വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഭക്ഷ്യോൽപ്പന്നങ്ങളിൽ ഉണക്കിയ പ്ലാസ്മാ പോലുള്ള രക്തഘടകങ്ങൾ ചേർത്തിട്ടുണ്ടായിരിക്കുമോ എന്ന സംഗതിയിൽ ക്രിസ്ത്യാനികൾ എത്രത്തോളം ഉൽക്കണ്ഠപ്പെടണം?
പ്രാദേശികമായി ഭക്ഷ്യോൽപ്പന്നങ്ങളിൽ മൃഗരക്തമോ (അതിന്റെ ഏതെങ്കിലും ഘടകമോ) തീർച്ചയായും ഉപയോഗിക്കപ്പെടുന്നുണ്ടെന്നു വിശ്വസിക്കാൻ ന്യായമായ അടിസ്ഥാനമുണ്ടെങ്കിൽ ക്രിസ്ത്യാനികൾ ഉചിതമായ ജാഗ്രത പാലിക്കണം. എന്നിരുന്നാലും വെറും സംശയത്തിന്റെ പേരിൽ അസ്വസ്ഥരായിത്തീരുന്നത് അല്ലെങ്കിൽ അടിസ്ഥാനരഹിതമായ ഉത്ക്കണ്ഠയോടെ ജീവിക്കുന്നതു ജ്ഞാനപൂർവ്വകമായിരിക്കുകയില്ല.
മാനവചിരിത്രത്തിൽ വളരെ നേരത്തേതന്നെ മനുഷ്യൻ രക്തം ഭക്ഷിക്കരുത് എന്നു നമ്മുടെ സ്രഷ്ടാവു നിയമം വച്ചു. (ഉല്പത്തി 9:3, 4) തന്നിൽനിന്നുള്ള ഒരു ദാനമായ ജീവനെ രക്തം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവൻ പ്രസ്താവിച്ചു. ജീവികളിൽനിന്ന് എടുക്കുന്ന രക്തം ഒരു യാഗപീഠത്തിൽ അർപ്പിക്കുന്നതുപോലെ ബലികൾക്കു മാത്രമേ ഉപയോഗിക്കാമായിരുന്നുള്ളു. അല്ലാത്തപ്പോൾ ദൈവത്തിനു തിരികെ കൊടുക്കുന്നു എന്ന അർത്ഥത്തിൽ അതു നിലത്ത് ഒഴിച്ചു കളയണമായിരുന്നു. രക്തം ഭക്ഷിച്ചുകൊണ്ടു ജീവൻ നിലനിർത്തുന്നതു തന്റെ ജനം ഒഴിവാക്കണമായിരുന്നു. അവൻ ഇപ്രകാരം കല്പിച്ചു: “നിങ്ങൾ യാതൊരു ജഡത്തിന്റെയും രക്തം ഭക്ഷിക്കരുത്. എന്തുകൊണ്ടെന്നാൽ സകലതരം ജഡത്തിന്റെയും ദേഹി അതിന്റെ രക്തമാണ്. അതു ഭക്ഷിക്കുന്ന ഏവനും ഛേദിക്കപ്പെടും.” (ലേവ്യപുസ്തകം 17:11-14, NW) രക്തം ഭക്ഷിക്കുന്നതു സംബന്ധിച്ച ദൈവത്തിന്റെ വിലക്കു ക്രിസ്ത്യാനികൾക്കുവേണ്ടി ആവർത്തിക്കപ്പെട്ടു. (പ്രവൃത്തികൾ 15:28, 29) അതുകൊണ്ട് ആദിമ ക്രിസ്ത്യാനികൾ ശ്വാസംമുട്ടിച്ചുകൊന്ന മൃഗങ്ങളുടെ മാംസമോ രക്ഷ സോസേജുകളോപോലെ രക്തം ചേർന്ന ഭക്ഷ്യപദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതുണ്ടായിരുന്നു.
എന്നിരുന്നാലും ഒരു പ്രായോഗിക വിധത്തിൽ ‘രക്തത്തിൽ നിന്ന് ഒഴിഞ്ഞിരിക്കാനുള്ള’ തങ്ങളുടെ ദൃഢനിശ്ചയത്തോടുള്ള ചേർച്ചയിൽ അവർ എങ്ങനെ പ്രവർത്തിക്കുമായിരുന്നു? (പ്രവൃത്തികൾ 21:25) അവർ, “അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ” എന്ന അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ കേവലം ബാധകമാക്കിയാൽ മതിയായിരുന്നോ?
പോരായിരുന്നു. 1 കൊരിന്ത്യർ 10:25-ലെ ആ വാക്കുകൾ ഒരു വിഗ്രഹത്തിന്റെ ആലയത്തിൽ ബലിചെയ്യപ്പെട്ടിരുന്നത് ആയിരുന്നേക്കാവുന്ന ഒരു മൃഗത്തിന്റെ മാംസത്തെപ്പററിയാണു പരാമർശിക്കുന്നത്. അക്കാലത്ത് ആലയത്തിൽ മിച്ചം വരുന്ന മാംസം കച്ചവടക്കാർക്കു വിൽക്കപ്പെട്ടിരുന്നു, അവർ അതു തങ്ങളുടെ കടകളിൽ വിൽപ്പനക്കു വച്ചിരുന്ന മാംസത്തിൽ ഉൾപ്പെടുത്തുമായിരുന്നു. ക്ഷേത്രത്തിൽനിന്നുള്ള മാംസം അതിൽത്തന്നെ ചീത്തയോ ദുഷിച്ചതോ അല്ല എന്നതാണു പൗലോസ് പറയുന്ന ആശയം. പ്രത്യക്ഷത്തിൽ അവിടെ ബലിചെയ്യപ്പെട്ട മൃഗങ്ങളുടെ രക്തം ചോർത്തി പുറജാതി ബലിപീഠങ്ങളിൽ ഉപയോഗിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അതുകൊണ്ട്, മിച്ചമുള്ള മാംസം ചന്തസ്ഥലത്തു വിൽക്കപ്പെട്ടിരുന്നെങ്കിൽ ക്ഷേത്രത്തോടൊ പുറജാതി വ്യാജാശയങ്ങളോടൊ യാതൊരു ബന്ധവുമില്ലാതെ ഉചിതമായി രക്തം ചോർത്തിക്കളഞ്ഞതും ശുദ്ധവുമായ മാംസം എന്ന നിലയിൽ കച്ചവടസ്ഥലത്തു ലഭിക്കുന്ന മാംസമായി ക്രിസ്ത്യാനികൾക്ക് അത് വാങ്ങാമായിരുന്നു.
എന്നിരുന്നാലും, ശ്വാസം മുട്ടിച്ചുകൊന്ന മൃഗങ്ങളുടെ മാംസമോ (രക്തം ചേർത്ത സോസേജോ) കൂടെ കടകളിൽ വിൽപ്പനക്കു വച്ചിരുന്നതായി ആ ക്രിസ്ത്യാനികൾക്ക് അറിയാമായിരുന്നെങ്കിൽ കാര്യം വ്യത്യസ്തമായിരിക്കുമായിരുന്നു. ഏതു മാംസം വാങ്ങണം എന്ന കാര്യത്തിൽ അവർ ശ്രദ്ധിക്കണമായിരുന്നു. രക്തം ചേർന്ന മാംസ്യോൽപ്പന്നങ്ങൾക്ക് ഒരു പ്രത്യേക നിറമുണ്ടെങ്കിൽ അവർക്ക് അവ തിരിച്ചറിയാൻ കഴിയുമായിരുന്നു. (ഇന്ന് രക്തം ചേർന്ന സോസേജുകൾ സാധാരണമായിരിക്കുന്ന നാടുകളിൽ അവ തിരിച്ചറിയാൻ കഴിയുന്നതുപോലെതന്നെ) അല്ലെങ്കിൽ ക്രിസ്ത്യാനികൾ സൽപ്പേരുള്ള ഒരു കശാപ്പുകാരനോടോ മാംസവിൽപ്പനക്കാരനോടോ ആലോചന ചോദിച്ചേക്കാം. ഏതെങ്കിലും മാംസത്തിൽ രക്തം കലർന്നിട്ടുണ്ട് എന്ന് സംശയിക്കാൻ അവർക്കു കാരണമൊന്നുമില്ലായിരുന്നെങ്കിൽ അവർക്ക് അതു വാങ്ങുകയും ഭക്ഷിക്കുകയും ചെയ്യാമായിരുന്നു.
പൗലോസ് ഇപ്രകാരവുംകൂടെ എഴുതി: “നിങ്ങളുടെ ന്യായബോധം എല്ലാവർക്കും അറിവായ്വരട്ടെ.” (ഫിലിപ്പിയർ 4:5, NW) അതു മാസം വാങ്ങുന്ന സംഗതിയിലും ബാധകമാകാം. ഇസ്രയേല്യ നിയമമോ ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ ഭരണസംഘത്തിന്റെ കല്പനയോ, മാംസം സംബന്ധിച്ച് അന്വേഷിക്കുന്ന കാര്യത്തിൽ ദൈവത്തിന്റെ ജനം അങ്ങേയററം പോകണമെന്നോ ലഭ്യമായ മാംസത്തിൽ രക്തം ഉണ്ടായിരിക്കുന്നതായി ലവലേശമെങ്കിലും സംശയമുണ്ടെങ്കിൽ അവർ സസ്യഭുക്കുകളാകണമെന്നോ സൂചിപ്പിച്ചില്ല.
ഒരു മൃഗത്തെ കൊന്ന ഇസ്രയേല്യ വേട്ടക്കാരൻ അതിന്റെ രക്തം ചോർത്തിക്കളയുമായിരുന്നു. (ആവർത്തനം 12:15, 16 താരതമ്യം ചെയ്യുക.) അയാളുടെ കുടുംബത്തിന് ആ മാംസം മുഴുവൻ ഭക്ഷിക്കാൻ കഴിയില്ലെങ്കിൽ അതിൽ കുറേ അയാൾ വിൽക്കുമായിരുന്നു. ഉചിതമായി രക്തം ചോർത്തിക്കളഞ്ഞ മാംസത്തിൽപോലും ഒരു ചെറിയ അംശം രക്തം ഉണ്ടായിരിക്കും. എന്നാൽ മാംസം വാങ്ങുന്ന യഹൂദൻ മൃഗത്തെ കൊന്ന് എത്ര മിനിററു കഴിഞ്ഞാണ് രക്തം ചോർത്തിയത്, രക്തം ചോർത്താൻ ഏതു രക്ഷ ധമനി അഥവാ സിരയാണ് മുറിച്ചത് അല്ലെങ്കിൽ മൃഗം എങ്ങനെയാണ് തൂക്കിയിടപ്പെട്ടത്, എത്ര സമയത്തേക്ക് എന്നതുപോലുള്ള വിവരങ്ങൾ അന്വേഷിക്കേണ്ടതുണ്ടായിരുന്നു എന്നു ബൈബിളിൽ യാതൊരു സൂചനയുമില്ല. മാത്രവുമല്ല, ക്രിസ്ത്യാനികൾ മാംസം ഭക്ഷിക്കുന്നതിനു മുമ്പു വിശദമായി കാര്യങ്ങൾ അറിഞ്ഞു കൃത്യമായ നിഗമനത്തിൽ എത്താൻ തക്കവണ്ണം അസാധാരണ മുൻകരുതലുകൾ എടുക്കണമെന്നു ഭരണസംഘം എഴുതിയില്ല.
ഇന്നു മിക്കരാജ്യങ്ങളിലും മാംസോൽപ്പന്നങ്ങൾ, കൊല്ലുമ്പോൾ രക്തം ചോർത്തിക്കളഞ്ഞ മൃഗങ്ങളുടെ മാംസം ഉപയോഗിച്ചു തയ്യാറാക്കുക എന്നതു നിയമം, സമ്പ്രദായം അല്ലെങ്കിൽ മതപരമായ ആചാരം ആയിത്തീർന്നിരിക്കുന്നു. (രക്ത സോസേജുകൾപോലുള്ള അസാധാരണ ഇനങ്ങൾ മാത്രം ഇതിന് ഒരു അപവാദമാണ്.) അപ്രകാരം അത്തരം പ്രദേശങ്ങളിലുള്ള ക്രിസ്ത്യാനികൾ സാധാരണയായി മൃഗങ്ങളെ കൊല്ലുകയും മാംസം തയ്യാറാക്കുകയും ചെയ്യുന്ന വിധം സംബന്ധിച്ച് അതിരുകടന്ന് ഉൽക്കണ്ഠപ്പെടേണ്ടതില്ല. വിശാലമായ അർത്ഥത്തിൽ അവർക്ക് ‘ചന്തയിൽ വിൽക്കുന്ന മാംസം ഒന്നും അന്വേഷിക്കാതെ തിന്നാൻ കഴിയും, രക്തത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുന്നതായി ഒരു ശുദ്ധമനസ്സാക്ഷി അവർക്കുണ്ടായിരിക്കാനും കഴിയും.
എന്നിരുന്നാലും, ക്രിസ്ത്യാനികളെ അസ്വസ്ഥരാക്കിയിട്ടുള്ള രക്തത്തിന്റെ വ്യാപാരപരമായ ഉപയോഗം സംബന്ധിച്ചു ചില സന്ദർഭങ്ങളിൽ സാങ്കേതിക റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. മാംസോൽപ്പന്നങ്ങൾ തയ്യാറാക്കുന്ന വ്യവസായത്തോടു ബന്ധപ്പെട്ട ചിലർ കൊലചെയ്യപ്പെടുന്ന മൃഗങ്ങളിൽനിന്നു ലഭിക്കുന്ന വളരെയധികം രക്തം ശേഖരിച്ചു വളമായോ മൃഗഭക്ഷണമായോ ഉപയോഗിച്ചുകൊണ്ട് അതിനു പ്രയുക്തതയും അതിൽനിന്നു ലാഭവും കണ്ടെത്താമെന്നു ന്യായവാദം ചെയ്യുന്നു. അത്തരം രക്തമോ (രക്തഘടകങ്ങളോ) സംസ്കരിച്ച മാംസാഹാരം ഉപയോഗിക്കപ്പെട്ടേക്കുമോ എന്നറിയാൻ ഗവേഷകർ പഠനം നടത്തിയിട്ടുണ്ട്. ചില വ്യാപാരസ്ഥാപനങ്ങൾ സോസേജുപോലുള്ള ഉല്പന്നങ്ങളിലെ ചെറിയ ശതമാനം മാംസത്തിനുപകരം ഉപയോഗിക്കാവുന്ന ദ്രാവകരൂപത്തിലുള്ളതോ ശീതികരിച്ചതോ ഉണക്കിപ്പൊടിച്ചതോ ആയ പ്ലാസ്മാ (അല്ലെങ്കിൽ നിറം നീക്കിയ ചുവന്ന രക്താണുക്കൾ) ഉത്പാദിപ്പിക്കുകപോലും ചെയ്തിട്ടുണ്ട്. മററു പഠനങ്ങൾ, ഇറച്ചിപ്പൊടിക്കും ബേക്കറി സാധനങ്ങൾക്കും മററു ഭക്ഷ്യോൽപ്പന്നങ്ങൾക്കും പശിമ നൽകാനോ പാനീയങ്ങൾക്കു പ്രോട്ടീനും ഇരുമ്പും ചേർക്കാനോ ഉണങ്ങിപ്പൊടിച്ച രക്തഘടകങ്ങൾ ഉപയോഗിക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നിട്ടുണ്ട്.
എന്നിരുന്നാലും, അത്തരം ഗവേഷണങ്ങൾ ദശകങ്ങളായി തുടർന്നു പോന്നിട്ടുണ്ടെന്നു കുറിക്കൊള്ളേണ്ടതാണ്. എന്നാൽ മിക്കരാജ്യങ്ങളിലും അത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം വളരെ പരിമിതമാണെന്ന് അല്ലെങ്കിൽ നിലവിലില്ലെന്നുപോലും തോന്നുന്നു. അത് എന്തുകൊണ്ടെന്നു ചില മാതൃകാറിപ്പോർട്ടുകൾ കാണിച്ചുതരുന്നു:
“രക്തം പോഷക മൂല്യമുള്ളതും പ്രയോജനകരവുമായ പ്രോട്ടീനുകളുടെ ഒരു ഉറവാണ്. എന്നിരുന്നാലും കന്നുകാലികളുടെ രക്തത്തിന്റെ കടുംനിറവും പ്രത്യേകമായ രുചിയും നിമിത്തം മനുഷ്യർക്കുള്ള ഭക്ഷണത്തിൽ അതു വളരെ കുറച്ചുമാത്രമേ ഉപയോഗിക്കപ്പെട്ടിട്ടുള്ളു.”—ഭക്ഷ്യശാസ്ത്രവാർത്താപത്രിക (Journal of Food Science) വാല്യം 55, ലക്കം 2, 1990.
“രക്തത്തിൽ നിന്നെടുക്കുന്ന പ്രോട്ടീനുകൾ വളരെ എളുപ്പം ലയിക്കുകയും അലിഞ്ഞുചേരുകയും ചെയ്യുമെന്നുള്ളതിനാൽ . . . ഭക്ഷ്യവസ്തുക്കളിൽ അവ ചേർക്കുന്നതിൽ പല നേട്ടങ്ങളുമുണ്ട്. എന്നിരുന്നാലും വിശേഷാൽ ഉണങ്ങിയ പ്ലാസ്മ ആരോഗ്യപ്രദമാക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങളൊന്നും ജപ്പാനിൽ ഇതുവരെ സ്ഥിരീകൃതമായിട്ടില്ല.”—ജേർണൽ ഓഫ് ഫുഡ് സയൻസ് വാല്യം 56, ലക്കം 1, 1991.
ഒരു പായ്ക്കററിലെ ഭക്ഷ്യഘടകങ്ങൾ പുറത്തു പട്ടികപ്പെടുത്തണമെന്ന് അനേകം ഗവൺമെൻറുകളും നിബന്ധന വച്ചിട്ടുള്ളതിനാൽ ചില ക്രിസ്ത്യാനികൾ ഇടക്കിടെ ഭക്ഷണ പായ്ക്കററുകളുടെ ലേബലുകൾ പരിശോധിച്ചിട്ടുണ്ട്. രക്തം കലർന്നേക്കാമെന്നു വിശ്വസിക്കാൻ കാരണമുള്ള ഏതു ഉൽപ്പന്നത്തിന്റെ കാര്യത്തിലും അവർ ക്രമമായി അതു ചെയ്തേക്കാം. രക്തം, രക്തപ്ലാസ്മ, പ്ലാസ്മ, ഗ്ലോബിൻ (അഥവാ ഗ്ലോബുലിൻ) പ്രോട്ടീൻ അല്ലെങ്കിൽ ഹിമോഗ്ലോബിൻ (അഥവാ ഗ്ലോബിൻ) അയൺ എന്നിവ പോലുള്ള വസ്തുക്കൾ പട്ടികപ്പെടുത്തിയിട്ടുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതു തീർച്ചയായും ഉചിതമായിരിക്കും. ഈ രംഗത്ത് ഒരു യൂറോപ്യൻ കമ്പനിയുടെ വ്യാപാര വിജ്ഞാപനം ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “ഭക്ഷ്യവസ്തുവിന്റെ ഘടനയോ അതിന്റെ മൂല്യമോ സംബന്ധിച്ച് ഉപഭോക്താവു തെററിദ്ധരിക്കാതിരിക്കാൻ ഒരു ഘടകമെന്നനിലയിൽ ഗ്ലോബിന്റെ ഉപയോഗം ഭക്ഷ്യോൽപ്പന്നത്തിന്റെ പൊതിച്ചിലിൽ രേഖപ്പെടുത്തിയിരിക്കണം.”
എന്നിരുന്നാലും ലേബലുകൾ പരിശോധിക്കുന്നതിലും കശാപ്പുകാരോട് അന്വേഷണം നടത്തുന്നതിലും പോലും ന്യായബോധം ആവശ്യമാണ്. ലോകത്തിലെല്ലായിടത്തുമുള്ള എല്ലാ ക്രിസ്ത്യാനികളും പായ്ക്കററിലുള്ള എല്ലാ ഭക്ഷണപദാർത്ഥങ്ങളുടെയും ലേബലുകളെല്ലാം പരിശോധിക്കുകയോ ഹോട്ടലുകളിലെയും ഭക്ഷ്യവിൽപ്പനശാലകളിലെയും ജോലിക്കാരെ ചോദ്യംചെയ്യുകയോ ചെയ്യണമെന്നല്ല. ‘ഈ പ്രദേശത്തോ രാജ്യത്തോ സാധാരണ ഭക്ഷ്യോൽപ്പന്നങ്ങളിൽ രക്തമോ രക്തഘടകങ്ങളോ ചേർക്കുന്നതായി സ്ഥിരീകരിച്ച തെളിവുണ്ടോ?’ എന്ന് ഒന്നാമതായി ഒരു ക്രിസ്ത്യാനിക്ക് തന്നോടുതന്നെ ചോദിക്കാൻ കഴിയും. മിക്ക സ്ഥലങ്ങളിലും അതിനുള്ള ഉത്തരം ഇല്ല എന്നാണ്. അതുകൊണ്ട്, വിദൂരമായ സാദ്ധ്യതകളെപ്പററി പരിശോധനകൾ നടത്താൻ വ്യക്തിപരമായി തങ്ങൾ വളരെയധികം സമയവും ശ്രദ്ധയും ചെലവിടേണ്ടതില്ല എന്ന് അനേകം ക്രിസ്ത്യാനികൾ തീരുമാനിച്ചിരിക്കുന്നു. ആ വിധത്തിൽ വിചാരിക്കാതെ ഒരാൾ സ്വന്തം മനസ്സാക്ഷിയനുസരിച്ചു പ്രവർത്തിക്കണം, ദൈവമുമ്പാകെ ശുദ്ധമനസ്സാക്ഷിയോടെ മററു വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നവരെ വിധിക്കയുമരുത്.—റോമർ 14:2-4, 12.
രക്തംചേർന്ന ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാമെങ്കിലും അതിന്റെ ചെലവും നിയമതടസ്സങ്ങളും മററും ഘടകങ്ങളും നിമിത്തം അവ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്നില്ലായിരിക്കാം. ഉദാഹരണത്തിന്, 1991 സെപ്ററംബറിലെ ഭക്ഷ്യസംസ്കരണം (Food Processing) എന്ന പ്രസിദ്ധീകരണം ഇപ്രകാരം കുറിക്കൊണ്ടു: “സംസ്കരിച്ച മാംസാഹാരത്തിൽ (തയ്യാർചെയ്ത ഇറച്ചിയടയിൽ) 1 ശതമാനത്തിൽ കുറഞ്ഞ അളവിൽ പ്ലാസ്മ ഉള്ളതുസംബന്ധിച്ചു ബുദ്ധിമുട്ടുള്ള ഉത്പാദകർക്ക് അതിനു പകരം മോരു ചേർത്തു നിർമ്മിച്ചാലും അതു ശുദ്ധമാണെന്നു ലേബൽ ചെയ്യാവുന്നതാണ്.”
മിക്കരാജ്യങ്ങളിലെയും നിയമവും സമ്പ്രദായവും അല്ലെങ്കിൽ അഭിരുചിയും സാധാരണയായി കൊലചെയ്യപ്പെടുന്ന മൃഗങ്ങളിൽനിന്നു രക്തം ചോർത്തിക്കളയുന്നതിനും അതു മററു ഭക്ഷ്യോൽപ്പന്നങ്ങളിൽ ഉപയോഗിക്കാതിരിക്കുന്നതിനും ഇടയാക്കുന്നുവെന്ന് ഊന്നിപ്പറയേണ്ടിയിരിക്കുന്നു. പ്രാദേശികമായി അവസ്ഥ വ്യത്യസ്തമാണെന്ന് അല്ലെങ്കിൽ അടുത്തകാലത്ത് ഒരു മാററം വന്നിട്ടുണ്ടെന്നു വിശ്വസിക്കുന്നതിന് ഈടുററ അടിസ്ഥാനമില്ലെങ്കിൽ കേവല സാദ്ധ്യതയോ കേട്ടുകേൾവിയോ നിമിത്തം അസ്വസ്ഥരാകുന്നതിനെതിരെ ക്രിസ്ത്യാനികൾ ജാഗ്രത പാലിക്കണം. എന്നാൽ ഭക്ഷണത്തിലോ വൈദ്യചികിത്സയിലോ രക്തം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുള്ള ഉറപ്പോ അതിനുള്ള നല്ല സാദ്ധ്യതയോ ഉള്ളപ്പോൾ രക്തം വർജ്ജിക്കാനുള്ള ദൈവകൽപ്പന അനുസരിക്കുന്ന സംഗതിയിൽ നാം ദൃഢനിശ്ചയമുള്ളവരായിരിക്കണം.