന്നു. താമസിയാതെ അയാൾ ഒരു താലത്തിൽ യോഹന്നാന്റെ തലയുമായി മടങ്ങിവരുന്നു. അവൻ അത് ശലോമിക്കു കൊടുക്കുന്നു. അവളാകട്ടെ അത് അവളുടെ അമ്മക്കു കൊണ്ടുകൊടുക്കുന്നു. സംഭവിച്ചതു യോഹന്നാന്റെ ശിഷ്യൻമാർ കേൾക്കുമ്പോൾ അവർ വന്ന് അവന്റെ ശരീരം മാററുകയും അതു മറവുചെയ്യുകയും അനന്തരം അവർ വിവരം യേശുവിനെ അറിയിക്കുകയുംചെയ്യുന്നു.
പിന്നീട്, ഹെരോദാവ് യേശു ജനങ്ങളെ സൗഖ്യമാക്കുന്നതിനെയും ഭൂതങ്ങളെ പുറത്താക്കുന്നതിനെയുംകുറിച്ചു കേൾക്കുമ്പോൾ യേശു യഥാർത്ഥത്തിൽ മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെട്ട യോഹന്നാനാണെന്ന് ഭയപ്പെടുന്നു. അനന്തരം അയാൾ യേശുവിനെ കാണാൻ അതിയായി ആഗ്രഹിക്കുന്നു, അവന്റെ പ്രസംഗം കേൾക്കാനല്ല, പിന്നെയോ അവന്റെ ഭയങ്ങൾക്ക് നല്ല അടിസ്ഥാനമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ. മത്തായി 10:1-5; 11:1; 14:1-12; മർക്കോസ 6:14-29; ലൂക്കോസ 9:7-9.
◆ യോഹന്നാൻ തടവിലായതെന്തുകൊണ്ട്, ഹെരോദ് അവനെ വധിക്കാൻ ആഗ്രഹിക്കാഞ്ഞതെന്തുകൊണ്ട്?
◆ ഹെരോദ്യക്ക് ഒടുവിൽ യോഹന്നാനെ കൊല്ലിക്കാൻ കഴിഞ്ഞതെങ്ങനെ?
◆ യോഹന്നാന്റെ മരണശേഷം ഹെരോദ് യേശുവിനെ കാണാനാഗ്രഹിക്കുന്നതെന്തുകൊണ്ട്? (w87 8/15)
[9-ാം പേജ് നിറയെയുള്ള ചിത്രം]