രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ഒരു ഗോത്രനായകൻ വാദിക്കുന്നു
നീതിയും വിശ്വസ്തതയും പ്രിയപ്പെടുകയും ഈ ഗുണങ്ങൾക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന പ്രമുഖർ ഇപ്പോഴും ലോകത്തുണ്ടെന്നറിയുന്നത് പ്രോൽസാഹജനകമാണ്. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്ന ഒരാഫ്രിക്കൻ രാജ്യത്തെ ഒരു ഗോത്രനായകന്റെ ഉദാഹരണം അതിലൊന്നാണ്. റിപ്പോർട്ടു നമ്മോടിപ്രകാരം പറയുന്നു:
“അടുത്തയിടയ്ക്ക് ഞങ്ങളുടെ പട്ടണത്തിൽ വ്യത്യസ്ത മതസമൂഹങ്ങളുടെ ഒരു മതൈക്യ സമ്മേളനം നടന്നു. അതിൽ കത്തോലിക്കരും പ്രസ്ബിറേററിയൻ സഭക്കാരും പെന്തക്കോസ്തുകാരും മററും ഉൾപ്പെട്ടിരുന്നു. സമ്മേളനത്തിന്റെ അവസാന ഭാഗത്ത് പ്രസംഗിക്കുന്നതിനുവേണ്ടി ഈ നേതാവിനെയും ക്ഷണിക്കുകയുണ്ടായി. ജനക്കൂട്ടത്തെ അതിശയിപ്പിക്കുമാറ്, അദ്ദേഹം മററ് കാര്യങ്ങളോടൊപ്പം യഹോവയുടെ സാക്ഷികളുടെ വിശ്വസ്തതയും ഉന്നത ധാർമ്മിക നിലവാരങ്ങളും അനുകരിക്കാൻ അവരോടാവശ്യപ്പെട്ടു. കൂടാതെ, എല്ലാവരും യഹോവയുടെ സാക്ഷികളായിരുന്നെങ്കിൽ ഈ ദേശത്ത് സമാധാനം ഉണ്ടായിരുന്നേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പിറേറ ദിവസം സമ്മേളന പ്രതിനിധികളായിരിക്കുന്ന സഭകളിലെ പ്രമുഖ വ്യക്തികൾ ഗോത്രനേതാവിന്റെ ആസ്ഥാനത്തെത്തി അദ്ദേഹം യഹോവയുടെ സാക്ഷികളെ പുകഴ്ത്തിയതിനെച്ചൊല്ലി വലിയ പ്രതിഷേധം രേഖപ്പെടുത്തി. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഈ പ്രദേശത്ത് നിരോധിച്ചിരിക്കയാണെന്നുള്ള കാര്യം അറിയില്ലേ എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. യഹോവയുടെ സാക്ഷികളിൽ താൻ യാതൊരു കുററവും കണ്ടിട്ടില്ലെന്ന് നേതാവ് തറപ്പിച്ചു പറഞ്ഞു. അദ്ദേഹം തുടർന്ന് ഇപ്രകാരം പറഞ്ഞു: ‘ഒരു ഗോത്രനായകനെന്നനിലയിലുള്ള എന്റെ സേവന കാലത്ത് ഒരിക്കൽ പോലും യഹോവയുടെ ഒരു സാക്ഷിയെ കുററകൃത്യം സംബന്ധിച്ച് എന്റെ കോടതിയിൽ കൊണ്ടുവരാൻ ഇടയായിട്ടില്ല. നേരെ മറിച്ച്, പറമ്പിൽ നിന്ന് കപ്പ മോഷണം പോയാൽ പലപ്പോഴും ഒരു കത്തോലിക്കനെയാണ് മോഷ്ടാവെന്ന നിലയിൽ പിടികൂടുന്നത്. ചേമ്പ് മോഷണം പോയാൽ ഒരു പ്രസ്ബിറേററിയൻ സഭക്കാരനാണ് അതിനുത്തരവാദി. നിങ്ങളുടെ സഭാംഗങ്ങൾ എന്റെ നാടിനെ ഗർഭഛിദ്രത്താൽ ദുഷിപ്പിച്ചിരിക്കയാണ്. എന്നാൽ അത്തരം കുററകൃത്യങ്ങൾ നിമിത്തം യഹോവയുടെ ഒരു സാക്ഷിയെപ്പോലും എന്റെ കോടതിയിൽ കൊണ്ടുവന്നിട്ടില്ല. ദൈവത്തിന്റെ പ്രമാണങ്ങൾ അത്തരം ദുഷ്കൃത്യങ്ങളെ കുററം വിധിക്കുന്നില്ലേ, അതോ സഭകൾ ദൈവത്തിന്റെ പ്രമാണത്തിൻകീഴിലല്ലേ?’ പുരോഹിതൻമാർക്ക് ഉത്തരം മുട്ടിപ്പോയി.
“പിന്നീട് ഗോത്രനായകൻ യഹോവയുടെ സാക്ഷികളുടെ പ്രതിനിധികളെ വിളിച്ച് തങ്ങളുടെ ദൈവത്തിന്റെമേലും യഹോവയുടെ സാക്ഷികളെ പുകഴ്ത്തിയ ഗോത്രനായകന്റെ മേലും യാതൊരു നിന്ദയും വരാതിരിക്കാൻ വളരെ ശ്രദ്ധയുള്ളവരായിരിക്കാൻ പ്രോൽസാഹിപ്പിച്ചു.”
ഇപ്പോൾ സത്യത്തിനുവേണ്ടി പുതിയവർ പലരും തങ്ങളുടെ നിലപാട് സ്വീകരിക്കുന്നതായി റിപ്പോർട്ടു പറയുന്നു. അടുത്തകാലത്ത് ഒരു സാക്ഷിക്ക് തന്റെ പ്രദേശത്തെ മൂന്ന് പ്രമുഖരുമായി ബൈബിളദ്ധ്യയനം തുടങ്ങാൻ കഴിഞ്ഞെന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നു. അതിൽ ഒരാൾ ഒരു ഗോത്ര നേതാവാണ്. ഇപ്പോൾ ഇവർ മൂവരും യഹോവയുടെ സാക്ഷികളുടെ മീററിംഗുകൾക്ക് ഹാജരാകുന്നുണ്ട്!
സത്യത്തെയും നീതിയെയും സ്നേഹിക്കുന്നവരെയും തന്റെ ദാസൻമാർക്കുവേണ്ടി വാദിക്കുന്നവരെയും യഹോവയാം ദൈവം കുറിക്കൊള്ളുന്നു.—മത്തായി 10:42. (g87 10/1)