യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ഭൂതബാധിതനായ കുട്ടിയെ സുഖപ്പെടുത്തുന്നു
യേശുവും പത്രോസും യാക്കോബും യോഹന്നാനും, സാധ്യതയനുസരിച്ച് ഹെർമോൻപർവതത്തിന്റെ ഒരു കൊടുമുടിയിൽ അകലെയായിരിക്കെ, മററു ശിഷ്യൻമാർ ഒരു പ്രശ്നത്തിൽ കുടുങ്ങുന്നു. യേശു മടങ്ങിവന്നപ്പോൾ എന്തോ പന്തികേടുണ്ടെന്ന് അവൻ പെട്ടെന്ന് മനസ്സിലാക്കി. ഒരു കൂട്ടമാളുകൾ അവന്റെ ശിഷ്യൻമാരുടെ ചുററും കൂടിയിരിക്കുന്നു, ശാസ്ത്രിമാർ അവരോട് തർക്കിച്ചുകൊണ്ടിരിക്കുന്നു. ആളുകൾ യേശുവിനെ കണ്ടപ്പോൾ അവർ വളരെയധികം അതിശയിക്കുകയും അവനെ സ്വീകരിക്കാൻ ഓടിച്ചെല്ലുകയും ചെയ്യുന്നു. “നിങ്ങൾ അവരോട് എന്താണ് തർക്കിക്കുന്നത്?” അവൻ ചോദിക്കുന്നു.
ജനക്കൂട്ടത്തിനിടയിൽനിന്ന് വന്ന് ഒരു മനുഷ്യൻ യേശുവിന്റെ മുമ്പിൽ കുമ്പിട്ടുകൊണ്ട് ഇപ്രകാരം വിശദീകരിക്കുന്നു: “ഗുരോ, എന്റെ മകന് ഒരു മൂക ആത്മാവുള്ളതിനാൽ അവനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു; അത് അവനെ ബാധിക്കുന്നടത്തെല്ലാം അത് അവനെ നിലത്തു തള്ളിയിടുന്നു, അവൻ നുരക്കുകയും പല്ലിറുമ്മുകയും അവന്റെ ശക്തി ക്ഷയിക്കുകയും ചെയ്യുന്നു. ഞാൻ നിന്റെ ശിഷ്യൻമാരോട് അതിനെ പുറത്താക്കാൻ പറഞ്ഞു, എങ്കിലും അവർ പ്രാപ്തരല്ലായിരുന്നു.”
പ്രത്യക്ഷത്തിൽ, ശാസ്ത്രിമാർ കുട്ടിയെ സുഖപ്പെടുത്തുന്നതിലുള്ള ശിഷ്യൻമാരുടെ പരാജയത്തെ പരമാവധി മുതലെടുക്കുകയാണ്, ഒരുപക്ഷേ അവരുടെ ശ്രമങ്ങളെ പരിഹസിക്കുകയും ചെയ്യുന്നു. ആ നിർണ്ണായക സമയത്തുതന്നെ യേശു എത്തുന്നു. “ഓ വിശ്വാസമില്ലാത്ത തലമുറയേ,” അവൻ പറയുന്നു, “ഞാൻ എത്രനാൾ നിങ്ങളോടൊപ്പം തുടരണം? ഞാൻ എത്രകാലം നിങ്ങളെ സഹിക്കണം?”
യേശു സന്നിഹിതരായിരുന്ന എല്ലാവരോടുമായി തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു എന്നു തോന്നുന്നു, എന്നാൽ അവ പ്രത്യേകിച്ച്, തന്റെ ശിഷ്യൻമാർക്ക് ഉപദ്രവം ചെയ്തുകൊണ്ടിരുന്ന ശാസ്ത്രിമാർക്കെതിരെ തിരിച്ചുവിടുകയായിരുന്നു എന്നതിനു സംശയമില്ല. അടുത്തതായി, യേശു കുട്ടിയിങ്കലേക്കു തിരിഞ്ഞ് പറയുന്നു: “അവനെ എന്റെ അടുക്കൽ കൊണ്ടുവരിക.” എന്നാൽ കുട്ടി യേശുവിന്റെ അടുക്കലേക്കു വരുമ്പോൾ അവനെ ബാധിച്ചിരുന്ന ഭൂതം അവനെ നിലത്ത് തള്ളിയിടുകയും അവനെ ഉഗ്രമായ വിക്ഷോഭങ്ങൾക്കിടയാക്കുകയും ചെയ്യുന്നു. ആ കുട്ടി നിലത്തുകിടന്ന് ഉരുളുകയും വായിൽ നുരക്കുകയും ചെയ്യുന്നു.
“ഇവന് ഇത് എത്ര നാളായി സംഭവിക്കുന്നുണ്ട്?” യേശു ചോദിക്കുന്നു.
“കുട്ടിക്കാലം മുതൽ,” പിതാവ് മറുപടിപറയുന്നു. “[ഭൂതം] അവനെ നശിപ്പിക്കാൻവേണ്ടി കൂടെക്കൂടെ തീയിലും വെള്ളത്തിലും തള്ളിയിടുന്നു.” പിന്നീട് പിതാവ് ഇപ്രകാരം അപേക്ഷിക്കുന്നു: “നിനക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങളോട് കരുണതോന്നി ഞങ്ങളെ സഹായിക്കണമേ.”
ഒരു പക്ഷേ, ആ പിതാവ് വർഷങ്ങളായി സഹായം തേടുകയായിരുന്നിരിക്കാം. ഇപ്പോൾ, യേശുവിന്റെ ശിഷ്യൻമാരുടെ പരാജയത്തോടെ അയാളുടെ നിരാശ വലുതായിത്തീരുന്നു. യേശു അയാളുടെ നിരാശയോടുകൂടിയ അപേക്ഷ മനസ്സിലാക്കിക്കൊണ്ട് പ്രോൽസാഹകമായി ഇപ്രകാരം പറയുന്നു: “‘നിനക്കു കഴിയുമെങ്കിൽ’ എന്നു പറയുന്നുവോ! എന്തിന്, ഒരുവന് വിശ്വാസമുണ്ടെങ്കിൽ എല്ലാ കാര്യങ്ങളും സാധ്യമാണ്.”
“എനിക്ക് വിശ്വാസം ഉണ്ട്!” പിതാവ് ഉടൻ വിളിച്ചുപറയുന്നു, എന്നാൽ അവൻ ഇങ്ങനെ യാചിക്കുന്നു: “എന്റെ വിശ്വാസക്കുറവിനു എന്നെ സഹായിക്കേണമേ!”
ജനക്കൂട്ടം ഒരുമിച്ച് അവരുടെയടുത്തേക്ക് ഓടിവരുന്നതു ശ്രദ്ധിച്ചിട്ട് യേശു ഭൂതത്തെ ശാസിക്കുന്നു: “മൂകനും ബധിരനും ആയ ആത്മാവേ, അവനെ വിട്ടുപോകുക, അവനിൽ ഇനിമേൽ പ്രവേശിക്കരുത് എന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു.” ഭൂതം വിട്ടുപോകവേ അത് വീണ്ടും കുട്ടിയെ നിലവിളിക്കുന്നതിനിടയാക്കുകയും അവനെ അനേകം വിക്ഷോഭങ്ങൾക്കിടയാക്കുകയും ചെയ്യുന്നു. അപ്പോൾ കുട്ടി ചലനമററ് നിലത്തു കിടക്കുന്നു, തന്നിമിത്തം മിക്ക ആളുകളും, “അവൻ മരിച്ചുപോയി!” എന്നു പറയാൻതുടങ്ങുന്നു. എന്നാൽ യേശു കുട്ടിയുടെ കൈക്ക് പിടിച്ച് എഴുന്നേൽപ്പിക്കുന്നു.
നേരത്തെ, ശിഷ്യൻമാർ പ്രസംഗിക്കാൻ അയക്കപ്പെട്ടപ്പോൾ അവർ ഭൂതങ്ങളെ പുറത്താക്കിയിരുന്നു. അതുകൊണ്ട് ഇപ്പോൾ, അവർ ഒരു വീട്ടിൽ പ്രവേശിക്കുമ്പോൾ “ഞങ്ങൾക്ക് അതിനെ പുറത്താക്കാൻ കഴിയാഞ്ഞതെന്തുകൊണ്ടാണ്?” എന്ന് അവർ സ്വകാര്യമായി യേശുവിനോടു ചോദിക്കുന്നു.
അത് അവരുടെ വിശ്വാസക്കുറവുകൊണ്ടാണെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു ഉത്തരംപറയുന്നു: “പ്രാർത്ഥനയാലല്ലാതെ യാതൊന്നിനാലും ഈ ഇനത്തിന് ഇറങ്ങിപ്പോകാൻ കഴികയില്ല.” ഈ കേസിൽ ഉൾപ്പെട്ടിരുന്ന വിശേഷാൽ ശക്തനായ ഭൂതത്തെ പുറത്താക്കുന്നതിന് ഒരുക്കം ആവശ്യമായിരുന്നു. ശക്തമായ വിശ്വാസവും അതോടൊപ്പം ശക്തീകരിക്കുന്ന ദൈവസഹായം അപേക്ഷിച്ചുകൊണ്ടുള്ള പ്രാർത്ഥനയും ആവശ്യമായിരുന്നു.
പിന്നീട് യേശു ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ, നിങ്ങൾ ഈ പർവതത്തോട് ‘ഇവിടെ നിന്ന് അങ്ങോട്ട് മാറുക’ എന്നു പറയുകയും അത് മാറുകയും ചെയ്യും, യാതൊന്നും നിങ്ങൾക്ക് അസാധ്യമാകുകയില്ല.”
വിശ്വാസം എത്ര ശക്തമായിരിക്കാൻ കഴിയും! യഹോവയുടെ സേവനത്തിൽ പുരോഗതിയെ തടയുന്ന തടസ്സങ്ങളും പ്രയാസങ്ങളും ഒരു വലിയ അക്ഷരീയപർവതം പോലെ തരണംചെയ്യാനും മാററാനും കഴിയാത്തതായി തോന്നിയേക്കാം. എന്നാൽ നാം നമ്മുടെ ഹൃദയങ്ങളിൽ വിശ്വാസം നട്ടുവളർത്തുകയും അതിനെ നനയ്ക്കുകയും വളരാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ അത് പക്വതയിലേക്കു വികാസം പ്രാപിക്കുകയും അങ്ങനെയുള്ള പർവതസമാന തടസ്സങ്ങളെയും പ്രയാസങ്ങളെയും തരണംചെയ്യാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് യേശു പ്രകടമാക്കുകയാണ്. മർക്കോസ 9:14-29; മത്തായി 17:19, 20; ലൂക്കോസ 9:37-43.
◆ ഹെർമ്മോൻ പർവതത്തിൽനിന്ന് മടങ്ങിവരുമ്പോൾ യേശു ഏതു സാഹചര്യം കണ്ടെത്തുന്നു?
◆ ഭൂതബാധിതനായ ബാലന്റെ പിതാവിന് യേശു എന്തു പ്രോൽസാഹനം കൊടുത്തു?
◆ ശിഷ്യൻമാർക്ക് ഭൂതങ്ങളെ പുറത്താക്കാൻ കഴിയാഞ്ഞതെന്തുകൊണ്ടായിരുന്നു?
◆ വിശ്വാസത്തിന് എത്ര ശക്തമായിത്തീരാൻ കഴിയുമെന്ന് യേശു പ്രകടമാക്കുന്നു? (w88 1/15)