വാഗ്ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
ശമര്യ—വടക്കൻ തലസ്ഥാനങ്ങളുടെ ഇടയിലെ തലസ്ഥാനം
ബാബിലോൻ, നിനവേ, റോം. അവ ബൈബിൾ കാലങ്ങളിൽ തലസ്ഥാനനഗരികളായിരുന്നു. എന്നിരുന്നാലും, ബൈബിൾപരമായി പറഞ്ഞാൽ, യരൂശലേമിനെ മാററിനിർത്തിയാൽ, ഏററം ശ്രദ്ധാർഹമായ തലസ്ഥാനം അവയിലൊന്നായിരുന്നില്ല, പിന്നെയോ ശമര്യയായിരുന്നു. ഏതാണ്ട് 200 വർഷം അത് ഇസ്രായേലിന്റെ പത്തുഗോത്രരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അനേകം പ്രാവചനിക സന്ദേശങ്ങൾ ശമര്യയുടെമേൽ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ നിങ്ങൾക്ക് ശമര്യയെക്കുറിച്ച് എന്തറിയാം? അത് വടക്കൻ തലസ്ഥാനങ്ങളുടെയിടയിലെ ഒരു തലസ്ഥാനമായിരുന്നതെന്തുകൊണ്ട്?
ഭൂപടം പരിശോധിക്കുമ്പോൾ, പത്ത് ഇസ്രായേല്യ ഗോത്രങ്ങൾ യഹോവയുടെ രാജാവിൽനിന്നും യരൂശലേമിലെ ആലയത്തിൽനിന്നും വിട്ടുമാറിയശേഷമുള്ള കുറേ ചരിത്രം ഓർമ്മിക്കുക. വടക്കേ രാജ്യം സ്ഥാപിക്കാൻ നേതൃത്വം വഹിച്ച യെരോബയാം ഉത്തര ദക്ഷിണ പർവതപാതയിൽ കിടക്കുന്ന ശേഖേമിൽ കുറച്ചുകാലം വാണു. പിന്നീട് യെരോബയാം തന്റെ തലസ്ഥാനം തിർസയിലേക്കു മാററി. അത് വാഡി ഫറായിയുടെ ഉത്ഭവസ്ഥാനത്തായിരുന്നു. യോർദ്ദാൻ താഴ്വരയിൽനിന്നുള്ള ഒരു പാത തിർസായിൽകൂടെ കടന്നുപോകുകയും പർവതപാതയിൽ ചേരുകയും ചെയ്തു. നാദാബിന്റെയും ബയെശയുടെയും ഏലായുടെയും സിമ്രിയുടെയും ഒമ്രിയുടെപോലും വാഴ്ചക്കാലത്ത് പത്തുഗോത്ര രാജ്യത്തിന്റെ തലസ്ഥാനം തിർസാ ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമായിരുന്നോ?—ഉല്പത്തി 12:5-9; 33:17, 18; 1 രാജാക്കൻമാർ 12:20, 25, 27; 14:17; 16:6, 15, 22.
എന്നിരുന്നാലും, ആറുവർഷം കഴിഞ്ഞ്, ഒമ്രി ഒരു പുതിയ തലസ്ഥാനം സൃഷ്ടിച്ചു. എവിടെ? നിങ്ങൾ ഇടതുവശത്തു കാണുന്ന പർവതം, ശമര്യ, അയാൾ വാങ്ങി. (1 രാജാക്കൻമാർ 16:23-28) അവിടെ ഇപ്പോൾ കൃഷിക്കുള്ള അനേകം തട്ടുകൾ ഉണ്ടെങ്കിലും സമതലത്തുനിന്ന് ഉയർന്നുനിൽക്കുന്ന വിശാലശൃംഗത്തോടുകൂടിയ കുന്ന് അനായാസം പ്രതിരോധിക്കപ്പെടുന്നതുകൊണ്ടായിരിക്കാം ഒമ്രി അത് തെരഞ്ഞെടുത്തത്. അവന്റെ പുത്രനായ ആഹാബ് ശമര്യ പണിയുന്നതിൽ തുടരുകയും പ്രത്യക്ഷത്തിൽ കനത്ത മതിലുകൾ കൊണ്ടുള്ള അതിന്റെ കോട്ടകൾ വ്യാപിപ്പിക്കുകയും ചെയ്തു. അവൻ ബാലിനുവേണ്ടി ഒരു ക്ഷേത്രവും തന്റെ ഫൊയ്നീക്യഭാര്യയായിരുന്ന ഈസബേലിനും തനിക്കുംവേണ്ടി ഒരു കൊട്ടാരവും പണികഴിപ്പിച്ചു. ഖനനങ്ങൾ അടുത്ത പേജിൽ കാണിച്ചിരിക്കുന്ന ആഹാബിന്റെ കൊട്ടാരത്തിന്റെ ശൂന്യശിഷ്ടങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ആ കൊട്ടാരം ആഡംബരത്തിനും അതിർകടന്ന ദുഷ്ടതക്കും കേൾവികേട്ടതായിരുന്നു. (1 രാജാക്കൻമാർ 16:29-33) ബാലിനെ കേന്ദ്രീകരിച്ചുള്ള ആഹാബിന്റെ തിൻമയെ അപലപിക്കാൻ പ്രവാചകനായ ഏലിയാവ് ഈ നഗരത്തിലേക്കു കയറുന്നതും കൊട്ടാരത്തിലേക്കുള്ള വിശാലമായ വഴിയേ നടക്കുന്നതും വിഭാവനചെയ്യുക.—1 രാജാക്കൻമാർ 17:1.
ഭൂഗർഭശാസ്ത്രജ്ഞൻമാർ 1910-ൽ വീഞ്ഞും ഒലിവെണ്ണയും കയററിയയച്ചതിന്റെയോ നികുതികൾ കൊടുത്തതിന്റെയോ രേഖകളോടുകൂടിയ പാത്രശേഖരങ്ങൾ കണ്ടെത്തി. എന്നാൽ അവയിലെ അനേകം വ്യക്തിപരമായ പേരുകളിൽ ബാൽ എന്ന ഘടകം ഉണ്ടായിരുന്നു. ഇവിടെ കാണിച്ചിരിക്കുന്നതുപോലെ, പുരാവസ്തുശാസ്ത്രജ്ഞൻമാർ ആനക്കൊമ്പുകൊണ്ടുള്ള ചട്ടക്കൂടുകളുടെ ശകലങ്ങൾ കണ്ടുപിടിച്ചിട്ടുണ്ടെന്നുള്ളതും നിങ്ങൾക്കു താത്പര്യജനകമായിരിക്കാം. ആഹാബ് ഒരു “ദന്തഭവനം” പണികഴിപ്പിച്ചെന്ന് 1 രാജാക്കൻമാർ 22:39 ദീർഘനാൾമുമ്പേ പറഞ്ഞുവെന്നോർക്കുക. ഒരുപക്ഷേ ഇതിൽ പിന്നീട് ഒരു നൂററാണ്ടു കഴിഞ്ഞ് പ്രവാചകനായ ആമോസ് പരാമർശിച്ച വിശിഷ്ടമായ “ദന്തകട്ടിലുകൾ” പോലെയുള്ള കൊത്തപ്പെട്ട ദന്തപണികളോടുകൂടിയ ഗൃഹോപകരണങ്ങൾ ഉൾപ്പെട്ടിരുന്നു. (ആമോസ് 3:12, 15; 6:1, 4) അവയിലെ രചനകളിൽ ചിറകോടുകൂടിയ നാരീസിംഹരക്ഷസ്സുകളും ഈജിപ്ഷ്യൻ പുരാണത്തിൽനിന്നുള്ള മററു പ്രതീകങ്ങളുമുണ്ടായിരുന്നു.
ആഹാബിനെയും ഈസബേലിനെയുംകുറിച്ചുള്ള പ്രസ്താവന അവരുടെ മരണവിധം നിങ്ങളെ ഓർമ്മിപ്പിച്ചേക്കാം. ആഹാബിന് സിറിയയുമായുള്ള ഒരു വിമൂഢമായ യുദ്ധത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. ഏലിയാവിന്റെ വാക്കിന്റെ നിവൃത്തിയായി അവന്റെ രഥം കഴുകപ്പെട്ട “ശമര്യയിലെ കുളത്തിങ്കൽ . . . നായ്ക്കൾ അവന്റെ രക്തം നക്കി.” (1 രാജാക്കൻമാർ 21:19; 22:34-38) ഈസബേൽരാജ്ഞി കൊട്ടാരത്തിന്റെ ഒരു ജനാലയിൽനിന്ന് തള്ളയിട്ടുകൊല്ലപ്പെട്ടു. അത് ശമര്യയിലെ ഈ കൊട്ടാരത്തിൽനിന്നായിരുന്നോ? അല്ലായിരുന്നു. ആഹാബിന് വടക്ക് യിസ്രെയേൽ താഴ്വരയിലും ഒരു കൊട്ടാരമുണ്ടായിരുന്നു. അവൻ അടുത്തുണ്ടായിരുന്ന നാബോത്തിന്റെ മുന്തിരിത്തോട്ടം മോഹിച്ചു. ആ കൊട്ടാരത്തിന്റെ മുകളിൽനിന്ന് കിഴക്കോട്ടു നോക്കിയ കാവൽക്കാർ യേഹു താഴ്വരയിലൂടെ അതിവേഗത്തിൽ രഥമോടിച്ചുവരുന്നതു കണ്ടു. അവിടെ ശമര്യയിലെ മുൻരാജ്ഞി ദാരുണമായി എന്നാൽ നീതിനിഷ്ഠമായി വീണു ചിതറി മരിച്ചു.—1 രാജാക്കൻമാർ 21:1-16; 2 രാജാക്കൻമാർ 9:14-37.
ശമര്യാ ഒരു തലസ്ഥാനമായി തുടർന്നെങ്കിലും അതിനു ദൈവത്തിന്റെ അംഗീകാരമോ അനുഗ്രഹമോ ലഭിച്ചില്ല. എന്നാൽ, അത് തെക്കുള്ള അവന്റെ തലസ്ഥാനമായിരുന്ന യരൂശലേമിനോടു മത്സരവും ശത്രുതയും പ്രകടമാക്കി. ശമര്യയിലെ ഭരണാധികാരികളുടെയും അതിലെ ജനത്തിന്റെയും വിഗ്രഹാരാധനയെയും ദുർമ്മാർഗ്ഗത്തെയും ദൈവനിയമങ്ങളോടുള്ള അനാദരവിനെയുംകുറിച്ച് അവർക്കു മുന്നറിയിപ്പുകൊടുക്കാൻ യഹോവ അനേകം പ്രവാചകൻമാരെ അയച്ചിട്ടു പ്രയോജനമുണ്ടായില്ല. (യെശയ്യാവ് 9:9; 10:11; യെഹെസ്ക്കേൽ 23:4-10; ഹോശെയാ 7:1; 10:5; ആമോസ് 3:9; 8:14; മീഖാ 1:1, 6) അതുകൊണ്ട്, ക്രി.മു. 740-ൽ ശമര്യയോടു കണക്കുചോദിക്കപ്പെടുകയും അശ്ശൂര്യരാൽ അതു ശൂന്യമാക്കപ്പെടുകയും ചെയ്തു. അതിലെ അനേകംപേർ ബന്ദികളായി പിടിക്കപ്പെട്ടു, അവർക്കു പകരം വിദേശികൾ കുടിപാർപ്പിക്കപ്പെട്ടു.—2 രാജാക്കൻമാർ 17:1-6, 22-24.
പിന്നീട്, മഹാനായ ഹെരോദാവിന്റെ കാലത്ത്, ഗ്രീക്കുകാരും റോമാക്കാരും ശമര്യക്ക് കുറെ പ്രാമുഖ്യത പുനഃസ്ഥാപിച്ചു. അങ്ങനെ യേശുവിനും അപ്പോസ്തലൻമാർക്കും പോലും വടക്കൻ തലസ്ഥാനങ്ങളുടെ ഇടയിലെ ഈ തലസ്ഥാനം പരിചിതമായിരുന്നു.—ലൂക്കോസ് 17:11; യോഹന്നാൻ 4:4. (w90 11⁄1)
[10-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
യിസ്രെയേൽ
തിർസാ
ശമര്യ
ശേഖേം
യരൂശലേം
യോർദ്ദാൻനദി
[കടപ്പാട്]
Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel.
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[11-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
Garo Nalbandian
Inset: Israel Department of Antiquities and Museums; photograph from Israel Museum, Jerusalem