യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ക്ഷമയുടെ ഒരു പാഠം
യേശു ഇപ്പോഴും ശിഷ്യൻമാരോടൊത്ത് കഫർന്നഹൂമിലുള്ള വീട്ടിൽത്തന്നെയാണ്. അവൻ സഹോദരൻമാർ തമ്മിലുള്ള പ്രശ്നങ്ങളെ എങ്ങനെ കൈകാര്യംചെയ്യണമെന്നതുസംബന്ധിച്ച് അവരുമായി ചർച്ചചെയ്യുകയായിരുന്നു. അതുകൊണ്ട് പത്രോസ് ഇങ്ങനെ ചോദിക്കുന്നു: “കർത്താവേ എത്ര പ്രാവശ്യം എന്റെ സഹോദരൻ എന്നോട് പാപംചെയ്തിട്ട് ഞാൻ അവനോട് ക്ഷമിക്കേണ്ടിയിരിക്കുന്നു?” യഹൂദ മതോപദേഷ്ടാക്കൾ മൂന്നു പ്രാവശ്യംവരെ മാപ്പുകൊടുക്കുന്നതിന് നിർദ്ദേശിക്കാറുള്ളതുകൊണ്ട് പത്രോസ്, “ഏഴുപ്രാവശ്യമോ?” എന്ന് ഒരു നിർദ്ദേശം വെക്കുന്നത് വളരെ ഉദാരമായി കരുതാനിടയുണ്ട്.
പക്ഷേ അത്തരമൊരു രേഖ സൂക്ഷിക്കുന്നതിന്റെ മുഴു ആശയവും തെററാണ്. യേശു പത്രോസിനെ ഇങ്ങനെ പറഞ്ഞുകൊണ്ട് തിരുത്തുന്നു: “ഞാൻ നിന്നോടു പറയുന്നു, ഏഴു പ്രാവശ്യമല്ല, പിന്നെയോ എഴുപത്തേഴു പ്രാവശ്യം.” പത്രോസ് തന്റെ സഹോദരനോട് എത്ര പ്രാവശ്യം ക്ഷമിക്കണമെന്നുള്ള കാര്യത്തിൽ ഒരു പരിധിയും വെക്കാൻ പാടില്ല എന്ന് അവൻ പ്രകടമാക്കുകയാണ്.
മാപ്പുനൽകുന്നവരായിരിക്കാനുള്ള ശിഷ്യൻമാരുടെ കടപ്പാട് അവരെ ബോധ്യപ്പെടുത്താൻ യേശു അവരോട് ഒരു ദൃഷ്ടാന്തം പറയുന്നു. അത് തന്റെ അടിമകളുമായി കണക്കുതീർക്കാൻ ഉദ്ദേശിക്കുന്ന ഒരു രാജാവിനെക്കുറിച്ചാണ്. തനിക്ക് 6,00,00,000 ദിനാറൈ (1,25,00,00,000 രൂ.) കടമ്പെട്ടിരുന്ന ഒരു അടിമയെ അവന്റെ മുമ്പാകെ കൊണ്ടുവരുന്നു. അവന് അത് തിരികെ കൊടുക്കാൻ ഒരു മാർഗ്ഗവുമില്ല. അതുകൊണ്ട് അവനെയും അവന്റെ ഭാര്യയെയും അവന്റെ കുട്ടികളെയും വിററ് കടം വീട്ടാൻ രാജാവ് കല്പ്പിക്കുന്നതായി യേശു വിശദീകരിക്കുന്നു.
അതിങ്കൽ ആ അടിമ തന്റെ യജമാനന്റെ കാൽക്കൽ വീണ് ഇങ്ങനെ യാചിക്കുന്നു: “എന്നോട് മനസ്സലിവുണ്ടാകേണമേ, ഞാൻ എല്ലാം തിരികെ തരാം.”
മനസ്സലിഞ്ഞ യജമാനൻ കരുണാപൂർവം ആ അടിമയുടെ ബൃഹത്തായ കടം ഇളച്ചുകൊടുത്തു. യേശു തുടർന്നുപറയുന്നതനുസരിച്ച്, ഒട്ടും വൈകിയില്ല, ഈ അടിമപോയി തനിക്ക് 100 ദിനാറൈ (2,250 രൂ.) കടമ്പെട്ടിരിക്കുന്ന ഒരു അടിമയെ കണ്ടെത്തുന്നു. അയാൾ തന്റെ സഹ അടിമയെ അവന്റെ തൊണ്ടക്ക് കയറിപ്പിടിച്ച് “നീ കടമ്പെട്ടിരിക്കുന്നതെല്ലാം മടക്കിത്തരുക” എന്നു പറഞ്ഞുകൊണ്ട് ശ്വാസംമുട്ടിക്കാൻ തുടങ്ങുന്നു.
പക്ഷേ ആ സഹയടിമയുടെ കൈവശം പണമില്ല. അതുകൊണ്ട് അവൻ താൻ പണം കടമ്പെട്ടിരിക്കുന്ന അടിമയുടെ കാൽക്കൽ വീണ് യാചിക്കുന്നു: “എന്നോട് കനിവുണ്ടാകേണമേ, ഞാൻ നിങ്ങൾക്കു മടക്കിത്തരാം. ഈ അടിമ തന്റെ യജമാനനെപ്പോലെ കരുണയുള്ളവനല്ല, അവൻ തന്റെ സഹയടിമയെ തടവിലാക്കിച്ചു.
സംഭവിച്ചതെല്ലാം കണ്ട മററടിമകൾ പോയി യജമാനനോട് വിവരങ്ങൾ പറയുന്നു. അതിങ്കൽ അദ്ദേഹം കുപിതനായി ആ അടിമയെ വിളിപ്പിക്കുന്നു, എന്നിട്ട് ഇങ്ങനെ പറയുന്നു: “ദുഷ്ടനായ അടിമയേ, നീ എന്നോട് യാചിച്ചപ്പോൾ നിന്റെ കടം മുഴുവൻ ഞാൻ നിനക്ക് ഇളെച്ചുതന്നു. അതിനു പകരമായി, എനിക്കു നിന്നോടു കരുണയുണ്ടായതുപോലെ നിനക്കും നിന്റെ സഹയടിമയോട് കരുണ ഉണ്ടാകേണ്ടതല്ലേ?” പ്രകോപിതനായ യജമാനൻ നിഷ്ക്കരുണനായ അടിമയെ കടം മുഴുവൻ അടച്ചുതീർക്കുന്നതുവരെ ജയിലർമാരെ ഏൽപ്പിക്കുന്നു.
എന്നിട്ട് യേശു ഇങ്ങനെ ഉപസംഹരിക്കുന്നു: “നിങ്ങളോരോരുത്തരും താന്താന്റെ സഹോദരനോട് ഹൃദയപൂർവം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗ്ഗീയ പിതാവും ഇതേ വിധത്തിൽ നിങ്ങളോട് പെരുമാറും.”
ക്ഷമിക്കുന്നതിന്റെ എത്ര നല്ല ഒരു പാഠം! ദൈവം നമ്മോട് ക്ഷമിച്ചിരിക്കുന്ന വലിയ പാപത്തിന്റെ കടത്തോടുള്ള താരതമ്യത്തിൽ നമ്മോട് ഒരു ക്രിസ്തീയ സഹോദരൻ ചെയ്തേക്കാവുന്ന ഏതു തെററും ചെറുതുതന്നെയാണ്. അതിലുമധികമായി, യഹോവയാം ദൈവം നമ്മോട് ആയിരക്കണക്കിനു പ്രാവശ്യം ക്ഷമിച്ചിട്ടുണ്ട്. മിക്കപ്പോഴും അവനോടു നാം ചെയ്യുന്ന പാപങ്ങൾ നാം അറിയുന്നുപോലുമില്ല. ആയതിനാൽ പരാതിക്കു തക്കതായ ഒരു കാരണമുണ്ടെങ്കിൽത്തന്നെയും നമുക്ക് നമ്മുടെ സഹോദരങ്ങളോട് ഏതാനും പ്രാവശ്യം ക്ഷമിച്ചുകൂടേ? ഓർക്കുക, തന്റെ ഗിരിപ്രഭാഷണത്തിൽ യേശു പഠിപ്പിച്ചതുപോലെ, “നാമും നമ്മുടെ കടക്കാരോട് ക്ഷമിച്ചിരിക്കുന്നതുപോലെ” ദൈവം “നമ്മുടെ കടങ്ങൾ നമ്മോടു ക്ഷമിക്കും.” മത്തായി 18:21-35; 6:12; കൊലോസ്യർ 3:13.
◆തന്റെ സഹോദരനോടു ക്ഷമിക്കുന്നതുസംബന്ധിച്ച പത്രോസിന്റെ ചോദ്യത്തെ പ്രചോദിപ്പിച്ചതെന്താണ്, ഏഴു പ്രാവശ്യം എന്ന തന്റെ അഭിപ്രായത്തെ വളരെ ഉദാരമായി അവൻ കണക്കാക്കാൻ കാരണമെന്ത്?
◆തന്റെ അടിമയുടെ അപേക്ഷയോടുള്ള രാജാവിന്റെ പ്രതികരണം, തന്റെ സഹയടിമയുടെ അപേക്ഷയോടുള്ള അടിമയുടെ പ്രതികരണത്തിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
◆യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നാം എന്തു പഠിക്കുന്നു? (w88 3⁄1)